Ind disable
 

നിറം നഷ്ടപ്പെട്ടവര്‍



മുന്നിലുള്ള രണ്ടുപേര്‍ കൂടി കഴിഞ്ഞാല്‍ ശമ്പളം വാങ്ങാന്‍ തന്‍റെ ഊഴം – ആഹ്ലാദം കൊണ്ടോ അക്ഷമ കൊണ്ടോ സുഹറയുടെ ഹൃദയമിടിപ്പ് കൂടി. നെയ്ത്തുകമ്പനിയില്‍ ജോലിക്ക് കയറിയിട്ട് ഇന്നേക്ക് 22 ദിവസം ആകുന്നതേയുള്ളൂവെങ്കിലും “നീയും ഒരു മാസത്തെ ശമ്പളം വാങ്ങിച്ചോ” എന്ന് സദാശിവന്‍ സാര്‍ പറഞ്ഞപ്പോള്‍ അവള്‍ കുറച്ചൊന്നുമല്ല ആശ്വസിച്ചത്. ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത് ഉമ്മയുടെ ക്ഷീണിച്ച മുഖം ആയിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി കട്ടിലില്‍ ഒരേ കിടപ്പ് കിടക്കുകയാണ് പാവം ഉമ്മ. പണ്ട് ആ നാട്ടിലെ ഏറ്റവും വലിയ സമ്പന്നരും പ്രതാപികളും ആയിരുന്നു സുഹറയുടെ വീട്ടുകാര്‍. –ഉമ്മയുടെ വാപ്പക്ക് കുതിരയുണ്ടായിരുന്ന കഥകളൊക്കെ പലതവണ ഉമ്മ പറഞ്ഞു സുഹറ കേട്ടിട്ടുണ്ട്. എന്നാല്‍ തന്‍റെ ബാപ്പ ആണ് നാശത്തിനു തുടക്കമിട്ടത്.
കൂട്ടുകെട്ടുകള്‍ അയാളെ മദ്യത്തിലെക്കും, ചൂതുകളിയിലെക്കും നയിച്ചപ്പോള്‍ കണ്ണെത്തദൂരത്തോളം പറന്നു കിടന്നിരുന്ന പാടശേഖരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വത്തുകള്‍ എല്ലാം അയാള്‍ വിറ്റ് തുലച്ചു. തറവാട് വീട് മാത്രം വില്‍ക്കാന്‍ പലതവണ ശ്രമിച്ചിട്ടും അയാള്‍ക്ക്‌ ‌ സാധിക്കാതിരുന്നത് അത് ഉമ്മയുടെ പേരില്‍ ബുദ്ധിപൂര്‍വ്വം  വല്ലുപ്പ മരിക്കുന്നതിന് മുന്നേ എഴുതി വച്ചിരുന്നത് കൊണ്ടാണ്. അധ്വാനശീലനായിരുന്നു വല്ലുപ്പ.മുഷിഞ്ഞു നാറിയ ഒരു ഒറ്റമുണ്ടും ഉടുത്തു പാടത്തും പറമ്പിലും നടന്നു ക്ഷീണിച്ച് കയറിവരുമ്പോള്‍ മുറ്റത്ത് നിന്ന് കളിക്കുന്ന തന്നെ വലുപ്പ വാരിയെടുക്കും. അപ്പോള്‍ മൂക്കിലേക്ക് തുളച്ചുകയറുന്ന വലുപ്പായുടെ വിയര്‍പ്പിന്‍റെ ഗന്ധം ഇന്നും താന്‍ ഓര്‍ക്കുന്നു – പളപളതിളങ്ങുന്ന കുപ്പായങ്ങളും ധരിച്ച് എപ്പോഴും പുതിയാപ്ലയെ പോലെ അത്തറും പൂശി നടക്കുന്ന വാപ്പയുടെ വല്ലപ്പോഴുമുള്ള സ്നേഹപ്രകടനങ്ങേക്കാള്‍ തനിക്ക് പ്രിയം വല്ലുപ്പായുടെ ആ വിയര്‍പ്പുനാറുന്ന സ്നേഹം ആയിരുന്നു. സ്വത്തു നേടുന്നത് പോലെ തന്നെ ബുദ്ധിമുട്ടാണ് അത് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉപ്പയുടെ ദുസ്വഭാവങ്ങള്‍ വല്ലുപ്പ മുന്‍കൂട്ടി കണ്ടിരുന്നുവോ ? അതോ ഉമ്മയെ കല്യാണം കഴിക്കുന്നതിനു മുന്‍പേ തന്നെ ഈ ചീത്ത ശീലങ്ങള്‍ എല്ലാം ബാപ്പയ്ക്ക് ഉണ്ടായിരുന്നോ?
“ഡീ സുഹറ…..” പിന്നില്‍ നിന്ന് അമ്മുക്കുട്ടി കൈമുട്ട് കൊണ്ട് തള്ളിമുന്നോട്ടു നീക്കിയപ്പോള്‍ ആണ് സുഹറ ആലോചനകളുടെ ലോകത്തു നിന്നുണര്‍ന്നത്. പൈസ കൈനീട്ടില്‍ വാങ്ങി സദാശിവന്‍ സാര്‍ ചൂണ്ടിക്കാണിച്ച സ്ഥലത്ത് ഒപ്പിടുമ്പോള്‍ കൈകള്‍ വിറച്ചത് കണ്ടിട്ടാണോ തന്‍റെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് അര്‍ത്ഥഗര്‍ഭമായി ഒരു ചിരി അയാള്‍ ചിരിച്ചത് ?
പാടവരമ്പ് രണ്ടായി തിരിയുന്ന സ്ഥലത്ത് വച്ച് അമ്മുക്കുട്ടി വേറെ വഴി നടന്നകന്നപ്പോള്‍ വീണ്ടും സുഹറ ചിന്തകളുടെ ലോകത്ത് തനിച്ചായി. എപ്പോഴത്തെയും പോലെ ചിന്തകള്‍ തുടങ്ങുന്നത് തളര്‍ന്നു കിടക്കുന്ന ഉമ്മയില്‍ നിന്ന് തന്നെ. ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരന്‍ ആയിരുന്നു ഉമ്മയുടെ ബാപ്പ. അതീവ സുന്ദരിയും അതിനേക്കാള്‍ മനോഹരമായ പെരുമാറ്റവും. പക്ഷെ വിവാഹത്തിനു ശേഷം പടിപടിയായി ആ സൌന്ദര്യവും, പ്രസരിപ്പും കുറഞ്ഞു വന്നത് അതുവരെ ജീവിതത്തില്‍ കണ്ടിട്ടും, അനുഭവിച്ചിട്ടും ഇല്ലാത്ത ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നു വന്നപ്പോഴായിരുന്നു. മദ്യവും, ചൂതുകളിയും മാത്രമല്ല ഇടയ്ക്കിടെ പരസ്ത്രീ ബന്ധവും ഉണ്ടായിരുന്നത്രെ ബാപ്പയ്ക്ക്. ഉമ്മയുടെയും ബാപ്പയുടെയും വിവാഹം കഴിഞ്ഞു ഒരു വര്‍ഷത്തിനകം തന്നെ താന്‍ ജനിച്ചു. തനിക്ക് ഓര്‍മ്മവച്ചതിന് ശേഷം ഒരിക്കല്‍ പോലും ബാപ്പ സ്നേഹത്തോടെ തന്നെ എടുത്തു ലാളിച്ചിട്ടില്ല. എന്തിനു പലദിവസങ്ങളിലും ബാപ്പയെ സ്വബോധത്തോടെ താന്‍ കണ്ടിട്ട് പോലുമില്ല. പാതിരാവിനു ശേഷം ബോധമില്ലാതെ കയറിവരുന്ന ബാപ്പ , രാവിലെ താന്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ഉറക്കത്തില്‍ ആയിരിക്കും. തിരിച്ചു വരുമ്പോള്‍ വീണ്ടും വെളിയില്‍ പോയിട്ടുണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളില്‍ ചിലപ്പോള്‍ കണ്ടാലായി.
എല്ലാം സഹിച്ചും ക്ഷമിച്ചും ഉമ്മ കഴിഞ്ഞു വരവെയാണ് ആ ദുരന്തം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഉമ്മയുടെ വീഴ്ച. ഒരുദിവസം കിണറ്റില്‍ നിന്ന് വെള്ളം  കൊരിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് തളര്‍ന്നു വീഴുകയായിരുന്നു. നാടുകാര്‍ ചേര്‍ന്നാണ്  ആശുപത്രിയില്‍ കൊണ്ടുപോയത്. രണ്ടു ദിവസം ഉമ്മ ആശുപത്രിയില്‍ കിടന്നിട്ടും ബാപ്പ അങ്ങോട്ടേക്ക് എത്തി നോക്കിയതുപോലുമില്ല. ബന്ധുക്കള്‍ എന്ന് പറയാന്‍ ആരും തന്നെ ഉമ്മക്കില്ല. ഉമ്മയുടെ വാപ്പയും ഉമ്മയും വര്‍ഷങ്ങള്‍ക്ക്  മുന്നേ മരിച്ചു പോയിരുന്നു. ഏകമകളായിരുന്നു ഉമ്മ. ഉമ്മയുടെ മാതാപിതാക്കള്‍ എഴുതിക്കൊടുത്ത സ്വത്തു പോലും എന്‍റെ ബാപ്പ വിറ്റ് നശിപ്പിച്ചു. ഇപ്പോള്‍ താമസിക്കുന്ന തറവാട് വീട് വില്‍ക്കാന്‍ ഉമ്മ  സമ്മതിക്കാത്തത് മരിക്കുന്നതിനു തൊട്ടു മുന്‍പ്‌ വല്ലുപ്പ അങ്ങിനെയൊരു ഉറപ്പു ഉമ്മയോട് വാങ്ങിയിരുന്നത് കൊണ്ടാണ്. “ഈ വീടും സ്ഥലവും എന്‍റെ സുഹറ മോള്‍ക്കാണ്” എന്ന് പറഞ്ഞു കൊണ്ടാണ് വല്ലുപ്പ കണ്ണടച്ചത് എന്ന് ഉമ്മ എപ്പോഴും പറയും. എന്നാലും ഉമ്മാക്ക് ബാപ്പയെ എന്നും ഇഷ്ടമായിരുന്നു. അതാണ്‌ എന്‍റെ ഉമ്മ – ആരെയും സ്നേഹിക്കാന്‍ അല്ലാതെ വെറുക്കാന്‍ കഴിയാത്ത ഒരു പാവം !
വീടിന്‍റെ കോലായില്‍ ചാരുകസേരയില്‍ പതിവ് സ്ഥാനത്ത് തന്നെ ബാപ്പയുണ്ട്. ഈയിടെയായി ബാപ്പയുടെ സ്വഭാവത്തില്‍ ചില നല്ല മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. വീട്ടില്‍ നിന്ന് തീരെ പുറത്തിറങ്ങാറില്ല. കൈയില്‍ കാശില്ലാഞ്ഞിട്ടാവുംചിലപ്പോള്‍.. പാപ്പരായതോടെ ചുറ്റും സജീവമായിരുന്ന സുഹൃദ്‌വലയം ചുരുങ്ങിച്ചുരുങ്ങി വന്നു. അവസാനം കീശയില്‍ ഒരു ഓട്ടമുക്കാല്‍ പോലും ഇല്ലാത്ത പഴയ പ്രതാപിയെ ഒരു പട്ടി പോലും തിരിഞ്ഞു നോക്കാതായി. അവിടവിടെ പിന്നിക്കീറിയ പഴയ സില്‍ക്ക്‌ ‌ കുപ്പായവും ധരിച്ച് , പഴയ സുഹൃത്തുക്കളെ തേടി അങ്ങാടിയില്‍ അങ്ങോടുമിങ്ങോടും നടന്നു മടുത്തിട്ടാവണം ഈ ചാരുകസേര സ്ഥിരതാവളം ആക്കിയത്. വിദൂരതയിലേക്ക് മിഴികളൂന്നി അനങ്ങാതെ കിടക്കുമ്പോള്‍ പഴയ പ്രതാപകാലം അയവിറക്കുമ്പോള്‍ ആവണം ചിലപ്പോഴൊക്കെ ആ കണ്ണുകള്‍ ആര്‍ദ്രമാകുന്നത് സുഹറ പലപ്പോഴും കണ്ടിട്ടുണ്ട്. സുഹറ തന്നെ കടന്നു വീടിന്നുള്ളിലേക്ക്  കയറിപ്പോകുന്നത് കണ്ടെങ്കിലും ബീരാന്‍ അവളെ ഗൌനിച്ചത് പോലും ഇല്ല. അതവള്‍ ആഗ്രഹിച്ചിരുന്നതുമില്ല.
വീടിനുള്ളിലേക്ക് കയറിയ ഉടനെ ചോറുപാത്രം അടുക്കളയില്‍ വച്ച് നേരെ അവള്‍ പോയത് ഉമ്മയുടെ മുറിയിലെക്കാണ്. പതിവ് സമയത്ത് മകളെ കാണാനായി വാതിലിന്നു നേരെ മുഖം തിരിച്ചു കിടക്കുന്ന ഉമ്മയുടെ കുഴിഞ്ഞ കണ്ണുകള്‍……. ഏഴുവഷങ്ങള്‍ ആയി ഉമ്മ ഈ കിടപ്പ് തുടങ്ങിയിട്ടെങ്കിലും ഓരോ ദിവസവും ഉമ്മയുടെ മുഖത്തെക്കുള്ള ആദ്യ നോട്ടം കണ്ണീരിന്‍റെ നനവിനാല്‍ കാഴ്ച മങ്ങിക്കൊണ്ടല്ലാതെ ആയിരുന്നിട്ടില്ല. അത്രക്കും താന്‍ അവരെ സ്നേഹിക്കുന്നു. കട്ടിലില്‍ ഉമ്മാടെ അരികത്തായി ഇരുന്ന് കുനിഞ്ഞു ആ നെറ്റിയില്‍ ചുംബിച്ചു. ഇത്തവണ ഒരിറ്റു കണ്ണീര്‍ ആ നെറ്റിത്തടത്തിലേക്ക് കൂടുതല്‍ പൊഴിഞ്ഞു വീണുവോ ? ഒരു ന്യൂസ് പേപ്പര്‍ കീറിനുള്ളില്‍ പൊതിഞ്ഞു ഭദ്രമായി പിടിച്ചിരുന്ന പണം തുറന്നു.”നോക്യേ ഉമ്മാ എന്‍റെ ആദ്യത്തെ ശമ്പളം “ഉമ്മയുടെ കണ്ണുകള്‍ കൂടുതല്‍ നിറഞ്ഞത് സന്തോഷം കൊണ്ടായിരുന്നുവോ ?
“ആദ്യം പലചരക്ക് കടയിലെ പറ്റുതീര്‍ക്കണം”ഉമ്മയെ കാണിക്കെണ്ടായിരുന്നെങ്കില്‍ വരുന്ന വഴി തന്നെ പോക്കറിക്കാടെ കടയില്‍ കയറി പൈസ കൊടുത്തേനെ. താന്‍ ജോലിക്ക് പോയി തുടങ്ങിയ ശേഷമാണ് പോക്കരിക്ക കടയില്‍ നിന്ന് അരിയും സാധനങ്ങളും കടമായി തന്നു തുടങ്ങിയത് തന്നെ. തൊടിയില്‍ താന്‍ നട്ടുവളര്‍ത്തുന്ന പച്ചക്കറികളും, വല്ലപ്പോഴും വീണു കിട്ടുന്ന തേങ്ങയും ആയിരുന്നു അത് വരെയുള്ള ആശ്രയം. പല ദിവസങ്ങളിലും പട്ടിണി കിടന്നിട്ടുണ്ട്. തന്‍റെ കാര്യം സാരമില്ല – പക്ഷെ ഉമ്മ.
അങ്ങിനെയിരിക്കെയാണ് നെയ്തുകമ്പനിയില്‍ ജോലിക്ക് പോകുന്നതിനെ പറ്റി ആലോചിച്ചത്. തന്‍റെ കൂടെ പഠിച്ച അമ്മുക്കുട്ടിയും, രാധയും, പാത്തുമ്മയും ഒക്കെ പോകുന്നത് കണ്ടപ്പോള്‍ ഒരു ദിവസം നേരിട്ട് കമ്പനിയില്‍ ചെന്ന് ദിവാകരന്‍ സാറിനോട് ചോദിച്ചു. മുല്ലെശ്ശേരിയിലെ പെങ്കുട്ടി ജോലിക്ക് വര്വെ !! “ ദിവാകരന്‍ സാറിന്‍റെ മുഖത്തെ അത്ഭുതം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അതില്‍ നേരിയ ഒരു പരിഹാസത്തിന്‍റെ ധ്വനിയുണ്ടായിരുന്നു. അപ്പോള്‍ അടുത്ത് നിന്ന കണാരന്‍ ചേട്ടന്‍ അദ്ദേഹത്തിന്‍റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. കണാരന്‍ ചേട്ടന്‍ ഞങ്ങളുടെ അയല്‍വാസിയാണ്. ഞങ്ങളുടെ കഷ്ടപ്പാടുകള്‍ എല്ലാം അറിയാവുന്ന ആള്‍. അടുത്ത ദിവസം മുതല്‍ ജോലിക്ക് വന്നോളാന്‍ ദിവാകരന്‍സാര്‍ സമ്മതിച്ചു. വീട്ടില്‍ വന്ന് ഉമ്മയോട് പറയുമ്പോള്‍ ഉമ്മ ഒന്നും പറഞ്ഞില്ല. എങ്കിലും ആ കണ്ണുകളില്‍ നിന്ന് ഒഴുകിയ കണ്ണുനീര്‍ എല്ലാം പറഞ്ഞു.
വസ്ത്രം മാറ്റി ശരീരം തുണി നനച്ചു തുടച്ച ശേഷം ഉമ്മയെ വേറെ ബെഡ്ഷീറ്റിലേക്ക് മാറ്റിക്കിടത്തി . “ഉമ്മാ ഞാന്‍ വേഗം കുളിച്ചിട്ടു വന്നിട്ട് ചായ തരാട്ടോ. പോക്കറിക്കാടെ പൈസ ഇനി നാളെ രാവിലെ കൊടുക്കാം” തന്‍റെ മുറിയില്‍ കട്ടിലിന്നടിയില്‍ നിന്ന് പഴയ ട്രങ്ക് പെട്ടി വലിച്ചെടുത്തു. പണ്ട് ഉമ്മയെ കല്യാണം കഴിച്ചു വരുമ്പോള്‍ ഉമ്മ കൂടെ കൊണ്ടുവന്നതാണ് ആ തകരപ്പെട്ടി. പണ്ട് മുതലേ താന്‍ വിലപിടിച്ചതെന്തും അതിനകത്തെ സൂക്ഷിക്കാറുള്ളൂ. പണം പെട്ടിക്കുള്ളില്‍ സൂക്ഷിച്ചു വച്ച ശേഷം പെട്ടി കട്ടിലിന്നടിയിലേക്ക് തന്നെ തള്ളി വച്ച് അയയില്‍ നിന്ന് മാറാനുള്ള വസ്ത്രങ്ങളും തോര്‍ത്തുമുണ്ടും എടുത്തു കുളിമുറിയിലേക്ക് നടന്നു.
ഉമ്മക്ക് ചായ കൊടുത്ത ശേഷം ഒരു ഗ്ലാസ്‌ ചായയുമായി കൊലായിലേക്ക് ചെന്നു. ചാരുകസേര ശൂന്യം. മുറ്റത്തെക്കെങ്ങാനും ഇറങ്ങിയതായിരിക്കും. ഈയിടെയായി ബാപ്പ കിടപ്പും ഉറക്കവും എല്ലാം ആ ചാരുകസേരയില്‍ തന്നെയാണ്. ചായ ഗ്ലാസ്‌ ചാരുകസേരയുടെ പടിയില്‍ വച്ച് അടുക്കളയിലേക്കു കയറി. കഞ്ഞിയുണ്ടാക്കണം.
“കടം പറയാന്‍ ആണെങ്കില്‍ വേണ്ടാട്ടോ ബീരാനിക്ക” ചന്ദ്രന്‍റെ വാക്കുകളില്‍ തികഞ്ഞ കാര്‍ക്കശ്യം‍..
“കായൊക്കെ ഉണ്ട് നീ കുടിക്കാന്‍ എടുക്കടോ” വിശ്വാസം ഇല്ലാതെ നിന്ന ചന്ദ്രനെ പോക്കറ്റില്‍ നിന്ന് നോട്ടുകള്‍ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് ബീരാന്‍ പറഞ്ഞു. ചന്ദ്രന്‍ കൊണ്ടുവന്നുവച്ച കുപ്പിയില്‍ നിന്ന് ഗ്ലാസിലേക്ക് ഒഴിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു വിളി കേട്ട് ബീരാന്‍ തിരിഞ്ഞു നോക്കി “ ഹല്ല , ഇതാര് ബീരാനിക്കയോ…ഇങ്ങളെവിടെയാ ബീരനിക്കാ” സുകുമാരന്‍ ആണ്. പണ്ട് തന്‍റെ കയ്യില്‍ പണമുണ്ടായിരുന്നപ്പോള്‍ ഏതു നേരവും നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നവന്‍ ആണ്. പക്ഷെ പിന്നീട് താന്‍ പാപ്പരായപ്പോള്‍ ആദ്യം വിട്ടു പോയതും ഇവന്‍ തന്നെ.
“ചന്ദ്രാ , ഒരു കുപ്പി കൂടി എടുത്തോടാ” സുകുമാരനെ നോക്കികൊണ്ട് അത് പറയുമ്പോള്‍ ഒരു പകവീട്ടലിന്‍റെ സുഖമുണ്ടായിരുന്നു ബീരാന്‍റെ വാക്കുകളില്‍. കുപ്പികള്‍ കൂടിക്കൊണ്ടിരുന്നു – അതോടൊപ്പം ചുറ്റുമുള്ള സുഹൃത്തുക്കളുടെ എണ്ണവും !
വാതിലില്‍ ആരോ ശക്തിയായി തട്ടുന്നത് കേട്ടാണ് സുഹറ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. വാച്ചെടുത്തു സമയം നോക്കി – രണ്ടു മണി. വാതില്‍ തുറക്കുമ്പോള്‍ കണാരെട്ടന്‍.
“എന്താ കാണാരേട്ടാ ഈ സമയത്ത്?”
ചാരുകസേരയിലേക്ക് ചൂണ്ടിക്കൊണ്ട് കണാരെട്ടന്‍ പറഞ്ഞു “ കുറെനേരം മുന്നേ ഞങ്ങടെ പോരെടെ വാതിലില്‍ വന്ന് തട്ടി. വാതില്‍ തുറന്നപ്പോ ബോധമില്ലാതെ അവിടെ കിടക്കുന്നു. പിന്നെ ഞാന്‍ എടുത്ത് ഇങ്ങോട് കൊണ്ട് പോന്നു”
ചാരുകസേരയില്‍ ഉടുതുണിയില്ലാതെ ബാപ്പ. കണാരെട്ടന്‍ പോയി. പൊടുന്നനെ സുഹറയുടെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു. അവള്‍ മുറിയിലേക്കോടി കട്ടിലിന്നടിയില്‍ നിന്ന് തകരപ്പെട്ടി വലിച്ചെടുത്തു തുറന്നു. ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന പെട്ടിക്കകം. പണം കാണുന്നില്ല.
സുഹറയുടെ ചുറ്റുമുള്ള കാഴ്ചകള്‍ക്ക് നിറം നഷ്ടപ്പെട്ടു. പിന്നെ പാതിയടഞ്ഞ് ,മുകളിലേക്ക് മറിഞ്ഞ കണ്ണുകളോടെ സുഹറ തറയിലേക്ക് വീണു.

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates