Ind disable
 

ടോണിയേട്ടന്‍ : കോപ്പിയടി ഉണ്ടാക്കിയ പുലിവാല്

15comments


ഞാന്‍ ഒരാളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം - ടോണിയേട്ടന്‍ - ഒരു ദശാബ്ദത്തിലേറെയായി എന്‍റെ സുഹൃത്താണ് , സഹപ്രവര്‍ത്തകനാണ്.
സത്യസന്ധന്‍, നിഷ്കളങ്കന്‍, ലോലഹൃദയന്‍ - അതാണ്‌ ടോണിയേട്ടന്‍. പ്രായം അമ്പതിനോടടുത്തു. ജീവിതത്തിന്‍റെ നല്ല ഘട്ടങ്ങള്‍ ഒക്കെ നാട്ടില്‍ അര്‍മാദിച്ചു തീര്‍ത്ത ശേഷം ആണ് ഈ മണലാരണ്യത്തിലേക്ക് ടോണിയേട്ടന്‍ വിമാനം കയറിയത്. നാട്ടില്‍ ഭാര്യയും രണ്ട് ആണ്‍മക്കളും. നാട്ടില്‍ പ്രശസ്തമായ ഒരു സ്വകാര്യ കമ്പനിയില്‍ ആണ് ഞങ്ങള്‍ ആദ്യം ഒരുമിച്ചു ജോലി ചെയ്തത്. അന്ന് മുതലേ ജോലി സംബന്ധമായ യാത്രകളില്‍ ടോണിയേട്ടന്‍ ബൈക്കിന്‍റെ പിന്നിലെ സീറ്റില്‍ ഉണ്ടാകും. ഒടുവില്‍ ഇലക്ട്രോണിക് യുഗത്തിന്‍റെ ആസന്നമായ മാറ്റങ്ങള്‍ ഇടപാടുകാരുടെ ആവശ്യകതക്കനുസരിച്ചു പ്രാവര്‍ത്തികമാക്കാന്‍ പരാജയപ്പെട്ടപ്പോള്‍ ഞങ്ങള്‍ ജോലി ചെയ്തു കൊണ്ടിരുന്ന കമ്പനി, അത് നീണ്ട മുന്നൂറു വര്‍ഷങ്ങളുടെ പ്രവര്‍ത്തങ്ങള്‍ കൊണ്ട് കൈവരിച്ചിരുന്ന ഉന്നതിയില്‍ നിന്ന് തിരികെയുള്ള പ്രയാണം തുടങ്ങി. പക്ഷെ ആ പ്രയാണത്തിന് അന്ധാളിപ്പിക്കുന്ന വേഗത ആയിപ്പോയപ്പോള്‍ ഒരു അടച്ചു പൂട്ടലിന്‍റെ വക്കത്തെത്തി ആ മഹാ പ്രസ്ഥാനം. ഒടുവില്‍ അന്ത്യശ്വാസം വലിക്കുന്നത് കാണാന്‍ ആവാതെ കമ്പനി ഓഫര്‍ ചെയ്ത തുച്ഛമായ വി.ആര്‍.എസ് സ്വീകരിച്ച് എല്ലാവരും പടിയിറങ്ങി. പിന്നെ പഠിച്ച തൊഴില്‍ നാട്ടില്‍ പ്രയോഗിച്ച് ജീവിച്ചു പോകാനുള്ള തത്രപ്പാട് ആയിരുന്നു. ഒരു പരിധി വരെ അതില്‍ വിജയിക്കുകയും ചെയ്തു. സാവധാനം ആണെങ്കിലും കമ്പനിയില്‍ നിന്നും ലഭിച്ചിരുന്നതിലും നല്ല വരുമാനവുമായി ഞാനും ടോണിയേട്ടനും മുന്നോട്ട് പോകുമ്പോഴാണ് ഗള്‍ഫില്‍ പോകണം എന്ന ആഗ്രഹം എങ്ങനെയോ ടോണിയേട്ടന്‍റെ മനസ്സില്‍ കയറിപ്പറ്റിയത്. ആര്,എപ്പോള്‍,എവിടെ വച്ച് ഇങ്ങനെയൊരു ചിന്തക്ക് വിത്ത് പാകിയെന്ന് അദ്ദേഹത്തിന് പോലും അറിയില്ല - പക്ഷെ പിന്നീടുള്ള അദ്ദേഹത്തിന്‍റെ ചിന്തകള്‍ മുഴുവന്‍ എങ്ങനെയും ഗള്‍ഫില്‍ എത്തണം എന്നായപ്പോള്‍ പിന്നെ അതായി എന്‍റെയും ലക്ഷ്യം. അങ്ങനെ കുറെ നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആദ്യം ടോണിയേട്ടനും പിന്നാലെ ഞാനും സൗദി അറേബ്യ എന്ന രാജ്യത്ത് എത്തപ്പെട്ടു.


നാട്ടില്‍ വച്ച് യാത്രകള്‍ ഇരുചക്രവാഹനത്തില്‍ ആയിരുന്നെങ്കില്‍ ഇവിടെ സൌദിയില്‍ എത്തിയപ്പോള്‍ അത് കാറില്‍ ആയി എന്ന് മാത്രം. ഓരോ യാത്രയിലും ഓരോ അനുഭവകഥകള്‍ പറയുവാന്‍ ഉണ്ടാകും ടോണിയെട്ടന്. പണ്ട് കള്ളും , കഞ്ചാവും അടിച്ചു കിറുങ്ങി നടന്നതും, സ്കൂള്‍ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ ആവാത്ത രസകരമായ ഏടുകളും ഒക്കെ. പ്രത്യക്ഷത്തില്‍ കേള്‍വിക്കാരന്‍റെ മനസ്സില്‍ ചിരിയുടെ പൂത്തിരി കത്തിക്കുന്ന ആ കഥകള്‍ ഓരോന്നും പിന്നീട് ഓര്‍ത്തെടുക്കുമ്പോള്‍  പലപ്പോഴും  ഒരു നേരിയ നീറ്റലായി മനസ്സില്‍ പുകഞ്ഞിട്ടുമുണ്ട്.


ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യും എന്ന ചൊല്ല് പലപ്പോഴും പല കാര്യത്തിലും പ്രാവര്‍ത്തികമാക്കും ടോണിഏട്ടന്‍. അദ്ദേഹം തികച്ചും സദുദ്ദേശത്തില്‍ ചെയ്യുന്ന പല പ്രവര്‍ത്തികളും പലപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് പാരയായി ഭവിക്കും.ചെയ്യുന്ന കാര്യത്തിലുള്ള ആത്മാര്‍ഥതയും ,സത്യസന്ധതയും അദ്ദേഹത്തിനു സുഹൃത്തുക്കളെപ്പോലെ തന്നെ ഒരു പാട് ശത്രുക്കളെയും നല്‍കിയിട്ടുണ്ട്. എന്നാലും വെറുക്കുന്നവരെ പോലും സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്യും ടോണിയേട്ടന്‍ - അത് കണ്ട് 'ഞാന്‍ ഈ മനുഷ്യനെ വെറുത്തു പോയല്ലോ ദൈവമേ' എന്ന് ആളുകള്‍ പറഞ്ഞു പോകും.  എന്തായാലും ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് എല്ലാം ടോണിയേട്ടനെ ഇഷ്ടമായിരിക്കും എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല.


ഒരു പാട് രസകരമായ അനുഭവ കഥകള്‍ അദ്ദേഹം എന്നോടു പങ്കു വച്ചിട്ടുണ്ട് - അതില്‍ ഒരെണ്ണം ഞാന്‍ ഇന്നിവിടെ പറയാം. ഒരു തവണ കേട്ടതാണെങ്കില്‍ പോലും പലതും മനസ്സില്‍ മായാതെ കിടക്കുന്നത് ചിലപ്പോള്‍ ഒരു പക്ഷെ എന്‍റെ മനസ്സില്‍ ആ മനുഷ്യനോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാകാം.


ടോണിയേട്ടന്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. പഠനത്തില്‍ പിറകിലാണ് നമ്മുടെ കഥാനായകന്‍. വീട്ടില്‍ നാല് പെങ്ങന്മാര്‍ക്ക് ഒരൊറ്റ ആങ്ങള ആയതിനാല്‍ ഏറെ ലാളനകള്‍ ഏറ്റാണ്  വളര്‍ന്നത്. അത് കൊണ്ട് തന്നെ പഠനത്തില്‍ ആയാലും മറ്റെന്തു കാര്യത്തിലായാലും എന്ത് കുരുത്തക്കേട് കാണിച്ചാലും ആരും ചോദിക്കാനും പറയാനും ഇല്ലെന്ന സ്ഥിതി ടോണിയേട്ടന്‍ ശരിക്കും മുതലാക്കി. ക്ലാസ്സില്‍ ടോണിയേട്ടന്‍റെ തോടടുത്തിരിക്കുന്ന കുട്ടി ഒരു നല്ല പഠിപ്പിസ്റ്റാണ്. ആ വകയില്‍ ക്ലാസ്‌ ടെസ്റ്റുകളിലും മറ്റും ടോണിയേട്ടന്‍ നല്ല "പ്രകടനം" കാഴ്ച വെക്കാറുമുണ്ട് (കോപ്പിയടി ആണെന്ന്‍ പ്രത്യേകം പറയേണ്ടതിലല്ലോ) ഒരു ദിവസം കണക്ക് മാഷ്‌ ബോര്‍ഡില്‍ ഒരു ചോദ്യമിട്ടു. എല്ലാവരോടും ഉത്തരം കണ്ടു പിടിക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം കസേരയില്‍ ഇരിപ്പായി. പതിവ് പോലെ ടോണിയേട്ടന്‍ അടുത്തിരിക്കുന്നവന്‍റെ ബുക്കില്‍ നോക്കി അവന്‍ എഴുതിയത് വള്ളിപുള്ളി വിടാതെ പകര്‍ത്തി വച്ച് അടുത്തുള്ള ബെഞ്ചുകളിലെ കുട്ടികളുമായി സംസാരം തുടങ്ങി. അഞ്ചു മിനിറ്റ് കഴിഞ്ഞു അദ്ധ്യാപകന്‍ എഴുന്നേറ്റു കണക്ക് ശരിയായി ചെയ്തവര്‍ എഴുന്നേറ്റു നില്‍ക്കാന്‍ പറഞ്ഞു. അടുത്തിരിക്കുന്ന കുട്ടി എഴുന്നേറ്റത് കണ്ടു ടോണിയേട്ടനും എഴുന്നേറ്റു നില്‍പ്പായി. ക്ലാസ്സില്‍ കണക്ക് ശരിയായി ചെയ്തവര്‍ ടോണിയേട്ടനും ആ കുട്ടിയും മാത്രം. കണ്ടോടാ എന്ന ഭാവത്തില്‍ എല്ലാവരെയും നോക്കി ഒന്ന് മന്ദഹസിക്കാനും ടോണിയേട്ടന്‍ മറന്നില്ല.


"രണ്ടു പേരും പുസ്തകവുമായി ഇവിടെ വാ" സാര്‍ പറഞ്ഞു.


അടുത്ത കുട്ടിയുടെ പുസ്തകം ആണ് ആദ്യം നോക്കിയത്. അവന്‍ എഴുതിയ ശരിയുത്തരം വാധ്യര്‍ക്കു ബോധിച്ചു. അവനോടു സീറ്റില്‍ പോയി ഇരുന്നോളാന്‍ പറഞ്ഞിട്ട് സാര്‍ ടോണിയേട്ടന്‍റെ പുസ്തകം വാങ്ങി നോക്കി. കൂട്ടുകാരന് കിട്ടിയത് പോലെ ഒരു അഭിനന്ദനം പ്രതീക്ഷിച്ചു നിന്ന ടോണിയേട്ടന്‍ ,ബുക്ക്‌ വായിച്ച വാദ്ധ്യാരുടെ മുഖം കടന്നാല്‍ കുത്തിയ പോലെ വീര്‍ക്കുന്നതു കണ്ട് അമ്പരന്നു. കയ്യിലിരുന്ന ചോക്ക്‌ ടോണിയേട്ടന്‍റെ നേരെ നീട്ടിക്കൊണ്ടു വാധ്യാര്‍ കല്‍പ്പിച്ചു " നീ ബോര്‍ഡില്‍ ഇത് ചെയ്തു കാണിച്ചേ"


ടോണിഏട്ടന്‍ നിന്നു പരുങ്ങി. കണക്ക് ചെയ്യാന്‍ പോയിട്ട് ചോദ്യം വായിച്ചു മനസ്സിലാക്കാന്‍ പോലും ടോണിയേട്ടനറിയില്ല. നിമിഷങ്ങള്‍ കടന്നു പോയി.


"എന്തേ - ചെയ്യുന്നില്ലേ ?" വീണ്ടും വാധ്യാരുടെ ചോദ്യം.


ഇല്ലെന്ന അര്‍ത്ഥത്തില്‍ ടോണിയേട്ടന്‍ ചുമല്‍ രണ്ടും കൊച്ചിക്കാണിച്ചു.


"നീ പോയി ടീച്ചേര്‍സ് റൂമില്‍ നിന്ന്‍ ഒരു നല്ല ചൂരല്‍ എടുത്തുകൊണ്ട് വാ" വാധ്യാര്‍ ദേഷ്യത്തില്‍ അലറി.


ടോണിയേട്ടന്‍റെ പാതി ജീവന്‍ പോയി. എന്‍റെ ദൈവമേ - ഒരാവശ്യവുമില്ലാത്ത കുരിശാണല്ലോ താന്‍ എടുത്തു തലയില്‍ വച്ചത്. ക്ലാസ്സിലെ കണക്ക് ചെയ്യാത്ത മറ്റു കുട്ടികള്‍ ഒക്കെ ഇരുന്നു കളിയാക്കി ചിരിക്കുന്നു. ചമ്മലോടെ അതിലേറെ പേടിയോടെ ടോണിയേട്ടന്‍ ടീച്ചേര്‍സ് റൂമിലേക്ക്‌ നടന്നു. അവിടെ പരതി കിട്ടിയതില്‍ ഏറ്റവും നേര്‍ത്ത ഒരു ചൂരലുമായി ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിലെത്തിയപ്പോള്‍ ചൂരല്‍ വാധ്യാരുടെ നേരെ നീട്ടി.


"ഇതെവിടന്നു കിട്ടിയെടാ നിനക്ക് ? ഇതിലും വണ്ണം കുറഞ്ഞത് ഇല്ലായിരുന്നോ അവിടെ ? ഡാ സതീശാ - നീ പോയി ഏറ്റവും വണ്ണമുള്ള ഒരെണ്ണം എടുത്തോണ്ട് വാടാ."


കേട്ട പാതി കേള്‍ക്കാത്ത പാതി സതീശന്‍ എന്ന കുട്ടി ടീച്ചേര്‍സ് റൂമിലെക്കൊടി. ആ ഓട്ടം ഒളിമ്പിക്സില്‍ ഓടിയിരുന്നെങ്കില്‍ അവന് വെള്ളിയെങ്കിലും കിട്ടിയേനെ. ടോണിയേട്ടന്‍റെ ഹൃദയം പെരുമ്പറ കൊട്ടിത്തുടങ്ങി. ഇന്നത്തെ കാര്യം പോക്കാണ്....കണക്ക് മാഷിനു ദേഷ്യം വന്നാല്‍ തീര്‍ന്നു. ടോണിയേട്ടന്‍ മനസ്സില്‍ പറഞ്ഞു. പറഞ്ഞ സമയത്തിനുള്ളില്‍ സതീശന്‍ പെരുവിരലിന്‍റെ മുഴുപ്പുള്ള ഒരു ചൂരലുമായി വന്ന് സാറിന് നീട്ടിക്കൊണ്ടു ടോണിയേട്ടനെ നോക്കി വിജയഭാവത്തില്‍ ഒരു ചിരി ചിരിച്ചു. ഭൂമി പിളര്‍ന്ന് താന്‍ ആ ഗര്‍ത്തത്തിലേക്ക് ആണ്ട് പോയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി ടോണിയെട്ടന്. പിന്നെ അവിടെ നടന്നത് തൃശൂര്‍ പൂരത്തിനെ വെല്ലുവിളിക്കുന്ന മട്ടിലുള്ള ഒരു വെടിക്കെട്ട് തന്നെ ആയിരുന്നു. തല്ലിത്തല്ലി ഒടുവില്‍ കൈ കഴച്ചപ്പോള്‍ "പോടാ" എന്നലറിക്കൊണ്ട് മാഷ്‌ കസേരയില്‍ തളര്‍ന്നിരുന്നു. തന്‍റെ സീറ്റില്‍ എത്തിയ ടോണിയേട്ടന് ഇരിക്കാന്‍ സാധിച്ചില്ല. ചന്തിയും, തുടകളുടെ മുകള്‍ഭാഗവും ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ട പ്രതീതി. ക്ലാസ്സിലെ കുട്ടികളെല്ലാം ആര്‍ത്തു ചിരിക്കുന്നു. തല ഡസ്കിലേക്ക് താഴ്ത്തി ടോണിയേട്ടന്‍ ഇരുന്നു. കണ്ണുകളില്‍ കണ്ണുനീര്‍ വന്നില്ല. എന്നാലും മറ്റവന് പ്രശംസ കിട്ടാനും തനിക്ക് തല്ലു കിട്ടാനുമുള്ള കാരണം ആലോചിച്ച് തല പുണ്ണാക്കുകയായിരുന്നു ടോണിയേട്ടന്‍ .


ഉച്ചക്കുള്ള ബെല്ലടിച്ചപ്പോള്‍ ആണ് അടുത്ത കുട്ടി നടന്ന സംഭവം പറഞ്ഞു കൊടുത്തത്. ബോര്‍ഡില്‍ ഇട്ട കണക്ക് ചെയ്തു തീര്‍ന്ന ശേഷം ടോണിയേട്ടന്‍ സംസാരത്തില്‍ മുഴുകിയ സമയത്ത് , താന്‍ ഇട്ട ചോദ്യത്തില്‍ തൃപ്തി വരാതെ മാഷ്‌ ആദ്യമിട്ട ചോദ്യം മായിച്ചു വേറെ ചോദ്യം ഇട്ടിരുന്നത്രേ. സംസാരത്തിന്‍റെ തിരക്കില്‍ അതൊക്കെ ശ്രദ്ധിക്കാന്‍ ടോണിയേട്ടനെവിടെ നേരം. അങ്ങനെ ഹീറോ ആകാന്‍ ശ്രമിച്ച ടോണിയേട്ടന്‍ വെറും സീറോ ആയി മാറി. അതിനു ശേഷം ഒരിക്കലും കണക്ക് ചെയ്തു എഴുന്നേറ്റു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അബദ്ധത്തില്‍ പോലും ടോണിയെട്ടന്‍ ഉണ്ടായിട്ടില്ല എന്നത് ചരിത്രം.


ടോണിയേട്ടനെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നു വിശ്വസിക്കുന്നു. കൂടുതല്‍ ടോണിയേട്ടന്‍ കഥകളുമായി വീണ്ടും സന്ധിക്കും വരെ വണക്കം.

സമ്പാദ്യം

17comments



പതിവു പോലെ ജോലി കഴിഞ്ഞ് വൈകി വീട്ടിലെത്തിയ പിതാവ് ഉറങ്ങാതെ തന്നെ കാത്തിരിക്കുന്ന അഞ്ചു വയസുള്ള മകനെ കണ്ട് അമ്പരന്നു.

"എന്താ മോനെ ഇത്ര സമയം ആയിട്ടും നീ ഉറങ്ങിയില്ലേ"

"ഇല്ലച്ചാ , ഞാന്‍ അച്ഛനെ കാത്തിരിക്കുകയായിരുന്നു" മകന്‍ മറുപടി പറഞ്ഞു.

"എന്തിന് ?" അച്ഛന്‍റെ ശബ്ദത്തില്‍ നീരസം ഉണ്ടായിരുന്നു.

"ഞാന്‍ അച്ഛനോട് ഒരു കാര്യം ചോദിക്കട്ടെ?" നിഷ്കളങ്കമായി ആ മകന്‍ ചോദിച്ചു.

അച്ഛന്‍ പുരികം ചുളിച്ചു കൊണ്ട് ആ പിഞ്ചു മുഖത്തേക്ക് നോക്കി " ങ്ങും "

"ഒരു മണിക്കൂര്‍ ജോലി ചെയ്താല്‍ അച്ഛന്‍ എത്ര രൂപ സമ്പാദിക്കും ?"

"നൂറു രൂപ" തെല്ലോമ്പരപ്പോടെ - എന്നാല്‍ ഒട്ടോന്നഭിമാനത്തോടെ ആ പിതാവ് പ്രതിവചിച്ചു.

"എന്നാല്‍ ഒരു അമ്പത് രൂപ എനിക്ക് തരാമോ അച്ഛാ ?"

"പോടാ...പോയ്‌ കിടന്നുറങ്ങടാ..." അച്ഛന്‍ ദേഷ്യം കൊണ്ട് വിറച്ചു. ഒരു അഞ്ചു വയസ്സുകാരനില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യം.

ആ കുഞ്ഞു മുഖം വിളറി വെളുത്തു. കണ്ണുകളില്‍ കണ്ണുനീര്‍ ഉരുണ്ടു കൂടി ചാലുകള്‍ ആയി താഴോട്ടോഴുകി. കുനിഞ്ഞ മുഖത്തോടെ ദൃഷ്ടികള്‍ അച്ഛന്‍റെ നേരെ തിരിച്ചു കൊണ്ട് അല്‍പസമയം നിന്ന ശേഷം അവന്‍ കിടപ്പു മുറിയിലേക്കോടി. കഴുത്തില്‍ ഇറുകിക്കിടന്ന ടൈ ഊരിയെടുത്തു കൊണ്ട് ഡ്രസ്സ്‌ മാറ്റാനായി അയാള്‍ അകത്തേക്ക് നടന്നു.

അയാള്‍ കിടക്കാന്‍ ആയി ബെഡ്റൂമില്‍ എത്തിയപ്പോഴും മകന്‍ ഉറങ്ങിയിരുന്നില്ല.ചരിഞ്ഞു കിടന്നു എങ്ങലടിക്കുന്ന കുഞ്ഞു മകന്‍റെ സമീപത്ത് പിതാവ് ചേര്‍ന്നു കിടന്നു. അയാള്‍ക്ക്‌ സങ്കടം തോന്നി. പാവം കുഞ്ഞ് - താന്‍ ഒരുപാട് ദേഷ്യപ്പെട്ടു.

"മോനെ..." അയാള്‍ മൃദുവായ ശബ്ദത്തില്‍ സ്നേഹം നിറച്ച് അവനെ വിളിച്ചു.

"ഊം.." കുഞ്ഞ് അച്ഛന്‍റെ നേരെ തിരിഞ്ഞു നോക്കി.

"ഞാന്‍ നിനക്ക് അമ്പത് രൂപ തരട്ടെ ?"  എഴുന്നേറ്റ് ഡ്രസ്സിംഗ് ടേബിളില്‍ നിന്നും പേര്‍സെടുത്ത് അതില്‍ നിന്നും അമ്പതിന്‍റെ ഒരു നോട്ടെടുത്ത് അയാള്‍ അവനു നേരെ നീട്ടി.

കട്ടിലില്‍ നിന്നും ചാടിയെഴുന്നേറ്റ കുഞ്ഞ് അയാളുടെ കയ്യില്‍ നിന്നും ആ അമ്പതു രൂപ വാങ്ങി, എന്നിട്ട് ധൃതിയില്‍ അവന്‍റെ സ്കൂള്‍ ബാഗ് എടുത്തു തുറന്ന് അതില്‍ നിന്നും ഒരു ചെറിയ കവര്‍ പുറത്തെടുത്തു അതിലുണ്ടായിരുന്ന കുറെ ചില്ലറ നാണയങ്ങളും , ഒന്നിന്‍റെയും രണ്ടിന്‍റെയും നോട്ടുകളും കിടക്കയിലേക്ക് കുടഞ്ഞിട്ടു. അച്ഛന് വീണ്ടും ദേഷ്യം വന്നു.

"ഇത്രയും പണം കൈയില്‍ വച്ചിട്ടാണോ നീ വീണ്ടും എന്നോടു പണം ആവശ്യപ്പെട്ടത് ?" അയാള്‍ ദേഷ്യത്തോടെ ചോദിച്ചു.

മകന്‍ മറുപടി പറയാതെ മുഖം താഴ്ത്തി നിന്നു.

"പറയെടാ..എന്തിനാ നിനക്കിത്രയും പണം ?" അച്ഛന്‍ ദേഷ്യത്തോടെ ചോദിച്ചു.

അയാള്‍ നല്‍കിയ അമ്പത് രൂപ ഉള്‍പ്പെടെ അവന്‍റെ കയ്യില്‍ ഉണ്ടായിരുന്ന മുഴുവന്‍ പണവും ഇരു കൈകളിലും വാരിപ്പിടിച്ച് അയാള്‍ക്കു നേരെ നീട്ടിക്കൊണ്ടു ഇടറുന്ന ചെറു ശബ്ദത്തില്‍ ആ കുഞ്ഞ് പറഞ്ഞു.

"അച്ഛാ - ഇത് നൂറു രൂപയില്‍ കൂടുതല്‍ ഉണ്ട്. ഇത് ഞാന്‍ അച്ഛനു തന്നാല്‍ നാളെ രാത്രി അച്ഛന്‍ ഒരു മണിക്കൂര്‍ നേരത്തെ വന്നു എന്‍റെ കൂടെ അത്താഴം കഴിക്കുമോ?"

പൊടുന്നനെ അവിടെ നിശബ്ദത തളം കെട്ടി. ആ ചോദ്യത്തിന് മറപടി നല്കാന്‍ ആവാതെ ആ പിതാവിന്‍റെ ചുണ്ടുകള്‍ വിറച്ചു. മകനടുത്തെക്ക് നടന്നു ചെന്ന് അയാള്‍ അവനെ കെട്ടിപ്പിടിച്ചു.

"വരുമോ അച്ഛാ" വീണ്ടും ആ കുഞ്ഞ് ചോദിച്ചു.

"വരാം മോനെ - ഇനിയെന്നും അച്ഛന്‍ മോനോടോപ്പം രാത്രി ഭക്ഷണം കഴിക്കാം." ഇത്തവണ അയാളുടെ ശബ്ദത്തില്‍ കാര്‍ക്കശ്യത്തിനു പകരം ഉണ്ടായിരുന്നത് വാത്സല്യമായിരുന്നു.

കിടക്കയില്‍ മകനെ ചേര്‍ത്തു കിടത്തി അവന്‍റെ മുടിയിഴകളിലൂടെ വിരലുകള്‍ ഓടിക്കുമ്പോള്‍ താന്‍ ഇത് വരെ നേടിയ സമ്പാദ്യങ്ങളെ കുറിച്ച് അയാള്‍ ചിന്തിച്ചു. അയാള്‍ക്ക്‌ സംതൃപ്തി പകരാന്‍ മതിയാവോളം ഒരിക്കലും  സമ്പത്തിന്‍റെ കോളങ്ങള്‍  നിറഞ്ഞിരുന്നില്ല. എന്നാല്‍ ആ കുഞ്ഞിനു ചൂട് പകര്‍ന്നു കൊണ്ട് വെറുതെ കിടക്കുമ്പോള്‍  ആഗ്രഹിച്ചതിലും, അര്‍ഹിച്ചതിലും  ഏറെ സമ്പന്നനായി താനെന്ന  തോന്നലില്‍ അയാളുടെ മനസ്സ് നിറഞ്ഞു.

കടപ്പാട് : റേഡിയോ വോയിസ്‌ ,ബഹ്റൈന്‍ അവതാരകന്‍ പരിപാടിക്കിടെ പ്രതിപാദിച്ച മുന്‍പെങ്ങോ കേട്ടുമറന്ന നുറുങ്ങു കഥക്ക്.....

തൊമ്മന്‍ അച്ചുമാമനെഴുതിയ കത്ത്.

9comments
എന്നാലും വല്ലാത്ത ചതിയായി പോയി കേട്ടോ അച്ചുമാമാ. ഇങ്ങനെ ജയിപ്പിച്ചതിലും ഭേദം എന്നെ വല്ല ജെ.സി.ബിയും കേറ്റി കൊല്ലാമായിരുന്നില്ലേ ? ഇത് പോലൊരു ചതി ആയ കാലത്ത് ലീഡറും, തങ്കച്ചനും  പോലും എന്നോട് ചെയ്തിട്ടില്ല. ഇതിനായിരുന്നോ ഫലം വരാന്‍ നാളുകളെണ്ണി ഞാന്‍ കാത്തു കാത്തിരുന്നത് ? രാവിലെ മുതല്‍ പടമാക്കിയത് പോലെ മാലയും ഇടീച്ച് എന്നെ മൂലക്കിരുത്തി 20-20 മല്‍സരം പോലെ വാശിയേറിയ ഫലപ്രഖ്യാപനം കാണിച്ചപ്പോള്‍ ഒന്നും ഇങ്ങനെ ഒരു അവസാനം സ്വപ്നത്തില്‍ പോലും നിരീച്ചിതല്ല . ഇതിപ്പോ 72 ഇല്‍ രണ്ടെണ്ണം എങ്ങാനും വടിയായിപ്പോയാല്‍ പെട്ട് പോകില്ലേ ?  അഞ്ചു കൊല്ലം പ്രതിപക്ഷത്തിരുന്ന ശേഷമുണ്ടായ തെരഞ്ഞെടുപ്പില്‍ ഇതാണ് അവസ്ഥ എങ്കില്‍ ഉപതെരഞ്ഞെടുപ്പിന്‍റെ കാര്യം പറയണോ ? പിന്നെ ഒരു സമാധാനം ഉള്ളത് സോണിമദാമ്മേടെ മോന്‍ കുറെ തൈക്കിളവന്മാരെ ഒഴിവാക്കി കൂടുതല്‍ ചെറുപ്പക്കാരെ സ്ഥാനാര്‍ഥികളാക്കിയതാണ്. അതിവേഗം - ബഹുദൂരം ഒക്കെ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കി ഇറക്കിയാല്‍ ഒന്നും ഇനിയത്തെ കാലത്ത് ശരിയാകത്തില്ല. ജനത്തിനു പഴയത് പോലെ അല്ല - വിവരം വച്ചെന്നതിന് തെളിവ് ഈ തെരഞ്ഞെടുപ്പ് ഫലം ഉള്ളപ്പോള്‍ വേറെ തേടി പോകണോ..

ആ പിണങ്ങാറായി നാവു വളച്ചാല്‍ പറയുന്ന പോലെ ഇതിനു പിന്നില്‍ സി.ഐ.എയുടെ കറുത്ത കൈകള്‍ ഉണ്ടോ ആവോ ? അതല്ലെങ്കില്‍ മാധ്യമ സിണ്ടിക്കെറ്റ്‌ . അമ്മൂമ്മപ്പത്രം പതിവ് ശൈലി വിട്ട് എക്സിറ്റ്‌ പോള്‍ പ്രവചനത്തില്‍ മറുകണ്ടം ചാടിയതില്‍ ഈ ദുരുദ്ദേശം ആയിരുന്നോ ആവോ ?

ഓരോ അംഗങ്ങള്‍ ഉള്ള ഈര്‍ക്കില്‍ പാര്‍ട്ടികള്‍ ഒക്കെ തോറ്റമ്പിയത് വളരെ ഉപകാരമായി - ഇല്ലെങ്കില്‍ ഓരോരുത്തനും ഉപമുഖ്യമന്ത്രി ആവണം എന്നൊക്കെ ആവശ്യങ്ങള്‍ എഴുന്നെള്ളിച്ചു കൊണ്ട് വന്നേനെ. ഇതിപ്പോ മലങ്കര സാറിനെയും , ഐസ്ക്രീമുകുട്ടിയേയും മാത്രം സഹിച്ചാല്‍ മതിയല്ലോ. ആപത്ത് ഘട്ടത്തില്‍ തള്ളിപ്പറഞ്ഞത്‌ കുഞ്ഞുകുട്ടി അത്ര എളുപ്പം മറക്കാന്‍ വഴിയില്ല. മലങ്കര സാറാണെങ്കില്‍ സീറ്റ്‌ വിഭജന പ്രശ്നത്തില്‍ സുല്ല് പറഞ്ഞത് എന്തോ മനസ്സില്‍ ഉറപ്പിച്ച പോലെ ആണ്.മിക്കവാറും  ഈ ഒരവസ്ഥയില്‍ അവന്മാര്‍ മകുടിയൂതി എന്നെക്കൊണ്ട് ക്ഷ,ഞ്ഞ,ക്ക തുടങ്ങി മലയാള ഭാഷയില്‍ നിലവിലുള്ളതും ഇനി കണ്ടു പിടിക്കാന്‍ ഉള്ളതും ആയ അക്ഷരങ്ങള്‍ എല്ലാം  വരപ്പിക്കും.

എന്തെല്ലാം മനക്കൊട്ടകള്‍ ആയിരുന്നു. ഒരു മാതിരി ശല്യങ്ങള്‍ ഒക്കെ അവസാനിച്ചു എന്ന് കരുതി മനപ്പായസമുണ്ണാന്‍ കാലും നീട്ടിയിരുന്നതാണ് - അപ്പോഴാണ് ഇടിവെട്ട് പോലത്തെ ഈ ഫലം. ഇടിവെട്ടിയവന്‍റെ തലേല്‍ ഓല മടല്‍ വീണത്‌ പോലെ ആയി.  ഈശ്വരാ -മുഖ്യമന്ത്രി സ്ഥാനം എന്ന ഈ കുരിശു എങ്ങനെ ഒന്ന് തലേന്ന് കളയും. ഇവിടന്നു ശല്യം ഒഴിവാക്കാന്‍ ആ  അന്തോണിയെയും , വയലാറിനെയുമൊക്കെ  കേന്ദ്രത്തിലേക്ക് കയറ്റി വിട്ടത് നഷ്ടക്കച്ചവടം ആയിപ്പോയി. അന്ന്‍ സോണിമദാമ്മ പറഞ്ഞതാണ് എന്നെയും കേന്ദ്ര മന്ത്രി ആക്കാമെന്ന് - മുഖ്യമന്ത്രി ആകാനുള്ള  ആക്രാന്തം കാരണം അന്ന് പോകാന്‍ തോന്നിയില്ല. ഇനിയിപ്പോ പോയ ബുദ്ധി കെ.എസ്.ആര്‍.ടി.സി പിടിച്ചാല്‍ പോരുമോ ?


എല്ലാം കഴിഞ്ഞപ്പോള്‍ "മുക്കിയ"മന്ത്രി സ്ഥാനം ആ ചെല്ലിത്തലയന്‍റെ തലയില്‍ കെട്ടി വക്കാം എന്ന് മനക്കോട്ട കെട്ടിയപ്പോള്‍ അയാളും ബുദ്ധിപൂര്‍വ്വം ഒഴിവായി. മുതിര്‍ന്ന നേതാവായ ചുരുളിയേട്ടനെ മന്ത്രിയാക്കണം എന്ന് പപ്പിക്കുട്ടി പാടിത്തുടങ്ങിയിട്ടുണ്ട്. ഇത് തന്നെ അവസരം. പണ്ട് കരണ്ട് മന്ത്രിയാക്കാം എന്ന് പറഞ്ഞു കെ.പി.കെ.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെടുക്കാന്‍ താനും ചെല്ലിത്തലയനും ചേര്‍ന്ന് ഒരുക്കിയ കെണിയില്‍ വന്നു ചാടിയ കക്ഷി ആണ് - മുഖ്യമന്ത്രി സ്ഥാനം എന്നൊക്കെ കേട്ടാല്‍ ചാടി ഓടി വന്നു കയറിഇരിപ്പുറപ്പിച്ചോളും.

അപ്പോള്‍ ഞാന്‍ ആ വഴി തന്നെ തെരഞ്ഞെടുക്കുകയാണ്. ചുരുളിക്കുട്ടന്‍ തന്നെ ആകട്ടെ അടുത്ത കേരള മുഖ്യമന്ത്രി. പാവം - ദേഷ്യം ഉണ്ടെങ്കിലും ഇത്രേം വലിയ ദ്രോഹം അവനോടു ചെയ്‌താല്‍ ദൈവം തന്നോട് പൊറുക്കുമോ ആവോ. താനും, പിണങ്ങാറായിയും, ഓടിക്കേറിയുമൊക്കെ ഞങ്ങളെ ഇട്ടു അധികം ഇടങ്ങേര്‍ ആക്കരുത്. തനിക്ക് വേണമെങ്കില്‍ ഞാന്‍ സ്വന്തമായി ഒരു ജെ.സി.ബി വാങ്ങിച്ചു തരാം. താന്‍ അതും കൊണ്ട് ആ മൂന്നാറോ , മാട്ടുപ്പെട്ടിയിലോ പോയി നിരത്തി കളിക്ക്. പിണങ്ങാറായിയുടെ മോന് ഞങ്ങള്‍ ഇപ്പോഴത്തെ പഠിപ്പ് കഴിയുമ്പോള്‍ ഉഗാണ്ട യൂണിവേര്‍സിറ്റിയില്‍ ഒരു സീറ്റ്‌ വാങ്ങിച്ചു തരാം. ഓടിക്കേറിക്ക് പൊതുജനം അറിയാതെ വഴിപാട്‌നടത്താന്‍ വീട്ടുവളപ്പില്‍ തന്നെ ഒരു അമ്പലവും കെട്ടി തരാം.

അപ്പോള്‍ കൂടുതല്‍ എഴുതി തന്‍റെ മുഖം കൂടുതല്‍ കൊച്ചിവലിപ്പിക്കുന്നില്ല. ഇത് തന്നെ വായിച്ചെടുക്കാന്‍ താന്‍ മുഖത്ത് വരുത്തിയ നവരസങ്ങള്‍ എനിക്ക് മനസ്സില്‍ കാണാം. അത് കൊണ്ട് എഴുത്ത് ചുരുക്കുന്നു.

സ്നേഹപൂര്‍വ്വം

തൊമ്മന്‍ ചാണ്ടി.

സത്യത്തില്‍ കുപ്പിയിലെ ഭൂതം ഉറക്കത്തിലാണ് !!!

1 comments

അകലം

5comments







എന്‍റെ മനസ്സ് -

കാറും കോളും നിറഞ്ഞ
ദുസ്വപ്നങ്ങളുള്ള രാത്രിയാണ്.


ഞാന്‍ നിന്നെ സ്നേഹിച്ചത്
ഒരു സ്വപ്നത്തിലേക്കുള്ള ദൂരം.
ഞാന്‍ നിന്നെ വെറുത്തത്
ഒരു ദുരന്തത്തിലെക്കുള്ള അകലം 


കെട്ടുപിണഞ്ഞ സത്യങ്ങള്‍
മിഥ്യയുടെ മുഖം മൂടിയണിഞ്ഞ്,
പിന്നിലായതറിയാതെ
കാലത്തിലേക്കുള്ള ദൂരം .



ഒരാത്മബന്ധം സടകുടഞ്ഞെഴുന്നെല്‍ക്കുന്ന 
അന്ത്യയാമത്തിന്‍റെ മാറില്‍
ഒരുള്‍പ്പുളകം ആവാഹിച്ചത്
കണ്ണിലെഴുതിയ സ്വപ്നത്തിന്‍റെ സുഗന്ധം. 


സുഭഗമായ സങ്കടത്തിന്‍റെ
ചിതറിയ വെളിച്ചമേകിയ
പകലെന്ന സത്യത്തെ മറച്ച കൂരിരുളിനെ
പ്രണയിക്കാന്‍ കൊതിച്ചത് വാക്കുകള്‍.


വാഗ്വാദങ്ങള്‍ നിലംപരിശാക്കിയ
ശക്തിയുടെ നാമ്പുകളെ സന്നിവേശിപ്പിച്ച്,
മൃത്യുവിന്‍റെ വടുക്കളെ പിരിയാതെ
നൃത്തമാടുന്ന  നിത്യതയുടെ അധരങ്ങള്‍.



ഒരു സ്നേഹഗാനത്തിന്‍റെ ഇഴയോത്ത
ശ്വാസങ്ങള്‍ ഒരു ലഹരിയായ്‌
ഊഷരതയായ് - ഓര്‍മ്മകള്‍ക്ക്
ചരമഗീതം പകരുന്ന കൊടുംകാറ്റിന്‍റെ ശാന്തതയായ്‌



നിന്നധരങ്ങളില്‍ എനിക്കേകാന്‍ പകര്‍ന്നോരാ
മധുവുണ്ട് - ഞാന്‍ എന്‍ പ്രണയം മറന്ന
കിനാവുകളെ പുല്‍കിയോടുങ്ങാന്‍
പ്രേമമായെന്നില്‍ നിറയാന്‍ ഒരു വേള !

ഒസാമയും ,ഒബാമയും പിന്നെ ലാദനും......

6comments


"മാമ....ഒബാമ...."

ഭാര്യ മിഷേലിന്‍റെ ഉറക്കെയുള്ള വിളി കേട്ടാണ് ബരാക്‌ ഹുസൈന്‍ ഒബാമ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്. പരിചാരക കൊണ്ട് വന്നു വച്ചിട്ട് ഏറെ സമയം കഴിഞ്ഞ തണുത്ത ചായക്കപ്പ് കണി കണ്ടു കൊണ്ട് ഒബാമ കട്ടിലില്‍ എഴുന്നേറ്റിരുന്നു. ഈ കിളവി പരിചാരകയെ പറഞ്ഞു വിട്ട് അല്‍പം  കൂടി ചെറുപ്പവും ,ചുറുചുറുക്കുമുള്ള ഒന്നിനെ നിര്‍ത്താന്‍ ബില്‍ ക്ലിന്‍റന്‍റെ കഥ അറിഞ്ഞ ശേഷം മിഷല്‍ സമ്മതിക്കുന്നില്ല. ക്ലിന്‍റനെ മനസ്സില്‍ ശപിച്ചു കൊണ്ട് ഒബാമ , ഭാര്യയോട് ചൂടുള്ള ഒരു കാപ്പി കൂടി ചോദിച്ചാല്‍ ഉണ്ടാകാവുന്ന ഭാവിഷ്യത്തുക്കളെ കുറിച്ചോര്‍ത്തു കൊണ്ട്  തണുത്താറിയ കാപ്പിക്കപ്പ്‌ ചുണ്ടോടു ചേര്‍ത്തു.

"മാമാ....ഇവിടെ വാ...വേഗം..." ടിവി കണ്ടു കൊണ്ട് അതില്‍ നിന്ന് കണ്ണ് എടുക്കാതെ ആണ് മിഷലിന്‍റെ അലര്‍ച്ച. ഇന്നസെന്‍റ് ഏതോ സിനിമയില്‍ പറഞ്ഞ പോലെ സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിന് അനുസരണാശീലം വളരെ വളരെ അത്യാവശ്യമാണ് എന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നത് കൊണ്ട്  ഒബാമ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് മിഷേലിനു സമീപത്തേക്ക് നടന്നു. ടിവിയില്‍ മുഖം ആകെ ചതഞ്ഞു മരിച്ചു കിടക്കുന്ന താടിയുള്ള ഒരു മനുഷ്യന്‍റെ രൂപം കണ്ടപ്പോള്‍ തനിക്ക് ഏറെ പരിചയമുള്ള ഒരു മുഖം ആണല്ലോ എന്ന് ഒബാമക്ക് തോന്നിയെങ്കിലും കൃത്യമായി ആളെ  ഒബാമക്ക് മനസിലായില്ല.

"നിങ്ങള്‍ എന്താ പന്തം കണ്ട പെരിച്ചാഴിയെ പോലെ നില്‍ക്കുന്നത് , നിങ്ങളുടെ ശത്രുവായ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട വാര്‍ത്ത കേട്ടിട്ടും നിങ്ങള്‍ക്ക് യാതൊരു സന്തോഷവും ഇല്ലേ?"

മിഷേലിന്‍റെ വാക്കുകള്‍ ഒബാമയെ ഞെട്ടിച്ചു. എന്ത് ലോകമായ ലോകം മുഴുവന്‍ കിടുകിടാ വിറപ്പിച്ച ആ സിംഹം ആണോ മുഖം പോലും കണ്ടാല്‍ തിരിച്ചറിയാന്‍ ആവാത്ത കോലത്തില്‍ ഈ കിടക്കുന്നത്. ഒബാമ ഫോണിനരികിലേക്ക് ഓടി.

"ഹലോ, ഞാന്‍ മിസ്റ്റര്‍ പ്രസിഡന്‍റ്‌. എനിക്ക് അത്യാവശ്യമായി ഡിഫന്‍സ് സെക്രട്ടറിയെ കിട്ടണം"

" ഹലോ മിസ്റ്റര്‍ പ്രസിഡന്‍റ്‌, ഞാന്‍ താങ്കളെ ആ നല്ല വാര്‍ത്ത അറിയിക്കാന്‍ വിളിച്ചിരുന്നു-പക്ഷെ  താങ്കള്‍ നല്ല ഉറക്കത്തില്‍ ആണെന്ന് ഭാര്യ പറഞ്ഞു."

"ബുള്‍ ഷിറ്റ്‌ " എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും ഒബാമ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് ഫോണ്‍ കട്ട് ചെയ്തു. ഇന്നിനി ഓഫിസി പോകുന്നില്ല - ഇന്നത്തെ ദിവസം തന്നെ സംബന്ധിച്ച് ഒരു സുദിനം ആണ്. ആ ജോര്‍ജ്‌ ബുഷ്‌ തലകുത്തി നിന്നിട്ട് സാധിക്കാത്തതാണ് ഒരൊറ്റ രാത്രി കൊണ്ട് താന്‍ പോലും അറിയാതെ സാധിച്ചിരിക്കുന്നത്. ഒബാമ കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടന്നു. ഇലക്ഷന്‍ അടുത്തിരിക്കുന്ന ഈ സമയത്ത് ഇതിനെക്കാള്‍ നല്ല ഒരു വാര്‍ത്ത‍ തന്നെ സംബന്ധിച്ചിടത്തോളം ഇല്ല. ഈ ഒരൊറ്റ വാര്‍ത്ത കൊണ്ട് നഷ്ടപ്പെട്ട ജനസമ്മിതി താന്‍ തിരിച്ചു പിടിക്കും. ആ കിടപ്പില്‍ ഒബാമ ഉറക്കത്തിലേക്ക് മെല്ലെ മെല്ലെ വഴുതി വീണു.

ഈ സമയം അഫ്ഗാന്‍ മലനിരകളില്‍ ഉള ഏതോ ഒരു കുടുസ്സു ഗുഹയില്‍ തന്‍റെ മരണ വാര്‍ത്ത ടിവിയില്‍ കണ്ടു ചിരി അടക്കാന്‍ ആകാതെ ഇരിക്കുകയായിരുന്നു സാക്ഷാല്‍ ഒസാമ ബിന്‍ ലാദന്‍ . ഡോളര്‍ അല്‍പം ചെലവായെങ്കില്‍ എന്ത് , ആ ഡിഫന്‍സ്‌ സെക്രട്ടറി കാര്യങ്ങള്‍ ഒക്കെ മണി മണി പോലെ നടത്തി തന്നു. ഈ വയസ്സാം കാലത്ത് ഒളിച്ചും പതുങ്ങിയും ഉള്ള ഈ ജിവിതം മടുത്തു. പോരത്തതിനാണെങ്കില്‍ ഇല്ലാത്ത രോഗങ്ങളും ഇല്ല. അങ്ങനെ ജീവിതം തന്നെ മടുത്തിരിക്കുന്ന  അവസ്ഥയില്‍ പിടി കൊടുത്താലോ എന്ന് പോലും ആലോചിച്ചിരിക്കുന്ന സമയത്താണ്  ഭാര്യ ഇങ്ങനെ ഒരു ബുദ്ധി ഉപദേശിച്ചത്. തുടക്കത്തില്‍ പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്ന് കരുതി മുഖവിലക്കെടുക്കാതെ തള്ളിക്കളഞ്ഞെങ്കിലും , എന്തായാലും കീഴടങ്ങുന്നതിലും ഒക്കെ ഭേദമല്ലേ ? പണമാണ് എങ്കില്‍ ആവശ്യത്തില്‍ കൂടുതല് കിടക്കുന്നു , ഒന്ന് പരീക്ഷിച്ചു കൂടെ എന്ന ഭാര്യയുടെ ഉപദേശം കേട്ടപ്പോള്‍ ഒന്ന് ശ്രമിച്ചു കളയാം എന്ന് കരുതി. എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല.  എന്തൊക്കെ നുണകളാണ് ഈ പഹയന്മാര്‍ പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നത് - പാക്കിസ്ഥാനിലെ സൈനിക ക്യാംപിനുത്തുള്ള കോട്ടയില്‍ ഒളിവില്‍ കഴിയവേ ലാദനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി, പെങ്ങളുടെ ജീനുമായി താരതമ്യം നടത്തി മരിച്ചത് ലാദന്‍  തന്നെ ആണെന്ന് ഉറപ്പാക്കി, മൃതദേഹം കടലില്‍ അടക്കി അങ്ങനെ അങ്ങനെ.....മരിച്ചു കിടക്കുന്ന തന്‍റെ ഫോട്ടോ വരെ ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ ഉണ്ടാക്കി കളഞ്ഞില്ലേ ...

ഇനിയിപ്പോ താടിയും, മീശയും വടിച്ചാല്‍ ധൈര്യമായി പുറത്തിറങ്ങി നടക്കാം, സ്വന്തം പെണ്ണുംപിള്ള പോലും തിരിച്ചറിയില്ല - പിന്നല്ലേ നാട്ടുകാര്‍ അറിയുന്നത്..........ക്ഷീണമെല്ലാം പമ്പ കടന്ന പോലെ തോന്നി ലാദന്.....പുഞ്ചിരി തൂകുന്ന മുഖവുമായി ലാദന്‍ കട്ടിലില്‍ നീണ്ട് നിവര്‍ന്നു കിടന്നു. എത്രയോ നാളുകള്‍ ആയി മനസ്സമാധാനത്തോടെ ഇങ്ങനെ ഒന്ന് കിടന്നിട്ട്. നാടോടിക്കാറ്റിലെ ലാലിനെയും ശ്രീനിയും പോലെ ലാദന്‍ മനസ്സില്‍ ചോദിച്ചു .

"എന്താടാ ലാദാ ഈ ബുദ്ധി നിനക്ക് നേരത്തെ തോന്നാതിരുന്നത് "  .

 "എല്ലാത്തിനും അതിന്‍റെതായ സമയം ഉണ്ട് ലാദാ" എന്നാ മറുപടിയും തന്നെത്താന്‍ പറഞ്ഞു ചിരിച്ചു. മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ ഗൂഡമായ സംതൃപ്തി നിറഞ്ഞ ഒരു ചിരി ലാദന്‍റെ ചുണ്ടുകളില്‍ തത്തിക്കളിച്ചു. അങ്ങകലെ വൈറ്റ്‌ ഹൌസില്‍ കിടന്നുറങ്ങുന്ന ഒബാമയുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന അതേ പുഞ്ചിരി.

അഹിംസയെ തന്‍റെ മതമായി സ്വീകരിച്ച ശ്രീബുദ്ധന്‍റെ പേരില്‍ തന്നെ സര്‍വ്വ വിനാശകാരിയായ അണുബോംബ് പൊട്ടിച്ച് ലോകത്തെ ചിരിപ്പിച്ച ഇന്ദിരയുടെ ചിരിയിലെ  ഗാംഭീര്യം ഒന്നും പക്ഷെ ആ ചിരിയില്‍ ഉണ്ടായിരുന്നില്ല.
 

പലവട്ടം © 2010

Blogger Templates by Splashy Templates