Ind disable
 

ദൈവത്തിന്‍റെ ഡയറിക്കുറിപ്പ്‌



“സാര്‍ , ചായ”
“ഉം മേശപ്പുറത്ത് വച്ചിട്ട് പൊയ്ക്കോ” കെ.മധു പറഞ്ഞു.
ടീബോയ്‌ സനല്‍ രണ്ടു ചായക്കപ്പുകളും മേശമേല്‍ വച്ച് ഒഴിഞ്ഞ ട്രെയുമായി മുറിക്ക് പുറത്തിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചു. ആരുമില്ല. അവന്‍ മതിലോട് ചേര്‍ന്ന് നിന്ന് അകത്തെ സംഭാഷണം കേള്‍ക്കാന്‍ ചെവിയോര്‍ത്തു.
സനലിന് മുപ്പതുവയസ്സ് പ്രായം വരും. സിനിമാഭ്രാന്ത്‌ തലയ്ക്കു പിടിച്ചു കോഴിക്കോട്  വിട്ട് ഈ ചെന്നൈ നഗരത്തില്‍ എത്തിയിട്ട് പത്തു വര്‍ഷങ്ങള്‍ ആവുന്നു. ഇതിനിടെ കൈവരിച്ച നേട്ടം ഈ പ്രൊഡക്ഷന്‍ കമ്പനിയിലെ ചായ കൊടുപ്പുകാരന്‍ ആകാന്‍ സാധിച്ചു എന്നതാണ്.
പല സംവിധായകരോടും, നിര്‍മ്മാതക്കളോടും, താരങ്ങളോടും സമയവും സന്ദര്‍ഭവും നോക്കി പലവട്ടം സനല്‍ ഒരവസരം ചോദിച്ചിട്ടുണ്ട്. സി.ബി.ഐ ഡയരിക്കുരിപ്പിന്‍റെ അഞ്ചാം ഭാഗമായ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലേക്കും ഒരു ചെറിയ റോള്‍ എങ്കിലും തരണേ എന്ന് കഴിഞ്ഞ ദിവസം കൂടി അവന്‍ കെ.മധുവിനോട് അഭ്യര്‍ഥിച്ചതെയുള്ളൂ പറ്റിയ വേഷങ്ങള്‍ ഉണ്ടെങ്കില്‍ വിളിക്കാം എന്ന കഴിഞ്ഞ പത്തു വര്‍ഷങ്ങളായി കേട്ട് തഴമ്പിച്ച മറുപടി തന്നെ ആയിരുന്നു ലഭിച്ചത്. ചായക്കാരന്‍ എങ്കില്‍ ചായക്കാരന്‍ – ഈ ജോലി കളഞ്ഞിട്ടു പോകാത്തത് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം ഒന്നുകൊണ്ടു മാത്രമാണ്. സിനിമയിലെ നക്ഷത്രങ്ങളെ ഇത്രയടുത്തു മറയില്ലാതെ കാണാന്‍ ഇതിലും നല്ല ഒരു അവസരം സനലിന് സ്വപ്നം കാണാന്‍ സാധിക്കാവുന്നതിലും അപ്പുറമല്ലേ.
“സി.ബി.ഐ ഡയരിക്കുരിപ്പിന്‍റെ അഞ്ചാം ഭാഗം ആയത് കൊണ്ട് മാത്രമാണ് തിരക്കഥ പോലും വായിക്കാതെ മമ്മൂക്ക അഭിനയിക്കാന്‍ വന്നിരിക്കുന്നത്. എന്നിട്ടിവിടെ കഥപോലും തീര്‍ന്നിട്ടില്ലത്രേ. നിങ്ങള്‍ എന്നെ നാണം കെടുത്തുമോ സ്വാമീ?” കെ.മധു ദേഷ്യത്തിലാണ്.
“നിങ്ങള്‍ ഒന്ന് അടങ്ങൂ മധു. ഞാന്‍ അല്ലെ പറയുന്നത് ശരിയാക്കാമെന്ന്.” എസ്.എന്‍ സ്വാമി മധുവിനെ സമാധാനിപ്പിച്ചു.
“ഇതുവരെ ക്ലൈമാക്സ് പോലും ആയിട്ടില്ല – പിന്നെ എങ്ങനെ ഞാന്‍ സമാധാനിക്കും? നിങ്ങള്‍ ആകഥ എന്നോടൊന്നു പറയൂ – പറ്റിയ ഒരു ക്ലൈമാക്സിനെ കുറിച്ച് ഞാനും കൂടി ഒന്നാലോചിക്കട്ടെ”
“അത് വേണ്ട – ശരിയാകില്ല. കഴിഞ്ഞ നാല് ഭാഗങ്ങളും ഞാന്‍ തന്നെ അല്ലെ എഴുതിയത് ? ഇതും എനിക്ക് സാധിക്കും. തന്‍ പേടിക്കാതെ, ഇതും ഒരു സൂപ്പര്‍ ഹിറ്റാവും”
“ഉം…മുടക്കിയ കാശെങ്കിലും തിരികെ കിട്ടിയാല്‍ മതിയായിരുന്നു ദൈവമേ. ഇത്തവണ ഞാന്‍ തന്നെയാണ് നിര്‍മ്മിക്കുന്നതും , അറിയാമല്ലോ തനിക്ക്? എന്നെ കുത്തുപാളയെടുപ്പിക്കാന്‍ തനിക്ക് ഉദ്ദേശം ഒന്നും ഇല്ലല്ലോ അല്ലെ?” കെ.മധു മുറിക്ക് പുറത്തേക്കു വരുന്ന ശബ്ദം കേട്ട് സനല്‍ വേഗത്തില്‍ ട്രെയും പിടിച്ചു സ്റ്റെപ്പിറങ്ങി താഴേക്ക്‌ പോയി.
അടുക്കളയില്‍ നില്‍ക്കുമ്പോള്‍ മുറിക്കുള്ളില്‍ നടന്ന സംഭാഷണങ്ങള്‍ സനലിന്‍റെ മനസ്സിലൂടെ കടന്നു പോയി. അപ്പോള്‍ കഥ മുഴുവനാക്കാതെയാണോ ഷൂട്ട്‌ തുടങ്ങിയിരിക്കുന്നത്. മമ്മൂട്ടി എങ്ങാനും അറിഞ്ഞാല്‍. !!.-,സാധാരണ പൂര്‍ത്തിയാക്കാത്ത തിരക്കഥയുമായി മമ്മൂട്ടിയെ അഭിനയിക്കാന്‍ വിളിക്കാന്‍ പോലും സംവിധായകര്‍ക്ക് ഭയമാണ്. അത്രയ്ക്ക് കണിശക്കാരന്‍ ആണ് ഇക്കാര്യത്തില്‍ അദ്ദേഹം. ഇതിപ്പോ മധുസാര്‍ പറഞ്ഞത് പോലെ സി.ബി.ഐ ഡയരിക്കുരിപ്പിന്‍റെ അഞ്ചാം ഭാഗം ആയത് കൊണ്ട് മാത്രം ആയിരിക്കണം . ഒരേ ശ്രേണിയില്‍ നാല് സിനിമകള്‍ എടുത്തു വിജയിപ്പിക്കുക – അതും മലയാളം പോലെ ഒരു ചെറിയ ഇന്‍ഡസ്ട്രിയില്‍ – ചില്ലറക്കാര്യം അല്ലല്ലോ?
സനലിന്റെ ചിന്തകള്‍ കാട് കയറിത്തുടങ്ങി. എപ്പോഴും അയാള്‍ അങ്ങനെയാണ് – ദിവാസ്വപ്നങ്ങള്‍ നെയ്തുകൂട്ടലാണ് അയാളുടെ പ്രധാന വിനോദം. താന്‍ ഒരു വലിയ നടന്‍ ആകുന്നതും സംവിധായകര്‍ തന്നെ ബഹുമാനിച്ചു തന്‍റെ മുന്നില്‍ നില്‍ക്കുന്നതുമെല്ലാം അയാള്‍ സ്വപ്നം കാണും. വെറുതെ സ്വപ്നം കാണാന്‍ ആര്‍ക്കും കാശൊന്നും മുടക്കില്ലല്ലോ?
ഈ സിനിമയില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റണം. ഒരു സീനില്‍ എങ്കില്‍ ഒരു സീനില്‍ , എന്താണ് അതിനുള്ള ഒരു വഴി. അവന്‍ ചിന്തിച്ച്തലപുകച്ചു തുടങ്ങി. നേരായ മാര്‍ഗത്തില്‍ എന്തായാലും തന്‍റെ ആഗ്രഹപൂര്‍ത്തീകരണം ഈ ജന്മത്തില്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അല്പം വളഞ്ഞ വഴി സ്വീകരിക്കുക തന്നെ. വളഞ്ഞവഴി എന്നാല്‍ ഒരു ചെറിയ മിസ്റ്റേക്ക് ആണെന്ന് തോന്നുകയും വേണം, സാധിച്ചാല്‍ ഒരു സീനില്‍ എങ്കില്‍ ഒരു സീനില്‍ മുഖം കാട്ടുകയും വേണം, ഇനി കാര്യങ്ങള്‍ തന്‍റെ പ്രതീക്ഷക്കൊത്ത് നടക്കാതെ വന്നാല്‍ ഈ ജോലി പോകുകയും അരുത്. അങ്ങിനെ ചിന്തിച്ചു ചിന്തിച്ചു അവന്‍ നടന്നു സെറ്റിനടുത്തെത്തി. കൂറ്റന്‍ ബംഗ്ലാവിന്‍റെ മുന്‍വശത്തുള്ള പുല്‍ത്തകിടിയില്‍ ആണ് ഇന്നത്തെ ആദ്യ സീന്‍ ചിത്രീകരിക്കുന്നത്. ക്യാമറാമാന്‍ വേണു ക്യാമറ അര്‍ദ്ധവൃത്താകൃതിയില്‍ ഉള്ള ട്രോളിയില്‍ സെറ്റ് ചെയ്യുന്ന ജോലിയില്‍ രണ്ടു അസിസ്റ്റന്റുമാരോടൊപ്പം വ്യാപൃതനായിരിക്കുന്നു. പുല്‍ത്തകിടിയുടെ ഏകദേശം നടുക്കായി ഇട്ടിരിക്കുന്ന മൂന്നു കസേരകളില്‍ ഒന്നില്‍ സേതുരാമയ്യരുടെ പതിവ് വേഷമായ വെളുത്ത ഷര്‍ട്ടിലും, കറുത്ത പാന്‍റ്സിലും, നെറ്റിയില്‍ വരച്ചു ചേര്‍ത്ത ചുവന്ന കുങ്കുമക്കുറിയിലും മലയാളത്തിന്‍റെ സൂര്യതേജസ്സായി മമ്മൂട്ടി ഇരിക്കുന്നു. അദ്ദേഹത്തിന്‍റെ ഇടത്ത് വശത്തുള്ള കസേരയില്‍ സീമച്ചെച്ചി. ഇവര്‍ രണ്ടുപേരും ചേര്‍ന്നുള്ള കോമ്പിനേഷന്‍ ഷോട്ട് ആയിരിക്കണം എടുക്കാന്‍ പോകുന്നത്. ക്യാമാറക്കടുത്തായി ട്രോളിയില്‍ ക്യാമറാമാന്‍റെ കസേരക്ക് തൊട്ടടുത്ത്‌ രണ്ടു കസേരകള്‍ – ഒന്ന് കെ.മധുവിനും, മറ്റേതു എസ്.എന്‍. സ്വാമിക്കും. എസ്.എന്‍.സ്വാമി ഏറെ പ്രത്യേകതകള്‍ ഉള ഒരു കഥാകൃത്താണ്. അദ്ദേഹം രചിക്കുന്ന സിനിമകളുടെ ചിത്രീകരണത്തില്‍ എല്ലാ മേഖലകളിലും അദ്ദേഹം സജീവ സാന്നിധ്യം ആയിരിക്കും. ചിത്രം പുരോഗമിക്കെ തന്നെ സിനിമക്ക് ഗുണപരമാകുന്ന രീതിയില്‍ തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ അദ്ദേഹം വരുത്താറുമുണ്ട്.
സനലിന് ഒരു ഐഡിയ തോന്നി.താന്‍ അല്‍പ്പസമയം മുന്‍പ്‌ ആലോചിച്ച പദ്ധതി നടപ്പില്‍ വരുത്താന്‍ ഉള്ള അസുലഭാവസരം ആണിത് – തന്‍റെ പ്രാര്‍ത്ഥന കെട്ടു ദൈവം തമ്പുരാന്‍ മനസ്സറിഞ്ഞു തന്ന അവസരം. ഒരുകാരണവശാലും ഇത് നഷ്ടപ്പെടുത്തിക്കൂടാ. ചെയ്യേണ്ട കാര്യങ്ങളുടെ ഏകദേശരൂപം മനസ്സില്‍ കണക്ക് കൂട്ടിക്കൊണ്ടു സനല്‍ കിച്ചണിലെക്കോടി. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ ഇരുന്നു സംസാരിക്കുന്ന മമൂട്ടിക്കും, സീമാക്കും അടുത്തേക്ക്‌ താന്‍ ഒന്നുമറിയാത്ത ഭാവത്തില്‍ ചായയുമായി ചെല്ലുന്നു. സീനില്‍ ഇല്ലെങ്കിലും സന്ദര്‍ഭത്തിനു യോജിച്ചതായതിനാല്‍ സംവിധായകന്‍ കണ്ണടച്ചാല്‍ തന്‍റെ ഭാഗ്യം ! ഒരുപക്ഷെ ഇന്നലെ കൂടി അവസരം ചോദിച്ചതല്ലേ എന്ന് കരുതി ദയ വിചാരിച്ചു അദ്ദേഹം ഒരു വിട്ടുവീഴ്ച എങ്ങാനും ചെയ്‌താല്‍ ! ഇനിയിപ്പോള്‍ കാര്യങ്ങള്‍ താന്‍ ആഗ്രഹിച്ചപോലെ നടന്നില്ലെങ്കിലും കുഴപ്പമില്ല – ഷൂട്ടിംഗ് നടക്കുന്നത് അറിയാതെ ടീ ബോയ്‌ ചായയുമായി ഫ്രെയിമില്‍ വന്നു. ഒരു കട്ടിലും, റീറെയ്ക്കിലും , ഒരു ചെറിയ ശകാരത്തിലും തീരാവുന്ന വളരെ ചെറിയ ഒരു കുറ്റം.
“സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍” “,” കെ.മധുവിന്‍റെ ശബ്ദം മുഴങ്ങി. ട്രോളി ഉരുണ്ടു തുടങ്ങി. എസ്.എന്‍.സ്വാമിയുടെ മനസ്സ് ചിന്തകളുടെ ലോകത്താണ്. കഴിഞ്ഞ നാല് ചിത്രങ്ങളുടെയും വിജയം പിഴവില്ലാത്ത ക്ലൈമാക്സ് ആയിരുന്നു. ഈ ചിത്രത്തില്‍ കൊലപാതകിയെയോ, കൊലനടത്തുന്ന വിധാമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഥാതന്തു, കഥാപാത്രങ്ങള്‍ എന്നിവ തീരുമാനിക്കപ്പെട്ടു എന്ന് മാത്രം. പണക്കാരിയായ നായിക ഒരു ദിവസം ബെഡ്റൂമില്‍ മരിച്ചു കിടക്കുന്നതില്‍ ആണ് കഥ തുടങ്ങുന്നത്. ലോക്കല്‍ പോലീസ്‌ അന്വേഷിച്ചു പരാജയപ്പെടുമ്പോള്‍ സി.ബി.ഐ കേസ്‌ അന്വേഷിക്കാന്‍ വരുന്ന പതിവ് സെറ്റ്‌അപ്പ് തന്നെ. പക്ഷെ നായിക എങ്ങനെ കൊല്ലപ്പെടുന്നു. ആര് അവരെ കൊല്ലുന്നു – അതിനിയും തീരുമാനിക്കെണ്ടിയിരുന്നു.
“സാര്‍ ഫ്രെയിമില്‍ ഒരാള്‍”,” വേണുവിന്‍റെ സംസാരം കേട്ടാണ് എസ്.എന്‍.സ്വാമി സെറ്റിലേക്ക് ശ്രദ്ധ തിരിച്ചത്. ഫ്രെയിമില്‍ ട്രെയില്‍ ചായക്കപ്പുകളുമായി ടീബോയ്‌.,. ഈ സീനില്‍ ഇങ്ങനെയൊരു കഥാപാത്രം ഇല്ലല്ലോ ? പിന്നെ ഇയാള്‍ എവിടെ നിന്ന് വന്നു ? പെട്ടെന്ന് സ്വാമിയുടെ മനസിലൂടെ ഭാവനയുടെ ഒരു മിന്നല്‍പ്പിണര്‍ കടന്നു പോയി.
“മധു, വേണു, കണ്ടിന്യൂ” സ്വാമിയുടെ വികാരഭരിതമായ വാക്കുകള്‍ കേട്ട് വേണു കട്ട് ചെയ്യാതെ ക്യാമറ തുടര്‍ന്ന് ചലിപ്പിച്ചു. ചായ്യക്കാരന്‍ രണ്ടു കപ്പുകള്‍ നടുവിലുള്ള ടീപ്പോയില്‍ വച്ചശേഷം തിരിഞ്ഞു നടക്കുമ്പോള്‍ മമ്മൂട്ടിയും നേരിയ സംശയത്തോടെ അയാളെ ഒന്ന് നോക്കിയശേഷം സീമയുമായുള്ള ഡയലോഗ് തുടര്‍ന്നു. സനല്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ആ സീനില്‍ അയാളുടെ മുഖം ക്യാമറയില്‍ വളരെ വ്യക്തമായി പതിഞ്ഞിരുന്നു.
“ഓക്കേ , കട്ട്.” മധു വിളിച്ചു പറഞ്ഞു.
“എന്താ സ്വാമി , എന്താ നിങ്ങള്‍ക്ക് പറ്റിയത്?” മധു എസ്.എന്‍. സ്വാമിയുടെ നേരെ തിരിഞ്ഞു ചോദിച്ചു.
“ക്ലൈമാക്സ് കിട്ടി. കൊലയാളിയും, കൊല നടത്തിയ രീതിയും…” വിജയശ്രീലാളിതനെപോലെ ചിരിച്ചു കൊണ്ട് സ്വാമി പറഞ്ഞു.
“അതെങ്ങനെ ?” ഒന്നും മനസ്സിലാകാത്തത് പോലെ മധു ചോദിച്ചു.
“താന്‍ റൂമിലേക്ക്‌ വരൂ പറയാം” കസേരയില്‍ നിന്ന് എഴുന്നേറ്റു റൂമിലേക്ക്‌ നടന്നു കൊണ്ട് സ്വാമി പറഞ്ഞു.

“ഓക്കേ, സാര്‍ ഒരു ബ്രേക്ക്‌ എടുത്തോള്ളൂ” മമ്മൂട്ടിയോടും, സീമയോടും വിളിച്ചു പറഞ്ഞു കൊണ്ട് മധു സ്വാമിയെ പിന്തുടര്‍ന്നു.
“എന്താ നിങ്ങളുടെ മനസ്സില്‍? എന്താണ് ക്ലൈമാക്സ്?” റൂമില്‍ എത്തിയപ്പോള്‍ ആകാംക്ഷ അടക്കാനാവാതെ മധു ചോദിച്ചു.
“പറയാം. മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ ഒരു നിമിത്തം പോലെ ഫ്രെയിമിലേക്ക് കടന്നു വന്ന ആ ചായക്കാരന്‍ ഇല്ലേ? അയാള്‍ ആണ് കൊലയാളി. കൊല നടത്തിയത് ചായയില്‍ വിഷം ചേര്‍ത്തുകൊടുത്ത്. കൊല നടത്താന്‍ ഉള്ള മോട്ടീവ് ബ്ലാക്ക്‌ മെയിലിംഗ്” ഒറ്റ ശ്വാസത്തില്‍ സ്വാമി പറഞ്ഞു. പിന്നെ തന്‍റെ മനസ്സിലുള്ള കഥ സ്വാമി മധിവിനു വിവരിച്ചു കൊടുത്തു. കഥ കേട്ട ശേഷം മധു സ്വാമിയുടെ കണ്ണുകളിലേക്ക് നോക്കി ഏതാനും നിമിഷങ്ങള്‍ ഇരുന്നു. പിന്നെ എഴുന്നേറ്റു അയാളെ കെട്ടിപ്പുണര്‍ന്നു.
“യു ആര്‍ ഗ്രേറ്റ്‌ മിസ്റ്റര്‍ എസ്.എന്‍..,സ്വാമി. മലയാളത്തില്‍ താങ്കളെപ്പോലെ ഒരു ഗ്രേറ്റ്‌ സസ്പെന്‍സ് റൈറ്റര്‍ ജനിച്ചിട്ടില്ല” മധിവിന്‍റെ ശബ്ദത്തില്‍ ആവേശം മുറ്റിനിന്നു.
“പക്ഷെ അങ്ങിനെയല്ലല്ലോ അല്‍പ്പസമയം മുന്‍പ്‌ താങ്കള്‍ പറഞ്ഞത്?” ഒരു കുസൃതിച്ചിരിയോടെ സ്വാമി ചോദിച്ചപ്പോള്‍ കെ.മധുവും പൊട്ടിച്ചിരിച്ചു പോയി.
“താന്‍ മുന്‍പ്‌ അഭിനയിച്ചിട്ടുണ്ടോ?” തന്‍റെ മുന്നില്‍ പേടിച്ചരണ്ട മുഖഭാവത്തോടെ നില്‍ക്കുന്ന സനലിനോട് സ്വാമി ചോദിച്ചു. കുറ്റബോധത്തോടെ മൌനം പാലിച്ചതല്ലാതെ അവന്‍ മറുപടി പറഞ്ഞില്ല.
“മറുപടി പറയെടോ , അഭിനയിക്കാന്‍ അറിയാമോ തനിക്ക്?” കെ.മധുവിന്‍റെ ചോദ്യം.
“അറിയാം സാര്‍,” നേര്‍ത്ത ശബ്ദത്തില്‍ സനല്‍ മറുപടി പറഞ്ഞു.
“എങ്കില്‍ താന്‍ ഇന്നലെ എന്നോട് അവസരം ചോദിച്ചില്ലേ, ഇതാ തനിക്ക് ഈ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരവസരം. താനാണ് ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ് !” കെ.മധുവിന്‍റെ വാക്കുകള്‍ക്കു മുന്നില്‍ അവന്‍ ഒരു നിമിഷം അവിശ്വസനീയതയോടെ പകച്ചു നിന്നു. അവന്‍ സ്വാമിയുടെ മുഖത്തേക്ക് നോക്കി – അദ്ദേഹം ഒരു പുഞ്ചിരിയോടെ തലയാട്ടി.
“അപ്പോള്‍ നാളെ മുതല്‍ താന്‍ ഈ സെറ്റിലെ ചായക്കാരന്‍ അല്ല – ഈ സിനിമയിലെ നടന്‍ ആണ്. പൊയ്ക്കോ” കെ.മധുവിന്‍റെ കാലില്‍ അവന്‍ തൊട്ടു വന്ദിച്ചു. ശേഷം സ്വാമിയുടെയും.
“നന്ദിയുണ്ട് സാര്‍….,ഒരുപാടു നന്ദി..” അവന്‍റെ ശബ്ദം ഇടറി, കണ്ണീര്‍ത്തുള്ളികള്‍ ഉരുണ്ടു വീണു. ശരിക്കും അവന്‍ അവര്‍ക്ക്മുന്നില്‍ പൊട്ടിക്കരഞ്ഞു പോയി. മുറിക്കുള്ളില്‍ നിന്നു പുറത്തു കടക്കുമ്പോള്‍ കണ്ണുകളിലെ മൂടല്‍ അവന്‍റെ കാഴ്ച മറച്ചിരുന്നു. ദൈവമേ – എന്‍റെ ജീവിതത്തിന്‍റെ തിരക്കഥ മാറ്റിയെഴുതിയ നീ എസ്.എന്‍.സ്വാമിയെക്കാള്‍ എത്ര വലിയ സ്ക്രിപ്റ്റ്‌ റൈറ്റര്‍ !!!

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates