Ind disable
 

സ്വപ്നങ്ങള്‍ക്ക് പറയുവാനുള്ളത് ! - മൂന്നാം ഭാഗം


ഉച്ചകഴിഞ്ഞ് രണ്ടരയോടെ പട്ടണത്തില്‍ ഗോവിന്ദമേനോന്‍ അസോസിയേറ്റ്സിന്‍റെ മുന്നിലെത്തി. ഡ്രൈവറെ വിളിപ്പിക്കാമെന്ന് അമ്മ നിര്‍ബന്ധിച്ചെങ്കിലും അത് വേണ്ടെന്നു പറഞ്ഞ് സന്ധ്യ തന്നെയാണ് കാറോടിച്ചത്.

അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ട പാലക്കാടല്ല ഇത്. റോഡില്‍ മനുഷ്യരെക്കാളെറെ വാഹനങ്ങളാണ്. ഒരു നിമിഷം പോലും ക്ഷമയില്ലാതെ ഹോണില്‍ കൈകള്‍ ഊന്നി എവിടെക്കൊക്കെയോ തിരക്കുപിടിച്ചു പായുന്ന മനുഷ്യര്‍. ഇതിലും എത്രയോ തിരക്കേറിയ നഗരമാണ് ബാംഗ്ലൂര്‍, പക്ഷെ അവിടെ ഡ്രൈവ് ചെയ്യുക ഇത്രയും പ്രയാസകരമല്ല. ബാംഗ്ലൂര്‍ നഗരത്തിലെ ആളുകള്‍ ഇത്രയ്ക്കു അക്ഷമരല്ല, ബാംഗ്ലൂരില്‍ ഒരു ബൈക്ക് പോലും കുത്തിത്തിരുകാന്‍ മടിക്കുന്ന വിടവിലേക്ക് ഇവിടെ കാറുകള്‍ കയറ്റി നിര്‍ത്തുന്നു. സിഗ്നലില്‍ പച്ചകത്തും മുന്നേ പിന്നില്‍ നിന്ന് ഹോണടിച്ച് മുന്നില്‍ നിര്‍ത്തിയിരിക്കുന്ന ഡ്രൈവറുടെ ക്ഷമപരീക്ഷിക്കുന്നു.


പല തവണ റിയര്‍വ്യൂമിററിലേക്ക് നോക്കി സന്ധ്യ പിറുപിറുത്തപ്പോഴൊക്കെ കണ്ണടച്ചു മിണ്ടാതിരുന്ന അമ്മ, ഒരിക്കല്‍ ഇടതുവശത്തുകൂടി പൊയ്ക്കൊണ്ടിരുന്ന ഓട്ടോറിക്ഷാഡ്രൈവര്‍ യാതൊരു സൂചനയും കൂടാതെ വലത്തേക്ക് വെടിത്തിരിച്ചപ്പോള്‍ സന്ധ്യ നിയന്ത്രണം വിട്ടയാളെ ചീത്ത വിളിച്ചപ്പോള്‍ ആത്മഗതം പോലെ പറഞ്ഞു – “ഇതാ പറഞ്ഞെ, ഡ്രൈവറെ കൂട്ടാംന്ന്”

അഡ്വക്കേറ്റ് ഗോവിന്ദമേനോന്‍ അമ്മയുടെ വകയില്‍ ഒരകന്ന ബന്ധുവാണ്. അച്ഛനുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്നയാള്‍. അച്ഛനുള്ളപ്പോള്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നുപോകുമായിരുന്നു.

സന്ധ്യയും അമ്മയും കടന്നുചെന്നപ്പോള്‍ റിസ്പ്ഷനിലിരുന്ന പെണ്‍കുട്ടി അവരോടു ഇരിക്കാന്‍ പറഞ്ഞിട്ട് അഡ്വക്കേറ്റ് ഗോവിന്ദമേനോന്‍ എന്ന് ബോര്‍ഡ് വച്ചിരുന്ന വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് പോയി.

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി പുറത്തുവന്നു പറഞ്ഞു - “അകത്തേക്ക് പൊയ്ക്കോളൂ”

“അല്ലാ, ഇതാരോക്കെയാ വരുന്നേ, വരൂ, ഇരിക്കൂ.” കസേരയില്‍ നിന്നെഴുന്നേറ്റ്‌ ഗോവിന്ദമേനോന്‍ ഇരുവരെയും ഉപചാരപൂര്‍വ്വം സ്വീകരിച്ചിരുത്തി.

“മോളിവിടെ ഉണ്ടായിരുന്നോ ? ബാംഗ്ലൂരില്‍ നിന്നെപ്പോള്‍ വന്നു ?”

“അവള്‍ മിനിഞ്ഞാന്നെത്തി” അമ്മയാണ് മറുപടി പറഞ്ഞത്. “അവളിനി തിരികെ പോകുന്നില്ല, ഗോവിന്ദമേനോന്‍റെ ഒരു സഹായം വേണം”

“ഈ എക്സ്ട്രാ മാരിട്ടല്‍ അഫയേര്‍സ് അല്ലാതെ വേറെ വല്ലതും, ഐ മീന്‍, പീഡനം പോലെ വല്ലതും – അല്ല ഡൈവോര്‍സ്കേസിനൊരു ഉറപ്പാണേ, അതോണ്ട് ചോദിച്ചതാ” സന്ധ്യ പറഞ്ഞതെല്ലാം ശ്രദ്ധിച്ചു കേട്ടുകഴിഞ്ഞപ്പോള്‍ ഗോവിന്ദമേനോന്‍ മടിച്ചു മടിച്ചവളെ നോക്കിച്ചോദിച്ചു.

“ഇല്ല” എത്ര ശ്രമിച്ചിട്ടും ഒഴിവാക്കാന്‍ കഴിയാത്ത ഈര്‍ഷ്യയോടെ സന്ധ്യയത് പറഞ്ഞപ്പോള്‍, ഒരു നിമിഷം പരിചയസമ്പന്നനായ ഗോവിന്ദമേനോന്‍ ചൂളിപ്പോയി.

“അമ്മേ, ഞാന്‍ പുറത്തുണ്ടാകും” ഗോവിന്ദമേനോന്‍റെ ചോദ്യം മുഴുവന്‍ മനസ്സിലായില്ലെങ്കിലും സന്ധ്യയുടെ മറുപടിയില്‍ നിന്ന് അവള്‍ കേള്‍ക്കാനാഗ്രഹിക്കാത്ത ഒരു ചോദ്യമായിരുന്നു അതെന്ന്‍ ഗ്രഹിച്ച് തെല്ലന്ധാളിച്ചിരുന്ന പത്മാവതി മറുപടി പറയാതെ ഗോവിന്ദമേനോനെ നോക്കി – അയാള്‍ കുഴപ്പമിലെന്ന മട്ടില്‍ മെല്ലെ കണ്ണുകളടച്ചു കസേരയിലേക്ക് ചാരിയിരുന്നു.

റിസപ്ഷനിലെ ബെഞ്ചില്‍ ഒരു ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടിയും കാഴ്ചക്ക് അവളുടെ അപ്പൂപ്പനെന്നു തോന്നിക്കുന്ന ഒരു വൃദ്ധനും ഇരിക്കുന്നുണ്ടായിരുന്നു.

ദുരന്തങ്ങള്‍ ഉറങ്ങിക്കിടക്കുന്നത് പോലെയുള്ള അവളുടെ നരച്ച കൃഷ്ണമണികള്‍ ഒരു ചത്ത മത്സ്യത്തിന്‍റെ കണ്ണുകളെ അനുസ്മരിപ്പിച്ചു. എന്നോ മരിച്ചു മണ്ണടിഞ്ഞു പോയ ഒരു ദുരന്തകഥയിലെ നായികയുടെ ചിത്രം പോലെ അവള്‍ നിശ്ചലയായി ചുവരില്‍ ചാരി മരവിച്ചിരുന്നു.

വൃദ്ധന്‍റെ അസ്വസ്ഥമായ കണ്ണുകള്‍ ആ മുറിയിലും അതിലേക്കു തുറക്കുന്ന ഇടനാഴിയിലും കണ്ടുമുട്ടരുതെന്ന് ആഗ്രഹിക്കുന്ന ആരുടെയോ അസാന്നിധ്യം ഉറപ്പുവരുത്താനെന്നോണം അസ്വസ്ഥമായി അലഞ്ഞു തിരിയുന്നുണ്ടായിരുന്നു.

‘നല്ല പരിചയം തോന്നുന്ന മുഖമുള്ള പെണ്‍കുട്ടി’ – സന്ധ്യ മനസ്സിലോര്‍ത്തു. അവളോടൊന്ന് ചെന്ന് സംസാരിച്ചാലോ ? പിന്നെ അവളാ തോന്നല്‍ ഉപേക്ഷിച്ചു, ആ പെണ്‍കുട്ടിയുടെ ഇരിപ്പും ഭാവവും ഇനിയുമൊരപരിചിതന്‍റെ സാന്നിദ്ധ്യം താങ്ങാന്‍ സാധ്യമല്ലെന്ന തോന്നല്‍ ജനിപ്പിക്കുന്നതായിരുന്നു !

ജനലിലൂടെ നോക്കിയാല്‍ തിരക്കേറിയ ദേശീയപാത കാണാം. ധാരമുറിയാതെ ഒഴുകുന്ന വാഹനവ്യൂഹം. ഇടയ്ക്കു രണ്ടുതവണ സൂര്യനു മുന്നിലൂടെ സാന്നിദ്ധ്യമറിയിച്ചുകൊണ്ട് മഴമേഘങ്ങള്‍ കടന്നുപോയി. ഇന്നും മഴ പെയ്തേക്കും.

“സാര്‍ വിളിക്കുന്നു” പതിഞ്ഞ ശബ്ദത്തില്‍ റിസപ്ഷനിലിരുന്ന യുവതി വിളിച്ചു. അവളുടെ മുഖത്ത് തന്‍റെ പ്രവചനാതീതമായ പ്രതികരണം സൃഷ്ടിച്ചേക്കാവുന്ന നേരിയ ഭയത്തിന്‍റെ നാമ്പുകള്‍. സന്ധ്യ അവളെനോക്കി പുഞ്ചിരിച്ചപ്പോള്‍ അവളുടെ മുഖത്തും ആശ്വാസത്തിന്‍റെ പുഞ്ചിരി വന്നു നിറഞ്ഞു.

“ആ, സന്ധ്യ, നോട്ടീസ് റെഡി, വായിച്ചു നോക്കി ഇതാ ഇവിടെ ഒപ്പിട്ടോളൂ” ലീഗല്‍ നോട്ടീസിലേക്ക്‌ വിരല്‍ചൂണ്ടിക്കൊണ്ട് അവള്‍ക്കു നേരെ നോക്കാതെ മനസ്സിലുള്ള നീരസം സമര്‍ഥമായി മറച്ചുകൊണ്ട് ഗോവിന്ദമേനോന്‍ പറഞ്ഞു.

വായിച്ചു നോക്കാനൊന്നും മെനക്കെടാതെ അവള്‍ ധൃതിയില്‍ ഒപ്പിട്ടു.

“എന്നാല്‍ ഞങ്ങളിറങ്ങട്ടെ” പത്മാവതിയമ്മ കസേരയില്‍ നിന്നെഴുന്നേറ്റു കൊണ്ട് പറഞ്ഞു.

“ആയ്ക്കോട്ടെ, ഇത് ഞാനിന്നു തന്നെ പോസ്റ്റ്‌ ചെയ്തേക്കാം. മറുപടി വരുന്നത് വീട്ടിലെ അഡ്രസ്സിലാകും”

ഏതുനിമിഷവും പൊളിഞ്ഞു വീഴാവുന്ന ഒരു പന്തല്‍ പോലെ മഴമേഘങ്ങള്‍ ആകാശത്ത്‌ വട്ടം ചുറ്റിത്തുടങ്ങിയിട്ടുണ്ടായിരുന്നു. മഴ പെയ്തുതുടങ്ങിയാല്‍ പിന്നെ, മെയിന്‍ റോഡില്‍ നിന്നിറങ്ങി വീട്ടിലേക്കുള്ള ചെമ്മണ്‍പാതയിലൂടെയുള്ള ഡ്രൈവിംഗ് ദുഷ്കരമാണ്. സന്ധ്യ ആക്സിലറെട്ടറില്‍ കാലമര്‍ത്തി.

“ദാ, ആ സിഗ്നല്‍ കഴിഞ്ഞയുടനെ വലത്തുവശത്തുള്ള കടയിലൊന്നു നിര്‍ത്തണേ, ഒന്നുരണ്ടു പാത്രങ്ങള്‍ വാങ്ങാനുണ്ട്‌” മുന്നിലേക്ക്‌ വിരല്‍ചൂണ്ടിക്കൊണ്ട് അമ്മ പറഞ്ഞു. മനസ്സില്‍ തോന്നിയ നീരസം പുറമേ കാണിക്കാതെ സന്ധ്യ അമ്മ പറഞ്ഞ കടക്കുമുന്നില്‍ വണ്ടി നിര്‍ത്തി.

“ഇതിനു വേണ്ടി പട്ടണത്തില്‍ വരാന്‍ ബുദ്ധിമുട്ടാ” വാതില്‍തുറന്നിറങ്ങുമ്പോള്‍ അമ്മ പറഞ്ഞു.

‘NS മെഗാമാര്‍ട്ട്’ എന്ന ബോര്‍ഡ് വച്ച കടയിലേക്ക് അവര്‍ കയറി. ഒരു വീട്ടിലേക്കാവശ്യമായ എല്ലാവിധ സാധനങ്ങളും തരംതിരിച്ചടുക്കി വച്ചിരിക്കുന്നു.

“എന്താ വേണ്ടത് മാഡം” ഭംഗിയായി വേഷം ധരിച്ച സുമുഖനായ ചെറുപ്പക്കാരന്‍ മുഖത്ത് എടുത്തണിഞ്ഞ ചിരിയോടെ ചോദിച്ചു.

“പാത്രങ്ങള്‍ ?” അമ്മ പറഞ്ഞു.

“നേരെ പോയിട്ട് ഇടത്തുഭാഗത്തേക്ക് തിരിഞ്ഞാല്‍ മതി മാഡം, അവിടെ എഴുതി വച്ചിട്ടുണ്ട്”

അമ്മ, പ്രഷര്‍കുക്കറിന് മുകളില്‍ വച്ചുപയോഗിക്കുന്ന ഒരു പുട്ടുകുറ്റിയും, മൂന്നു ലിറ്ററിന്‍റെ ഒരു റൈസ് കുക്കറും വാങ്ങി. അവള്‍ അത്ഭുതപ്പെട്ടു – അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ വീടിന്‍റെ പടിപോലും കാണാന്‍ യോഗ്യതതയില്ലാത്ത വസ്തുക്കള്‍.

“ഹിതാര് അമ്മായിയോ, ഇതെപ്പോ വന്നു ? ഞാന്‍ അറിഞ്ഞില്ലല്ലോ ?” കാഷ് കൌണ്ടറില്‍ നിന്നും ആശ്ചര്യത്തോടെ സുധാകരന്‍ ചാടിയെഴുന്നേറ്റു. അപ്പോഴാണ്‌ അയാള്‍ സന്ധ്യയെ കണ്ടത്. ഒരുനിമിഷം അവരുടെ മിഴികള്‍ പരസ്പരമുടക്കി. ഒരിക്കലും വാചാലമാകാന്‍ സാധ്യമല്ലാത്ത തോന്നല്‍ ജനിപ്പിച്ചു കൊണ്ട് നിശബ്ദത അവര്‍ക്കിടയിലൂടെ കടന്നു പോയി.

“നീ- സന്ധ്യയും ഉണ്ടായിരുന്നോ? എപ്പോ വന്നു ബാംഗ്ലൂരീന്ന് ?” സുധാകരന്‍റെ ശബ്ദത്തില്‍ ജീവനില്ലായിരുന്നു.

“മിനിഞ്ഞാന്ന്” അയാള്‍ക്ക്‌ നേരെ നോക്കാതെ മറുപടികൊടുത്തശേഷം, അമ്മയോട് ‘ഞാന്‍ കാറിലുണ്ടാകും’ എന്ന് പറഞ്ഞു കൊണ്ട് സന്ധ്യ പുറത്തേക്ക് നടന്നു.

(തുടരും)

നാലാം ഭാഗം - http://palavattam.blogspot.com/2014/07/blog-post_23.html

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates