Ind disable
 

പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്നവര്‍





ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഞങ്ങളുടെ ചെറിയ ഓഫീസ് കൂടാതെ അമേരിക്കന്‍ ട്രെയിനര്‍മാരെ വച്ച് ജുബൈല്‍ ഇന്ടസ്ട്രിയല്‍ സിറ്റിയിലുള്ള കമ്പനികളിലെ ജോലിക്കാര്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി ട്രെയിനിംഗ് നല്‍കുന്ന ഒരു ഫയര്‍ സയന്‍സ് അക്കാദമി എന്ന സ്ഥാപനം കൂടി ഞങ്ങളുടെ സ്പോണ്‍സറുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ക്ലാസ് മുറികള്‍, കൊണ്ഫറന്‍സ് ഹാളുകള്‍, മെസ് , ട്രെയിനിംഗ് ഹാളുകള്‍ അങ്ങനെ എല്ലാവിധ സജ്ജീകരണങ്ങളും ഉള്ളതിനാല്‍ ക്ലീനിംഗ് ജോലികള്‍ക്കായി മംഗലാപുരം സ്വദേശികളായ കുറെ ചെറുപ്പക്കാര്‍ ഉണ്ട്.


അതില്‍ അന്‍സാര്‍ എന്ന് പേരുള്ള അസാധാരണമായി മെലിഞ്ഞ ഒരു പയ്യനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. അന്‍സാറിന്‍റെ വാപ്പയും, അളിയനും ഇവിടെ അവന്‍റെ കൂടെ ജോലി ചെയ്യുന്നുണ്ട്.

അവരുടെ മാതൃഭാഷയായ നക്നിക്ക് കൂടാതെ കന്നഡ, മലയാളം, തുളു, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ,അറബി എന്നീ ഭാഷകളും അന്‍സാര്‍ കൈകാര്യം ചെയ്യും. ശരാശരിയില്‍ കൂടുതല്‍ വിദ്യാഭ്യാസവും വളരെ നല്ല പെരുമാറ്റവും ഒക്കെയാണ് എന്നെ അവനിലേക്ക്‌ കൂടുതല്‍ ആകര്‍ഷിച്ചത്.

ഓഫീസിന്‍റെ തന്നെ കോമ്പൌണ്ടില്‍ ഉള്ള ഔട്ട്‌ ഹൌസ്/സെക്യൂരിറ്റി റൂം പോലെയുള്ള രണ്ടു റൂമുകളില്‍ ആയിട്ടാണ് അവര്‍ എല്ലാവരും താമസിക്കുന്നത്. ഓഫീസ് സ്ഥിതിചെയ്യുന്നത് പട്ടണത്തില്‍ നിന്ന് കുറെ ദൂരെ ആയതിനാല്‍ ഇവിടെ അടുത്തൊന്നും കടകളൊന്നും തന്നെയില്ല

വാരാന്ത്യം ആയതിനാല്‍ എല്ലാ വ്യാഴാഴ്ചയും ഉച്ചക്ക് ശേഷം ഞങ്ങള്‍ക്ക് അവധിയാണ്.അതുകൊണ്ട് വ്യാഴാഴ്ച ഞാന്‍ വീട്ടിലേക്കു പോകുമ്പോള്‍ അന്‍സാറും, സുഹൃത്തുക്കളും ജുബൈല്‍ ടൌണിലേക്ക് അടുത്ത ആഴ്ചായിലെക്കുള്ള അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറിയും ഒക്കെ വാങ്ങാന്‍ എന്‍റെ കൂടെ വണ്ടിയില്‍ വരും.

ഇന്ന് രാവിലെ ഞാന്‍ പതിവ് പോലെ റൂം ക്ലീന്‍ ചെയ്യാന്‍ അന്‍സാര്‍ വന്നപ്പോള്‍ ഞാന്‍ മാത്രമേ ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ.

പലതും സംസാരിച്ചു. പോകാന്‍ നേരം അവന്‍ സങ്കടത്തോടെ എന്നോട് പറഞ്ഞു ” ഈ മാസം അവസാനം ഞാന്‍ ഇവിടന്നു പോകും ഇക്കാ”

“എന്ത് പറ്റി പെട്ടെന്ന് ഇങ്ങനെ തീരുമാനിക്കാന്‍” ഞാന്‍ ചോദിച്ചു.

“അത് ശമ്പളം കുറവാണ് ഇക്ക. എന്‍റെ കൂടെയുള്ള എല്ലാവര്‍ക്കും 2500 റിയാല്‍ ശമ്പളം ഉണ്ട് – എനിക്ക് മാത്രം 1500 ഉള്ളൂ. പിന്നെ മെസ് , ചെലവ് ഒക്കെ കഴിയുമ്പോള്‍ ഒന്നും മിച്ചം കാണില്ല. എന്‍റെ സ്പോണ്‍സര്‍ റിയാദില്‍ ഒരു മൊബൈല്‍ കട തുടങ്ങുന്നുണ്ട്-ഞാന്‍ അങ്ങോട്ട്‌ പോകുന്നു.” അവന്‍ പറഞ്ഞു.

“അതെന്താ നിനക്ക് മാത്രം 1500 ഉം മറ്റുള്ളവര്‍ക്കൊക്കെ 2500 ഉം?” ഞാന്‍ ചോദിച്ചു.

അത് മറ്റുള്ളവര്‍ ഒക്കെ മാന്‍പവറില്‍ നിന്നാണ്. എന്നെ ഇവിടെ കൊണ്ട് വന്നത് എന്‍റെ വാപ്പ ഇവിടെ വന്ന ശേഷം ഇവിടത്തെ അബ്ദുല്‍ അസീസ്‌ പറഞ്ഞിട്ടാണ്.”

അബ്ദുല്‍ അസീസ്‌ ഞങ്ങളുടെ ഓഫീസിലെ അക്കൌണ്ട്സ് മാനേജര്‍ ആയ ഈജിപ്ഷ്യന്‍ ആണ്. ഞങ്ങളുടെ നമസ്കാരത്തില്‍ പതിവായി ഇമാം നില്‍ക്കുന്നത് അബ്ദുല്‍ അസീസ്‌ ആണ്. കാണുമ്പോള്‍ ഒക്കെ സലാം പറഞ്ഞു ചിരിച്ചു ഷേക്ക്‌ഹാന്‍ഡ് തന്നു കുശലം ചോദിക്കുന്ന അബ്ദുല്‍അസീസിനെ എനിക്ക് ഇഷ്ടവുമാണ്.

“അതിന്, എല്ലാവരും സെയിം ജോലി അല്ലെ ചെയ്യുന്നത്? ഞാന്‍ ചോദിച്ചു

“അതെ – അതിന് എല്ലാവരുടെയും അത്രേം ശമ്പളവും അബ്ദുല്‍അസീസ്‌ എഴുതി എടുക്കുന്നുമുണ്ട് – പക്ഷെ എനിക്ക് അയാള്‍ടെ കമ്മീഷന്‍ കഴിച്ചു 1500 റിയാലേ തരൂ” നേര്‍ത്തശബ്ദത്തില്‍ അന്‍സാര്‍ പറഞ്ഞു നിര്‍ത്തി.

എഞ്ചിനീയര്‍മാര്‍ക്ക് വരെ പരമാവധി അഞ്ഞൂറ് റിയാലേ സ്പോണ്‍സര്‍ കഫാലത്ത് വാങ്ങുകയുള്ളൂ – എന്നിട്ട് ഈ പാവപ്പെട്ട തൂപ്പുകാരനോട് ആയിരം റിയാലോ? എന്‍റെ മനസ്സില്‍ അബ്ദുല്‍ അസീസ്‌ എന്ന പോണ്ണത്തടിയന്‍ ഒരു നിമിഷം കൊണ്ട് കാറ്റൂതി വിട്ട ബലൂണ്‍ പോലെ ചുരുങ്ങി ഇല്ലാതായി.

“ഇക്കാര്യം ഇക്ക ആരോടും പറയല്ലേ – എന്തിനാ വെറുതെ നമ്മളായിട്ട് അയാള്‍ക്കൊരു പ്രശ്നം ഉണ്ടാകണ്ട” അതും പറഞ്ഞു അന്‍സാര്‍ മുറിവിട്ട് പുറത്തേക്ക് പോയി. ഇത്രയും കാലം ആരും അറിയാതെ തന്നെ ദ്രോഹിച്ച ആ മനുഷ്യനോട് പോലും അലിവ് തോന്നുന്ന ഹൃദയത്തിനുടമയായ അന്‍സാര്‍ !

ഇന്ന് ഉച്ചക്ക് ളുഹറും, വൈകിട്ട് അസറും നമസ്കരിക്കാന്‍ ഞാന്‍ ഓഫീസ് കൊമ്പൌണ്ടിലെ പള്ളിയിലേക്ക് മനപൂര്‍വ്വം തനിച്ചു പോയി – കാരണം അബ്ദുല്‍അസീസ്‌ എന്ന ഇമാമിന്‍റെ പിന്നില്‍ നിന്ന് നമസ്കരിക്കാന്‍ എനിക്ക് തോന്നിയില്ല. അബ്ദുല്‍അസീസിന്‍റെ മകനും ഞങ്ങളുടെ ഓഫീസില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്. വാപ്പയെ പോലെ തന്നെ ഒരു പോണ്ണത്തടിയന്‍. അവനോടായിരുന്നെങ്കില്‍ അയാള്‍ ഇങ്ങനെ ചെയ്യുമായിരുന്നോ? പാവപ്പെട്ടവന്‍റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്ന സമ്പന്നനായ ദരിദ്രന്‍.

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates