ജീര്‍ണ്ണതയുടെ അവശിഷ്ടമായെന്നില്‍ പടരുന്നു
കാലം പുതപ്പിച്ചോരോര്‍മ്മകള്‍ തന്‍ തേങ്ങലുകള്‍.
ഉരുകുന്ന നൊമ്പരമായ് ഗാഢമിന്നെന്നെ
പുണരുന്നു ഒരു നഷ്ടപ്പെടലിന്റെ ഗദ്ഗദങ്ങള്‍.
ഒരു ചിത്രം പോലെയിന്നും തെളിയുന്നെന്നകതാരില്‍
നിന്‍ സുസ്മേര വദനമൊരു കുളിര്‍ തെന്നലായ്
നിന്‍ ചിരിയില്‍ പൊഴിഞ്ഞു വീഴും മണിമുത്തുകള്‍
കളനാദം പൊഴിച്ചു കൊണ്ടെന്നെ കൊതിപ്പിക്കുന്നു.
കുസൃതിയോളിപ്പിച്ച നിന്‍ നീല നയനങ്ങള്‍
എന്തോ വിഷാദമെന്ന മുഖഭാവം ജനിപ്പിക്കുമ്പോളും
എനിക്കറിയാം അതെന്‍ മനസ്സറിയാന്‍ നീ
കളിക്കും ചെറു നാടകങ്ങള്‍ മാത്രമെന്ന്.
നിന്‍ സാമീപ്യം പകരും ഊഷ്മള ഗന്ധവും
നിന്‍ കാര്‍കൂന്തലിന്‍ ലാസ്യ ഭാവങ്ങളും
നിന്നെ പിരിയും ദുഖത്താലെന്ന പോല്‍
രക്തവര്‍ണ്ണം പൊഴിച്ചു വിട വാങ്ങും സന്ധ്യയും.
ഒരു പാടോര്‍മ്മകള്‍ എന്‍ മനസ്സില്‍ ചൊരി-
ഞ്ഞിട്ടെങ്ങു പോയ് നീ മറഞ്ഞെന്നോമലേ
നിന്‍ വേര്‍പാടെനിക്ക് താങ്ങുവതല്ലെന്ന-
റിയായ്കയില്ലന്നറിയുവതെനിക്ക്
എങ്കിലും ഒരലയായ് ,ഒരിളം കാറ്റിന്‍റെ
ആലോലനിസ്വനമായ് -ഒരു വിതുമ്പലായ്
ഒരു കുഞ്ഞോളമായ് ,ഒരു പൂവിന്‍റെ തുടിപ്പായ്
ഒരു നേര്‍ത്ത ഗാനമായ് -ഒരു മഴയായ്
എന്തിനു വിട്ടകന്നു പോയ് നീയെന്നെ
എന്‍ സ്മൃതി പഥത്തില്‍ വേദനതന്‍ വടുക്കള്‍ വീഴ്ത്തി
ഒരു സംവത്സരത്തോടടുക്കുന്നു ഞാനെന്‍
പ്രിയയെ നഷ്ടപ്പെടുത്തിയ രാവോടുങ്ങിയിട്ടിന്ന്‍
എങ്കിലും മനതാരില്‍ തിളങ്ങി നില്‍പ്പാമുഖം
എന്‍ സിരകളിലെ രക്തത്തില്‍ അലിഞ്ഞ പോലെയിന്നും
നേടിയിട്ടില്ലിതുവരെയെന്‍ ജീവിതത്തില്‍ നി-
ന്നൊന്നും നിന്നോടു കിട പിടിക്കും പോലെ
നഷ്ടപ്പെടുത്തുവാനും കഴിഞ്ഞിട്ടില്ലമൂല്യ-
മാമൊരു നിധിയെന്‍ ജീവിതത്തില്‍ നീയെന്ന പോലെ.
Subscribe to:
Post Comments (Atom)
0 comments:
Post a Comment