Ind disable
 

ടോണിയേട്ടന്‍ : കോപ്പിയടി ഉണ്ടാക്കിയ പുലിവാല്



ഞാന്‍ ഒരാളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം - ടോണിയേട്ടന്‍ - ഒരു ദശാബ്ദത്തിലേറെയായി എന്‍റെ സുഹൃത്താണ് , സഹപ്രവര്‍ത്തകനാണ്.
സത്യസന്ധന്‍, നിഷ്കളങ്കന്‍, ലോലഹൃദയന്‍ - അതാണ്‌ ടോണിയേട്ടന്‍. പ്രായം അമ്പതിനോടടുത്തു. ജീവിതത്തിന്‍റെ നല്ല ഘട്ടങ്ങള്‍ ഒക്കെ നാട്ടില്‍ അര്‍മാദിച്ചു തീര്‍ത്ത ശേഷം ആണ് ഈ മണലാരണ്യത്തിലേക്ക് ടോണിയേട്ടന്‍ വിമാനം കയറിയത്. നാട്ടില്‍ ഭാര്യയും രണ്ട് ആണ്‍മക്കളും. നാട്ടില്‍ പ്രശസ്തമായ ഒരു സ്വകാര്യ കമ്പനിയില്‍ ആണ് ഞങ്ങള്‍ ആദ്യം ഒരുമിച്ചു ജോലി ചെയ്തത്. അന്ന് മുതലേ ജോലി സംബന്ധമായ യാത്രകളില്‍ ടോണിയേട്ടന്‍ ബൈക്കിന്‍റെ പിന്നിലെ സീറ്റില്‍ ഉണ്ടാകും. ഒടുവില്‍ ഇലക്ട്രോണിക് യുഗത്തിന്‍റെ ആസന്നമായ മാറ്റങ്ങള്‍ ഇടപാടുകാരുടെ ആവശ്യകതക്കനുസരിച്ചു പ്രാവര്‍ത്തികമാക്കാന്‍ പരാജയപ്പെട്ടപ്പോള്‍ ഞങ്ങള്‍ ജോലി ചെയ്തു കൊണ്ടിരുന്ന കമ്പനി, അത് നീണ്ട മുന്നൂറു വര്‍ഷങ്ങളുടെ പ്രവര്‍ത്തങ്ങള്‍ കൊണ്ട് കൈവരിച്ചിരുന്ന ഉന്നതിയില്‍ നിന്ന് തിരികെയുള്ള പ്രയാണം തുടങ്ങി. പക്ഷെ ആ പ്രയാണത്തിന് അന്ധാളിപ്പിക്കുന്ന വേഗത ആയിപ്പോയപ്പോള്‍ ഒരു അടച്ചു പൂട്ടലിന്‍റെ വക്കത്തെത്തി ആ മഹാ പ്രസ്ഥാനം. ഒടുവില്‍ അന്ത്യശ്വാസം വലിക്കുന്നത് കാണാന്‍ ആവാതെ കമ്പനി ഓഫര്‍ ചെയ്ത തുച്ഛമായ വി.ആര്‍.എസ് സ്വീകരിച്ച് എല്ലാവരും പടിയിറങ്ങി. പിന്നെ പഠിച്ച തൊഴില്‍ നാട്ടില്‍ പ്രയോഗിച്ച് ജീവിച്ചു പോകാനുള്ള തത്രപ്പാട് ആയിരുന്നു. ഒരു പരിധി വരെ അതില്‍ വിജയിക്കുകയും ചെയ്തു. സാവധാനം ആണെങ്കിലും കമ്പനിയില്‍ നിന്നും ലഭിച്ചിരുന്നതിലും നല്ല വരുമാനവുമായി ഞാനും ടോണിയേട്ടനും മുന്നോട്ട് പോകുമ്പോഴാണ് ഗള്‍ഫില്‍ പോകണം എന്ന ആഗ്രഹം എങ്ങനെയോ ടോണിയേട്ടന്‍റെ മനസ്സില്‍ കയറിപ്പറ്റിയത്. ആര്,എപ്പോള്‍,എവിടെ വച്ച് ഇങ്ങനെയൊരു ചിന്തക്ക് വിത്ത് പാകിയെന്ന് അദ്ദേഹത്തിന് പോലും അറിയില്ല - പക്ഷെ പിന്നീടുള്ള അദ്ദേഹത്തിന്‍റെ ചിന്തകള്‍ മുഴുവന്‍ എങ്ങനെയും ഗള്‍ഫില്‍ എത്തണം എന്നായപ്പോള്‍ പിന്നെ അതായി എന്‍റെയും ലക്ഷ്യം. അങ്ങനെ കുറെ നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആദ്യം ടോണിയേട്ടനും പിന്നാലെ ഞാനും സൗദി അറേബ്യ എന്ന രാജ്യത്ത് എത്തപ്പെട്ടു.


നാട്ടില്‍ വച്ച് യാത്രകള്‍ ഇരുചക്രവാഹനത്തില്‍ ആയിരുന്നെങ്കില്‍ ഇവിടെ സൌദിയില്‍ എത്തിയപ്പോള്‍ അത് കാറില്‍ ആയി എന്ന് മാത്രം. ഓരോ യാത്രയിലും ഓരോ അനുഭവകഥകള്‍ പറയുവാന്‍ ഉണ്ടാകും ടോണിയെട്ടന്. പണ്ട് കള്ളും , കഞ്ചാവും അടിച്ചു കിറുങ്ങി നടന്നതും, സ്കൂള്‍ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ ആവാത്ത രസകരമായ ഏടുകളും ഒക്കെ. പ്രത്യക്ഷത്തില്‍ കേള്‍വിക്കാരന്‍റെ മനസ്സില്‍ ചിരിയുടെ പൂത്തിരി കത്തിക്കുന്ന ആ കഥകള്‍ ഓരോന്നും പിന്നീട് ഓര്‍ത്തെടുക്കുമ്പോള്‍  പലപ്പോഴും  ഒരു നേരിയ നീറ്റലായി മനസ്സില്‍ പുകഞ്ഞിട്ടുമുണ്ട്.


ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യും എന്ന ചൊല്ല് പലപ്പോഴും പല കാര്യത്തിലും പ്രാവര്‍ത്തികമാക്കും ടോണിഏട്ടന്‍. അദ്ദേഹം തികച്ചും സദുദ്ദേശത്തില്‍ ചെയ്യുന്ന പല പ്രവര്‍ത്തികളും പലപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് പാരയായി ഭവിക്കും.ചെയ്യുന്ന കാര്യത്തിലുള്ള ആത്മാര്‍ഥതയും ,സത്യസന്ധതയും അദ്ദേഹത്തിനു സുഹൃത്തുക്കളെപ്പോലെ തന്നെ ഒരു പാട് ശത്രുക്കളെയും നല്‍കിയിട്ടുണ്ട്. എന്നാലും വെറുക്കുന്നവരെ പോലും സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്യും ടോണിയേട്ടന്‍ - അത് കണ്ട് 'ഞാന്‍ ഈ മനുഷ്യനെ വെറുത്തു പോയല്ലോ ദൈവമേ' എന്ന് ആളുകള്‍ പറഞ്ഞു പോകും.  എന്തായാലും ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് എല്ലാം ടോണിയേട്ടനെ ഇഷ്ടമായിരിക്കും എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല.


ഒരു പാട് രസകരമായ അനുഭവ കഥകള്‍ അദ്ദേഹം എന്നോടു പങ്കു വച്ചിട്ടുണ്ട് - അതില്‍ ഒരെണ്ണം ഞാന്‍ ഇന്നിവിടെ പറയാം. ഒരു തവണ കേട്ടതാണെങ്കില്‍ പോലും പലതും മനസ്സില്‍ മായാതെ കിടക്കുന്നത് ചിലപ്പോള്‍ ഒരു പക്ഷെ എന്‍റെ മനസ്സില്‍ ആ മനുഷ്യനോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാകാം.


ടോണിയേട്ടന്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. പഠനത്തില്‍ പിറകിലാണ് നമ്മുടെ കഥാനായകന്‍. വീട്ടില്‍ നാല് പെങ്ങന്മാര്‍ക്ക് ഒരൊറ്റ ആങ്ങള ആയതിനാല്‍ ഏറെ ലാളനകള്‍ ഏറ്റാണ്  വളര്‍ന്നത്. അത് കൊണ്ട് തന്നെ പഠനത്തില്‍ ആയാലും മറ്റെന്തു കാര്യത്തിലായാലും എന്ത് കുരുത്തക്കേട് കാണിച്ചാലും ആരും ചോദിക്കാനും പറയാനും ഇല്ലെന്ന സ്ഥിതി ടോണിയേട്ടന്‍ ശരിക്കും മുതലാക്കി. ക്ലാസ്സില്‍ ടോണിയേട്ടന്‍റെ തോടടുത്തിരിക്കുന്ന കുട്ടി ഒരു നല്ല പഠിപ്പിസ്റ്റാണ്. ആ വകയില്‍ ക്ലാസ്‌ ടെസ്റ്റുകളിലും മറ്റും ടോണിയേട്ടന്‍ നല്ല "പ്രകടനം" കാഴ്ച വെക്കാറുമുണ്ട് (കോപ്പിയടി ആണെന്ന്‍ പ്രത്യേകം പറയേണ്ടതിലല്ലോ) ഒരു ദിവസം കണക്ക് മാഷ്‌ ബോര്‍ഡില്‍ ഒരു ചോദ്യമിട്ടു. എല്ലാവരോടും ഉത്തരം കണ്ടു പിടിക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം കസേരയില്‍ ഇരിപ്പായി. പതിവ് പോലെ ടോണിയേട്ടന്‍ അടുത്തിരിക്കുന്നവന്‍റെ ബുക്കില്‍ നോക്കി അവന്‍ എഴുതിയത് വള്ളിപുള്ളി വിടാതെ പകര്‍ത്തി വച്ച് അടുത്തുള്ള ബെഞ്ചുകളിലെ കുട്ടികളുമായി സംസാരം തുടങ്ങി. അഞ്ചു മിനിറ്റ് കഴിഞ്ഞു അദ്ധ്യാപകന്‍ എഴുന്നേറ്റു കണക്ക് ശരിയായി ചെയ്തവര്‍ എഴുന്നേറ്റു നില്‍ക്കാന്‍ പറഞ്ഞു. അടുത്തിരിക്കുന്ന കുട്ടി എഴുന്നേറ്റത് കണ്ടു ടോണിയേട്ടനും എഴുന്നേറ്റു നില്‍പ്പായി. ക്ലാസ്സില്‍ കണക്ക് ശരിയായി ചെയ്തവര്‍ ടോണിയേട്ടനും ആ കുട്ടിയും മാത്രം. കണ്ടോടാ എന്ന ഭാവത്തില്‍ എല്ലാവരെയും നോക്കി ഒന്ന് മന്ദഹസിക്കാനും ടോണിയേട്ടന്‍ മറന്നില്ല.


"രണ്ടു പേരും പുസ്തകവുമായി ഇവിടെ വാ" സാര്‍ പറഞ്ഞു.


അടുത്ത കുട്ടിയുടെ പുസ്തകം ആണ് ആദ്യം നോക്കിയത്. അവന്‍ എഴുതിയ ശരിയുത്തരം വാധ്യര്‍ക്കു ബോധിച്ചു. അവനോടു സീറ്റില്‍ പോയി ഇരുന്നോളാന്‍ പറഞ്ഞിട്ട് സാര്‍ ടോണിയേട്ടന്‍റെ പുസ്തകം വാങ്ങി നോക്കി. കൂട്ടുകാരന് കിട്ടിയത് പോലെ ഒരു അഭിനന്ദനം പ്രതീക്ഷിച്ചു നിന്ന ടോണിയേട്ടന്‍ ,ബുക്ക്‌ വായിച്ച വാദ്ധ്യാരുടെ മുഖം കടന്നാല്‍ കുത്തിയ പോലെ വീര്‍ക്കുന്നതു കണ്ട് അമ്പരന്നു. കയ്യിലിരുന്ന ചോക്ക്‌ ടോണിയേട്ടന്‍റെ നേരെ നീട്ടിക്കൊണ്ടു വാധ്യാര്‍ കല്‍പ്പിച്ചു " നീ ബോര്‍ഡില്‍ ഇത് ചെയ്തു കാണിച്ചേ"


ടോണിഏട്ടന്‍ നിന്നു പരുങ്ങി. കണക്ക് ചെയ്യാന്‍ പോയിട്ട് ചോദ്യം വായിച്ചു മനസ്സിലാക്കാന്‍ പോലും ടോണിയേട്ടനറിയില്ല. നിമിഷങ്ങള്‍ കടന്നു പോയി.


"എന്തേ - ചെയ്യുന്നില്ലേ ?" വീണ്ടും വാധ്യാരുടെ ചോദ്യം.


ഇല്ലെന്ന അര്‍ത്ഥത്തില്‍ ടോണിയേട്ടന്‍ ചുമല്‍ രണ്ടും കൊച്ചിക്കാണിച്ചു.


"നീ പോയി ടീച്ചേര്‍സ് റൂമില്‍ നിന്ന്‍ ഒരു നല്ല ചൂരല്‍ എടുത്തുകൊണ്ട് വാ" വാധ്യാര്‍ ദേഷ്യത്തില്‍ അലറി.


ടോണിയേട്ടന്‍റെ പാതി ജീവന്‍ പോയി. എന്‍റെ ദൈവമേ - ഒരാവശ്യവുമില്ലാത്ത കുരിശാണല്ലോ താന്‍ എടുത്തു തലയില്‍ വച്ചത്. ക്ലാസ്സിലെ കണക്ക് ചെയ്യാത്ത മറ്റു കുട്ടികള്‍ ഒക്കെ ഇരുന്നു കളിയാക്കി ചിരിക്കുന്നു. ചമ്മലോടെ അതിലേറെ പേടിയോടെ ടോണിയേട്ടന്‍ ടീച്ചേര്‍സ് റൂമിലേക്ക്‌ നടന്നു. അവിടെ പരതി കിട്ടിയതില്‍ ഏറ്റവും നേര്‍ത്ത ഒരു ചൂരലുമായി ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിലെത്തിയപ്പോള്‍ ചൂരല്‍ വാധ്യാരുടെ നേരെ നീട്ടി.


"ഇതെവിടന്നു കിട്ടിയെടാ നിനക്ക് ? ഇതിലും വണ്ണം കുറഞ്ഞത് ഇല്ലായിരുന്നോ അവിടെ ? ഡാ സതീശാ - നീ പോയി ഏറ്റവും വണ്ണമുള്ള ഒരെണ്ണം എടുത്തോണ്ട് വാടാ."


കേട്ട പാതി കേള്‍ക്കാത്ത പാതി സതീശന്‍ എന്ന കുട്ടി ടീച്ചേര്‍സ് റൂമിലെക്കൊടി. ആ ഓട്ടം ഒളിമ്പിക്സില്‍ ഓടിയിരുന്നെങ്കില്‍ അവന് വെള്ളിയെങ്കിലും കിട്ടിയേനെ. ടോണിയേട്ടന്‍റെ ഹൃദയം പെരുമ്പറ കൊട്ടിത്തുടങ്ങി. ഇന്നത്തെ കാര്യം പോക്കാണ്....കണക്ക് മാഷിനു ദേഷ്യം വന്നാല്‍ തീര്‍ന്നു. ടോണിയേട്ടന്‍ മനസ്സില്‍ പറഞ്ഞു. പറഞ്ഞ സമയത്തിനുള്ളില്‍ സതീശന്‍ പെരുവിരലിന്‍റെ മുഴുപ്പുള്ള ഒരു ചൂരലുമായി വന്ന് സാറിന് നീട്ടിക്കൊണ്ടു ടോണിയേട്ടനെ നോക്കി വിജയഭാവത്തില്‍ ഒരു ചിരി ചിരിച്ചു. ഭൂമി പിളര്‍ന്ന് താന്‍ ആ ഗര്‍ത്തത്തിലേക്ക് ആണ്ട് പോയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി ടോണിയെട്ടന്. പിന്നെ അവിടെ നടന്നത് തൃശൂര്‍ പൂരത്തിനെ വെല്ലുവിളിക്കുന്ന മട്ടിലുള്ള ഒരു വെടിക്കെട്ട് തന്നെ ആയിരുന്നു. തല്ലിത്തല്ലി ഒടുവില്‍ കൈ കഴച്ചപ്പോള്‍ "പോടാ" എന്നലറിക്കൊണ്ട് മാഷ്‌ കസേരയില്‍ തളര്‍ന്നിരുന്നു. തന്‍റെ സീറ്റില്‍ എത്തിയ ടോണിയേട്ടന് ഇരിക്കാന്‍ സാധിച്ചില്ല. ചന്തിയും, തുടകളുടെ മുകള്‍ഭാഗവും ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ട പ്രതീതി. ക്ലാസ്സിലെ കുട്ടികളെല്ലാം ആര്‍ത്തു ചിരിക്കുന്നു. തല ഡസ്കിലേക്ക് താഴ്ത്തി ടോണിയേട്ടന്‍ ഇരുന്നു. കണ്ണുകളില്‍ കണ്ണുനീര്‍ വന്നില്ല. എന്നാലും മറ്റവന് പ്രശംസ കിട്ടാനും തനിക്ക് തല്ലു കിട്ടാനുമുള്ള കാരണം ആലോചിച്ച് തല പുണ്ണാക്കുകയായിരുന്നു ടോണിയേട്ടന്‍ .


ഉച്ചക്കുള്ള ബെല്ലടിച്ചപ്പോള്‍ ആണ് അടുത്ത കുട്ടി നടന്ന സംഭവം പറഞ്ഞു കൊടുത്തത്. ബോര്‍ഡില്‍ ഇട്ട കണക്ക് ചെയ്തു തീര്‍ന്ന ശേഷം ടോണിയേട്ടന്‍ സംസാരത്തില്‍ മുഴുകിയ സമയത്ത് , താന്‍ ഇട്ട ചോദ്യത്തില്‍ തൃപ്തി വരാതെ മാഷ്‌ ആദ്യമിട്ട ചോദ്യം മായിച്ചു വേറെ ചോദ്യം ഇട്ടിരുന്നത്രേ. സംസാരത്തിന്‍റെ തിരക്കില്‍ അതൊക്കെ ശ്രദ്ധിക്കാന്‍ ടോണിയേട്ടനെവിടെ നേരം. അങ്ങനെ ഹീറോ ആകാന്‍ ശ്രമിച്ച ടോണിയേട്ടന്‍ വെറും സീറോ ആയി മാറി. അതിനു ശേഷം ഒരിക്കലും കണക്ക് ചെയ്തു എഴുന്നേറ്റു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ അബദ്ധത്തില്‍ പോലും ടോണിയെട്ടന്‍ ഉണ്ടായിട്ടില്ല എന്നത് ചരിത്രം.


ടോണിയേട്ടനെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നു വിശ്വസിക്കുന്നു. കൂടുതല്‍ ടോണിയേട്ടന്‍ കഥകളുമായി വീണ്ടും സന്ധിക്കും വരെ വണക്കം.

15 comments:

suku said...

ഇശ്വരാ ആരംഭം കുറിച്ചാ ....ഇനി മാലപ്പടക്കം തന്നെ യായിരിക്കും :))))

Unknown said...

മ്മ്മ്മ്മം..പാവം ടോന്യേട്ടന്‍!അടിപൊളി! രണ്ടു മൂന്നു ടോണിയേട്ടന്മാരെ നിക്കും അറിയാം!

പ്ലിംഗിതന്‍ said...
This comment has been removed by the author.
പ്ലിംഗിതന്‍ said...

പാവം ടോണിയേട്ടന്‍ അങ്ങേര്‍ക്കു ബ്ലോഗ്ഗെഴുത്ത്‌ ഇല്ല അല്ലെ? ഇനിയിപ്പോ ശിഹാബിന്റെ എല്ലാ അമളികളും പാവത്തിന്റെ തലയില്‍ കെട്ടി വെക്കാമല്ലോ അല്ലെ?

Palavattam said...

സുക്കുവേ.....:))

സിരാജിക്ക -ഒരാളെ മനസ്സിലായി - മറ്റു രണ്ടു പേര്‍ ആരൊക്കെ ? ;)

റസാക്ക്‌ ഭായ്‌ - ഈ ടോണിയേട്ടന്‍ ഞാനല്ല - ഒറിജിനല്‍ തന്നെ ആണ് - എന്‍റെ ഈ സുഹൃത്ത്....

Lala said...

ടോണിയെട്ടന്‍ കൊള്ളാം വിശദീകരനത്തിലെ ഭാഷ ഒക്കെ ഇഷ്ടപ്പെട്ടു .. പക്ഷെ കഥയുടെ പ്രതാന തന്തു (കോപ്പിയടി) ഒരു പുതുമ ആയി തോന്നിയില്ല,എല്ലാ സ്കൂളിലെയും ഒരു പൊതു സംഭവം തന്നെ, വായിച്ചു തീരും മുന്പേ കഥയുടെ പോക്ക് എങ്ങോട്ട് എന്ന് മനസിലാവുന്നു ... adutha കഥ ഒടുക്കം വരെ ത്രില്ലെര്‍ ആവും എന്ന് വിശ്വസിക്കുന്നു ..

സര്‍ദാര്‍ said...

അങ്ങിനെ ടോണിയേട്ടനെ പരിചയപ്പെട്ടു....ഇനി എന്തല്ലാം വരാനുണ്ടോ ആവോ....

സ്വപ്നകൂട് said...

അതി ശുദ്ധന്‍ ദുഷ്ടന് ഫലം ചെയ്യും ആ പറഞ്ഞത് ന്യായം
പാവം ടോണി ഏട്ടന്‍ എന്നിട്ടിപ്പോ ഈ ചങ്ങായി എവിടെ ?ഇപ്പോളും കൂടെ തന്നെ കാറില്‍ ഉണ്ടോ ?

ചെകുത്താന്‍ said...

:)

fathu said...

ടോനിയെട്ടന്റെ കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു..

Palavattam said...

@ലാല - അഭിപ്രായത്തിന് നന്ദി :)

@സര്‍ദാര്‍ - നന്ദി

@ആമി - ടോണിയെട്ടന്‍ ഇപ്പോഴും കൂടെതന്നെ ഉണ്ട് ;)

നന്ദി - ചെകുത്താന്‍ & ഫത്താ.....:)

ഷാജു അത്താണിക്കല്‍ said...

നല്ല രസം..............
ഇനിയും വര്‍ട്ടെ അങ്ങോട്ട്
ആശംസകള്‍

Jefu Jailaf said...

ആശംസകൾ ഷിഹാബ് ഭായ്...

with god's grace said...

kollam ...kuduthal badayikal varatte

വാഴക്കോടന്‍ ‍// vazhakodan said...

ടോണിയേട്ടന്റെ കൂടുതല്‍ കഥകള്‍ പോന്നോട്ടെ..... :):)

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates