Ind disable
 

ഒരു നഷ്ടപ്രണയത്തിന്‍റെ കഥ




1997 -98 കാലഘട്ടം – ഞാന്‍ തിരുവനന്തപുരത്തു ജോലി ചെയ്യുന്ന സമയം.
തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് റൂട്ടില്‍ ഉള്ള അമ്പലമുക്ക് എന്ന സ്ഥലത്താണ് ഞാനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് വലിയ ഒരു വീടിന്‍റെ രണ്ടാമത്തെ നിലയില്‍ വാടകക്ക് താമസിച്ചിരുന്നത്. അന്നൊരു ഞായറാഴ്ചയായിരുന്നു, പതിവ് പോലെ സുഹൃത്തുക്കള്‍ രണ്ടുപേരും വാരാന്ത്യത്തില്‍ അവരവരുടെ വീടുകളില്‍ പോയി. തൊട്ടുമുന്‍പിലത്തെ ആഴ്ച -രണ്ടാഴ്ചത്തെ അവധി കഴിഞ്ഞു വന്നതേയുള്ളൂ എന്നതിനാല്‍ – ഞാന്‍ ആ ആഴ്ച പോകേണ്ടന്ന്‍ തീരുമാനിച്ചിരുന്നു.

ഒമ്പതുമണിയോടെ ഉറക്കമുണര്‍ന്ന്  പത്രം വായിച്ചു കഴിഞ്ഞ് ബ്രേക്ക്‌ഫാസ്റ്റ്‌ ഉണ്ടാക്കികഴിച്ചു. പിന്നെ കുറെ നേരം ബാല്‍ക്കണിയില്‍ പോയി വിദൂരതയിലേക്ക് നോക്കി സ്വപ്നം കണ്ടിരുന്നു.
വല്ലാത്ത ബോര്‍ അടി. അപ്പോള്‍ തോന്നി – കുറെനാള്‍ ആയി കരുതുന്നു , വീടൊക്കെ ഒന്ന് അടിച്ചു തുടക്കണം. ബാച്ചലര്‍ ലൈഫിന്‍റെ സര്‍വ്വലക്ഷണങ്ങളും അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു – ഇനിയും അമാന്തിച്ചാല്‍ കാലിത്തോഴുത്തിനേക്കാള്‍ കഷ്ടമാകും അവസ്ഥ.


ഇമ്മാതിരി ജോലികള്‍ ചെയ്തു തുടങ്ങാന്‍ മടി ആണെങ്കിലും, തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഒരു പ്രത്യേക ആവേശമായിരിക്കും. ഉദ്ദേശിച്ചതിലും കൂടുതല്‍ കാര്യങ്ങള്‍, ഭംഗിയായി ചെയ്യും. അങ്ങനെയാണ് അടിച്ചു വാരി തുടക്കാന്‍ ഉദ്ദേശിച്ചത് അവസാനം കഴുകലില്‍ ചെന്നെത്തിയത്.

വിശാലമായി എല്ലാ മുറികളും കഴുകല്‍ ഒക്കെ കഴിഞ്ഞു തുടച്ചു കൊണ്ടിരിക്കെ എന്തോ എടുക്കാന്‍ അപ്പുറത്തെ റൂമിലേക്ക്‌ പോയതാണ് – മൊസൈക് തറയുടെ തിളക്കത്തില്‍ കാണാതെ കിടന്ന വെള്ളത്തില്‍ തെന്നി ഞാന്‍ അടുത്തുള്ള വാതില്‍പ്പടിയില്‍ കാല്‍മുട്ടിടിച്ചു വീണു.കുറെ നേരത്തേക്ക് വേദന സഹിക്കാന്‍ ആവാതെ അവിടത്തന്നെ കിടന്നു പോയി.അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരുവിധത്തില്‍ എഴുന്നേറ്റു.
നടക്കാന്‍ വയ്യാത്ത വിധത്തില്‍ കാല്‍മുട്ടിന് വല്ലാത്ത വേദന – ചെറുതായി നീരും വച്ചിട്ടുണ്ട്.

ഇനിയിപ്പോ ഈ അവസ്ഥയില്‍ ഉച്ചഭക്ഷണം ഒന്നും ഉണ്ടാക്കാന്‍ വയ്യ……ഒരുവിധത്തില്‍ ഡ്രസ്സ്‌ മാറി ഞൊണ്ടി ഞൊണ്ടി അടുത്തുള്ള ഹോട്ടലിലേക്ക് നടന്നു.ഫുഡ്‌ കഴിച്ചു കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന ചിന്ത ആയി.ഉച്ചഭക്ഷണത്തിന് ശേഷം ആയുര്‍വേദകോളേജിന്‍റെ അടുത്തുള്ള പഴയ ലോഡ്ജിലെ ഫ്രണ്ട്സിന്‍റെ അടുത്ത് പോകാന്‍ തീരുമാനിച്ചിരുന്നതാണ്,ഇനിയിപ്പോ ഈ നടക്കാന്‍ പറ്റാത്ത കാലുംവച്ച് ബൈക്കൊടിച്ചു പോകാന്‍ വയ്യ. പിന്നെ എങ്ങനെ സമയം കളഞ്ഞെടുക്കും എന്നായി ചിന്ത.

അമ്പലമുക്ക് ജംഗ്ഷനില്‍ ഒരു ഇന്‍റര്‍നെറ്റ്‌ കഫെ ഉണ്ട് – അവിടെ പോയി ഇരിക്കാന്‍ തീരുമാനിച്ചു – സമയം കളയണമല്ലോ ?അവിടെ ഇടയ്ക്കിടെ പോകുന്നത് കൊണ്ട് കഫെ നടത്തുന്ന എക്സ്-സര്‍ക്കാര്‍ ജീവനക്കാരന്‍ ആയിരുന്ന ഉടമസ്ഥനുമായി നല്ല പരിചയം ആണ്.എന്‍റെ അവസ്ഥ കണ്ടപ്പോള്‍ മൂപ്പര്‍ അല്‍പ്പം വലിപ്പം ഒക്കെ ഉള്ള – കാലൊക്കെ നീട്ടി വച്ച് ഇരിക്കാന്‍ പറ്റുന്ന – ഒരു ക്യാബിന്‍ തന്നു.അന്ന് ഫേസ്ബുക്കും, ഓര്‍ക്കുട്ടും ഒന്നും ഇറങ്ങിയിട്ടില്ലല്ലോ , പതിവ് പോലെ യാഹൂ മെസ്സെഞ്ചര്‍ തുറന്നു.
പതിവ് പോലെ “ഏഷ്യ > ചൈന” റൂമില്‍ കയറി.അതില്‍ കയറുവാന്‍ കാരണം ഉണ്ട്. മറ്റേതു റൂമില്‍ കയറിയാലും മൊത്തം ആണുങ്ങള്‍ ആയിരിക്കും.പിന്നെ ഇന്നത്തെ പോലെ അന്നും ഉണ്ട് ഞരമ്പ്‌രോഗികളായ ഫെക്കുകള്‍.

ചൈന റൂമില്‍ താരതമ്യേന പെണ്ണുങ്ങള്‍ കൂടുതല്‍ ആണ്.
ഫേക്കുകള്‍ കുറവും – പിന്നെ നമ്മോട് ചാറ്റ് ചെയ്യാന്‍ സമയക്കുറവോ, താല്‍പര്യക്കുറവോ ഉണ്ടെങ്കില്‍ അക്കാര്യം പറയാനുള്ള സൌമനസ്യവും ഭൂരിപക്ഷവും കാണിക്കും.പെരുമാറ്റവും താരതമ്യേന കൊള്ളാം.
ലിസ്റ്റില്‍ തിരഞ്ഞ് പെണ്ണാണെന്ന് തോന്നിയ ആദ്യം കണ്ട ഐഡി – പേര് “Winnie525eg” – ഒരു “ഹായ്‌” വിട്ടു , കൂട്ടത്തില്‍ ഒരു ചുവന്ന റോസാപ്പൂവും(അന്നൊക്കെ അത്തരം ഗിമ്മിക്കുകള്‍ ഒക്കെ അറിഞ്ഞിരിക്കുന്നത് വലിയ കാര്യമാണ് – കൂടെ താമസിക്കുന്ന ബിജു പഠിപ്പിച്ചു തന്നതാണ് – അവന്‍ ചാറ്റിങ്ങിന്‍റെ ആശാന്‍ ആണ്.)
പോയതിലും വേഗത്തില്‍ “ഹായ്‌” തിരിച്ചു വന്നത് കണ്ടപ്പോള്‍ കൌതുകമായി.

“ASL പ്ലീസ്‌” (അതിന്‍റെ പൂര്‍ണ്ണ രൂപം Age , Sex Location എന്നാണെന് കുറെ നാള്‍ കഴിഞ്ഞാണ് മനസിലാക്കിയത്)

ഉടന്‍ മറുപടി വന്നു : “24, fm, egypt”

എന്‍റെ കൌതുകം വര്‍ദ്ധിച്ചു. ഈജിപ്തുകാരിക്ക് ചൈനയില്‍ എന്ത് കാര്യം?
അക്കാര്യം ഞാന്‍ ചോദിച്ചു.

അപ്പോള്‍ മറുപടി ” ഞാന്‍ ചൈനക്കാരി ആണ് – നാട് ഷാങ്ങ്ഹായ്, ഈജിപ്തില്‍ ഒരു ടെക്സ്റ്റയില്‍ കമ്പനിയില്‍ എക്സ്പോട്ടിംഗ് മാനേജര്‍ ആയി വര്‍ക്ക് ചെയ്യുന്നു”

മാനേജര്‍ , ടെക്സ്റ്റയില്‍ കമ്പനി എന്നൊക്കെ കേട്ടപ്പോള്‍ അല്‍പ്പം ഒന്ന് കിടുങ്ങി.

അപ്പോള്‍ അവള്‍ എന്‍റെ “ASL” ചോദിച്ചുഞാന്‍ പറഞ്ഞു” 24,male,india”
ഉടനെ അവളുടെ മറുചോദ്യം “കേരള ?”

ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.ഈജിപ്തിലെ ചൈനകാരിക്ക് എങ്ങനെ കേരളത്തെ അറിയാം ? ആകാംക്ഷ അടക്കാന്‍ ആയില്ല – ചോദിച്ചു.

“ഞങ്ങളുടെ കമ്പനിയിലെ പ്രൊഡക്ഷന്‍ മാനേജര്‍ സുരേഷ് തൃശൂര്‍കാരന്‍ ആണ് !!! “ഓഹോ – വെറുതെയല്ല കാര്യം .

എന്തായാലും അതൊരു വല്ലാത്ത അടുപ്പമായി വളര്‍ന്നു. അങ്ങനത്തെ ഒരു തുടക്കം ആയിരുന്നല്ലോ. അവള്‍ക്ക് കമ്പനി സ്വന്തം ഫ്ലാറ്റും , കാറും, ഡ്രൈവറെയും ഒക്കെ കൊടുത്തിട്ടുണ്ടത്രേ. ചൈനയില്‍ അച്ഛന്‍ മാത്രമേ ഉള്ളൂ – അമ്മ ഒരു വര്‍ഷം മുന്‍പേ മരിച്ചു പോയി. അതിനെകുറിച്ച് ഏറെ വേദനയോടെ അവള്‍ സംസാരിച്ചു. അമ്മയെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞപ്പോള്‍ എനിക്കും ആ സങ്കടം ഉള്‍ക്കൊള്ളാന്‍ സാധിച്ചു. ആദ്യമായി കണ്ടുമുട്ടുന്ന രണ്ടു പേരെപ്പോലെയല്ല,  ഏകദേശം മൂന്ന് നാല്മണിക്കൂര്‍ ചാറ്റ് ചെയ്തു അന്ന് ഞങ്ങള്‍ പിരിഞ്ഞത്.
അടുത്ത ദിവസം കാല്‍ വേദന കാരണം ഞാന്‍ ലീവ് ആയിരുന്നു .അന്നും തലേന്നത്തെ അതെ സമയത്ത് ഞാന്‍ കഫേയില്‍ പോയി. അന്നും മൂന്നു മണിക്കൂറില്‍ അധികം ചാറ്റ് ചെയ്തു. പിന്നെ അതെന്‍റെ ദിനചര്യയുടെ ഭാഗം ആയി മാറി.തിരുവനന്തപുരത്ത് ഞങ്ങള്‍ക്ക് ഓഫീസ്‌ ഇല്ലായിരുന്നു, ഞാന്‍ കമ്പനിയുടെ റെസിഡന്‍റ് സര്‍വ്വീസ്‌ എന്‍ജിനീയര്‍ ആയിരുന്നു. അതുകൊണ്ട് കുറെയൊക്കെ എനിക്കെന്‍റെ സമയവും, സൌകര്യവും പോലെ ജോലി ചെയ്യാം. ആഴ്ചയില്‍ ഒരിക്കല്‍  കൊറിയറില്‍ അയക്കുന്ന റിപ്പോര്‍ട്ടും, ഫോണ്‍വിളിയും ആണ് ഞാനും കമ്പനിയും തമ്മില്‍ ഉള്ള ഏകബന്ധം.ഞാനും , ചൈനക്കാരിയും തമ്മിലുള്ള ബന്ധം വളരുന്നതിന് അതും ഏറെ സൌകര്യപ്രദമായി.

എന്നും രാവിലെ 11-00 മണിക്ക് (ഈജിപ്തില്‍ 8-30) ഓഫീസില്‍ എത്തിയ ഉടനെ അവള്‍ ഓണലൈന്‍ വരും.

പിന്നെ ഒരു രണ്ടു-മൂന്നു മണിക്കൂര്‍ ഞങ്ങള്‍ ചാറ്റ് ചെയ്യും. ചിലപ്പോള്‍ ഒക്കെ വൈകിട്ടു ജോലി കഴിഞ്ഞു വന്ന ശേഷവും, അവള്‍ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പും ഞങ്ങള്‍ ചാറ്റ് ചെയ്യും.

വ്യാഴാഴ്ച്ചകളെയും, വെള്ളിയാഴ്ച്ചകളെയും ഞാന്‍ വെറുത്തു – കാരണം അന്നവള്‍ക്ക് അവധിയാണ്.

അന്ന് ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ്കഫേയില്‍ ഇരിക്കാന്‍ മുപ്പതു-നാല്‍പ്പതു രൂപയാണ്. കിട്ടുന്ന ശമ്പളം മുഴുവന്‍ കഫേയില്‍ കൊടുക്കാനേ തികയൂ എന്ന അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തി.

“വിന്‍സ്‌” – (ശരിക്കുള്ളത് വായില്‍കൊള്ളാത്ത ഒരു ടിപ്പിക്കല്‍ ചൈനീസ്‌ പേരാണ് – ഞാന്‍ വിളിച്ചിരുന്നത്‌ പോലെ തല്‍ക്കാലം നമുക്കിവളെ “വിന്‍സ്‌” എന്ന് തന്നെ വിളിക്കാം) ഈജിപ്തില്‍ വന്ന ശേഷം മുസ്ലിം ആയ പെണ്ണാണ്.അവളുടെ പഴയ റൂം മെറ്റ് ആയിരുന്ന ഒരു പാക്കിസ്ഥാന്‍കാരി ആണ് അതിനു കാരണം എന്ന് അവളെന്നോട് പറഞ്ഞിട്ടുണ്ട്. മുസ്ലിം ആയശേഷം തനിക്ക് ഏറെ പ്രിയങ്കരമായിരുന്ന പന്നിമാസം കഴിക്കാന്‍ പറ്റാത്തതില്‍ ഉള്ള വിഷമവും അവള്‍ മറച്ചു വച്ചില്ല.അവളുടെ എല്ലാം തുറന്നു പറയുന്ന ഈ സ്വഭാവം എന്നെ തെല്ലൊന്നുമല്ല അവളിലേക്ക് ആകര്‍ഷിച്ചത്.ഞങ്ങള്‍ രണ്ടുപേരും ഉള്‍പ്പെട്ട ഭാവിജീവിതത്തെ പറ്റി പല സ്വപ്നങ്ങളും ഞാന്‍ നെയ്തു കൂട്ടി.ചാറ്റ് ചെയ്തുകൊണ്ടിരുന്ന ദീര്‍ഘമായ ആ കാലയളവില്‍ ഒരിക്കല്‍ പോലും മോശമായി ഞങ്ങള്‍ ഇരുവരും സംസാരിച്ചിട്ടില്ല.ചെറിയ പിണക്കങ്ങളും , പരിഭവങ്ങളും ഒക്കെ ഞങ്ങളുടെ ബന്ധത്തിന് എന്തെന്നില്ലാത്ത ആഴം കൂട്ടി.

“എനിക്ക് നിന്നെ ഇഷ്ടമാണ്” എന്ന് തുറന്നു പറയാന്‍ എനിക്ക് പേടിയായിരുന്നു – അത് അവളെ എന്നില്‍നിന്നകറ്റിയേക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.

ഒടുവില്‍ ഇനിയും മനസ്സില്‍ അമര്‍ത്തിവെക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ‍- വരുംവരായ്കകളെ അവഗണിച്ചുകൊണ്ട് ഞാന്‍ അക്കാര്യം അവളോട്‌ അത് തുറന്നു പറയാന്‍ തീരുമാനിച്ചു.
പറഞ്ഞു കഴിഞ്ഞപ്പോള്‍ പതിവ് പോലെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു.

ഞാന്‍ പേടിച്ചത് പോലെ അവള്‍  പോട്ടിത്തെറിക്കുകയോ, എക്സൈറ്റഡ് ആവുകയോ ചെയ്തില്ല , ഒരുവേള അത്തരമൊരു   പ്രതികരണം ആയിരുന്നേനെ അതായിരുന്നേനെ എന്നെ   അല്‍പ്പം കൂടി കംഫര്‍ട്ടബിള്‍ ആക്കിയേക്കുക എന്നുപോലും ഒരുവേള ഞാന്‍ ചിന്തിച്ചു പോയി.
പതിവ് ലാഘവത്വം, പക്വമായ, പ്രായോഗികതയില്‍ ഊന്നിയ വാക്കുകള്‍.
“എനിക്ക് ഇഷ്ടക്കുറവോന്നും ഇല്ല .പ്രണയിച്ചാല്‍ വിവാഹം കഴിക്കണം – അതാണ്‌ എന്‍റെ പോളിസി. പക്ഷെ നമ്മുടെ കാര്യത്തില്‍ അത് നടക്കില്ല , കാരണം നമ്മുടെ ഭാഷ, സംസ്കാരം ഒന്നും പരസ്പരം ചേരില്ല”
അവളുടെ ആ വാക്കുകള്‍ – അതെന്നെ തളര്‍ത്തി…..എങ്കിലും അവളെ പറഞ്ഞു കണ്‍വിന്‍സ്‌ ചെയ്യാന്‍ സാധിക്കും എന്ന് എനിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു.

പക്ഷെ എന്‍റെ പ്രതീക്ഷകള്‍ ഒരിക്കലും നിറവേറിയില്ല. പ്രണയവികാരം വിവേകത്തെ കീഴടക്കുന്ന ഒരു അപൂര്‍വ്വനിമിഷത്തിലെങ്കിലും “ഞാന്‍ നിന്നെ സ്നേഹിക്കുന്നു” എന്ന് അവളില്‍ നിന്ന് കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചിരുന്നു.
നീണ്ട നാല് വര്‍ഷങ്ങള്‍ – ഞാന്‍ അവളെ എന്‍റെ പ്രാണനെപ്പോ സ്നേഹിച്ചു. എന്‍റെ ഒരു ജന്മദിനത്തില്‍ സമ്മാനമായി എനിക്ക് അവള്‍ അയച്ചു തന്ന ഒരു മാല ഉണ്ടായിരുന്നു. വെള്ളിനൂലില്‍ നീല ക്രിസ്റ്റല്‍ കോര്‍ത്ത മനോഹരമായ ഒരു മാല. ഒരു കൊച്ചു ലെതല്‍പൌച്ചില്‍ ഷര്‍ട്ടിനകത്ത് പ്രത്യേകം ഉണ്ടാക്കിയ ഒരു കീശയില്‍ എപ്പോഴും ഞാന്‍ അത് എന്‍റെ ഹൃദയത്തോട് ചേര്‍ത്തു സൂക്ഷിച്ചു വയ്ക്കുമായിരുന്നു. ഒരിക്കല്‍ ഒരു ഫോട്ടോയില്‍ തൊപ്പി ധരിച്ച എന്നെ കണ്ടപ്പോള്‍ “എനിക്ക് ആണുങ്ങള്‍ തൊപ്പി വക്കുന്നത് ഇഷ്ടമാണെന്ന്” പറഞ്ഞപ്പോള്‍ , തൊപ്പി എന്‍റെ തലയില്‍ സ്ഥിരമായി സ്ഥാനം പിടിച്ചു.
ആ കാലഘട്ടത്തില്‍ അവള്‍ക്കു എന്നോടുള്ള വികാരം എന്തായിര്‍ന്നു എന്ന് കൃത്യമായി ഇന്നും എനിക്കറിയില്ല. പക്ഷെ ഒന്നറിയാം – അവള്‍ക്കും എന്ന് ഏറെ ഇഷ്ടമായിരുന്നു – പ്രണയം , അല്ലെങ്കില്‍ പേരിട്ട് നിര്‍വ്വചിക്കാനാവാത്ത ഒരു ഇഷ്ടം – പല തവണ അവള്‍ ഇക്കാര്യം എന്നോട്  തുറന്നു പറഞ്ഞിട്ടും ഉണ്ട്.

അവളോടുത്തുള്ള ഒരു ജീവിതത്തിനായി എന്ത് ത്യാഗത്തിനും ഞാന്‍ സന്നദ്ധനായിരുന്നു. പക്ഷെ തന്‍റെ നിലപാടുകളില്‍ നിന്ന് ഒരിക്കല്‍ പോലും അവള്‍ വ്യതിചലിച്ചില്ല.

“വീട്ടുകാര്‍ എനിക്ക് വിവാഹം അന്വേഷിക്കുന്നു” എന്ന് അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞത്” ഞാനും വരും വിവാഹത്തില്‍ പങ്കെടുക്കാന്‍” എന്നാണ്.
ഒരു തരാം നിരാശനിറഞ്ഞ മടുപ്പ്‌ എന്നെ കീഴടക്കിത്തുടങ്ങി – അതോടെ പതിയെപ്പതിയെ ഞങ്ങളുടെ ചാറ്റിംഗും കുറഞ്ഞു വന്നു.
ഇടക്കിടെയുള്ള ഫോണ്‍ വിളികളും, പരസ്പരം അയക്കുന്ന സമ്മാനങ്ങളും ഒക്കെ നിലച്ചു.

ഒടുവില്‍ എന്‍റെ വിവാഹത്തിന് ഒരാഴ്ച മുന്‍പ്‌ ,ഞാന്‍ അവള്‍ എനിക്കയച്ചു തന്നിരുന്ന സ്നേഹസമ്മാനങ്ങള്‍ എല്ലാം മനസ്സില്ലാമനസ്സോടെ കൂട്ടിയിട്ട് തീയിട്ടു – അതോടൊപ്പം കത്തിത്തീര്‍ന്നത്‌ എന്‍റെ ഹൃദയവും കൂടിയായിരുന്നു.

വിവാഹത്തിനു ശേഷവും ഒന്നു-രണ്ടു വര്‍ഷത്തോളം എന്‍റെ ജന്മദിനത്തില്‍ കൃത്യമായി ആശംസ അറിയിച്ചു കൊണ്ടുള്ള അവളുടെ ഇമെയില്‍ സന്ദേശങ്ങള്‍ വരുമായിരുന്നു.

പിന്നെ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം – എന്‍റെ ഓര്‍മ്മകളില്‍ അപൂര്‍വ്വമായ ഒരു സാന്നിധ്യം മാത്രമായി അവള്‍ മറഞ്ഞ ദിനങ്ങളോന്നില്‍ അപ്രതീക്ഷിതമായി എനിക്കവളുടെ ഒരു ഇമെയില്‍ ലഭിച്ചു. അതില്‍ അവള്‍ എഴുതിയിരുന്നു “എന്‍റെ വിവാഹമാണ്”.

എന്ത്കൊണ്ടാണ് അതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിക്കൊണ്ട് ഞാന്‍ അവള്‍ക്ക് മറുപടി അയച്ചതെന്ന് ഓര്‍ക്കുന്നില്ല ,എന്നാല്‍ അത് അവള്‍ക്ക് ഏറെ വേദന ഉണ്ടാക്കിയെന്ന് , ആദ്യമായി തീരെ നീരസത്തോടെ ഒരു ഇമെയില്‍ അവളില്‍ നിന്നു ലഭിച്ചപ്പോള്‍ എനിക്ക് മനസിലായി.

ആ കത്തില്‍ അവള്‍ ഇങ്ങനെ എഴുതിയിരുന്നു. “നീ വിവാഹം കഴിച്ചപ്പോള്‍ ഞാന്‍ ഇങ്ങനെയൊന്നും പ്രതികരിച്ചില്ലല്ലോ? പിന്നെ എന്‍റെ വിവാഹം ആണെന്ന് അറിയിച്ചപ്പോള്‍ എന്തിനാ ഇങ്ങനെ ഒരു പ്രതികരണം. എനിക്കത് ഒട്ടും ഇഷ്ടമായില്ല. ഇനി ഒരിക്കലും എന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുത്. ഗുഡ്‌ ബൈ”.

എന്‍റെ യാഹൂ മെയിലില്‍ അവള്‍ അയച്ച നൂറുകണക്കിനു ഇമെയിലുകളും, ഗ്രീറ്റിംഗ് കാര്‍ഡുകളും, അവളുടെ ഫോട്ടോയും ഒക്കെ നഷ്ടമാക്കിക്കൊണ്ട് പെട്ടെന്നൊരു ദിനം എന്‍റെ ആ അക്കൌണ്ട് ആക്സസ് ചെയ്യാന്‍ സാധിക്കാതെ നഷ്ടമായി. ഇന്നും ഇടയ്ക്കിടെ അത് റിക്കവര്‍ ചെയ്യാന്‍ ഞാന്‍ വിഫലശ്രമം നടത്താറുണ്ട്.

ജീവിതത്തില്‍ എന്തെങ്കിലും ഒന്നു നഷ്ടമായി എന്നോര്‍ത്ത് വേദനിച്ചിട്ടുണ്ടെങ്കില്‍ അതവള്‍ ആയിരുന്നു.
കാരണം ഏതൊരു പുരുഷനും കൊതിക്കുന്ന ഒരു പെണ്ണായിരുന്നു അവള്‍ !
അതിനു ശേഷം ഈയിടെ ഫേസ്ബുക്കില്‍ ഒരിക്കല്‍ ഞാന്‍ അവളെ കണ്ടു. വെറുതെ അവളുടെ പേര് വച്ച് തിരഞ്ഞപ്പോള്‍ ആക്സമികമായി കണ്ടതാണ് – ഫ്രണ്ട്‌ റിക്വസ്റ്റ് അയച്ച ശേഷം പിന്നെ അവളുടെ പ്രൊഫൈല്‍ കണ്ടിട്ടില്ല.
എന്നെ ബ്ലോക്ക്‌ ചെയ്തിരിക്കാം അല്ലെങ്കില്‍ അവള്‍ അക്കൌണ്ട് തന്നെ ഒഴിവാക്കിയിരിക്കാം. പക്ഷെ എന്തിന് ? പഴയ പ്രണയത്തിന്‍റെ അവകാശവാദവുമായി അവളുടെ സന്തോഷത്തിലേക്ക് കടന്നുകയറാന്‍ ഞാന്‍ എത്തിയേക്കുമെന്ന് അവള്‍ ഭയപ്പെടുന്നോ?
എനിക്ക് വലിയ വേദനയൊന്നും തോന്നിയില്ല – കാരണം എന്നെ ഒരിക്കലും അവള്‍ മോഹിപ്പിച്ചിട്ടില്ല, ഞാനാണ് നടക്കാത്ത  ആഗ്രഹങ്ങള്‍ കൊണ്ട് പ്രതീക്ഷകളുടെ വലിയ കോട്ടകള്‍ പണിതുയര്‍ത്തിയത്.
നടക്കാത്തതെന്നു എപ്പോഴും അവള്‍ ഊന്നിപ്പറഞ്ഞിട്ടും കൂട്ടാക്കാതെ !!!!!!
അന്നവള്‍ സമ്മാനിച്ച ആ നീലക്രിസ്റ്റല്‍ മാല – ഇപ്പോഴും എന്‍റെ വീട്ടിലെ പഴയൊരു മേശവലിപ്പില്‍ കാണണം അത്. അടുത്ത വെക്കേഷന് നാട്ടില്‍ പോകുമ്പോള്‍ മറക്കാതെ ആ മേശവലിപ്പില്‍ നിന്നത് കണ്ടെടുക്കണം.

പ്രൊഫൈല്‍ ഫോട്ടോയില്‍ അവളുടെ കൈയില്‍ ഒരു പെണ്‍കുഞ്ഞിനെ കൂടെ കണ്ടിരുന്നു-വടക്കന്‍ വീരഗാഥയിലെ ചന്തുവിന്‍റെ ഡയലോഗ് പോലെ “എനിക്ക് പിറക്കാതെ പോയ എന്‍റെ മോള്‍ ”
ഇന്ന് എന്‍റെ ജീവിതത്തില്‍ വല്ലപ്പോഴും ഒരു നേരിയ നഷ്ടമായി എത്തുന്ന നേര്‍ത്ത നൂലിഴകള്‍ – അത്ര മാത്രം !

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates