Ind disable
 

സ്വപ്നങ്ങള്‍ക്ക് പറയുവാനുള്ളത് ! - ഒന്നാം ഭാഗം

വീട്ടില്‍ വന്നു കയറുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. പാത്തികളിലൂടെ കുത്തിയൊലിച്ചു മുറ്റത്തെ തെങ്ങിന്‍ചുവട്ടില്‍ ശക്തിയോടെ വന്നുവീഴുന്ന തുലാവര്‍ഷപ്പാച്ചില്‍.

അന്ന് വീടുവിട്ടിറങ്ങിയതും ഇതുപോലൊരു കോരിച്ചൊരിയുന്ന മഴയത്തായിരുന്നു - സന്ധ്യ ഓര്‍ത്തു. ഇതുപോലെയൊരു സന്ധ്യക്ക്‌, ഇറയത്ത്‌, കിടപ്പുമുറിയില്‍ നിന്നച്ഛന്‍റെയാ വിട്ടുമാറാത്ത ചുമ കേള്‍ക്കുന്നുണ്ടോയെന്നു ചെവി വട്ടം പിടിച്ചു ശ്രദ്ധിച്ച് മടിച്ചുമടിച്ചൊരു നിമിഷം നിന്നശേഷം അച്ഛന്‍റെ ചാരുകസേരയില്‍ തൊട്ടനുഗ്രഹം തേടി ലക്ഷ്യമില്ലാത്തൊരിറങ്ങിപ്പോക്ക് - അച്ഛന്‍റെ ചുമയൊരുപക്ഷെ മഴയുടെ ഹുങ്കാരത്തില്‍ മുങ്ങിപ്പോയതായിരിക്കാം.

കോളിംഗ് ബെല്ലടിച്ചു കാത്തു നില്‍ക്കുമ്പോള്‍ തളത്തില്‍ നിന്ന് നടന്നടുക്കുന്ന അമ്മയുടെ കാല്‍പ്പെരുമാറ്റം കേട്ടു. കണ്ണുകളടച്ചുപിടിച്ച് പാദ സ്പന്ദനങ്ങള്‍ അളന്നു നോക്കി മനസ്സില്‍ പതിഞ്ഞവയുമായി താരതമ്യം ചെയ്യാനൊരു ശ്രമം നടത്തി നോക്കി , അമ്മയുടെ നടത്തത്തിന് പണ്ടത്തേതില്‍ നിന്നോരല്‍പ്പം തിടുക്കം കൂടിയിട്ടുണ്ടോ ?.

"ആരാ അത് ?"


കട്ടിച്ചില്ലുള്ള കണ്ണട ഊരിമാറ്റാതെ തന്നെ അമ്മ ചോദിച്ചു. രാമായണം വായിക്കുകയായിരുന്നിരിക്കണം. അമ്മക്ക് ഷോര്‍ട്ട് സൈറ്റാണ്, അകലെയുള്ളത് വ്യക്തമായി കാണാന്‍ കണ്ണട ഊരി നോക്കണമെന്ന് എത്ര പറഞ്ഞാലും അമ്മ ഓര്‍ത്തിരിക്കില്ല.

"ആ നീയോ, എന്തിനാ ഇവിടെത്തന്നെ നിന്ന് കളഞ്ഞേ, ചാറ്റല്‍ അടിക്കുന്നത് കണ്ടില്ലേ?" കണ്ണടയൂരി ഉടുത്തിരുന്ന മുണ്ടിന്‍റെ കോന്തലയില്‍ തുടച്ചുകൊണ്ട് അമ്മ ചോദിച്ചു.

"ഹേയ്, ഞാന്‍ മഴ കാണുവായിരുന്നു"

"മഴ കാണെ, അതെന്താ ബാംഗ്ലൂര്‍ ...... " അമ്മ പൂര്‍ത്തിയാക്കാതെ തൊട്ടടുത്തു വന്ന് നെറുകയില്‍ കൈത്തലം വച്ച് പരിശോധിച്ചശേഷം തോര്‍ത്തെടുക്കാനുള്ള തിടുക്കത്തോടെ അകത്തേക്ക് നടന്നു.

അകത്തു സ്വീകരണമുറിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ടീവിയില്‍ ഏതോ മലയാളം സീരിയല്‍.

"അമ്മ രാമായണം വായിക്കുകയാവൂന്നാ ഞാന്‍ കരുതീത്" തലതോര്‍ത്തുന്ന അമ്മക്ക് ചാരെ ഒരു കൊച്ചു കുഞ്ഞായി മാറി കുനിഞ്ഞ് നിന്നു കൊടുത്തു കൊണ്ട് അവളത് പറയുമ്പോള്‍ അമ്മ ചിരിച്ചു. അമ്മയുടെ ചിരിക്കൊരു മാറ്റവും വന്നിട്ടില്ല - അവളോര്‍ത്തു.

"ഇതിനു മുന്നേ ഒരു ജോലിക്കാരി നിന്നാരുന്നു - എന്താ അവള്‍ടെ പേര് - ആ സുനന്ദ, ആ, അവളിതു സ്ഥിരമായി കാണുമായിരുന്നു - ഈ സീരിയലെ. അങ്ങനെ കൂടെയിരുന്നു കണ്ടു കണ്ട് ഒരു ശീലായി. സമയം പോയിക്കിട്ടണ്ടേ കുട്ടീ " അമ്മയുടെ സംസാരം കേട്ട് അവളും ചിരിച്ചു.

"നെന്‍റെ മുറിടെ അവസ്ഥ എന്താന്നറീല, എന്നെക്കൊണ്ടാവണ പോലൊക്കെ വൃത്തിയാക്കിട്ടുണ്ട്. ജോലിക്കൊരുത്തിയെ കിട്ടണ്ടേ"

പിറുപിറുത്തുകൊണ്ട് അമ്മ അവളുടെ മുറിയിലേക്ക് നടന്നു.

ബാഗെടുത്തു നിവര്‍ന്നപ്പോള്‍ ഭിത്തിയില്‍ മാലയിട്ട അച്ഛന്‍റെ ഫോട്ടോ. ഫോട്ടോയില്‍ അച്ഛന്‍റെ പതിവ് ഗാംഭീര്യമില്ല, കാണാനിഷ്ടപ്പെടാത്ത ഒരുതരം നിസ്സഹായത - അവള്‍ക്ക് തെല്ലുകുറ്റബോധം തോന്നി. ഒറിജിനലാണെന്ന് തോന്നിപ്പിക്കുന്ന, പ്ലാസ്റ്റിക് മാല ചാര്‍ത്തിയ ചിത്രത്തിനു മുന്നില്‍ മിന്നിത്തെളിയുന്ന, ദീപനാളത്തെ അനുസ്മരിപ്പിക്കുന്ന ഇലക്ട്രിക് ബള്‍ബ്. "അമ്മ ഒരുപാട് മാറിപ്പോയിരിക്കുന്നു" മുറിയിലേക്ക് നടക്കുമ്പോള്‍ അവള്‍ മനസ്സിലോര്‍ത്തു.

മഴയൊന്നു തോര്‍ന്നപ്പോള്‍ തൊടിയിലേക്കിറങ്ങി. തൊടിക്ക് അന്നും ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ല. തെക്കെപ്പറമ്പിലേക്ക് തുറക്കുന്ന പൊളിഞ്ഞ മതിലിനു മീതെ കാടുപിടിച്ച് കിടന്നിരുന്ന വള്ളിപ്പടര്‍പ്പുകള്‍ ഒന്നുകൂടി പുഷ്ടിപ്പെട്ടിട്ടുണ്ട്.

'പണ്ടത്തെപ്പോലെ ഞൊട്ടാഞൊടിയന്‍ കാണുമായിരിക്കും' മതിലിന്നടുത്തെക്ക് നടക്കുമ്പോള്‍ ദൂരെ നിന്ന് അമ്മയുടെ വിളി കേട്ടു.

"സന്ധ്യ നേരത്താ പുല്ലിലും പടര്‍പ്പിലുമൊക്കെ നടക്കുന്നെ ? വല്ല ഇഴജന്തുക്കളും കാണും. കഴിഞ്ഞയാഴ്ചയാ ആ ദാമോദരന്‍റെ ചെക്കനെ വിഷം തീണ്ടിയെ, കളിക്കിടെ പന്തെടുക്കാന്‍ പോയതാരുന്നു. ആശൂത്രിലെത്തിച്ചപ്പോഴേക്കും തീര്‍ന്നു"

മനസ്സില്ലാ മനസ്സോടെ തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു 'അതിനും വേണംമ്മേ ഒരു യോഗം'.

അമ്മ കേള്‍ക്കണ്ട, പണ്ടായിരുന്നെകില്‍ അമ്മ 'നാരായണ നാരായണ' എന്ന് ജപിക്കുമായിരുന്നു, ഇന്ന് ചിലപ്പോള്‍ ന്യൂജനറേഷന്‍ സീരിയല്‍ ദൈവങ്ങളെ വിളിക്കുമായിരിക്കും.

(തുടരും)

രണ്ടാം ഭാഗം - http://palavattam.blogspot.com/2014/07/blog-post_20.html

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates