Ind disable
 

സ്വപ്നങ്ങള്‍ക്ക് പറയുവാനുള്ളത് ! - രണ്ടാം ഭാഗം


പിറ്റേന്ന് ഉറക്കമുണര്‍ന്നപ്പോള്‍ പത്തുമണിയായി. ഒരുപാട് തവണ തൊണ്ട കീറി അമ്മക്ക് മതിയായപ്പോള്‍ താന്‍ എഴുന്നേറ്റു വന്നു എന്ന് പറയുകയാവും ശരി. തലേദിവസത്തെ ബാംഗ്ലൂര്‍ നിന്നുള്ള ബസ് യാത്രയുടെ ക്ഷീണം അത്രക്കുണ്ടായിരുന്നു.

“ഇവിടെയിങ്ങനെ കുത്തിയിരിക്കാതെ എഴുന്നേറ്റു പോയി പല്ലുതേച്ചു കുളിച്ചു വാ പെണ്ണേ” ചവിട്ടുപടിയില്‍ തൂണില്‍ ചാരിയിരുന്ന് അലസമായി ദൂരേക്ക്‌ മിഴികളയക്കുമ്പോള്‍ അരികില്‍ കാപ്പി കൊണ്ടുവന്നു വച്ചുകൊണ്ട് അമ്മ പറഞ്ഞു.

മറുപടി പറയാതെ അശ്രദ്ധമായി സ്റ്റീല്‍ ഗ്ലാസ്സില്‍ നിറച്ച കാപ്പിയെടുക്കുമ്പോള്‍ കൈപൊള്ളി. നീറിപ്പുകയുന്ന ചൂണ്ടുവിരലും തള്ളവിരലും വായ്ക്കുള്ളിലാക്കി നുണയുമ്പോള്‍ ഓര്‍ത്തു – വീട്ടില്‍ മാത്രമേയുണ്ടാകൂ ഇപ്പോഴും ഈ സ്റ്റീല്‍ ഗ്ലാസ്സിലെ കാപ്പി കുടി.


നാടുവിട്ടു പോയ കാലത്ത് ബാംഗ്ലൂരിലെ തമിഴ് വെജിറ്റെറിയന്‍ ഹോട്ടലുകളില്‍ സ്റ്റീല്‍ ഗ്ലാസ്സിലെ കാപ്പിയുടെ രുചി വൈവിധ്യം തേടിപ്പോകുമായിരുന്നു . ജോണ്‍ അറിഞ്ഞാല്‍ ചിലപ്പോള്‍ ചീപ് നൊസ്റ്റാള്‍ജിയ എന്ന് പറഞ്ഞു കളിയാക്കും. അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ കാപ്പിയുടെ രുചി എവിടെയും കിട്ടില്ലെന്നറിയാഞ്ഞിട്ടല്ല, അല്ലെങ്കിലും തേടിപ്പോയതോന്നും മോഹിച്ച തീവ്രതയോടെ ഒരിക്കലും തനിക്കു കിട്ടിയില്ല. അമ്മ അത്ര നല്ലൊരു പാചകക്കാരിയൊന്നും ആയിരുന്നില്ല, അച്ഛനെപ്പോഴും അതും പറഞ്ഞമ്മയെ ദേഷ്യം പിടിപ്പിക്കുക പോലും ചെയ്തിരുന്നു – എങ്കിലും സ്നേഹവും കരുതലും അലിഞ്ഞു ചേര്‍ന്ന വല്ലാത്തൊരു രുചിയായിരുന്നു അമ്മയുടെ കാപ്പിക്കും !

ചൂടുകാപ്പി ചുണ്ടോടുചേര്‍ത്ത് നുണഞ്ഞിരിക്കുമ്പോഴാണ് അരമതിലിനു കീഴെ പണ്ടുണ്ടായിരുന്നൊരു റോസാച്ചെടിയെക്കുറിച്ചോര്‍ത്തത്.

കോളേജില്‍ പഠിക്കുമ്പോള്‍ തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി അനിതയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്നതാണത്. ആരെക്കൊണ്ടും തൊടീക്കാതെ ഏറെ ശ്രദ്ധിച്ചു അന്നത് താന്‍ തന്നെ നട്ടു പിടിപ്പിച്ചു.

മുട്ടത്തോടും, ചായയുടെ മട്ടും ഇട്ടുകൊടുത്താല്‍ റോസാച്ചെടി നല്ല ഭംഗിയുള്ള പൂവിടുമെന്നു അനിത പറഞ്ഞു തന്നതനുസരിച്ച് അതിനു വേണ്ടിമാത്രം ബഹളം കൂട്ടി ഇടയ്ക്കിടെ അമ്മയെക്കൊണ്ട് ചായയിടീക്കും. അച്ഛനും അമ്മയ്ക്കും ചായ ഇഷ്ടമല്ല, കാപ്പിയാണ് പഥ്യം. ഉണ്ടാക്കുന്ന ചായ മുഴുവന്‍ നീ തന്നെ കുടിച്ചു തീര്‍ക്കണം എന്ന ഉടമ്പടിയില്‍ അച്ഛനറിയാതെ , ഇടക്കെപ്പോഴോ വരുന്ന, കാപ്പി കുടിക്കാത്ത അതിഥികള്‍ക്കായി കരുതിയ തേയിലകൊണ്ട് അമ്മ ചായയുണ്ടാക്കിത്തരും.

വീട്ടിലെല്ലാവരും പൂര്‍ണ്ണ സസ്യാഹാരികള്‍ ആയിരുന്നതിനാല്‍ മുട്ടത്തോട് സംഘടിപ്പിക്കലായിരുന്നു പ്രധാന പ്രശ്നം. അക്കാര്യം അച്ഛനോട് പറയുവാനായി അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി നടന്നു കുറെനാള്‍, കാരണം അച്ഛനോട് നേരിട്ട് പറയാന്‍ ധൈര്യമില്ലായിരുന്നു. അതിനുള്ള ധൈര്യം അമ്മക്കുമില്ലാതിരുന്നത് ഇപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. അല്‍പ്പം മുന്‍ശുണ്ഡിയുണ്ടായിരുന്നെന്നത് നേര് - പക്ഷെ അച്ഛനോരു ഭീകരനോന്നുമായിരുന്നില്ല. ഒരുപക്ഷെ ഭയത്തെക്കാളെറെ അമിതാദരവു നിറഞ്ഞൊരു ബഹുമാനം അച്ഛന് അറിഞ്ഞു നല്‍കിയതും അമ്മയുടെ അമിതസ്നേഹവും കരുതലും കൊണ്ട് തന്നെയാകാം.

ഒരുദിവസം കോളേജില്‍ നിന്ന് വന്നശേഷം , തന്‍റെ ശല്യം സഹിക്കവയ്യാതെ അമ്മ ഇറയത്ത്‌ ചാരുകസേരയില്‍ എന്തോ ആലോചിച്ചു കിടന്നിരുന്ന അച്ഛനെ സമീപിച്ചു.

“ദാ, കേട്ടോ - ഈ കുട്ടിക്ക് മുട്ടത്തോട് വേണമത്രേ”
കാര്യമായ എന്തോ ആലോചനയിലായിരുന്ന അച്ഛന്‍ ഒരു ഞെട്ടലോടെ അമ്മയെ തുറിച്ചുനോക്കി ചോദിച്ചത് ഓര്‍മ്മയുണ്ട് – “മുട്ടത്തോടോ, എന്തിനാപ്പോ മുട്ടത്തോട് ?”

“റോസാച്ചെടിക്ക് ഇടാനെന്നോ മറ്റോ പറേണ കേട്ടു” രംഗം പന്തിയല്ലെന്ന് കണ്ടു തനിക്കൊന്നുമറിയില്ലെന്ന മട്ടില്‍ തന്നെ വിശന്നുവലഞ്ഞൊരു സിംഹത്തിനുമുന്നില്‍ തനിച്ചു വിട്ടിട്ട് മെല്ലെ അകത്തേക്ക് വലിഞ്ഞ അമ്മയെ അന്ന് അരച്ചുകലക്കി കുടിക്കാനുള്ള ദേഷ്യമുണ്ടായി.

“ഉം, നോക്കട്ടെ.” നേരെ നോക്കാതെ ആത്മഗതം പോലെ പറഞ്ഞ് അച്ഛന്‍ വീണ്ടും ചാരുകസേരയിലേക്ക് ചാഞ്ഞപ്പോള്‍ മുട്ടത്തോട് കിട്ടിയില്ലെങ്കിലും വേണ്ടില്ല, എന്തോ വലിയൊരു അപകടം ഒഴിഞ്ഞു പോയ ആശ്വാസത്തോടെ അകത്തേക്ക് ഓടുകയായിരുന്നു.

പിറ്റേന്ന് രാവിലെ കോളേജില്‍ പോകുമ്പോള്‍ തന്നെക്കണ്ട് പറമ്പില്‍ തെങ്ങിന് തടംകൊരിക്കൊണ്ടിരുന്ന ദാമു പണി നിര്‍ത്തി വിളിച്ചു – “തംമ്പ്രാട്ട്യെ”

“എന്താ ദാമു ?”

കയ്യിലിരുന്ന കടലാസുപൊതി തൊട്ടടുത്തുനിന്നിരുന്ന ഉയരം കുറഞ്ഞ ഒട്ടുമാവിന്‍റെ ശിഖരങ്ങള്‍ക്കിടയില്‍ വച്ച് ദാമു വിളറിയ പതിവു ചിരിയോടെ തീണ്ടാപ്പാടകലെ മാറിനിന്നു.

“എന്താ ഇത് ?” മറുപടിക്കു പകരം ദാമുവിന്‍റെ ചിരികണ്ടു ക്ഷമനശിച്ചപ്പോള്‍ പൊതിയഴിച്ചു നോക്കി – നാല് മുട്ടത്തോടുകള്‍ ! ഒരെണ്ണം ഭാഗികമായി ഞെരിഞ്ഞിട്ടുമുണ്ട്.

ഉച്ചത്തില്‍ പൊട്ടിച്ചിരിക്കാനാണ് അപ്പോള്‍ തോന്നിയത്. ദാമുവിന്‍റെ മുഖത്തെ അമ്പരപ്പ് കണ്ടപ്പോള്‍ പറഞ്ഞു – “നന്ദി ദാമു”. എന്തോ ഗുരുതരമായ അനര്‍ത്ഥം കേട്ടമട്ടില്‍ ദാമുവിന്‍റെ മുഖം വലിഞ്ഞു മുറുകിയത് ശ്രദ്ധിക്കാതെ തിരിച്ചോടി. കോളേജില്‍ പോകും മുന്നേ തന്നെ നാല് മുട്ടത്തോടുകളും പൊടിച്ച് റോസാച്ചെടിക്ക് കീഴെ ചുറ്റും വിതറിയിട്ടു വെള്ളമൊഴിച്ചു.

“കൈ നന്നായി കഴുകിയല്ലോ ല്ലേ - മുട്ടേടെ ഉളുമ്പ് നാറ്റംണ്ടാവും” സമയം വൈകിയോയെന്ന് പരിഭ്രമിച്ച് ധൃതിയില്‍ കോളെജിലേക്കോടുമ്പോള്‍ അമ്മ പിന്നില്‍ നിന്ന് വിളിച്ചു പറഞ്ഞത് കേട്ടില്ലെന്നു നടിച്ചു.

തന്‍റെ അസ്ഥിത്വത്തിന്‍റെ അവശേഷിക്കുന്ന അടയാളമെന്നോണം വിറുങ്ങലിച്ച ചില്ലകള്‍ ബാക്കി നിര്‍ത്തിക്കൊണ്ട് അന്നത്തെ റോസാച്ചെടിയാകെ കരിഞ്ഞുണങ്ങിപ്പോയിരിക്കുന്നു. ഒരു നിയോഗം പോലെ എത്രയോ പ്രഭാതങ്ങളില്‍ തന്‍റെ തലമുടിയിലിരുന്ന് കോളേജിലെ ആണ്‍കുട്ടികളെ മോഹിപ്പിച്ച അസംഘ്യം പനിനീര്‍പ്പൂവുകള്‍ സമ്മാനിച്ച തന്‍റെ പ്രിയപ്പെട്ട റോസാച്ചെടി.

സൂക്ഷ്മതയോടെ അതിന്‍റെ ചില്ലകളിലൂടെ വിരലുകളോടിക്കുമ്പോള്‍ പിന്നില്‍നിന്ന് അമ്മയുടെ ശബ്ദം കേട്ടു – “ഇനി അതിനെ തലോടി കൈയില്‍ മുള്ളുകൊണ്ട് മുറിയണ്ട. ഉണങ്ങിയ റോസിന്‍റെ മുള്ളിന് ശക്തി കൂടുതലാവും”. അമ്മയുടെ അമിത ശ്രദ്ധ പഴയതുപോലെ മനസ്സില്‍ ഈര്‍ഷ്യ ജനിപ്പിച്ചില്ല, പകരം, ഇടക്കാലത്ത് നഷ്ടമായതെന്തോ ആസ്വദിക്കുന്ന സുഖം തോന്നി.

തിരികെ നടന്ന് വീണ്ടും പടിക്കെട്ടില്‍ വന്നിരിക്കുമ്പോള്‍ വെറുതെയോര്‍ത്തു – ഒരര്‍ഥത്തില്‍ ജീവിതവും ആ റോസാച്ചെടി പോലെതന്നെയല്ലേ ? മുള്ളുകള്‍ കണ്ടു ഭയന്നോ, കൈയില്‍ മുള്ളുകള്‍ തറച്ചോ ആദ്യശ്രമത്തില്‍ ചിലര്‍ പിന്മാറിയെക്കാം. എന്നാല്‍ ചലനശേഷിയില്ലാത്ത മുള്ളുകളുടെ ദൌര്‍ബല്യം തിരിച്ചറിഞ്ഞ് അവക്കിടയിലൂടെ സുരക്ഷിതമായി കൈകടത്തിയാല്‍ ആ പൂവുകള്‍ എളുപ്പം ഇറുത്തെടുക്കാമെന്ന് തിരിച്ചറിഞ്ഞവര്‍ക്ക് അവളെ ഒരുപാടുവട്ടം കീഴടക്കാം !

(തുടരും)

മൂന്നാം ഭാഗം - http://palavattam.blogspot.com/2014/07/blog-post_22.html

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates