Ind disable
 

ആത്മവിശ്വാസം



ഒരിടത്ത് ഒരു യുവ ചിത്രകാരന്‍ ഉണ്ടായിരുന്നു. ഗുരുമുഖത്തു നിന്ന് ചിത്രകല പഠിച്ചിറങ്ങിയ അന്ന് മുതല്‍ തന്നെ അയാള്‍ ഒരു മനോഹരമായ ഒരു പ്രകൃതി ദൃശ്യം വരച്ചു തുടങ്ങി. മൂന്നു ദിവസം കൊണ്ട് അയാള്‍ ആ ചിത്രം പൂര്‍ത്തിയാക്കി. സ്വയം സംതൃപ്തി തോന്നിയെങ്കിലും, തന്‍റെ കഴിവിനെയും പ്രാഗല്ഭ്യത്തെയും കുറിച്ച് ജനങ്ങളില്‍ നിന്ന് തന്നെ നേരിട്ട് കേള്‍ക്കണമെന്ന് അയാള്‍ക്ക് ആഗ്രഹം ഉണ്ടായി.

ഒരു തിരക്കുള്ള തെരുവില്‍ ആളുകള്‍ എളുപ്പത്തില്‍ ശ്രദ്ധിക്കുന്ന ഒരിടത്തായി അയാള്‍ ആ ചിത്രം സ്ഥാപിച്ചു.എന്നിട്ടതിന് താഴെ ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതി - "ചിത്രകലയുടെ ലോകത്ത് ഞാന്‍ പുതിയ ആളാണ്‌. അത് കൊണ്ട് തന്നെ ഞാന്‍ വരച്ച ഈ ചിത്രത്തില്‍ ചില തെറ്റുകുറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതില്‍ നിങ്ങള്‍ ഒരു തെറ്റ് കണ്ടുപിടിക്കുകയാണെങ്കില്‍ അവിടെ ഒരു "X" മാര്‍ക്ക്‌ ഇട്ട് അടയാളപ്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു."

ഏറെ പ്രതീക്ഷയോടെ വൈകുന്നേരം തന്‍റെ ചിത്രം തിരികെ എടുക്കുവാന്‍ വന്ന ചിത്രകാരന്‍ ആ കാഴ്ച കണ്ടു ഹൃദയം തകര്‍ന്നു പോയി. ചിത്രത്തില്‍ ഏതാണ്ടെല്ലാ ഭാഗത്തും "X" അടയാളങ്ങള്‍ ! ചില ആളുകള്‍ തങ്ങളുടെ വിശദമായ അഭിപ്രായങ്ങളും വിമര്‍ശനാത്മകമായി രേഖപ്പെടുത്തിയിരിക്കുന്നു.

അത്യധികം നിരാശയോടെ തന്‍റെ ഗുരുവിന്‍റെ സമീപത്തെത്തിയ അയാള്‍ ഗുരുവിന്‍റെ മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരഞ്ഞു പോയി.

കരച്ചിലിനിടയിലൂടെ അയാളുടെ വാക്കുകള്‍ ഗുരുവിന്‍റെ കാതുകളില്‍ എത്തി " എനിക്ക് ചിത്രം വരക്കാന്‍ അറിയില്ല. എന്നെ ഒന്നിനും കൊള്ളില്ല. ആളുകള്‍ എന്നെ തിരസ്കരിചിരിക്കുന്നു. ഇങ്ങനെ മാനം കേട്ട് ജീവിക്കുന്നതിലും ഭേദം ഞാന്‍ മരിക്കുന്നതാണ്"

ഗുരു ഒരു പുഞ്ചിരിയോടെ പറഞ്ഞു " മോനെ , നീ കഴിവ് തെളിയിച്ച ഒരു നല്ല ചിത്രകാരനാണെന്ന് ഞാന്‍ തെളിയിച്ചാലോ ? ഞാന്‍ പറയുന്നത് അതേപടി നീ അനുസരിച്ചാല്‍ നിനക്ക് ഞാന്‍ അത് കാണിച്ചു തരാം"

യുവചിത്രകാരന്‍ ഗുരു പറഞ്ഞതിന് സമ്മതം മൂളി. രണ്ടു ദിവസം കഴിഞ്ഞ്, താന്‍ നേരത്തെ വരച്ചു പ്രദര്‍ശനത്തിന് വച്ച ചിത്രത്തിന്‍റെ അതെ പതിപ്പ് അയാള്‍ വരച്ച് ഗുരുവിനു സമര്‍പ്പിച്ചു. അത് എടുത്തു നോക്കിയ ഗുരുവിന്‍റെ ചുണ്ടുകളില്‍ ഒരു മന്ദസ്മിതം വിടര്‍ന്നു.

"എന്നോടൊപ്പം വാ" ഗുരു പറഞ്ഞു.

നേരത്തെ ചിത്രം പ്രദര്‍ശിപ്പിച്ച തെരുവില്‍ അതെ സ്ഥലത്ത് അവര്‍ ഇരുവരും എത്തി. പഴയ സ്ഥാനത്ത് തന്നെ പുതിയതായി വരച്ച ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ട് ഗുരു അടുത്തുള്ള ബോര്‍ഡില്‍ ഇങ്ങനെ എഴുതി. "ചിത്രകലയുടെ ലോകത്ത് ഞാന്‍ പുതിയ ആളാണ്‌. അത് കൊണ്ട് തന്നെ ഞാന്‍ വരച്ച ഈ ചിത്രത്തില്‍ ചില തെറ്റുകുറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതില്‍ നിങ്ങള്‍ ഒരു തെറ്റ് കണ്ടുപിടിക്കുകയാണെങ്കില്‍ - ഇതോടൊപ്പം ഞാന്‍ ഒരു ബ്രഷും, നിറങ്ങളും വച്ചിട്ടുണ്ട് - അവ ഉപയോഗിച്ച് എനിക്ക് സംഭവിച്ച തെറ്റ് തിരുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു"  

ഗുരുവും ശിഷ്യനും വീടുകളിലേക്ക് നടന്നു.

അന്ന് വൈകുന്നേരം അവര്‍ ഇരുവരും ചേര്‍ന്ന് അവിടം സന്ദര്‍ശിച്ചു. ഒരു ചെറിയ തിരുത്തല്‍ പോലും ആ ചിത്രത്തില്‍ ആരും വരുത്തിയിട്ടില്ലെന്ന് കണ്ടു യുവാവിന് അത്ഭുതം തോന്നി. അടുത്ത ദിവസം അവര്‍ വീണ്ടും അവിടം സന്ദര്‍ശിച്ചു. അപ്പോഴും ആരും ആ ചിത്രത്തില്‍ ഒരു ചെറിയ തിരുത്ത് പോലും നടത്തിയിരുന്നില്ല. ഒരു മാസക്കാലം ആ ചിത്രം അവിടെ പ്രദര്‍ശിപ്പിച്ചിട്ടും ആരാലും തിരുത്തപ്പെട്ടില്ല !  ആത്മവിശ്വാസം വീണ്ടു കിട്ടിയ ആ യുവാവ് പില്‍ക്കാലത്ത് ഒരു പാട് ചിത്രങ്ങള്‍ വരച്ച് എല്ലാവരാലും അറിയപ്പെടുന്ന ഒരു മികച്ച ചിത്രകാരനായിത്തീര്‍ന്നു.


ഗുണപാഠം:

വിമര്‍ശിക്കാന്‍ എളുപ്പമാണ് , പക്ഷെ സ്വയം കഴിവ് തെളിയിക്കുക എളുപ്പമല്ല.

അത്കൊണ്ട് മറ്റുള്ളവരുടെ വിലയിരുത്തല്‍ കേട്ട് തളരരുത്. സ്വന്തം കഴിവില്‍ ഉത്തമ ബോധ്യം ഉണ്ടെങ്കില്‍ ധൈര്യമായി മുന്നോട്ടു പോകുക. നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ക്ക് വിശ്വാസം ഉണ്ടെങ്കില്‍ അതിലും മെച്ചപ്പെട്ടത് കൊണ്ടുവരാനുള്ള വെല്ലുവിളികള്‍ ഉത്തരമില്ലാതെ തുടരും.


കടപ്പാട് : യാഹൂ മെയിലില്‍ ഈ കഥ അയച്ചു തന്ന സുഹൃത്തിനും ഇംഗ്ലീഷില്‍ ഇതെഴുതിയ അജ്ഞാതനായ കഥാകൃത്തിനും.


7 comments:

Eshak Abdulla said...

അന്യന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിനു പകരം നമ്മുടെ തെറ്റുകള്‍ കണ്ടെത്തി തിരുത്തിയാല്‍ നമുക്ക് പലതും നേടാനാകും .
വളരെ നല്ല ഗുണപാടമുള്ള കഥ .

Palavattam said...

നന്ദി ഇസഹാക്ക്‌........നിന്നെ ഇപ്പോള്‍ കാണാനേ ഇല്ലല്ലോ? ബിസിയാ ?

Ambika said...

ഗുണപാഠം ഉള്ള ഒരു കഥ തന്നെയാണ്..അതുകൊണ്ട് ശിഹാബ് ഇവിടെ എന്തെങ്ങിലും എഴുതിയാല്‍ തന്നെ വിമര്‍ശിക്കാന്‍ ഞാനാളല്ലാ.. :))

Palavattam said...

ഹ ഹ ഹ..വക്കീലേ...ഇത് ഒരു ആളെ കുടുക്കുന്ന അഭിപ്രായം ആയിപ്പോയല്ലോ...;)

suku said...

chindhikkaan uthakunnathum, valare arthavatthaaayathumaa varikal shihabikkaa...

Lala said...

ചിന്തിക്കാന്‍ വക നല്‍കുന്നു ഈ കൊറിയിടല്‍ ... ലളിതമായി അവതരിപ്പിച്ചു കൂടുതല്‍ കൂടുതല്‍ താങ്കളെ വായിക്കാന്‍ അവസരം ഉണ്ടാക്കി തരുക

Palavattam said...

നന്ദി സുക്കു...ലാല.......:)

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates