Ind disable
 

ആത്മഹത്യയും രാഷ്ട്രീയവും



"ഈ കാലഘട്ടത്തില്‍ മാനസിക രോഗം മൂലം സൈക്യാട്രിസ്റ്റുകളെ കാണുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയക്കാരന്‍ പോലും അതില്‍ ഇല്ല. ഏതെങ്കിലും രാഷ്ട്രീയക്കാരനെ കാണുമ്പോള്‍ ചോദിക്കാനിരുന്നതാണ് ഈ ചോദ്യം. ചാക്കോച്ചന് ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം ?"

"സൈക്യാട്രിസ്റ്റിനെ കാണുന്ന രോഗികള്‍ മാത്രമല്ല , ആത്മഹത്യ ചെയ്യുന്ന നൂറു പേരെ എടുത്താല്‍ അതില്‍ രണ്ടു രാഷ്ട്രീയക്കാരെ പോലും കാണാന്‍ സാധിക്കില്ല. അതിനു കാരണം രാഷ്ട്രീയക്കാരന്‍ എന്നും നാളെയെക്കുറിച്ച് പ്രതീക്ഷ ഉള്ളവനാണ്..."

കൈരളി ടി.വിയില്‍ സുപ്രസിദ്ധ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്‌ ശ്രീമതി ഭാഗ്യലക്ഷ്മി  അവതരിപ്പിക്കുന്ന മനസ്സില്‍ ഒരു മഴവില്ല് എന്ന പരിപാടിയില്‍ അവതാരകയുടെ ചോദ്യത്തിന് കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഒരു സിനിമാനടന്‍റെ മരുമകനും, പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകനും ആയ യുവ രാഷ്ട്രീയ നേതാവ് പറഞ്ഞ മറുപടി ആണ് മുകളില്‍ ഉദ്ദരിച്ചത്. ഇത് കൂടാതെ രാഷ്ട്രീയക്കാരന്‍റെ ഗുണഗണങ്ങള്‍ ഇനിയും ഒരുപാട് വിളമ്പി നമ്മുടെ യുവനേതാവ്. പക്ഷെ ഈ വാദഗതികള്‍ എല്ലാം അംഗീകരിക്കാന്‍ സാധിക്കുക ഒരു രാഷ്ട്രീയക്കാരന്  മാത്രം ആയിരിക്കും.

കേരളത്തിലെ കോടിക്കണക്കിന് അഭ്യസ്തവിദ്യര്‍ തുച്ഛമായ വരുമാനം കൊണ്ട് കുടുംബച്ചെലവുകള്‍ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍, തങ്ങളുടെ മക്കളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പോലും പഠിപ്പിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ , രേഖകള്‍ അനുസരിച്ച് അഞ്ചു പൈസ വരുമാനമില്ലാത്ത, ഒരു എം.എല്‍.എയോ  എന്തിന് ഒരു പഞ്ചായത്ത് മെമ്പര്‍ പോലും അല്ലാത്ത രാഷ്ട്രീയനേതാക്കള്‍ കോടികള്‍ മുടക്കി തങ്ങളുടെ മക്കളെ അമേരിക്കയിലും ,ഇംഗ്ലണ്ടിലും പഠിപ്പിക്കുന്നു. ലക്ഷങ്ങള്‍ മുടക്കി കൊട്ടാര സദൃശമായ രമ്യഹര്‍മ്യങ്ങള്‍ പടുത്തുയര്‍ത്തുന്നു. വിദേശ നിര്‍മ്മിത കാറുകളില്‍ പറക്കുന്നു. എവിടെ നിന്നാണ് ഈ പണം ? എന്താണ് അയാളുടെ വരുമാനം ? എല്ലാവര്‍ക്കും അറിയാമെങ്കിലും ,ആര്‍ക്കും അറിയാത്ത - അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുന്ന പരസ്യമായ രഹസ്യം. ശുപാര്‍ശയും, നിയമം ലംഘിച്ചുള്ള നിയമനങ്ങളും, വഴിവിട്ട ഉത്തരവുകളും വഴി സമ്പാദിക്കുന്ന അഴിമതിയുടെ കറപുരണ്ട കറുത്ത പണം. പരമോന്നത ബഹുമതി മുതല്‍ വില്ലേജ്‌ ആപ്പീസിലെ സര്‍ട്ടിഫിക്കറ്റ്‌ വരെ തുകയുടെ തോതനുസരിച്ച് ആര്‍ക്കും ലഭ്യമാകുന്ന മഹാ രാജ്യം. സ്വിസ്സ് ബാങ്കില്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരന്‍ നിക്ഷേപിച്ചിരിക്കുന്ന ,കണക്ക് കാണിക്കാത്ത കള്ളപ്പണം കൊണ്ട് ഇന്ത്യയിലെ ദരിദ്ര നാരയണന്‍മാരെ എല്ലാം ഒരു സുപ്രഭാതം കൊണ്ട് ലക്ഷപ്രഭുക്കള്‍ ആക്കാമത്രേ !

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അവസരങ്ങള്‍ മുന്നിലുള്ള രാഷ്ട്രീയ നേതാവിന്‍റെ യോഗ്യതകളോ ? പാവപ്പെട്ടവന്‍റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാനും, അവന്‍റെ മടിക്കുത്തില്‍ നിന്ന് പിടിച്ചു പറിക്കാനും, തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം നാണമില്ലാതെ  ഇളിച്ചു കൊണ്ട് മുന്നില്‍ വരാനും വേണ്ട ഉളുപ്പില്ലായ്മ - അഥവാ തൊലിക്കട്ടി.

ബഹുമാനപ്പെട്ട യുവനേതാവ് പറഞ്ഞതാനുസരിച്ചാണെങ്കില്‍ പ്രതീക്ഷകള്‍ എല്ലാ മനുഷ്യര്‍ക്കും ഇല്ലേ ? അത് രാഷ്ട്രീയക്കാരുടെ മാത്രം കുത്തകയാണോ ? ആത്മഹത്യ ചെയ്യണമെങ്കില്‍ അവനു അപമാനം എന്തെന്നറിയണം, ലജ്ജ എന്തെന്നറിയണം, അവഹേളനം എന്തെന്നറിയണം. ഇതൊന്നുമില്ലാത്തവനെ രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിയൂ. പുറമേ അലക്കി വെളുപ്പിച്ച ഖദറും അകത്ത് തുരുമ്പിച്ചു കറുത്ത മനസ്സുമായി നാളെ ആരെ പറ്റിക്കാം എന്ന പ്രതീക്ഷയുമായി നടക്കുമ്പോള്‍ അവനു മുന്നില്‍ വേവലാതികള്‍ ഇല്ല. കടം വാങ്ങിയ പലിശക്കാരന്‍റെ ഗുണ്ടകള്‍ നാളെ വീടിനു മുന്നില്‍ വന്ന് പരസ്യമായി തന്‍റെ ഭാര്യക്കും, മക്കള്‍ക്കും നല്‍കിയേക്കാവുന്ന അപമാനത്തെ കുറിച്ചുള്ള ഭയമില്ല. സ്കൂളില്‍ ഫീസ്‌ കൊടുക്കാന്‍ വൈകിയാല്‍ അധ്യാപകന്‍റെ ശകാരത്തിന് മുന്നില്‍ തന്‍റെ മകന്‍ ശിരസ്സ്‌ കുനിക്കുന്ന വേദനയില്ല. പറ്റു തീര്‍ക്കാന്‍ വൈകിയാല്‍ പരിഹാസം ചൊരിയുന്ന കടക്കാരന്‍റെ അമര്‍ഷമില്ല. അവനു മുന്നില്‍ ഉള്ളത് പ്രത്യാശയുടെ സുവര്‍ണ്ണ കിരണങ്ങള്‍ മാത്രം. പാവപ്പെട്ടവന്‍റെ വിയര്‍പ്പ് കൊണ്ട് അപ്പം തിന്നു ചീര്‍ക്കാനുള്ള അടങ്ങാത്ത ആര്‍ത്തി മാത്രം. മദ്യവും , മദിരാക്ഷിയും ആവോളം ഹരം പിടിപ്പിക്കുന്ന രാത്രികളോടുള്ള ആസക്തി മാത്രം. പക്ഷെ - ഒരു നാള്‍ വരും. അന്ന് നീ തട്ടിപ്പറിച്ച അപ്പക്കഷണങ്ങള്‍ക്ക് കണക്ക് ചോദിക്കുന്ന ഒരു യുവതലമുറ ഈ ദരിദ്ര നാരായണന്‍മാരുടെ രക്തത്തുള്ളികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും. ആ കൊടുങ്കാറ്റിനു മുന്നില്‍ നിങ്ങള്‍ പാവപ്പെട്ടവന്‍റെ നെഞ്ചത്ത് കെട്ടിപ്പൊക്കിയ കോട്ട കൊത്തളങ്ങളുടെ അടിക്കല്ലിളകും. ആ ഒരു നാളെയുടെ കാലൊച്ച കേള്‍ക്കാന്‍ ഇന്ത്യയിലെ കോടിക്കണക്കിനു ഹതാശര്‍ക്കൊപ്പം ഞാനും കാതോര്‍ക്കുന്നു.




3 comments:

Noushad Koodaranhi said...

ലോല ഹൃദയരായ രാഷ്ട്രീയക്കാര്‍ ഈ സംഭവം വായിക്കരുത്....

Palavattam said...

അങ്ങിനെ ഒരു വിഭാഗം ഉണ്ടോ നൌഷാദെ ? ;)

Eshak Abdulla said...

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സുതാര്യമായ ജനാധിപത്യ രാഷ്ടമാണ് ഇന്ത്യ . ഈജിപ്ത് , ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യയിലെ അതെ മാതൃകയിലുള്ള ഒരു രാഷ്ട്രീയ ഭരണത്തിനു വേണ്ടി അവിടെ മുറവിളി കൂട്ടുന്നത്‌ നാം കാണുന്നതല്ലേ ? ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ സമുന്നതരായ നേതാക്കളും നമുക്ക് ചെയ്ത
ഉപകാരങ്ങളെ നമുക്ക് വിസ്മരികാന്‍ പറ്റുമോ ..? എന്നിട്ടും പലരും എന്തു
കൊണ്ട് രാഷ്ട്രീയം, രാഷ്ട്രീയ നേതാക്കള്‍ എന്നും കേട്ടാല്‍ പുചിക്കുന്നു ..? എനിക്ക് മനസ്സിലാകുന്നില്ല . ചില
രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാകാം , ജനവഞ്ചകരാകാം , ചൂഷകരകാം , സമ്മതിച്ചു. എന്നാല്‍ എല്ലാ രാഷ്ട്രീയക്കാരും അത്തരക്കാരല്ല . "ആത്മഹത്യവും രാഷ്ട്രീയവും" എന്ന തലക്കെട്ട്‌ എന്തുദ്ദേഷിച്ചാണ് ...?

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates