Ind disable
 

തേടിയെത്തുന്നത്





മൊബൈല്‍ ഫോണിന്‍റെ നിര്‍ത്താതെയുള്ള റിംഗ് കേട്ടാണ് മുജീബ്‌ മയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. തിടുക്കപ്പെട്ടു ഫോണ്‍ കയ്യില്‍ എടുക്കുമ്പോഴേക്കും കോള്‍ കട്ടായിക്കഴിഞ്ഞിരുന്നു. അയാള്‍ കോള്‍ലോഗ് നോക്കി – രണ്ടു മിനിട്ടിനുള്ളില്‍ പരിചിതമല്ലാത്ത ഒരേ നമ്പരില്‍ നിന്നും നാല് മിസ്‌ഡ് കോളുകള്‍ !. അപ്പോള്‍ ആദ്യത്തെ മൂന്നു കോളുകളും കേള്‍ക്കാത്തത്ര അഗാധമായ ഉറക്കത്തില്‍ ആയിരുന്നോ താന്‍ – അയാള്‍ അതിശയിച്ചു. ഇത് അവന്‍റെ നമ്പര്‍ ആയിരിക്കുമോ? എപ്പോഴും പുതിയ പുതിയ നമ്പരുകളില്‍ നിന്നാണ് അവന്‍ വിളിക്കാറ് – തിരിച്ചു വിളിച്ചാല്‍ ആ നമ്പര്‍ സ്വിച്ച് ഓഫ് എന്നായിരിക്കും എപ്പോഴും പറയുക. എത്ര വലിയ കെണിയില്‍ ആണ് താന്‍ പോയി പെട്ടിരിക്കുന്നത് – ഓര്‍ത്തപോള്‍ മുജീബിന്‍റെ ഇടനെഞ്ച് പിടഞ്ഞു.
ഒരു നിമിഷം – സുഹ്രയുടെയും ആല്‍ഫി മോളുടെയും നിഷ്കളങ്കമായ മുഖങ്ങള്‍ മനസ്സിലൂടെ കടന്നു പോയി. പ്രിയപ്പെട്ട ഭര്‍ത്താവ് കടലിനക്കരെ സുഖമായിരിക്കുന്നു എന്ന് കരുതി ആശ്വസിക്കുകയായിരിക്കും സുഹറ. കുഞ്ഞ് ആല്‍ഫിക്കാകട്ടെ രണ്ടു വര്‍ഷം കൂടുമ്പോള്‍ തന്‍റെയും, ഉമ്മയുടെയും കൂടെ രണ്ടു മാസം താമസിക്കാന്‍ വരുന്ന ഒരു അപരിചതന്‍ എന്നതില്‍ കവിഞ്ഞുള്ള സ്ഥാനമൊന്നും അവളുടെ ബാപ്പയ്ക്ക് കൊടുക്കാനുള്ള പ്രായമോ പക്വതയോ ആയിട്ടുമില്ല. അവരെക്കുറിച്ചോര്‍ത്തപ്പോള്‍ മുജീബിന്‍റെ കണ്ണുകള്‍ നിറഞ്ഞു.

“എന്തിനെന്നെ ഇങ്ങനെ പരീക്ഷിക്കുന്നു പടച്ചോനെ.”

മുജീബിന്‍റെ കണ്ണുകള്‍ ചെറുതായി നനഞ്ഞോ ?.

മരണമണി പോലെ മൊബൈല്‍ വീണ്ടും ശബ്ദിച്ചു. നേരത്തെ വിളിച്ച അതെ നമ്പര്‍ തന്നെ.

“ഹലോ” മുജീബ്‌ കോള്‍ എടുത്തു.

“നീ എന്താ ഫോണ്‍ എടുക്കാത്തത്?”

അങ്ങേത്തലക്കല്‍ നിന്നും കാര്‍ക്കശ്യം നിറഞ്ഞ ശബ്ദം.

“അത് , ഞാന്‍ ഉറക്കത്തില്‍ ആയിരുന്നത് കാരണം കേട്ടില്ല”

കുറ്റബോധം തുളുമ്പുന്ന ശബ്ദത്തോടെ മുജീബ്‌ പറഞ്ഞു.

“ആഹാ പട്ടാപ്പകല്‍ ആണോ ഉറക്കം. ഞാന്‍ ഇനി പറയുന്ന കാര്യം നീ ശ്രദ്ധിച്ചു കേട്ടോളൂ”

“ഉം പറയ്‌” ഒരു നേര്‍ത്ത മൂളല്‍ മുജീബിന്‍റെ കണ്‍ഠനാളത്തില്‍ കുടുങ്ങി.

“ഇന്ന് വൈകുന്നേരം ആറുമണിക്ക് അയ്യായിരം ദിര്‍ഹവുമായി സ്റ്റേടിയത്തിനടുത്തുള്ള നമ്മള്‍ പതിവായി കാണാറുള്ള സ്ഥലത്ത് വരണം. തനിച്ച്”

“പക്ഷെ……….”

“ഒന്നും പറയണ്ട , വന്നില്ലെങ്കില്‍ അറിയാമല്ലോ”

മുജീബ്‌ എന്തെങ്കിലും പറയുന്നതിനു മുന്‍പേ അയാള്‍ ഫോണ്‍ ഡിസ്കണക്റ്റ്‌ ചെയ്തു കഴിഞ്ഞിരുന്നു. ഒരു പ്രതിമ പോലെ ഫോണ്‍ കാതോട് ചേര്‍ത്തുപിടിച്ചുകൊണ്ടു മുജീബ്‌ കുറെ നേരം കൂടി ആ ഇരിപ്പ് തുടര്‍ന്നു.

“എന്താ മോനെ, എന്തെങ്കിലും കുഴപ്പം ഉണ്ടോടാ? ഇതിപ്പോ രണ്ടാഴ്ചക്കുള്ളില്‍ നീ രണ്ടാമത്തെ പ്രാവശ്യമാണ് എന്‍റെ കയ്യില്‍ നിന്ന് പണം കടം വാങ്ങുന്നത്. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി നിന്നെ എനിക്കറിയാം. ഇതുവരെ നീ ഒരിക്കല്‍ പോലും എന്‍റെ അറിവില്‍ ആരോടും പണം കടം വാങ്ങിയിട്ടില്ല. എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ ഇക്കാനോട് തുറന്നു പറ”

പണം തരുമ്പോള്‍ കാദര്‍ക്ക ചോദിച്ചു.

“ഒന്നുമില്ല ഇക്കാ, വീടുപണി നടക്കുന്ന കാര്യം ഇക്കക്ക് അറിയാമല്ലോ, പെട്ടെന്ന് ഇച്ചിരി പൈസക്ക് അത്യാവശ്യം വന്നു. ഇക്കാനെ തുടരെ ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം”
വീടിന്‍റെ പണികള്‍ ഒക്കെ നേരത്തെ കഴിഞ്ഞതാണെങ്കിലും ആ സമയത്ത് നിരുപദ്രവകരവും, വിശ്വസനീയവും ആയി തോന്നിയ ഒരു കള്ളം അതായിരുന്നു.

“ഓ. നിനക്ക് തരാന്‍ ഞമ്മക്ക് ഒരു പേടിയും ഇല്ല. അല്ലെങ്കി തന്നെ ആവശ്യക്കാരന് ഉപകാരപ്പെടുമ്പോള്‍ അല്ലെ പണത്തിനു വിലയുള്ളൂ ? അല്ലാതെ വെറുതെ കയ്യില്‍ വച്ചാല്‍ അതിനും കടലാസു കെട്ടിന്‍റെ വിലയല്ലേ ഉള്ളൂ”

“നിങ്ങളോടെങ്ങനെ നന്ദിപറയണം എന്ന് എനിക്കറിയില്ല ഇക്കാ…ഈ പണം ഞാന്‍ അടുത്ത മാസം തന്നെ തിരിച്ചു തരാം”

കാദര്‍ക്കയോട് പെട്ടെന്ന് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നത് തന്‍റെ കണ്ണുകളില്‍ ഉരുണ്ടുകൂടിയ കണ്ണുനീര്‍ അദ്ദേഹം കാണാതിരിക്കാന്‍ ആണ്. പണം ഭദ്രമായി ജീന്‍സിന്‍റെ പോക്കറ്റില്‍ വച്ച് കാദര്‍ക്കയുടെ കടയുടെ വാതില്‍ കടന്നശേഷം മുജീബ്‌ നടത്തം സാവധാനം ആക്കി. ഏകദേശം ഒരു കിലോമീറ്റര്‍ നടന്നാല്‍ സ്റ്റേഡിയം ആയി. സമയം അഞ്ചു മണിയായതെയുള്ളൂ. നടക്കുമ്പോള്‍ അയാളുടെ മനസ്സ് രണ്ടാഴ്ച മുന്‍പ്‌ നടന്ന അവിശ്വനീയമായ ദുരൂഹതകളുടെ ആ ലോകത്തേക്ക് പോയി.

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. പതിവ് പോലെ ഉച്ചകഴിഞ്ഞു നഗരത്തില്‍ ചുറ്റാന്‍ ഇറങ്ങിയതാണ്. അത് അയാളുടെ പതിവാണ്. എല്ലാ വെള്ളിയും ഉച്ചതിരിഞ്ഞു വെയിലാറുമ്പോള്‍ അയാള്‍ നഗരത്തിലെക്കിറങ്ങും. കണ്ണില്‍ കാണുന്ന ഷോപ്പിംഗ് മാളുകളിലൊക്കെ കറങ്ങും. ആ യാത്രയില്‍ ഭാര്യക്കും , മോള്‍ക്കും നല്ലതെന്നു തോന്നിയ എന്തെങ്കിലും കണ്ടാല്‍ വാങ്ങും. ഏകദേശം സന്ധ്യയോടെ റൂമില്‍ തിരികെയെത്തി ഭക്ഷണം കഴിച്ച ശേഷം സുഹ്രയോടും, മോളോടും അരമണിക്കൂര്‍ ഫോണില്‍ സംസാരിച്ച ശേഷം അടുത്ത ആഴ്ചയുടെ തിരക്കിലേക്ക് തയ്യാറെടുക്കാന്‍ നേരത്തെ കിടക്ക പുല്‍കും.

അന്ന് ഷോപ്പിംഗ് മാളില്‍ പാവകളെ വില്‍ക്കുന്ന ഒരു കടയിലേക്ക് കയറുകയായിരുന്നു മുജീബ്‌. കഴിഞ്ഞ ആഴ്ച വന്നപ്പോള്‍ ഒരു ബാര്‍ബിയുടെ പാവ അവിടെ കണ്ടു വച്ചിട്ടുണ്ടായിരുന്നു. മുന്‍പൊരു ദിവസം ഫോണ്‍ ചെയ്തപ്പോള്‍ സുഹ്റ പറഞ്ഞിരുന്നു – ആല്‍ഫിമോള്‍ പറഞ്ഞത്രേ – ഉപ്പ ഇനി വരുമ്പോള്‍ ബാര്‍ബി കൊണ്ട് വരണം അന്ന്. അടുത്ത വീട്ടിലെ കുഞ്ഞുമോളുടെ കയ്യില്‍ കണ്ടപ്പോള്‍ മുതല്‍ പറഞ്ഞു തുടങ്ങിയതാണ് അതെന്നു സുഹറ കളിയായി പറഞ്ഞപ്പോള്‍ അയാളും ചിരിച്ചു. കഴിഞ്ഞ ആഴ്ച അത് വാങ്ങാന്‍ ഉള്ള പണം കയ്യില്‍ ഇല്ലായിരുന്നു. മാസാവസാനം ആയിരുന്നതിനാല്‍ അന്ന് ഒരു ഷോപ്പിംഗ് അയാള്‍ ഉദ്ദേശിച്ചിരുന്നില്ല. കടക്കകത്തേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്ന് ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് മുജീബ്‌ തിരിഞ്ഞു നോക്കിയത്. ഏകദേശം ഇരുപത്തഞ്ചിനും മുപ്പതിനും മദ്ധ്യേ പ്രായം തോന്നിപ്പിക്കുന്ന വെളുത്തു സുന്ദരന ഒരു ചെറുപ്പക്കാരന്‍. അയാളുടെ കയ്യില്‍ തന്‍റെ പേര്‍സ് !

“എന്താ മാഷേ പേര്‍സോക്കെ ശ്രദ്ധിക്കണ്ടേ , എനിക്ക് കിട്ടിയത് കാര്യമായി, വേറെ വല്ലവരുടെയും കയ്യില്‍ ആണ് കിട്ടിയിരുന്നതെങ്കില്‍ ?”

“ഒഹ്…..താങ്ക്സ്…..എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. മൊബൈല്‍ റീചാര്‍ജ്‌ കൂപ്പണ്‍ എടുക്കാന്‍ പോക്കറ്റില്‍ നിന്ന് എടുത്തതായിരുന്നു, ഒരു കയ്യില്‍ ഫോണ്‍ പിടിച്ചു സംസാരിച്ചു കൊണ്ട് തിരികെ വച്ചപ്പോള്‍ താഴെ വീണതായിരിക്കും. എന്തായാലും ഒരുപാട് നന്ദി”

അത് നഷ്ടപ്പെട്ടിരുന്നെങ്കില്‍ നേരിടേണ്ടി വന്നെക്കാമായിരുന്ന പ്രശ്നങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ മുജീബിന്‍റെ നെഞ്ചിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു പോയി.

“എന്താ പേര് ? നാട്ടില്‍ എവിടെയാ?”

ചെറുപ്പക്കാരന്‍ ചോദിച്ചു.

“പേര് മുജീബ്‌. ഞാന്‍ ജബല്‍ അലിയില്‍ ഒരു പ്രൈവറ്റ്‌ കമ്പനിയില്‍ സ്റ്റോര്‍ കീപ്പര്‍ ആയി വര്‍ക്ക് ചെയുന്നു. നാട്ടില്‍ കോഴിക്കോട്‌”

“ഞാന്‍ വിനോദ്. സെയില്‍സ്‌ എക്സിക്യൂട്ടീവ്‌ ആണ്. തിവനന്താപുരത്താണ് വീട്”

ചെറുപ്പക്കാരന്‍ പരിചയപ്പെടുത്തി.

“ഞാന്‍ മോള്‍ക്ക്‌ ഒരു പാവക്കുട്ടിയെ വാങ്ങാന്‍ കയറിയതാണ്, ഒരഞ്ചു നിമിഷം വെയിറ്റ്‌ ചെയ്യാമെങ്കില്‍ നമുക്ക് വിശദമായി പരിചയപ്പെടാം.”

മുജീബ്‌ ചെറുപ്പക്കാരനെ ക്ഷണിച്ചു.

“ഓ , അതിനെന്താ”

വിനോദും മുജീബിനോടൊപ്പം കടയിലേക്ക് കയറി. പാവ സെല്കറ്റ്‌ ചെയ്യുമ്പോള്‍ വിനോദ് അയാളെ കുറിച്ച് കൂടുതല്‍ പറഞ്ഞു. മാളിന്‍റെ തൊട്ടടുത്തുള്ള ഫ്ലാറ്റില്‍ ആണ് ഭാര്യയും അയാളും താമസിക്കുന്നത്. ഭാര്യക്ക് ഇന്നൊരു സിനിമ കാണാന്‍ ആഗ്രഹം. അവധി ദിവസം ആയതിനാല്‍ തിരക്കുണ്ടാകും എന്നതിനാല്‍ മള്‍ട്ടിപ്ലെക്സില്‍ ഫസ്റ്റ് ഷോക്ക് സീറ്റ്‌ റിസര്‍വ്‌ ചെയ്യാന്‍ വന്നതാണ്. ടിക്കറ്റ്‌ എടുത്ത ശേഷം താഴേക്ക് വരുമ്പോള്‍ ആണ് മുജീബിന്‍റെ പോക്കറ്റില്‍ നിന്ന് പേര്‍സു താഴെ വീഴുന്നത് കാണുന്നതും, അത് തിരികെ കൊടുക്കാന്‍ പിന്തുടര്‍ന്നതും. അനായാസം അത് സ്വന്തമാക്കായിരുന്നിട്ടും പിന്തുടര്‍ന്ന് അത് തന്നെ തിരികെയേല്‍പ്പിച്ച വിനോദിന്‍റെ സത്യസന്ധതയിലും, നല്ല മനസ്സിലും മുജീബിന് ഏറെ മതിപ്പ് തോന്നി. ഇതുപോലെ ഉള്ളവരുമായിട്ടാണ് സൗഹൃദം സ്ഥാപിക്കേണ്ടത്. അത് കൊണ്ടാണ് വിനോദ് അയാളുടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചപ്പോള്‍ മുജീബ്‌ സന്തോഷത്തോടെ സമ്മതിച്ചത്.

ചെറിയൊരു സ്വീകരണമുറിയും, ഒരു കിടപ്പ് മുറിയും, കൊച്ചടുക്കളയും, ടോയ്‌ലറ്റും ഉള്ള ഒരു ചെറിയ ഫ്ലാറ്റ് ആയിരുന്നു അത്. വാതില്‍ തുറന്നത് സുന്ദരിയായ ഒരു യുവതിയാണ്.

“ഇതാണ് എന്‍റെ വൈഫ്‌ – ശ്രീജ. ശ്രീ – ഇത് മുജീബ്‌”

വിനോദ് ഇരുവരെയും പരിചയപ്പെടുത്തി.

“വരൂ, ഇരിക്കൂ”

തുറന്ന ചിരിയോടെ ശ്രീജ മുജീബിനെ സ്വീകരിച്ചിരുത്തി. ഭര്‍ത്താവിന് ചേര്‍ന്ന കുലീനത്ത്വമുള്ള ഭാര്യ – മുജീബിന് രണ്ടുപേരുടെയും പെരുമാറ്റത്തില്‍ ഏറെ മതിപ്പ് തോന്നി.

“മുജീബ്‌ ഒരു നിമിഷം ഇരിക്കൂ, ഞാന്‍ ഇപ്പൊ വരാം കേട്ടോ.”

ടീവി ഓണ്‍ ചെയ്തു മുജീബിനെ അവിടെ തനിയെ ഇരുത്തിക്കൊണ്ട് വിനോദും ശ്രീജക്കൊപ്പം അടുക്കളയിലേക്കു പോയി. അല്‍പ്പസമയത്തിനുളില്‍ ട്രെയില്‍ ഒരുഗ്ലാസ്‌ ജ്യൂസുമായി ശ്രീജ വന്നു. ഒപ്പം വന്ന വിനോദും അയാള്‍ക്കൊപ്പം സെറ്റിയില്‍ ഇരുന്നു. അയാള്‍ ജ്യൂസ് സിപ്‌ ചെയ്യുന്നത് നോക്കിയിരിക്കുന്നത് കണ്ടു മുജീബ്‌ ചോദിച്ചു.

“വിനോദ് കഴിക്കുന്നില്ലേ”

“താങ്കള്‍ കഴിക്കൂ, വിരുന്നുകാരനല്ലേ പ്രാധാന്യം – വീട്ടുകാരന് എപ്പോള്‍ വേണമെങ്കിലും ആവാമല്ലോ.”

അത്കേട്ട് മൂവ്വരും ചിരിച്ചു. ജ്യൂസ് കഴിച്ചു മുഴുവനാക്കുന്നതിനു മുന്‍പേ തന്നെ എന്തൊക്കെയോ അസ്വസ്ഥതകള്‍ മുജീബിന് അനുഭവപ്പെട്ടു. തന്‍റെ കണ്ണുകള്‍ക്ക്‌ അപരിചിതമായ ഒരു ഭാരം അനുഭവപ്പെടുന്നു – കാഴ്ച ചെറുതായി മങ്ങുന്നു – ഉറക്കം വരുന്നു.

“അയ്യോ , എന്ത് പറ്റി ?”

മുജീബിന്‍റെ കയ്യില്‍ നിന്ന് ഗ്ലാസ്‌ ചരിഞ്ഞ് അയാളുടെ ഷര്‍ട്ടില്‍ ജ്യൂസ് തുളുമ്പി വീഴുന്നത് കണ്ടു പെട്ടെന്ന് ശ്രീജ ചോദിച്ചു.

“തല ചുറ്റുന്നത് പോലെ”

അത് പറയുഞ്ഞുകൊണ്ട് മുജീബ്‌ സെറ്റിയിലേക്ക് ചാഞ്ഞു. വിനോദ് അയാള്‍ക്കരികിലേക്ക് നീങ്ങി അയാളുടെ നെറ്റിയില്‍ കൈപ്പത്തി വച്ചു നോക്കി.

“പനിക്കോളുള്ളതുപോലെ, ചിലപ്പോള്‍ ഈ കാലവസ്ഥയുടെതായിരിക്കും. അല്‍പ്പസമയം കിടന്നു വിശ്രമിച്ചാല്‍ മാറും – വരൂ”

അയാളുടെ കക്ഷത്തിലൂടെ കയ്യിട്ടു താങ്ങിയെടുത്തു വിനോദ് ബെഡ്റൂമിലേക്ക്‌ നടത്തി. എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശാരീരികാവസ്ഥ അനുവദിക്കാത്തതിനാല്‍ അനുസരിക്കാതിരിക്കാന്‍ മുജീബിന് കഴിഞ്ഞില്ല. മുജീബിനെ ബെഡില്‍ കിടത്തിയ ശേഷം വിനോദ് അയാളുടെ ഷൂസ് അഴിച്ചു മാറ്റി, എസി ഓണ്‍ ചെയ്ത ശേഷം ബെഡ്റൂമിന്‍റെ വാതില്‍ ചാരി പുറത്തിറങ്ങി. അതിനോടകം മുജീബ്‌ അഗാധമായ നിദ്രയിലേക്ക് വീണു പോയിക്കഴിഞ്ഞിരുന്നു.

മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്നത് കേട്ടാണ് മുജീബ്‌ മയക്കത്തില്‍ നിന്ന് ഉണര്‍ന്നത്. തലവെട്ടിപ്പോളിയുന്ന വേദന. പാതി വലിച്ചു തുറന്ന കണ്ണുകളോടെ പോക്കറ്റില്‍ നിന്ന് നിറുത്താതെ ചിലച്ചു കൊണ്ടിരുന്ന ഫോണെടുത്തു നോക്കി. സുഹറ ആണ്. ഇടതു കയ്യില്‍ കെട്ടിയിരുന്ന വാച്ചില്‍ അയാള്‍ സമയം നോക്കി ഒമ്പത് മണി ! എവിടെയാണെന്നോ , എത്ര സമയം ആയി ഉറങ്ങുന്നതെന്നോ മുജീബിന് മനസ്സിലായില്ല. ഫോണ്‍ കണക്റ്റ്‌ ചെയ്തു ചെവിയോടു ചേര്‍ത്തു. പതറിയ നേര്‍ത്ത ശബ്ദത്തില്‍ “ഹലോ” പറഞ്ഞു.

“ഇന്നെന്താ എന്നെ വിളിക്കുകപോലും ചെയ്യാതെ നേരത്തെ ഉറങ്ങിക്കളഞ്ഞോ കള്ളന്‍”

കുസൃതി ചാലിച്ച പരിഭവത്തോടെയുള്ള ചോദ്യം.

“ഉം…ഞാന്‍ പിന്നെ വിളിക്കാം – ഇപ്പൊ നീ ഫോണ്‍ കട്ട്‌ ചെയ്തോ”

മറുപടിക്ക് കാക്കാതെ ഫോണ്‍ കട്ട്‌ ചെയ്ത് അയാള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. പതിയെ പതിയെ അയാള്‍ കഴിഞ്ഞ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. വിനോദിന്‍റെ ഫ്ലാറ്റില്‍ വന്ന ശേഷം ജ്യൂസ് കുടിച്ചത് വരെ ഓര്‍മ്മയുണ്ട്. അതിനു ശേഷം ഇപ്പോഴാണ് കണ്ണ് തുറക്കുന്നത്. അപ്പോള്‍ ഇത് അയാളുടെ വീടാണ്. ബെഡ്റൂമില്‍ ഒരു ലൈറ്റ്‌ കത്തിക്കിടക്കുന്നുണ്ടായിരുന്നു. ഇപ്പോഴും തലക്ക് ആ മരവിപ്പുണ്ട്. എന്താണ് തനിക്ക് സംഭവിച്ചത്? എവിടെ വിനോദും ഭാര്യയും ? കട്ടിലില്‍ എഴുന്നേറ്റിരുന്നു ഷൂസ് ധരിച്ച ശേഷം ഇടറുന്ന കാലടികളോടെ എഴുന്നേറ്റു മുജീബ്‌ സ്വീകരണമുറിയില്‍ എത്തി.

“വിനോദ്”

മുജീബ്‌ വിളിച്ചു.

വിളി കേള്‍ക്കാന്‍ ആ ഫ്ലാറ്റില്‍ ആരും ഉള്ളതായി തോന്നിയില്ല. എന്തൊക്കെയോ അപകടം മണക്കുന്ന ചിന്തകള്‍ അയാളിലൂടെ പാഞ്ഞു പോയി. പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ അത് പൂട്ടിയിരുന്നില്ല. അയാള്‍ വേഗം തന്നെ പുറത്തിറങ്ങി . വാതില്‍ അടച്ചു, ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം കഴിയാവുന്നത്ര വേഗത്തില്‍ ആ കെട്ടിടത്തില്‍ നിന്ന് പുറത്തു കടന്നു. വെളിയില്‍ റോഡില്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അയാള്‍ വിനോദിന്‍റെ ഫ്ലാറ്റിന്‍റെ ഭാഗത്തേക്ക് നോക്കി. ആ ബെഡ്റൂമില്‍ തെളിഞ്ഞു കിടന്നിരുന്ന ലൈറ്റ്‌ പ്രകാശിച്ചുകൊണ്ടിരിക്കുന്നത് അയാളില്‍ നേര്‍ത്ത ഭീതി വീഴ്ത്തിക്കൊണ്ട് അപ്പോഴും കാണാമായിരുന്നു.

മുജീബ്‌ റൂമില്‍ എത്തിയപ്പോള്‍ കിതക്കുന്നുണ്ടായിരുന്നു. ഏറെ സമയം എടുത്ത് അയാള്‍ വാഷ്‌ ബേസിനില്‍ മുഖം കഴുകി. വിശക്കുന്നില്ല. എന്താണ് തനിക്ക് സംഭവിച്ചത് എന്ന് അയാള്‍ വീണ്ടും വീണ്ടും ചികഞ്ഞെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടുകൊണ്ടിരിന്നു. നേരത്തെ വാക്കുകൊടുത്ത പോലെ സുഹ്രയെ വിളിക്കാന്‍ അയാള്‍ക്ക്‌ തോന്നിയില്ല. വല്ലാത്ത ക്ഷീണം. ഭക്ഷണം ഒന്നും കഴിക്കാതെ, ഡ്രെസ് പോലും മാറ്റത്തെ അയാള്‍ കിടക്കയിലേക്ക് വീണു.

പിറ്റേന്ന് രാവിലെ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് വാച്ചില്‍ നോക്കിയപ്പോള്‍ സമയം എട്ടര ! എട്ടു മണിക്ക് ഓഫീസ് തുടങ്ങും – എഴരക്കെ റൂമില്‍ നിന്ന് ഇറങ്ങുന്നതാണ്. സാധാരണ എന്നും തന്നെ വിളിച്ചുണര്‍ത്തുന്ന മൊബൈല്‍ അലാമിന് ഇന്നെന്തു പറ്റി? അയാള്‍ ഫോണ്‍ എടുത്തു നോക്കി. വെറുതെയല്ല – ബാറ്ററി തീര്‍ന്നു ഉറങ്ങുന്ന മൊബൈല്‍ ഫോണ്‍. ഇന്നലത്തെ വെപ്രാളത്തിലും, ക്ഷീണതിലും ഫോണ്‍ ചാര്‍ജ്‌ ചെയ്യാന്‍ ഇടാന്‍ മറന്നു. പിന്നെ എഴുന്നേറ്റ്‌ കുളിച്ചെന്നു വരുത്തി – ധൃതിയില്‍ ഡ്രെസ് ചെയ്തു അയാള്‍ ഓഫീസിലേക്ക് വലിഞ്ഞു നടന്നു. പത്തു മിനിറ്റ്‌ നടക്കാവുന്ന ദൂരമേ ഉള്ളൂ. ജബല്‍ അലിയില്‍ ആണ് മുജീബ്‌ ജോലി ചെയ്യുന്ന ഗോഡൌണ്‍ എങ്കിലും ശനിയാഴ്ച രാവിലെ നഗരത്തിലെ കോര്‍പ്പറേറ്റ്‌ ഓഫീസില്‍ എത്തി റിപ്പോര്‍ട്ട് ചെയ്തു, കഴിഞ്ഞ ആഴ്ചയിലെ സ്റ്റോക്ക്‌ ഡീറ്റെയില്‍സ് കൈമാറിയ ശേഷം ഉച്ച തിരിഞ്ഞെ അങ്ങോട്ട്‌ പോകേണ്ടതുള്ളൂ. ഓഫീസില്‍ മാനേജരുടെ മുറിയില്‍ സംസാരിച്ചിരിക്കുമ്പോള്‍ ആണ് മൊബൈല്‍ ബെല്ലടിച്ചത്. ചാര്‍ജര്‍ കയ്യില്‍ എടുത്തിരുന്നതിനാല്‍ മാനേജരുടെ മുറിയില്‍ തന്നെ ചാര്‍ജ്‌ ചെയ്യാന്‍ കുത്തിയിട്ടിരിക്കുകയായിരുന്നു.

“ഉം…”

മാനേജര്‍ ഫോണെടുത്തു കൊള്ളാന്‍ ആംഗ്യം കാണിച്ചു കൊണ്ട് കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു. പരിചയമില്ലാത്ത നമ്പര്‍ ആണ്.

“ഹലോ”

അയാള്‍ ഫോണ്‍ എടുത്തു.

“മുജീബ്‌ അല്ലെ? എന്നെ ഓര്‍മ്മയുണ്ടോ – ഞാന്‍ വിനോദ്”

ഒരു നിമിഷം മുജീബ്‌ നടുങ്ങി. എന്ത് പറയണം എന്ന് അറിയാതെ അയാള്‍ ഇരുന്നു.

“നിങ്ങള്‍ ഇപ്പോള്‍ എവിടെയാണ്?”

“ഞാന്‍ ഓഫീസില്‍ – സിറ്റിയില്‍ തന്നെയുണ്ട്”

മുജീബ്‌ മറുപടി പറഞ്ഞു.

“എനിക്ക് ഒന്ന് കാണണമല്ലോ, എപ്പോള്‍ പറ്റും ?”

വിനോദ് ചോദിച്ചു.

“ഉച്ചക്ക് ഒരുമണിക്ക് എനിക്ക് ലഞ്ച് ബ്രേക്ക്‌ ആണ് ”

“ശരി ഒരു മണിക്ക് സ്റ്റെഡിയത്തിനു പിന്നില്‍ നമുക്ക് കാണണം – വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ട് – ഒരു കാരണവശാലും വരാതിരിക്കരുത് – വന്നില്ലെങ്കില്‍ അത് താങ്കള്‍ക്ക് ഒരു വല്ലാത്ത നഷ്ടം തന്നെയായിരിക്കും”

അവസാനത്തെ വാക്കുകളില്‍ ഒരു ഭീഷണിയുടെ ധ്വനി ഉണ്ടോ ? മുജീബ്‌ തെല്ലോന്നമ്പരന്നു.

“ഹലോ ..വിനോദ്..ഹലോ”

അപ്പുറത്ത് ഫോണ്‍ ഡിസ്കണക്റ്റ്‌ ചെയ്തിരുന്നു.

മുജീബിന്‍റെ പരിഭ്രമം വര്‍ദ്ധിച്ചു കൊണ്ടിരുന്നു. അയാള്‍ക്ക്‌ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. എന്തായിരിക്കും വിനോദിന് തന്നോട് പറയാനുള്ള പ്രധാനപ്പെട്ട കാര്യം ? ഒരു മണിക്കാണ് ലഞ്ച് ബ്രേക്ക്‌ – അതിനു അര മണിക്കൂര്‍ മുന്‍പ്‌ തന്നെ മാനേജരോട് പ്രത്യേക അനുമതി വാങ്ങി മുജീബ്‌ ഓഫീസില്‍ നിന്ന് പുറത്തിറങ്ങി. സ്റ്റെഡിയത്തിലേക്ക് ഒരു ടാക്സി വിളിച്ചു. പത്തു മിനിറ്റ് കൊണ്ട് ബംഗാളിയായ ടാക്സി ഡ്രൈവര്‍ ലക്ഷ്യത്തില്‍ എത്തിച്ചു. ടാക്സിക്കൂലി കൊടുത്ത ശേഷം അയാള്‍ വിനോദ് പറഞ്ഞത് പോലെ സ്റ്റേഡിയത്തിന് പിന്നിലേക്ക്‌ നടന്നു. അവിടെ ഒരു വലിയ മരത്തിനു ചുവട്ടില്‍ ചുറ്റും കെട്ടിയ കരിങ്കല്‍ത്തറയില്‍ വിനോദ് ഇരിക്കുന്നുണ്ടായിരുന്നു. തലേന്ന് കണ്ടപ്പോള്‍ ഉള്ള മുഖഭാവത്തില്‍ നിന്ന് ഒരുപാട് മാറിയ പോലെ തോന്നി. മനപൂര്‍വ്വം മുഖത്തൊരു ഗൌരവം വരുത്താന്‍ ഉള്ള ശ്രമം പോലെ.

“വരൂ……”

അയാള്‍ അടുത്തെത്തിയപ്പോള്‍ വിനോദ് അഭിവാദനം ചെയ്യുന്നത് പോലെ പറഞ്ഞു.

“എന്താ പറയാനുള്ളത് , എനിക്കുടനെ പോകണം ?”

മുജീബ്‌ അക്ഷമയോടെ ചോദിച്ചു. പ്രകടമായ പരിഭ്രമം അയാളുടെ വാക്കുകളില്‍ ഉണ്ടായിരുന്നു.

“പറയാം. ഇരിക്കൂ ”

ഇരിക്കുന്നതിന് തൊട്ടടുത്തുള്ള സ്ഥലം ചൂണ്ടിക്കാണിച്ച് പോക്കറ്റില്‍ നിന്ന് ഒരു സിഗരറ്റ്‌ പാക്കറ്റ്‌ എടുത്തു അതില്‍ നിന്ന് ഒരെണ്ണം ചുണ്ടില്‍ വച്ചുകൊണ്ട് വിനോദ് പറഞ്ഞു.

“ഇന്നലെ നിങ്ങള്‍ എന്‍റെ വീട്ടില്‍ എന്തൊക്കെയാണ് കാട്ടിക്കൂടിയതെന്നു വല്ല ഓര്‍മ്മയുമുണ്ടോ ?”

“എന്ത് ? നിങ്ങള്‍ തന്ന ജ്യൂസ് കുടിച്ചതെ എനിക്ക് ഓര്‍മ്മയുള്ളൂ, ബോധം തെളിയുമ്പോള്‍ ഞാന്‍ നിങ്ങളുടെ വീട്ടിലെ ബെഡ്റൂമില്‍ ആയിരുന്നു. അവിടെ ആരെയും കാണാതായപ്പോള്‍ ഞാന്‍ തിരികെ പോന്നു. ഇതിനിടെ നടന്ന സംഭവങ്ങള്‍ ഒന്നും എനിക്ക് ഓര്‍മ്മയില്ല. എന്നെ തനിച്ചാക്കി എങ്ങോട്ടാ നിങ്ങള്‍ പോയത് ? എന്തായിരുന്നു എനിക്ക് നിങ്ങള്‍ കുടിക്കാന്‍ തന്നത്”

ഒരൊറ്റ ശ്വാസത്തില്‍ മുജീബ്‌ ചോദിച്ചു.

“പറയാം”

സിഗരറ്റ് പുക മുകളിലേക്ക് പറത്തിക്കൊണ്ട് വിനോദ് തുടര്‍ന്നു.

“ഞാന്‍ തന്ന ജ്യൂസില്‍ നിങ്ങള്‍ക്ക് മയക്കം ഉണ്ടാവാന്‍ വേണ്ടിയുള്ള ഒരു മരുന്ന് അല്‍പം ചേര്‍ത്തിട്ടുണ്ടായിരുന്നു. അത് കഴിച്ച നിങ്ങള്‍ സ്വബോധം ഇല്ലാതെ എന്‍റെ ഭാര്യയെ…………………..എല്ലാം ഞാന്‍ പ്ലാന്‍ ചെയ്തത് പോലെ തന്നെ നടന്നു. എല്ലാം ഞാന്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്”

ഒരു നിമിഷം മുജീബ്‌ തന്‍റെ കാതുകളെ വിശ്വസിക്കാന്‍ ആവാതെ ഇടിവെട്ടേറ്റവനെപ്പോലെ നിന്നു.

“നിങ്ങള്‍ പ്ലാന്‍ ചെയ്തത് പോലെയോ ?”

“വിശ്വാസം വരുന്നില്ലല്ലേ , എന്‍റെ കയ്യില്‍ തെളിവുണ്ട്. ആ വീഡിയോ.”

ചുണ്ടിന്‍റെ കോണുകളില്‍ തത്തിക്കളിക്കുന്ന പുച്ഛം നിറഞ്ഞ ചിരിയോടെ വിനോദ് മുജീബിന്‍റെ മുഖത്തേക്ക് നോക്കി – വേട്ടമൃഗം ഇരയെ അതിന്‍റെ ദയനീയാവസ്ഥയില്‍ നോക്കുന്നത് പോലെയുള്ള നോട്ടം.

“നീ വെറുതെ ഓരോന്ന് പറയുകയാണ്‌. ഞാന്‍ അങ്ങിനെ ഒന്നും ചെയ്തിട്ടില്ല. എന്താ നിനക്ക് വേണ്ടത്”

അവിശ്വസീന്യത തളം കെട്ടിയ ഇടറിയ ശബ്ദത്തോടെ മുജീബ്‌ ചോദിച്ചു.

“എനിക്ക് വേണ്ടത് പണം. നിന്‍റെ കയ്യില്‍ നിന്നു പണം തട്ടാന്‍ വേണ്ടി ഞാനും എന്‍റെ ഭാര്യയും കൂടെ ആസൂത്രണം ചെയ്ത ഒരു നാടകം ആയിരുന്നു അത്. നീ ഭംഗിയായി കുടുങ്ങി.”

വിനോദ് തലയാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

“എടാ നീ……….നിന്നെ ഞാന്‍ കൊല്ലും മൃഗമേ”

മുജീബ്‌ പരിസരം മറന്നലറിക്കൊണ്ട് വിനോദിന്‍റെ കഴുത്തിനു നേരെ കൈകള്‍ നീട്ടിക്കൊണ്ടു പാഞ്ഞു ചെന്നു. എന്നാല്‍ ഇങ്ങനെ ഒരു നീക്കം മുന്‍കൂട്ടി കണ്ട വിനോദ് തന്മയത്തത്തോടെ ഒഴിഞ്ഞു മാറി. അയാള്‍ മുജീബിനോട് അലറി.

“നില്‍ക്കടാ.”

മുജീബ്‌ നിശ്ചലനായി.

“നീ അധികം കളിക്കല്ലേ. നിനക്ക് നിന്‍റെ കുടുംബത്തെ കാണണ്ടേ ? നാട്ടില്‍ തലയുയര്‍ത്തി നടക്കണ്ടേ? എങ്കില്‍ ഞാന്‍ പറയുന്നത് അനുസരിക്കുന്നതാണ് നിനക്ക് നല്ലത്.”
എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ മുജീബ്‌ ആ കരിങ്കല്‍ത്തറയില്‍ തളര്‍ന്നിരുന്നു. നിമിഷങ്ങള്‍ നിശബ്ദമായി അവര്‍ക്കിടയില്‍ കടന്നു പോയി.

“എനിക്ക് നാളെ പതിനായിരം ദിര്‍ഹം വേണം. അത് തന്നാല്‍ പിന്നെ നിന്നെ ഞാന്‍ ശല്യം ചെയ്യില്ല. തന്നില്ലെങ്കില്‍ ഞാന്‍ ഈ വീഡിയോ ഇന്‍റര്‍നെറ്റില്‍ ഇടും. പിന്നെ എന്തുണ്ടാകുമെന്ന് ഞാന്‍ നിനക്ക് പറഞ്ഞു തരെണ്ടല്ലോ.”

മുജീബ്‌ ദയനീയമായി വിനോദിനെ നോക്കി.

“ഞാന്‍ നിന്നോട് എന്ത് ദ്രോഹം ചെയ്തു. എന്തിനാ നീ എന്നോടിങ്ങനെ കാണിക്കുന്നത്?”

അത് ചോദിക്കുമ്പോള്‍ മുജീബിന്‍റെ തൊണ്ടയിടറി.

“ഇവിടെയിപ്പോള്‍ ന്യായാന്യായങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യണ്ട – ആലോചിക്കാന്‍ നിനക്ക് ഒരു ദിവസം മുഴുവന്‍ സമയമുണ്ട്. നാളെ വൈകുന്നേരം ആറുമണിക്ക് ഇതേ സ്ഥലത്ത് പതിനായിരം ദിര്‍ഹവുമായി വരണം. – വന്നെ മതിയാകൂ. അല്ലെങ്കില്‍….”

വാക്കുകള്‍ പൂര്‍ത്തിയാക്കാതെ വിനോദ് നടന്നകന്നു.

പതിനായിരം രൂപ കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ തന്നെ വിനോദ് വീണ്ടും പണം ആവശ്യപ്പെട്ടു. ഓരോ തവണയും വേറെ, വേറെ മൊബൈല്‍ നമ്പറുകളില്‍ നിന്നാണ് അയാള്‍ വിളിച്ചു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ അയാളെ അങ്ങോട് ബന്ധപ്പെടുക അസധ്യവുമായിരുന്നു. രണ്ടാമത്തെ തവണ വിളിച്ചപ്പോള്‍ “ഇനി പണം തരില്ല” എന്ന് മുജീബ്‌ പറഞ്ഞു. അന്ന് വൈകിട്ട് സുഹ്രയെ ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ പറഞ്ഞത് കേട്ട് മുജീബ്‌ ഞെട്ടിപ്പോയി.

“വിനോദ് എന്ന് പേരായ ഒരാള്‍ ഇക്കയുടെ സുഹൃത്താണെന്ന് പറഞ്ഞു എന്നെ വിളിച്ചിരുന്നല്ലോ , ഇക്ക നമ്പര്‍ തന്നതാണെന്നു പറഞ്ഞു – ആരാ ഇക്കാ അത്”

മുജീബ്‌ ഞെട്ടിത്തരിച്ചു പോയി. വിനോദ് തന്‍റെ ആത്മാര്‍ത്ഥ സുഹൃത്താണെന്നും, അയാള്‍ ഉടനെ നാട്ടില്‍ വരുന്നുണ്ട് – തിരികെ വരുമ്പോള്‍ വീട്ടില്‍ വരുമെന്നും മുജീബ്‌ സുഹ്രയോട് കള്ളം പറഞ്ഞു. അന്ന് തന്നെ കടം വാങ്ങി വിനോദ് ആവശ്യപ്പെട്ട പണം അയാള്‍ കൊടുത്തു. കഴിഞ്ഞ തവണ “ഇത് അവസാനത്തെ തവണയാണെന്ന്” മുജീബ്‌ അയാളെക്കൊണ്ട് സത്യം ചെയ്യിച്ചതാണ്. പക്ഷെ വീണ്ടും ഒരാഴ്ചക്കകം നെറികെട്ടവന്‍ പണത്തിനു വേണ്ടി വിളിച്ചിരിക്കുന്നു. ഇനിയും കടം വാങ്ങാന്‍ ഒരു സുഹൃത്ത്‌ പോലും അവശേഷിച്ചിട്ടില്ല.

ഈ മരുക്കാട്ടില്‍ വന്നിട്ട് അഞ്ചു വര്‍ഷങ്ങള്‍ തികയുന്നു. ഇതേവരെ ഒരു മനുഷ്യനെക്കൊണ്ട് പോലും മോശം അഭിപ്രായം പറയിക്കാന്‍ അവസരം കൊടുത്തിട്ടില്ല. അങ്ങനെയുള്ള തനിക്ക് ദൈവം കരുതി വച്ച സമ്മാനം കൊള്ളാം. ഇനിയും ഈ മാനക്കേട് സഹിക്കാന്‍ വയ്യ. ഇന്നിതിനു ഒരു അവസാനം ഉണ്ടാക്കിയേ തീരൂ.

മുജീബ്‌ വിനോദിന്‍റെ ഫ്ലാറ്റില്‍ മുട്ടി വിളിക്കുമ്പോള്‍ സമയം എഴായിരുന്നു. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വച്ചിരുന്നതിനാല്‍ ഇതുവരെ അവന്‍റെ കോള്‍ വന്നിട്ടില്ല. പ്രതീക്ഷിച്ചത് പോലെ ശ്രീജ വാതില്‍ തുറന്നു.

“വിനോദ് ഇല്ലേ?”

മുജീബ്‌ ചോദിച്ചു.

“ഇല്ല, ചേട്ടന്‍ വരുന്ന സമയം ആകുന്നതേയുള്ളൂ. വരൂ”

വാതില്‍ മലര്‍ക്കെ തുറന്നു കൊണ്ട് ശ്രീജ നിറഞ്ഞ പുഞ്ചിരിയോടെ മുജീബിനെ സ്വാഗതം ചെയ്തു. താന്‍ പ്രതീക്ഷിച്ചത് പോലെയുള്ള യാതൊരു ഭാവമാറ്റമോ അമ്പരപ്പോ ശ്രീജയുടെ മുഖത്ത് കാണാന്‍ കഴിയാതിരുന്നത് മുജീബിനെ തെല്ലൊന്നു അമ്പരപ്പിച്ചു. തന്നെ കാണുമ്പോള്‍ ശ്രീജ ഞെട്ടുന്നതും , പതര്‍ച്ചയോടെ വാതില്‍ വലിച്ചടക്കുന്നതും ഒക്കെ പ്രതീക്ഷിച്ചു ബലമായി വാതില്‍ തുറന്നു അകത്ത് കയറാന്‍ തയ്യാറായി ആണ് അയാള്‍ നിന്നിരുന്നത്.

“ഇരിക്കൂ, കുടിക്കാന്‍ ചായ എടുത്താലോ”

ശ്രീജ ചോദിച്ചു.

“ചായ വേണ്ട , എനിക്കൊരു ഗ്ലാഡ് വെള്ളം മതി”

ശ്രീജ അടുക്കളയിലേക്കു പോയി. മുജീബ്‌ പോക്കറ്റില്‍ നിന്നും ഒരു മടക്കുകത്തി പുറത്തെടുത്തു നിവര്‍ത്തി. അടുക്കളയിലേക്ക് നടന്നു ചെന്നു. അയാള്‍ക്ക്‌ പുറം തിരിഞ്ഞു നിന്നു ജഗ്ഗില്‍ നിന്നു വെള്ളം ഗ്ലാസില്‍ പകരുകയാണ് ശ്രീജ.

“ഇനി അതില്‍ ഒന്നും ചേര്‍ക്കേണ്ട ആവശ്യം ഇല്ലായിരിക്കും അല്ലെ ?”

തൊട്ടു പിന്നില്‍ മുജീബിന്‍റെ ശബ്ദം കേട്ട് ശ്രീജ ഞെടിത്തിരിഞ്ഞു. ചില്ലുഗ്ലാസ്‌ വെള്ളത്തോടെ കയ്യില്‍ നിന്നു താഴെ വീണുടഞ്ഞു. കയ്യില്‍ കത്തിയുമായി തന്‍റെ നേര്‍ക്ക്‌ വരുന്ന മുജീബിനു നേരെ അമ്പരപ്പ് നിറഞ്ഞ നോട്ടത്തോടെ ശ്രീജ പിന്നോട്ട് നടന്ന്‍ അടുക്കളയിലെ അരക്കൊപ്പം ഉയരമുള്ള കൊണ്ക്രീറ്റ്‌ സ്ലാബില്‍ ചാരി നിന്ന് വിറച്ചു.
“എന്താണിത് – എന്നെ ഒന്നും ചെയ്യരുത് പ്ലീസ്‌”

ശ്രീജ യാചിച്ചു.

“നീയും നിന്‍റെ ഭര്‍ത്താവും കൂടി എന്‍റെ ജീവിതം കുട്ടിച്ചോറാക്കിയതോ ? ശരിക്കും അവന്‍ നിന്‍റെ ഭര്‍ത്താവ് തന്നെയാണോടീ ”

ശ്രീജയുടെ കരച്ചിലും, എതിര്‍പ്പും വകവെക്കാതെ മുജീബിന്‍റെ കത്തി പലതവണ ശ്രീജയുടെ ശരീരത്തില്‍ ഉയര്‍ന്നു താണു. ഉന്മാദം ബാധിച്ചവനെപ്പോലെ അലറിക്കൊണ്ട് മുജീബ്‌ പലതവണ അവളെ കുത്തി. താഴെ വീണു കിടന്നു പിടയുന്ന അവളുടെ നേരെ കാറിതുപ്പിയ ശേഷം കത്തി അവളുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അവന്‍ അലറി

“നിന്‍റെ കെട്ടിയവന്‍ വരുമ്പോള്‍ ഇത് കൂടി അവനു കൊടുത്തേക്ക്”

പിന്നെ മുജീബ്‌ ആ ഫ്ലാറ്റില്‍ നിന്നു പുറത്തിറങ്ങി നടന്നു. ഷര്‍ട്ടില്‍ രക്തക്കറയുമായി നടന്നു നീങ്ങുന്ന മുജീബിനെ കണ്ടു ആളുകള്‍ ഭയത്തോടെ വഴിയില്‍ നിന്നു ഓടി മാറിക്കൊണ്ടിരുന്നു. വേഗത്തില്‍ നടന്നു റൂമില്‍ എത്തിയ അയാള്‍ ശക്തമായി കതകു വലിച്ചടച്ചു.

രാത്രി എട്ടുമണിയോടെ മുജീബിന്‍റെ റൂമിനു മുന്നില്‍ പോലീസ്‌ എത്തി. തടിച്ചു കൂടിയ ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റിക്കൊണ്ട് പോലീസുകാര്‍ വാതിലില്‍ മുട്ടിയും കോളിംഗ് ബെല്‍ തുടര്‍ച്ചയായി അടിച്ചും വാതില്‍ തുറക്കാന്‍ ആക്രോശിച്ചു കൊണ്ടിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും മുജീബ്‌ വാതില്‍ തുറക്കുന്നില്ലെന്ന് കണ്ടപ്പോള്‍ വാതില്‍ ബലമായി തുറക്കാന്‍ തീരുമാനിച്ചു. വാതില്‍ പൊളിച്ച് അകത്ത് കയറിയ പോലീസുകാരെ എതിരേറ്റത് കയറില്‍ തൂങ്ങിയ മുജീബിന്‍റെ ചേതനയറ്റ ശരീരം ആയിരുന്നു. മുറി പരിശോധിച്ച പോലീസിനു ഒരു കത്തും, “കാദര്‍ക്കക്ക് കൊടുക്കാന്‍” എന്നെഴുതിയ അയ്യായിരം ദിര്‍ഹത്തില്‍ പൊതിഞ്ഞു വച്ച ഒരു കുറിപ്പും കിട്ടി.

സുഹ്രക്കും, ആല്‍ഫിമോള്‍ക്കും അഡ്രസ്‌ ചെയ്തിരുന്ന ആ കത്തിലെ ഉള്ളടക്കം ഇത്ര മാത്രം ആയിരുന്നു

“ഞാന്‍ പോകുന്നു, എനിക്ക് വേറെ നിവൃത്തിഇല്ലായിരുന്നു. ഇനിയും അപമാനം സഹിച്ചു ജീവിക്കാന്‍ എനിക്ക് വയ്യ മോളെ , എന്നോട് ക്ഷമിക്കണം”

വിനോദിനെ മാറി മാറി ചോദ്യം ചെയ്തിട്ടും അയാളുടെ ഭാര്യ ശ്രീജയെ മുജീബ്‌ കൊലപ്പെടുത്താന്‍ ഉള്ള കാരണം കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. ഒടുവില്‍ മുജീബും ശ്രീജയും തമ്മില്‍ എന്തോ അവിഹിത ബന്ധം ഉണ്ടായിരുന്നിരിക്കാം എന്നുള്ള നിഗമനത്തില്‍ ദുരൂഹമായ കൊലപാതകങ്ങളുടെ പട്ടികയിലേക്ക് ശ്രീജയുടെ കൊലപാതകവും, മുജീബിന്‍റെ ആത്മഹത്യയും സ്ഥാനം പിടിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ എല്ലാം അവസാനിച്ചപ്പോള്‍ എന്നെന്നേക്കുമായി നാട്ടിലേക്ക് പോകാനുള്ള വിനോദിന്‍റെ അപേക്ഷ അധികൃതര്‍ അംഗീകരിച്ചു. രണ്ടാഴ്ചകള്‍ക്ക് ശേഷം വിനോദ് നാട്ടിലേക്ക് പോയി.

നാട്ടിലെത്തിയ വിനോദ് പിറ്റേന്ന് തന്നെ പോയത് മുജീബിന്‍റെ നാടായ കോഴിക്കോട്ടെക്കായിരുന്നു. അവിടെ ചെന്നു മുജീബ്‌ എന്ന ചെറുപ്പക്കാരന്‍റെ വീട് കണ്ടു പിടിക്കാന്‍ അയാള്‍ക്ക്‌ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം ഗള്‍ഫില്‍ വച്ച് ഒരു യുവതിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത മുജീബിനെ അറിയാത്ത ആരും ആ നാട്ടില്‍ ഉണ്ടായിരുന്നില്ല.

വിനോദ് ചെന്നു കയറുമ്പോള്‍ ഒരു മരണവീടിന്‍റെ എല്ലാ ഭാവങ്ങളോടെയും ഉറക്കത്തിലായിരുന്നു ആ വീടും പരിസരവും. ഇടയ്ക്കിടെ ആല്‍ഫിമോളുടെ നിഷ്കളങ്കതയില്‍ നിന്നുയരുന്ന കളിചിരികള്‍. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ സുഹറ അയാളെ എതിരേറ്റു. ഗള്‍ഫില്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്താണെന്നും, പേര് വിനോദ് എന്നാണെന്നും പറഞ്ഞപ്പോള്‍ സുഹറ പരിസരം മറന്നു പൊട്ടിക്കരഞ്ഞു

“എന്താ എന്‍റെ ഇക്കക്ക് പറ്റിയത്. എന്‍റെ ഇക്കക്ക് ആരെയും കൊല്ലാന്‍ കഴിയില്ല. എന്തിനാ എന്‍റെ ഇക്ക മരിച്ചത് ?”

അലമുറയിടുന്ന സുഹറയുടെ വാക്കുകള്‍ക്കു മുന്നില്‍ മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ അടുത്തിരുന്ന ആല്‍ഫി മോളുടെ മുടിയിഴകളിലൂടെ കൈയ്യോടിച്ചു കൊണ്ട് വിനോദ് അവിടെ നിന്നു ഇറങ്ങി നടന്നു. ചിന്തകള്‍ അയാളുടെ സ്മൃതിപഥത്തിലേക്ക് ഇരമ്പി വന്നു.

ദുബായിയില്‍ ഒരു പ്രൈവറ്റ്‌ കമ്പനിയില്‍ സെയില്‍സ്‌എക്സിക്യൂട്ടീവ്‌ ആയി ജോലി നോക്കുമ്പോള്‍ ആണ് ശ്രീജയെ വിവാഹം ചെയ്ത് അവിടേക്ക് കൊണ്ടുവന്നത്. സന്തുഷ്ടകരമായ രീതിയില്‍ ജീവിതം മുന്നോട്ടു പോകുമ്പോള്‍ ആണ് പൊടുന്നനെ വെള്ളിടി പോലെ ആ വാര്‍ത്ത വന്നത് – ദുബായിയെ പിടിച്ചു കുലുക്കിയ സാമ്പത്തിക പ്രതിസന്ധി മൂലം ഉണ്ടായിരുന്ന ജോലി നഷ്ടമാകുമെന്ന്‍. മൂന്നു മാസത്തിനകം മറ്റൊരു കമ്പനിയില്‍ സ്വയം ജോലി കണ്ടെത്താന്‍ കഴിഞ്ഞാല്‍ സ്പോണ്സര്‍ഷിപ്പ് ചേഞ്ച് ചെയ്തു തരാം എന്നുള്ള ഒരു ആനുകൂല്യം കമ്പനി അയാള്‍ക്ക്‌ നല്‍കിയിരുന്നു. എന്നാല്‍ കഠിനമായി പരിശ്രമിച്ചിട്ടും, പരിചയമുള്ള വാതിലുകള്‍ എല്ലാം തേടി ഒരു മാസത്തോളം അലഞ്ഞിട്ടും മറ്റൊരു ജോലി കണ്ടെത്താന്‍ വിനോദിന് സാധിച്ചില്ല.

ദിവസച്ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടായിത്തുടങ്ങി. ഫ്ലാറ്റിന്‍റെ മൂന്നു മാസത്തെ വാടക അഡ്വാന്‍സ്‌ കൊടുക്കേണ്ട കാലാവധി കഴിഞ്ഞപ്പോള്‍ ഫ്ലാറ്റ്‌ ഒഴിഞ്ഞു കൊടുക്കാന്‍ പറഞ്ഞ് ഉടമസ്ഥന്‍ ദിവസേനയെന്നോണം ഫോണില്‍ വിളിക്കാന്‍ തുടങ്ങി. ഒടുവില്‍ അവര്‍ പറഞ്ഞ അവാസത്തെ കാലാവധിയും തീരാറായപ്പോള്‍ ഗതികേട് കൊണ്ട് പ്ലാന്‍ ചെയ്ത ഒരു പദ്ധതിയായിരുന്നു അത്. പറ്റിയ ഒരു ഇരയെ തേടി ഏകദേശം ഒരാഴ്ചയോളം ആ ഷോപ്പിംഗ് മാളില്‍ അലഞ്ഞ ശേഷമാണ് ആ വെള്ളിയാഴ്ച മുജീബിന്‍റെ പോക്കറ്റില്‍ നിന്നു പേര്‍സു താഴെ വീഴുന്നത് കണ്ടതും, നേരത്തെ ആലോചിച്ചുറപ്പിരുന്ന പദ്ധതി അനുസരിച്ച് അയാളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയതും. ശ്രീജ അറിയാതെ മുജീബിന് കൊടുത്ത ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി. ബോധം നഷ്ടപ്പെട്ടു ഫ്ലാറ്റില്‍ ഉറങ്ങിക്കിടന്ന മുജീബിനെ അവിടെ വിട്ടു ശ്രീജയെ നേരത്തെ പ്ലാന്‍ ചെയ്തിരുന്നത് പോലെ സിനിമക്കും, റെസ്റ്റോറന്‍റിലുമൊക്കെ കൂട്ടിക്കൊണ്ടു പോയി., അതിനു ശേഷം ശ്രീജയുമായി ഉണ്ടായി എന്ന് പറയുന്ന ബന്ധത്തിന്‍റെ ഇല്ലാത്ത വീഡിയോയുടെ കാര്യം പറഞ്ഞ് മുജീബില്‍ നിന്നു പണം തട്ടി. പക്ഷെ കാര്യങ്ങള്‍ ഇത്രക്ക് കൈവിട്ടു പോകും എന്ന് വിനോദ് കരുതിയിരുന്നില്ല. ഒന്നോ രണ്ടോ തവണ ഭീഷണിപ്പെടുത്തി പണം വാങ്ങിയ ശേഷം വിട്ടേക്കാം എന്നാണു വിചാരിച്ചിരുന്നത്, എന്നാല്‍ മുജീബിന്‍റെ ഭയവും, ദുര്‍ബല മനസ്സും കണ്ടപ്പോള്‍ ഒരുതവണ കൂടി അയാളെ മുതലെടുക്കാം എന്ന് കരുതിയിടത്താണ് തനിക്ക് തെറ്റിയത്.

പാവം ശ്രീജ – അവള്‍ ഇതൊന്നും തന്നെ അറിഞ്ഞതല്ല. ഒരര്‍ഥത്തില്‍ താന്‍ ചതിച്ചത് അവളെയും തന്നെയും കൂടിയല്ലേ ?

ജീവിതത്തിന്‍റെ കയ്പ്പുള്ള ഏടുകള്‍ ജീവിച്ചു തീര്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്ന സ്വപ്‌നങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ചിറകുമുളച്ചു പറക്കുവാന്‍ മാത്രം വിധിക്കപ്പെട്ടതായിരിക്കാം. ഈ ആയുസ് മുഴുവന്‍ എങ്ങനെയൊക്കെ ജീവിച്ചു തീര്‍ത്താലും , എന്തൊക്കെ പ്രായശ്ചിത്തങ്ങള്‍ ചെയ്താലും ചെയ്തു കൂട്ടിയ തെറ്റുകളും കറവീണ ഹൃദയവും തനിക്ക് ഒരിക്കലും ശാന്തി നല്‍കില്ല.

സന്ധ്യയുടെ വിളറിയ കിരണങ്ങളെ ഇരുളിന്‍റെ പുതപ്പിനടിയിലാക്കി നിശ കടന്നു വന്നു. ഇരു വശത്തും സമാന്തരമായി നീണ്ടു കിടക്കുന്ന റെയില്‍ പാളത്തിന്‍റെ മധ്യത്തിലൂടെ വിനോദ് നടന്നു. മനസ്സില്‍ ആകുലതകള്‍ ഇല്ല. കുറ്റബോധം ഇല്ല. വരാനിരിക്കുന്ന വെല്ലുവിളികളുടെ വീര്‍പ്പുമുട്ടലുകളില്ല , അന്ത്യത്തിലെക്കടുക്കുമ്പോള്‍ ഉള്ള നിര്‍വ്വികാരത മാത്രം.

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates