Ind disable
 

സമര്‍പ്പണം - എന്‍റെ സഹോദരിക്ക്.



എന്നെ ഭയപ്പെടുത്തിയത്
നിന്‍റെ കവിതകളിലെ ഭ്രാന്തമായ തീവ്രതയായിരുന്നു
കടിഞ്ഞാണില്ലാത്ത നിന്‍ ചിന്തകള്‍ മൂര്‍ച്ചയുള്ള വാക്കുകളായി
എന്‍മുന്നിലെങ്ങും തകര്‍ന്നു വീഴവേ
അവയുടെ തിളങ്ങുന്ന അഗ്രങ്ങള്‍ പലപ്പോഴും
എന്‍റെ കണ്ണുകളില്‍ നിണം പൊടിയിച്ചു.
ആവേശം മുറ്റിയ മനസ്സുമായ്‌
അനന്തതയിലേക്ക് നിന്‍റെ മനസ്സ് പിടിവിട്ടു പാഞ്ഞപ്പോള്‍
കാഴ്ച്ചക്കാരനായ്‌ നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

എന്‍റെ സ്വന്തനങ്ങള്‍ നീ ചെവിക്കൊണ്ടില്ല
നിനക്ക് ഭ്രാന്തമായ വേഗതയുടെ ഹരമായിരുന്നു
നിന്‍റെ പ്രയാണം പതുക്കെയാക്കാന്‍ നിന്‍റെ
ചിന്തകള്‍ക്ക് വിരാമം കുറിക്കണമെന്ന് ഞാന്‍ അറിഞ്ഞു
നിനക്ക് എന്നെ ജീവനായിരുന്നെന്നറിഞ്ഞ്
ശ്രദ്ധ തിരിക്കാന്‍ മനപൂര്‍വ്വം നിന്നില്‍ നിന്നകന്നു
ഒരു ചീത്ത സ്വപ്നമായ്‌ വിലയിരുത്തുമ്പോഴും
നമുക്കിടയില്‍ ഒരു നേര്‍ത്ത വല വീണതറിയുമ്പോഴും
എന്‍റെ മനസ്സില്‍ നിന്നോടുള്ളത്
കറ തീര്‍ന്ന സ്നേഹം മാത്രമാണെന്ന സത്യം
ഇനിയും നീ മനസ്സിലാക്കണമെന്ന് ഞാന്‍ കൊതിക്കുന്നു

ആര്‍ക്കും മനസ്സിലാവാത്ത-
വാക്കുകള്‍ കൊണ്ട് വിവരിക്കനാകാത്തോരാത്മബന്ധം
എന്‍റെ മനോഗതങ്ങളില്‍
നീ കടന്നു വരാത്ത നിമിഷങ്ങള്‍ എത്ര വിരളം
നിന്‍റെ മന്ദസ്മിതം
സ്വപ്നം കണ്ടുണരാത്ത പകലുകള്‍ എത്ര അപൂര്‍ണ്ണം
എന്നാല്‍ ഇന്ന് നീ - ഇപ്പോഴും സ്നേഹിക്കുന്നുവെന്ന് പറയുമ്പോളും
ഒരു ചാണ്‍ അകന്നു നിന്ന്
വാക്കുകളുടെ ഉറവ വറ്റിപ്പോയെന്നു പരിതപിക്കുമ്പോഴും
തകരുന്നത് എന്‍റെ ഹൃദയമാണ്.

ഉടഞ്ഞു പോയ ഒരു മണ്‍ചെരാത് പോലെ
തകര്‍ന്ന കഷണങ്ങളായ്
നീ എന്‍റെ മനോമുകുരത്തില്‍ ചിതറിക്കിടക്കുമ്പോള്‍
നിന്നെ കൂട്ടിച്ചേര്‍ത്തു പഴയ പോലൊരു ശലഭമാക്കുവാന്‍
നിനക്ക് നല്‍കാന്‍ - എന്‍റെ കയ്യില്‍ സ്നേഹരക്തമിറ്റ് വീഴുന്നൊരു
ഹൃദയമല്ലാതെയോന്നും തന്നെയില്ല സോദരീ....

3 comments:

നീലക്കുറിഞ്ഞി said...

കറയറ്റ സഹോദരസ്നേഹം വായിച്ചനുഭവിക്കുന്നു ഞാന്‍ ..സ്നേഹത്തിനു പകരം വെക്കാന്‍ സ്നേഹമല്ലാതെ മറ്റൊന്നുമില്ല താനും .ജീവിത പാച്ചിലിനിടയില്‍ എപ്പോഴൊ കണ്ണി വിട്ട ബന്ധം ..കണ്ണകന്നാല്‍ കരളകന്നെതൊരു പഴഞ്ചൊല്ലു മാത്രം ..കളങ്കമില്ലാത്ത സ്നേഹം എത്ര കാതമകലത്തിരുന്നാലും എത്ര കാലമകന്നിരുന്നാലും അഗ്നിയില്‍ സ്ഫുടപെട്ടതു പോലെ തിളങ്ങി കൊണ്ടേയിരിക്കും ..നല്ല വരികള്‍ പങ്കു വെച്ചതിനു ഒരു പാട് നന്ദി അറിയിക്കുന്നു ഷിഹാബ്..

Palavattam said...

വിലപ്പെട്ട അഭിപ്രായത്തിന് ഒരുപാട് നന്ദി സാജിദത്താ......:)

കൊമ്പന്‍ said...

നല്ല വരികള്‍ ഒഴുക്കോടെ വായിച്ചു

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates