Ind disable
 

മരണം എന്ന സഹയാത്രികന്‍



എന്‍റെ ജീവിതത്തില്‍ എന്നെ ഏറെ ദുഖിപ്പിച്ചത് രണ്ടു പേരുടെ വിയോഗങ്ങള്‍ ആണ്. ഷിഹാബ് എന്ന്‍ തന്നെ പേരുള്ള എന്‍റെ ആത്മ സുഹൃത്തിന്‍റെയും , എന്‍റെ സ്വന്തം ഉമ്മിച്ചിയെ പോലെ സ്നേഹിച്ചിരുന്ന പ്രിയപ്പെട്ട അമ്മായിയുടെയും അകാലത്തിലുള്ള വിയോഗങ്ങള്‍. അമ്മായിയുടെ മരണം സംഭവിക്കുമ്പോള്‍ ഞാന്‍ സൌദിയില്‍ ആയിരുന്നു. ക്യാന്‍സര്‍ പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും,അമ്മാവനെയും ഈ ലോകത്ത് ഒറ്റക്കാക്കിക്കൊണ്ട് എന്‍റെ അമ്മായിയെ തട്ടിയെടുത്തപ്പോള്‍ ഞാന്‍ ഏറെ വേദനിച്ചു. എന്നാല്‍ എന്‍റെ ജീവിതത്തില്‍ മരണം ആദ്യമായി ,ഒരിക്കലും മറക്കാന്‍ ആവാത്ത തീവ്ര ദുഃഖം എകിയത് വിധി എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനെ തട്ടിയെടുത്തപ്പോളാണ് . ആ അനുഭവം ആണ് ഞാന്‍ ഇവിടെ നിങ്ങളോട് പങ്കു വെക്കുന്നത്.

പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എന്നെ വിട്ടു പിരിഞ്ഞു പോയ എന്‍റെ സ്നേഹിതന്‍. അന്ന് അവന്‍ മഹാരാജാസ്‌ കോളേജിലും ഞാന്‍ കളമശേരി പൊളിടെക്നിക്കിലും പഠിക്കുന്നു. അന്ന് "ദില്‍വാലെ ദുല്‍ഹനിയാ ലെ ജായെംഗെ" എന്ന സിനിമ എറണാകുളം സരിത തീയറ്ററില്‍ റിലീസ്‌ ആകുന്നു. ഞങ്ങള്‍ ആദ്യ ഷോക്ക് തന്നെ പോകാന്‍ പ്ലാന്‍ ചെയ്തു. ഞാന്‍ കളമശേരിയില്‍ നിന്നും എത്തുമ്പോഴേക്കും അവനും അവന്‍റെ സുഹൃത്തുക്കളും ടിക്കറ്റ് എടുത്തു വെക്കും - ഞങ്ങള്‍ ഒരുമിച്ചു തീയേറ്ററില്‍ കയറും - ഇതായിരുന്നു പ്ലാന്‍. പ്ലാന്‍ അനുസരിച്ച് പറഞ്ഞ സമയത്ത് തന്നെ ഞാന്‍ സരിത തീയേറ്ററില്‍ എത്തി എങ്കിലും അഭൂത പൂര്‍വ്വമായ തിരക്ക് മൂലം നേരത്തെ തന്നെ സിനിമ തുടങ്ങിക്കഴിഞ്ഞിരുന്നു. സിനിമ തുടങ്ങി എന്ന് അറിഞ്ഞിട്ടും, എന്നെ കൂടാതെ അവന്‍ കയറില്ല എന്ന ബോധ്യത്തോടെ ഞാന്‍ അവനെ അവിടെയെല്ലാം തിരഞ്ഞു. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും ഇറങ്ങിയിട്ടില്ല. ഏറെ നേരത്തെ തിരച്ചിലില്‍ നിന്നും അവനെ കാണാതെ നിരാശ്ശനായി ഞാന്‍ വീട്ടിലേക്ക് തിരിച്ചു. ആ സമയത്ത് വീട്ടില്‍ ചെന്നാല്‍ പ്രശ്നം ആണ്- കോളജില്‍ പോയില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ ഉണ്ടാകും.. അത് കൊണ്ട് അവന്‍റെ വീടിനടുത്തെക്കാണ് പോയത്. അവിടെ അവന്‍റെ വീടിന്‍റെ തൊട്ടടുത്ത പറമ്പില്‍ ആണ് ഞങ്ങള്‍ സാധാരണ സമ്മേളിക്കുന്നത്. ഞാന്‍ ചെല്ലുമ്പോള്‍ അവിടെ സിയാദ്‌ എന്ന് പേരുള്ള ഞങ്ങളുടെ മറ്റൊരു സുഹൃത്ത് ഉണ്ട്. ആ പറമ്പില്‍ മരം മുറിക്കല്‍ നടക്കുന്നത് നോക്കിയിരിക്കുകയാണ് അവന്‍. ഞാന്‍ അവന്‍റെ കൂടെ അവിടെ സംസാരിച്ചിരുന്നു. എന്‍റെ മനസ്സില്‍ ശിഹാബിനോട് തോന്നിയ ദേഷ്യം ഞാന്‍ അവനോട് പങ്കു വച്ചു.

ഉച്ച കഴിഞ്ഞപ്പോള്‍ ദൂരെ ബസ്‌സ്റ്റോപ്പില്‍ നിന്നും ശിഹാബ്‌ ബസ്സിറങ്ങി നടന്നു വരുന്നത് ഞാന്‍ കണ്ടു. എനിക്ക് അവനോടുള്ള ദേഷ്യം ഊഹിക്കാവുന്നത് കൊണ്ടാവണം ,അവന്‍ എന്നെ തീരെ മൈന്‍ഡ്‌ ചെയ്യാതെ നേരെ വീടിനുള്ളിലേക്ക് കയറിപ്പോയി. അല്‍പനേരം മസില്‍ പിടിച്ചിരുന്ന ശേഷം ഞാന്നും മെല്ലെ എഴുന്നേറ്റു അവന്‍റെ പിന്നാലെ വീടിന്നുള്ളിലേക്ക് കയറിച്ചെന്നു. അവന്‍റെ ഉമ്മിച്ചി അവന്ചോറ് വിളമ്പുന്നു. ഉമ്മിച്ചി കേള്‍ക്കാതിരിക്കാന്‍ ഞാന്‍ അവന്‍റെ അടുത്ത് ചെന്ന് ചെവിയില്‍ കണ്ണ് പൊട്ടുന്ന രണ്ടു തെറി വിളിച്ചു-അപ്പോള്‍ എനിക്ക് അല്‍പം സമാധാനം കിട്ടി. പിന്നെ ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് ഓരോന്നുപറഞ്ഞു ചിരിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് വെളിയില്‍ ഒരു ബൈക്ക്‌ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു.ഞാന്‍ പുറത്തെക്കിറങ്ങിയപ്പോള്‍  കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം അവിടെയിട്ട് തിടുക്കത്തില്‍ കൈ കഴുകി അവനും  പുറത്തേക്കിറങ്ങി. മുപ്പത്തടത്തുള്ള അവന്‍റെ കൊച്ചാപ്പാടെ മകന്‍ പുതിയതായി വാങ്ങിയ ബൈക്കുമായി കുളൂസ് കാണിക്കാന്‍ വന്നതാണ്. കണ്ട പാതി കാണാത്ത പാതി "ചോറ് മുഴുവന്‍ തിന്നിട്ടു പോ മോനെ" എന്ന  ഉമ്മാടെ വിളിയും എല്ലാം മറന്നു അവന്‍ ബൈക്കിന്‍റെ താക്കോല്‍ വാങ്ങി വണ്ടി സ്റ്റാര്‍ട്ട് ആക്കി . "എടാ..നിക്കെടാ..ഞാനും വരുന്നു.." ഞാന്‍ പുറകെ ഓടിച്ചെന്നു വിളിച്ചു കൂവിയിട്ടും കേള്‍ക്കാത്ത ഭാവത്തില്‍ അവന്‍ ബൈക്ക്‌ സ്പീഡില്‍ ഓടിച്ചു റോഡിലേക്ക് ഇറങ്ങി. അവനു അല്ലെങ്കിലും ബൈക്ക്‌ എന്ന് വച്ചാല്‍ ഒരുതരം ഭ്രാന്താണ്. എനിക്ക് ശരിക്കും ദേഷ്യം വന്നു. ഞാന്‍ വീണ്ടും മരം മുറിക്കുന്ന സ്ഥലത്തേക്ക് പോയി.

അല്‍പ നേരം കഴിഞ്ഞപ്പോള്‍ കച്ചേരിപ്പടിയിലുള്ള ഇക്ബാല്‍ ആണ് വണ്ടി നിര്‍ത്തി ആ കാര്യം പറഞ്ഞത്‌ - കുന്നുംമ്പുറത്തു വച്ച് ശിംബ - (അങ്ങനെയാണ് അവനെ ഞങ്ങള്‍ വിളിച്ചിരുന്നത്‌) ഓടിച്ചിരുന്ന ബൈക്ക്‌ ഒരു ബസുമായി തട്ടി. ആളുകള്‍ കൂടി അവനെ ആശുപതിയിലേക്ക് കൊണ്ട് പോയത്രേ. കേട്ട പാതി കേള്‍ക്കാത്ത പാതി ഞാനും സിയാദും ഓടി. കുന്നുംപുറത്തെക്ക് രണ്ടു കിലോമീറ്ററോളം ദൂരം ഉണ്ട്. പക്ഷെ ഞങ്ങള്‍ക്ക് അതൊന്നും ചിന്തിക്കാനുള്ള സമയം ഇല്ലായിരുന്നു. അല്‍പ നേരത്തിനുള്ളില്‍ ഞങ്ങള്‍ കുന്നുംപുറത്തെത്തി. ഒരു ഇലക്ട്രിക് പോസ്ടിനോട് ചേര്‍ന്ന് ബൈക്ക്‌ മറിഞ്ഞു കിടപ്പുണ്ട്.

" ഇത് ഓടിച്ചിരുന്ന പയ്യന്‍ എവിടെ ചേട്ടാ" അവിടെ കൂടി നിന്നിരുന്ന ഒരാളോട് ഞാന്‍ ചോദിച്ചു

"ഒരു ഓട്ടോ റിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്- മെഡിക്കല്‍ ട്രെസ്ടിലേക്ക് ആണെന്ന് തോന്നുന്നു." അയാള്‍ പറഞ്ഞു.

ഞങ്ങള്‍ വീണ്ടും വീട്ടിലേക്കോടി. വേഗം ഡ്രസ്സ് എല്ലാം മാറ്റി ബസില്‍ കയറി ഏറണാകുളം മെഡിക്കല്‍ ട്രെസ്ടിലേക്ക് പോയി. അവിടെ എല്ലയിടത്തും അന്വേഷിച്ചിട്ടും അങ്ങിനെ ഒരാളെ കൊണ്ട് വന്ന കാര്യം ആര്‍ക്കും അറിയില്ല. കൂട്ടുകാരന്‍റെ നിര്‍ദ്ദേശ പ്രകാരം അവന്‍റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. അവന്‍റെ ഉമ്മ ആണ് എടുത്തത്. ഇനി അവര്‍ കാര്യം ഒന്നും അറിഞ്ഞിട്ടില്ലെങ്കില്‍ വെറുതെ പരിഭ്രമിപ്പിക്കേണ്ട എന്ന് കരുതി "അവന്‍റെ ഇക്ക എന്ത്യേ" എന്ന് ചോദിച്ചു. അവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞപ്പോള്‍ ആ ഉമ്മ ഒന്നും അറിഞ്ഞിട്ടില്ലെന്ന് മനസ്സിലായി. ഒരു കാര്യത്തില്‍ എനിക്ക് ആശ്വാസം തോന്നി. ഒന്നും സംഭവിച്ചു കാണില്ല-ഇല്ലെങ്കില്‍ ഉമ്മ ഇതിനോടകം അറിഞ്ഞേനെ.

"എന്തായാലും ഇവിടെ വരെ വന്നതല്ലേ- നമുക്ക് മെഡിക്കല്‍ സെന്‍ററില്‍ കൂടി ഒന്ന് നോക്കാം. ഇനിയിപ്പോ അയാള്‍ക്ക് തെറ്റിപ്പോയതാണെങ്കിലോ?" കൂട്ടുകാരന്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ മെഡിക്കല്‍ സെന്‍ററിലേക്ക് ബസ്‌ പിടിച്ചു. ആ യാത്രയില്‍ ഞങ്ങള്‍ ഒരുപാടു തമാശകള്‍ പറഞ്ഞു ചിരിച്ചു തിമിര്‍ത്തു. 



മെഡിക്കല്‍ സെന്‍ററില്‍ എത്തിയപ്പോള്‍ ഉണ്ട് എന്‍റെ നാട്ടിലുള്ള ജനം മുഴുവന്‍ ആശുപത്രി മുറ്റത്തുണ്ട്. സംഗതി ഞങ്ങള്‍ കരുതിയപോലെ അത്ര നിസ്സരമല്ലെന്നു മനസ്സിലായി. അവന്‍റെ ചേട്ടനെ കണ്ടപ്പോള്‍ ഞാന്‍ " എന്ത് പറ്റി ഇക്കാ " എന്ന് ചോദിച്ചു. മറുപടി പറയാതെ അദ്ദേഹം എന്നെ കൈ പിടിച്ചു ആശുപത്രിക്കകത്തേക്ക് കൊണ്ട് പോയി. അദ്ദേഹത്തിന്‍റെ മുഖത്തെ നിര്‍വ്വികാരത കണ്ടിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല. അകത്ത് ഒരു ഇടനാഴിയില്‍ ഒരു സ്ട്രക്ച്ചറില്‍ ഒരു ആളെ പുതപ്പിച്ചു കിടത്തിയിരിക്കുന്നു. അടുത്തെത്തി മുഖത്തെ തുണി മാറ്റിക്കൊണ്ട് " അവന്‍ പോയല്ലോടാ മോനേ' എന്ന്‍ പറഞ്ഞ് അവന്‍റെ ജേഷ്ടന്‍ ഉറക്കെ കരഞ്ഞപ്പോള്‍ ആണ് എനിക്ക് ആ സത്യം മനസ്സിലായത്‌. എന്‍റെ എല്ലാമെല്ലാമായ കൂട്ടുകാരന്‍ മരിച്ചു പോയിരിക്കുന്നു. !

എനിക്ക് ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ആരോ പിടിച്ചു കയറ്റിയ ,ഏതോ ഒരു വാഹനത്തില്‍ അവന്‍റെ വീട്ടില്‍ എത്തിക്കുംമ്പോള്‍ വഴിയിലുടനീളം ഞാന്‍ ഒരു ചലനമറ്റ പ്രതിമപോലെ ഇരുന്നു. എന്‍റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ വന്നില്ല. എന്‍റെ മനസ്സ് ശൂന്യം ആയിരുന്നു. ആദ്യമായി ജീവിതത്തില്‍ ഒരു മരണം കാണുകയാണ്-അതും ജീവന് തുല്യം സ്നേഹിച്ച സുഹൃത്തിന്‍റെ....!

പിറ്റേന്ന് ഉച്ചക്ക് മുന്‍പ്‌ മയ്യത്ത്‌ കുളിപ്പിച്ച് കബറടക്കുവാനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. അവസാനമായി മയ്യത് കാണാന്‍ വേണ്ടി ആരൊക്കെയോ എന്നെ വന്നു നിര്‍ബന്ധിച്ചു വിളിച്ചു-പക്ഷെ ഞാന്‍ പോകാന്‍ കൂട്ടാക്കിയില്ല." അവനെ എനിക്ക് കാണേണ്ട" എന്ന് ഞാന്‍ പുലമ്പിക്കൊണ്ടിരുന്നു. അന്ന് മുതല്‍ കുറെ ദിവസത്തേക്ക് ഒരു തരം നിര്‍വ്വികാരതയായിരുന്നു എന്‍റെ പെരുമാറ്റത്തില്‍ എല്ലാം. വൈകിട്ട് മണിക്കൂറുകളോളം അവന്‍റെ കബറിനടുത്തു പോയിരിക്കും. തന്നെത്താനെ സംസാരിക്കും. എന്നില്‍ വന്ന ഭാവ മാറ്റങ്ങള്‍ എന്‍റെ വീട്ടുകാരെ ഏറെ ഭയപ്പെടുത്തി. ഒരു വേള ഞാന്‍ എന്തെങ്കിലും കടും കൈ ചെയ്തു കളയുമോ എന്ന് പോലും ഭയന്ന് വാപ്പിചിയും, അനിയനും പലപ്പോഴും ഞാന്‍ അറിയാതെ ഒരു നിഴല്‍ പോലെ എന്നെ പിന്തുടര്‍ന്നു.

കാലം എന്നിലും മറവിയുടെ വിത്ത് പാകി കടന്നു പോയി. എന്നാലും നാട്ടില്‍ ഉള്ളപ്പോഴെല്ലാം സമയം കിട്ടുമ്പോള്‍ അവന്‍റെ കബര്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ സമയം കണ്ടെത്തിയുരുന്നു.എന്നാല്‍ ഇന്ന് ചിലപ്പോള്‍ ആഴ്ചകളോ ,മാസങ്ങളോ തന്നെ അവനെക്കുറിച്ച് ഓര്‍മ്മിക്കാതെ കടന്നു പോകുമ്പോള്‍‍, ജീവിതത്തിന്‍റെ ക്ഷണികതയെ കുറിച്ച് ഓര്‍ത്ത്‌ എനിക്ക് ഭയം തോന്നുന്നു. നമ്മുടെ പ്രയത്നങ്ങള്‍ ഒന്നും നമ്മെ രക്ഷിക്കാന്‍ പര്യാപ്തമല്ല- ദൈവത്തിന്‍റെ കാരുണ്യവും, ദയാവായ്പും അല്ലാതെ. "ഞാന്‍ ഏറ്റവും കരുണാമയനും കാരുണ്യവാരിധിയും ആണ്" എന്ന് എന്‍റെ സൃഷ്ടാവ് അവന്‍റെ ഗ്രന്ഥത്തില്‍ ഇടക്കിടെ ഊന്നിയൂന്നി പറയുന്നതാണ് എന്‍റെ ഏക പ്രതീക്ഷ. ഒരോ മരണവും എന്‍റെ മരണത്തിലെക്കുള്ള ദൂരക്കുറവിനെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം എന്‍റെ മനസ്സില്‍ ഉത്തേജിപ്പിക്കുമ്പോള്‍ ഭൂമിയില്‍ ബാക്കി വെച്ച് പോയേക്കാവുന്ന ബന്ധങ്ങളെയും,സുഖഭോഗങ്ങളെയും കുറിച്ചോര്‍ത്തു എനിക്ക് നഷ്ടബോധമില്ല. അനശ്വരമായ ഒരു ലോകം ആണ് എന്‍റെ ലക്‌ഷ്യം. അതിലേക്കുള്ള എത്തിച്ചേരല്‍ മാത്രമാണ് എന്‍റെ മാര്‍ഗ്ഗം. അതാണ്‌ ശരിയായ ലക്ഷ്യം.

6 comments:

Jefu Jailaf said...

ഹൃദയ സ്പര്ശിയായിരിക്കുന്നു..

സര്‍ദാര്‍ said...

ഒരു വേദന.....നഷ്ടങ്ങള്‍ അതാണല്ലൊ നമുക്ക് സമ്മാനിക്കുന്നത്...പ്രാര്‍ത്തിക്കുക....അല്ലാതെന്തുചെയ്യാന്‍...എല്ലാം അവനില്‍ അര്‍പിതം....

നീലക്കുറിഞ്ഞി said...

ശരിയാണ്.ഷിഹാബേ..ആ അനശ്വര ലോകത്തിലേക്കുള്ള പാതയിലൂടെയാണ് നാമോരോരുത്തരും പൊയ്കൊണ്ടിരിക്കുന്നത്.ഓരോ മരണവും എന്നപോലെ ഓരോ ദിനവും നമ്മുടെ മരണത്തിലേക്കുള്ള ദൂരം കുറക്കുമ്പോള്‍ പരാശക്തിയുടെ കരുണ മാത്രം തേടുന്നു.മരണം അതു പരശക്തിയിലേക്കുള്ള മടക്കമാണെന്നും ഈ ഇഹ ജീവിതം ശാശ്വതമല്ലെന്നും വെളിവുണ്ടായിരിക്കെ ആരുടെ വേര്‍പാടും ഒരു ദുരന്തമായി തോന്നുന്നു..കാലം മാത്രം ഉണക്കുന്ന മുറിവായി അവശേഷിക്കുന്നു..ഷിഹാബിന്റെ വരികളിലൂടെ ഞാനുമെന്റെയാരുടേയോ വേര്‍പാട് അനുഭവിച്ചു.

Palavattam said...

നന്ദി ജെഫു ഭായ്‌, സര്‍ദാര്‍ജി, സാജിദത്താ.......

safeera said...

aararinju namukkulla vella thuni adutha kadayil ethiyoonnu...aa suhruthinu vendi praarthikkam...

Palavattam said...

നന്ദി സഫീത്താ......

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates