Ind disable
 

എന്‍റെ വെക്കേഷന്‍ - നാടനുഭവങ്ങള്‍

5comments


എന്‍റെ നാട് രണ്ടു വര്‍ഷം കൊണ്ട് ഏറെ മാറിയിരിക്കുന്നു. ഏറ്റവും പ്രകടമായി എനിക്ക് തോന്നിയത് എല്ലാവരും കാശുകാരായി എന്നതാണ് . ഇനി പാവപ്പെട്ടവരെ ഞാന്‍ കാണാതിരുന്നിട്ടാണോ എന്നറിയില്ല - പക്ഷെ സന്തോഷം തോന്നിയ ഒരു കാര്യം എനിക്കറിയാമായിരുന്ന, എന്‍റെ നാട്ടിലെ പാവപ്പെട്ടവര്‍ എന്ന് അറിയപ്പെട്ടിരുന്നവരൊക്കെ അത്യാവശ്യം നല്ല നിലയില്‍ ആണ് ജീവിക്കുന്നത്.  അതിനു രണ്ടു കാരണങ്ങള്‍ ഉണ്ട് . ഒന്ന് - മദ്യപാനത്തിന്‍റെയും ,പുകവലിയുടെയും ദൂഷ്യഫലങ്ങള്‍ കുറെയേറെ പേരെങ്കിലും മനസ്സിലാക്കി അതില്‍ നിന്നും പിന്തിരിഞ്ഞത് . രണ്ട് - കൂലിപ്പണി പോലെയുള്ള സങ്കേതിക പരിജ്ഞാനം തീരെ ആവശ്യമില്ലാത്ത തൊഴില്‍ മേഘലകളില്‍ ആളുകളുടെ ദൌര്‍ലഭ്യവും , കൂടിയ വേതനവും.

സിഗരറ്റ് വലി നിറുത്താന്‍ സാധിക്കുന്നില്ല എന്ന് മേനി പറഞ്ഞു നടന്നിരുന്ന പല സുഹൃത്തുക്കളും അത് നിറുത്തിയത് കണ്ട് ആദ്യം സന്തോഷം തോന്നിയെങ്കിലും, അവരില്‍ പലരും പാന്‍മസാല എന്ന അതിലും മാരകമായ വിപത്തിന്‍റെ പിടിയില്‍ ആയത് ഏറെ ദുഖിപ്പിച്ചു. അത് പോലെ തന്നെ മാരകമായെക്കാവുന്ന മറ്റൊരു ശീലം യുവാക്കളില്‍ വളര്‍ന്നു വരുന്നത് ഫാസ്റ്റ്‌ ഫുഡ്‌ സംസ്കാരം ആണ്. എന്‍റെ പല സുഹൃത്തുക്കള്‍ക്കും രൂപത്തില്‍ വന്നിട്ടുള്ള പ്രകടമായ മാറ്റം ശ്രദ്ധയില്‍ പെട്ടു . അതിന്‍റെ ശരിക്കുള്ള അപകടം തിരിച്ചു പോരുന്നതിന് ഏതാനും ദിവസം മുന്‍പ്‌ വീടിനടുത്തുള്ള അടുത്ത സുഹൃത്തിന് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ പുറത്തു വരികയും ചെയ്തു. നെഞ്ചു വേദന അനുഭവപ്പെട്ടപ്പോള്‍ സ്വന്തം ഓട്ടോറിക്ഷയെടുത്തു അടുത്തുള്ള ഇടപ്പള്ളിആശുപത്രിയില്‍ പോയ അവനെ അവിടെ നിന്ന് ഏറണാകുളത്തുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോയത് ആംബുലന്‍സില്‍ ആയിരുന്നു. ഹൃദയ ധമനികളില്‍ എട്ടോ ഒന്‍പതോ ബ്ലോക്ക്‌ കാണപ്പെട്ട അവന്‍ ജീവിക്കാനുള്ള സാധ്യത തുലോം തുച്ചമാനെന്നുള്ള ഡോക്ടര്‍മാരുടെ വിലയിരുത്തല്‍ കേട്ട് നാട്ടുകാരും,ബന്ധുക്കളും ആശുപത്രിയില്‍ തടിച്ചു കൂടി. പക്ഷെ ദൈവാനുഗ്രഹം കൊണ്ടും , രണ്ടോ മൂന്നോ വയസ്സ് മാത്രമുള്ള പിഞ്ചു കുഞ്ഞിന്‍റെയും അവളുടെ മാതാവിന്‍റെയും പ്രാര്‍ത്ഥന കൊണ്ടും അവന്‍ രക്ഷ പെട്ടു. ഇപ്പോള്‍ ആറുമാസം മരുന്ന് കഴിച്ച്‌ ബെഡ്റെസ്റ്റ് !!!

നേരത്തെ ഉണ്ടായിരുന്നെങ്കിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ -അതെ സമയം എന്‍റെ നാടിന്‍റെ അവസ്ഥയില്‍ ഏറെ ലജ്ജ തോന്നിയ കാര്യം ദിനം പ്രതി പത്രത്താളുകളില്‍ ഭൂരിഭാഗവും കൈയടക്കുന്ന ശിശുക്കളോടുള്ള ലൈഗീക പീഡനം ആണ്. ഈയവസ്ഥ തുടര്‍ന്നാല്‍ പത്രത്തില്‍ ദേശീയം,കായികം എന്നിങ്ങനെ പേജുകള്‍ ഉള്ളത് പോലെ പീഡനം എന്ന ഒരു പേജ് കൂടി കൂട്ടിചെര്‍ക്കപ്പെടുന്ന കാലം വിദൂരമല്ല. എന്‍റെ വീടിന്‍റെ അടുത്തു തന്നെയുള്ള മഞ്ഞുമ്മലില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് പത്രത്തില്‍ വന്ന വാര്‍ത്തയും ഫോട്ടോയും മനസ്സിന്‍റെ ആഴങ്ങളില്‍ ഏറെക്കാലം മായാതെ കിടക്കുന്ന മുറിവ് നല്‍കി. അയവാസിയായ മൂന്നോ നാലോ വയസ്സുള്ള പെണ്‍കുഞ്ഞിനെ മിട്ടായി നല്‍കി പീടിപ്പിച്ച അമ്പതു പിന്നിട്ട മനുഷ്യന്‍. അറസ്റ്റ്‌ ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടതിനെതിരെ പ്രതിഷേധവുമായി വീട് വളഞ്ഞ നാട്ടുകാര്‍ക്ക് നേരെ അസഭ്യവര്‍ഷവും, ശകാരവും, വെല്ലുവിളിയും ആയി ആയാള്‍ ധാര്‍ഷ്ട്യം കാണിച്ചപ്പോള്‍ സഹികെട്ട സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ അയാളെ സാമാന്യം നന്നായി മര്‍ദിച്ചു. മര്‍ദനമേറ്റ് സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യാത്ത രീതിയില്‍ അവശനായ അയാളെ പോലീസ്‌ ഉദ്യോഗസ്ഥര്‍ പിടിചെഴുന്നെല്‍പ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഫോട്ടോ ആണ് വാര്‍ത്തയോടൊപ്പം പത്രത്തില്‍ വന്നത്.

മറ്റൊന്ന് അമ്പത് പിന്നിട്ട സെയ്തലവി എന്നാ സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ തന്‍റെ വിദ്യാര്‍ത്ഥികളെ ഹോള്‍ സെയ്ല്‍ ആയി പീഡിപ്പിച്ച വാര്‍ത്ത ആണ്. ഈ കുട്ടികളുടെ അപ്പൂപ്പന്മാരുടെ പ്രായമുള്ള കേരളത്തിലെ വാര്‍ധക്യത്തിന് ഇതെന്തു പറ്റി ? എന്ത് ധൈര്യത്തില്‍ എന്‍റെ കുഞ്ഞു മകളെ ഞാന്‍ നിങ്ങളുടെ തണലില്‍ ഏല്‍പ്പിക്കും.

കേരളത്തിന്‍റെ എക്കാലത്തെയും തീരാത്ത തലവേദനയായ റോഡുകളുടെ ദുരവസ്ഥക്ക് മാത്രം ഒരു മാറ്റവുമില്ല. അഞ്ചു കൊല്ലം തോറും മാറിമാറി ഏതു സര്‍ക്കാര്‍ വന്നാലും "എന്നോടാ കളി" എന്ന രീതിയില്‍ റോഡുകള്‍ അങ്ങനെ പൊട്ടിപ്പൊളിഞ്ഞു തന്നെ നിലകൊള്ളും. തിരികെ പോരുന്നതിന് ഏതാനും ദിവസത്തിനു ശേഷം കേരള നിയമസഭാതിരഞ്ഞെടുപ്പാണ്. വോട്ട് ചെയ്തിട്ട് പോയാല്‍ പോരെ എന്ന സുഹൃത്തിന്‍റെ ചോദ്യം ഞാന്‍ പുച്ഛത്തോടെ തള്ളിക്കളഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ "തിരസ്കരിക്കുന്ന" ബട്ടണ്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിക്കുന്ന കാലത്തോളം ഞാന്‍ ആര്‍ക്കും വോട്ട് ചെയ്യില്ല. വോട്ട് ചോദിക്കാന്‍ മാത്രം അഞ്ചു കൊല്ലത്തില്‍ ഒരിക്കല്‍ നാണം ഇല്ലാത്ത കൃത്രിമ ചിരിയുമായി മുന്നില്‍ അവതരിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ എനിക്ക് വെറുപ്പാണ്. ഇനി വോട്ട് ചെയ്തില്ല എന്ന കാരണത്താല്‍ എന്നെ ഇന്ത്യാ മഹാരാജ്യത്ത് നിന്ന് പുറത്താക്കിയാല്‍ എന്നെന്നും അബ്ദുള്ള രാജാവിന്‍റെ അടിമയായി ഞാന്‍ ജീവിച്ചു കൊള്ളാം. എന്നാലും ഇവന്മാര്‍ക്കൊന്നും വോട്ട് ചെയ്യാന്‍ എന്‍റെ ആത്മാഭിമാനം അനുവദിക്കുന്നില്ല.

പുതിയതായി ചില റോഡുകള്‍ വന്നത് നല്ല ഒരു മുന്നേറ്റം തന്നെയായി തോന്നി. എന്‍റെ വീടിന്‍റെ മുന്നിലൂടെ കടന്നു പോകുന്ന NH-17 ലെ തിരക്ക് ഇത് മൂലം ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. ആലുവയില്‍ നിന്നും,കളമശ്ശേരിയില്‍ നിന്നും,വരാപ്പുഴ വഴിയും ഉള്ള യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്ക് കൂടാതെ പുതിയതായി പണിത സീ-പോര്‍ട്ട്‌ എയര്‍പോര്‍ട്ട് റോഡ്‌ വഴി എറണാകുളത്തെത്താം. പച്ചക്കറിയും മുന്‍മാസങ്ങളെ അപേക്ഷിച്ചു വിലയിലെ പൊള്ളല്‍ കുറച്ചിട്ടുണ്ട് എന്ന് വീട്ടുകാര്‍ പറഞ്ഞു.

പക്ഷെ എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും ഈ മണ്ണിന്‍റെ സുഗന്ധവും,നിറവും എനിക്കിഷ്ടമാണ്. ഞങ്ങളുടെ നാട്ടിലൂടെ നിശബ്ദയായി ഒഴുകുന്ന പെരിയാറിന്‍റെ   ലാവണ്യവശ്യതയും, പ്രകൃതി കനിഞ്ഞരുളിയ സൌന്ദര്യവും നിലനില്‍ക്കുന്നിടത്തോളം  കാലം എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും ഇങ്ങോട്ട് ഓടിയെത്താന്‍ എന്നും എന്‍റെ മനസ്സ് തുടിച്ചു കൊണ്ടിരിക്കും.

എന്‍റെ വെക്കേഷന്‍ - ആഗമനം

2comments


2011 ഫെബ്രുവരി 25 ന് രാവിലെ 2-30 ന് ദമ്മാമില്‍ നിന്ന് ബഹ്‌റൈന്‍ വഴിയുള്ള ഗള്‍ഫ്‌ എയര്‍ വിമാനത്തില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഞങ്ങള്‍ ലാന്‍ഡ്‌ ചെയ്തു. പാതിരാത്രിആയിരുന്നത് കൊണ്ടോ, അതോ ഉദ്യോഗസ്ഥന്മാര്‍ക്ക് വിവരം വച്ചത് കൊണ്ടോ - എന്താണെന്നറിയില്ല , എല്ലാ വിധ പരിശോധനകള്‍ക്കും ശേഷം മൂന്നു മണിയോടെ എയര്‍പോര്‍ട്ടിന് പുറത്തെത്തി. പറഞ്ഞിരുന്നത് പോലെ ഭാര്യയുടെ ഉമ്മയും,വാപ്പയും,സഹോദരിയും,അവരുടെ ഭര്‍ത്താവും,രണ്ടു കുട്ടികളും ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വരേണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും (ഭാര്യയുടെ വീട്ടുകാരോടും അങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്) എന്‍റെ വീട്ടില്‍ നിന്നും ആരും വരാതിരുന്നതില്‍ ഒരു ചെറിയ മനപ്രയാസം ഉണ്ടാകാതിരുന്നില്ല. നീണ്ട രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മകളെ കണ്ടു മുട്ടിയ ആ മാതാപിതാക്കളുടെ കണ്ണുകളിലെ നനവ്‌ അവര്‍ ശ്രമിച്ചിട്ടും മറച്ചു വെക്കാനാവാതെ വെളിയില്‍ വന്നു. ചേടത്തിക്കും കുടുംബത്തിനും സന്തോഷത്തിന് അതിരില്ലായിരുന്നു. എന്‍റെ മകളുടെ ഉറ്റ കൂട്ടുകാര്‍ ആയ ആ രണ്ടു പെണ്മക്കളും മകളെ കെട്ടിപ്പിടിച്ച് ഉമ്മവച്ചപ്പോള്‍ അറിയാതെ എന്‍റെയും കണ്ണുകള്‍ നനഞ്ഞു. കുട്ടികള്‍ വളര്‍ന്നു വലുതായിരിക്കുന്നു. എന്‍റെ ഹനാനും നന്നായി പൊക്കം വച്ചിട്ടുണ്ട് എന്ന് അവര്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വീണ്ടും ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു !

ഗള്‍ഫില്‍ വന്നതിനു ശേഷം ആദ്യമായി നാട്ടില്‍ വരുന്നതിനാല്‍ ഒരുമാതിരി എല്ലാ ബന്ധുക്കള്‍ക്കുമുള്ള സമ്മാനങ്ങള്‍ കരുതിയിരുന്നു. പണ്ടത്തെ പോലെ നാട്ടില്‍ കിട്ടാത്ത സാധനങ്ങള്‍ ഒന്നും ഗള്‍ഫില്‍ ഇല്ലെന്നും,ഉള്ളവ എല്ലാം തന്നെ നാട്ടില്‍ കിട്ടുന്നതിലും മോശപ്പെട്ട ഡ്യൂപ്ലിക്കേറ്റ്‌ ചൈനീസ്‌ സാധനങ്ങള്‍ ആണെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഭാര്യ സമ്മതിക്കാതിരുന്നതിനാല്‍ കണ്ട ചവറെല്ലാം വാരിക്കൂട്ടിയിരുന്ന മൂന്നു വലിയ കാര്‍ട്ടന്‍ ബോക്സുകളും,ബാഗുകളും ഉണ്ടായിരുന്നതിനാല്‍  എയര്‍പോര്‍ട്ടില്‍ നിന്ന് "റെന്‍റ് എ കാര്‍" എടുക്കാന്‍ തീരുമാനിച്ചു. ഒരു ഇരുന്നൂറ്റമ്പത്-മുന്നൂറ് റേഞ്ചില്‍ ചാര്‍ജ്‌ പ്രതീക്ഷിച്ച എന്നെ   ഞെട്ടിച്ചു കൊണ്ട് അഞ്ഞൂറ് രൂപയുടെ ബില്‍ തന്നു. പക്ഷെ അത് വരാനിരിക്കുന്ന പൂരത്തിന് മുമ്പുള്ള  വെറും സാമ്പിള്‍ വെടിക്കെട്ട്‌ മാത്രമായിരുന്നെന്ന് ഞാന്‍ അറിഞ്ഞില്ല.

എയര്‍പോര്‍ട്ടില്‍ നിന്നും മുക്കാല്‍ മണിക്കൂര്‍ കൊണ്ട് വീട്ടിലെത്തി. ഡ്രൈവറുടെ പരിചയക്കുറവും, രണ്ടു വര്‍ഷങ്ങള്‍ എന്‍റെ നാട്ടില്‍ ഉണ്ടാക്കിയ മാറ്റങ്ങളും ഇല്ലായിരുന്നെങ്കില്‍ അര മണിക്കൂര്‍ മതിയായിരുന്നെനെ. വരുന്ന വഴി സൗദി അറേബ്യയിലെ റോഡുകള്‍ കണ്ടുള്ള ശീലം നാട്ടിലെ ഹൈവേ അടക്കമുള്ള റോഡുകളെ  ഇട വഴികള്‍ പോലെ തോന്നിപ്പിച്ചു. ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ്‌ എയര്‍പോര്‍ട്ടിലേക്കുള്ള റോഡ്‌ എത്ര വിശാലമായി തോന്നിയിരുന്നു. വീണ്ടും ടു-വേ ട്രാഫിക്കിന്‍റെയും,ഓട്ടോ റിക്ഷകളുടെ അപ്രവച്ചനീയമായ വെട്ടിത്തിരിക്കലിന്‍റെയും അനിശ്ചിതത്ത്വത്തിലേക്ക് !!!

എയര്‍പോര്‍ട്ടില്‍ വന്നിരുന്നില്ലെങ്കിലും വീട്ടില്‍ എല്ലാവരും ഞങ്ങളുടെ വരവ് പ്രതീക്ഷിച്ച് ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. വീട്ടില്‍ കയറിയ ഉടനെ ആദ്യം ശ്രദ്ധിച്ച കാര്യം വീടിനകത്ത് അനുഭവപ്പെട്ട കൊടും ചൂടാണ്. സാധങ്ങളുടെ വിലകളോടൊപ്പം നാട്ടില്‍ ചൂടും കാര്യമായിത്തന്നെ കൂടിയിട്ടുണ്ട്. ഏറെ താമസിയാതെ ഗള്‍ഫിലെ പോലെ നാട്ടിലും ഏസി ഇല്ലാതെ കഴിയാന്‍ സാധിച്ചേക്കില്ല. ഇപ്പോള്‍ തന്നെ ഒട്ടു മിക്ക വീടുകളിലും കടമെടുത്തെങ്കിലും ഏസി വാങ്ങിയിട്ടുണ്ടെന്ന് വാപ്പിച്ചി പറഞ്ഞു. എന്‍റെ വീട്ടില്‍ പിന്നെ ഞങ്ങള്‍ ഇല്ലാത്തതിനാല്‍ അതിന്‍റെ ആവശ്യമില്ല. എത്ര ചൂടാണെങ്കിലും പണ്ട് മുതലേ അലര്‍ജിയുടെ പ്രശ്നം ഉള്ളതിനാല്‍ വാപ്പിചിയും ,ഉമ്മിച്ചിയും ഫാന്‍ പോലും ഉപയോഗിക്കാറില്ല !

ഉമ്മിചിയുടെ ചോറും, മീന്‍കറിയും കഴിച്ചപ്പോള്‍ ശരിക്കും ആസ്വദിച്ചു. രണ്ടു വര്‍ഷങ്ങളായി ഞാന്‍ മിസ്‌ ചെയ്തു കൊണ്ടിരുന്ന ഒരു കാര്യം ആണ് ഉമ്മിച്ചിയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം. ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണം മോശമായത് കൊണ്ടോ ഉമ്മിച്ചി ഭൂലോക പാചകക്കാരി ആയത് കൊണ്ടോ ഒന്നുമല്ല - പണ്ടേ ഉള്ള ഒരു ഇഷ്ടം - അതന്നേ.

ഭക്ഷണം കഴിഞ്ഞു കൈ കഴുകി കഴിഞ്ഞപ്പോള്‍ കൊണ്ടുവന്ന പെട്ടികള്‍ ഓരോന്നായി തുറന്നു. അത്ര ധൃതി വച്ചതിനു കാരണം ഉണ്ട്. രാവിലെ തുറക്കാന്‍ നിന്നാല്‍ സന്ദര്‍ശകര്‍ സാധനങ്ങള്‍ ഒക്കെ എടുത്തു കൊണ്ട് പോകുമെന്ന ഭാര്യയുടെ ഭീഷണി. അത് പണ്ട്- ആളുകള്‍ ഗള്‍ഫില്‍ പോയിത്തുടങ്ങിയ കാലത്ത് നിലനിന്നിരുന്ന ഒരു രീതിയാണെന്നും, ഇന്ന് അത് സിനിമകളില്‍ മാത്രമേയുള്ളൂ എന്നും പറഞ്ഞു സമര്‍ഥിക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷെ- കൊണ്ടുവന്ന സാധനങ്ങള്‍ ഓരോരുത്തരെ ഉദ്ദേശിച്ചു വാങ്ങിയതാണ്, അത് ആളുമാറി എടുത്താല്‍  പല കണക്കുകൂട്ടലുകളും തെറ്റുമെന്ന പേടി കൊണ്ട് ഉടനെ തന്നെ പെട്ടികള്‍ എല്ലാം തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. പെട്ടികള്‍ ഓരോന്നായി പൊട്ടി, സാധനങ്ങള്‍ ഓരോന്നായി തരംതിരിച്ചു കഴിഞ്ഞപ്പോഴേക്കും പള്ളിയില്‍ സുബഹി ബാങ്കുവിളി മുഴങ്ങി. അഞ്ചു-പത്തു നിമിഷങ്ങള്‍ക്ക് ശേഷം ഞാനും അനിയനും കൂടി പള്ളിയിലേക്ക് പോയി. പള്ളിയില്‍ വച്ച് ഒരുപാട് ബന്ധുക്കളെയും ,സുഹൃത്തുക്കളെയും കാണാന്‍ സാധിച്ചു. പ്രതീക്ഷിച്ച  പോലെ രണ്ടു ചോദ്യങ്ങള്‍ മാത്രമേ എല്ലാവര്‍ക്കും ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ - "എപ്പോള്‍ വന്നു ? " , " എന്ന് പോകും?" "ഇന്ന് രാവിലെ" , ഒന്നര മാസം" എന്നിങ്ങനെ മറുപടിയും കൊടുത്തു. നമസ്കാരം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ ഉറക്കം വന്നു തുടങ്ങിയിരുന്നു. വെള്ളിയാഴ്ചയാണ്-ഉച്ചക്ക് പള്ളിയില്‍ പോകേണ്ടതാണ്. ഉറങ്ങാന്‍ കിടക്കാന്‍ ഒരുങ്ങവെ അടുക്കളയില്‍ നിന്ന് ഉമ്മയുടെയും ഭാര്യയുടെയും ഉച്ചത്തിലുള്ള ചിരിയും ,സംസാരവും കേട്ട് അങ്ങോട് ചെന്നു നോക്കി. അടുക്കള ഭാഗത്തെ ചെടികളും,മരങ്ങളും കണ്ടു അവക്കിടയിലൂടെ തുള്ളിച്ചാടിയോടുന്ന മകള്‍ ! എന്നെ കണ്ടപ്പോള്‍ " ദേ,വാപ്പീ , എന്തോരം മരം" എന്ന് അവള്‍ പറഞ്ഞപ്പോള്‍ സന്തോഷത്തിനു പകരം ഒരു നേര്‍ത്ത സങ്കടം നെഞ്ചിലൂടെ കടന്നു പോയി. എന്‍റെ കുഞ്ഞിന് നഷ്ടപ്പെടുന്ന ബാല്യത്തിന്‍റെ ആസ്വദ്യതയെക്കുറിച്ചുള്ള സങ്കടം.

ഉച്ചക്ക് പള്ളിയില്‍ പോകേണ്ട സമയം ആയപ്പോള്‍ ഭാര്യ വിളിച്ചെഴുന്നെല്‍പ്പിച്ചു.    ഉച്ചകഴിഞ്ഞ് ഉമ്മയുടെ വീട്ടില്‍ പോയി ഉമ്മൂമ്മയെയും ,ഉപ്പൂപ്പയെയും കാണാം എന്നുള്ള മോഹം മകളുടെ ഉച്ചക്ക് ശേഷമുള്ള ഗാഡനിദ്ര മുടക്കി. അവളില്ലാതെ എന്ത് യാത്ര. അല്ലെങ്കില്‍ തന്നെ അവളെ കാണാന്‍ അല്ലെ എല്ലാവരും കൊതിച്ചിരിക്കുന്നത്...........അത് കൊണ്ട് അന്നത്തെ ദിവസം സമ്പൂര്‍ണ്ണ വിശ്രമ ദിനമായി പ്രഖ്യാപിച്ചു കൊണ്ട് സെറ്റിയില്‍ ടീ.വിക്ക് മുന്നില്‍ ചടഞ്ഞു കൂടി.ഭാര്യ പറഞ്ഞു  പേടിപ്പിച്ചപോലെ ഒന്നും തന്നെ അന്ന് സംഭവിച്ചില്ല ! ഞങ്ങളെ തിരക്കി ആരും വീട്ടിലേക്ക് വന്നില്ല.  ........അങ്ങനെ നാല്‍പ്പത്തഞ്ചു ദിനങ്ങളില്‍ നിന്നും ഒരെണ്ണം വളരെ വേഗത്തില്‍ കടന്നു പോയി....

അറിയാത്ത പിള്ള ചിലപ്പോള്‍ ചൊറിഞ്ഞാലും അറിയില്ല.

8comments
സത്യം പറഞ്ഞാല്‍ ഈ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന് പറയുന്ന മനുഷ്യനെ എനിക്ക് ഒട്ടും ഇഷ്ടമല്ല. ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ അര്‍ദ്ധ സെഞ്ചുറി തികക്കാന്‍ വെറും രണ്ടെണ്ണം കൂടി മതിയെന്നുള്ളത് കൊണ്ടോ, അര്‍ദ്ധ സെഞ്ചുറികളുടെ എണ്ണത്തില്‍ സെഞ്ചുറി തികക്കാന്‍ വെറും ആറെണ്ണം കൂടി മതിയെന്നുള്ളത്കൊണ്ടോ അല്ല. ഏകദിനത്തില്‍ പതിനെണ്ണായിരം റണ്‍സ് നേടാനോക്കെ ഏതു പോലീസുകാരനും പറ്റും. ടെസ്റ്റില്‍ പതിനയ്യായിരം റണ്‍സ് എന്ന നേട്ടത്തിനടുത്തെത്തുന്നതും ഭൂലോക കാര്യം ഒന്നും അല്ല. സച്ചിന്‍ തിളങ്ങുമ്പോള്‍ ഇന്ത്യ തോല്‍ക്കും എന്ന് കേട്ടിട്ടില്ലേ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിനെ ഒറ്റയ്ക്ക് തോളിലേററുന്നു എന്നൊക്കെ വിവരമില്ലാത്തവര്‍ പറയും. കളിക്കളത്തില്‍ മാന്യതയുടെ പ്രതീകം എന്നൊക്കെ പറയുന്നത് എന്‍റെയും ,ഹര്‍ഭജന്‍റെയുമൊക്കെ ഡീസന്‍സി കാണാത്ത കണ്ണുപോട്ടന്മാര്‍ ആണെന്നെ ഞാന്‍ പറയൂ. വലിയ കോടീശ്വരന്‍ ആണെന്നുള്ള എന്തൊരു അഹംഭാവം ആണ് അങ്ങേരുടെ മുഖത്തെന്ന്‍ ഒറ്റ നോട്ടത്തില്‍ ഏതു പൊട്ടക്കണ്ണനും മനസ്സിലാകും. തെണ്ടിപിള്ളാരെ സഹായിക്കുന്നതൊക്കെ വെറും ജാടയാണെന്നേ. ക്രിക്കറ്റ് ചരിത്രത്തില്‍ തന്‍റെയൊപ്പം നിര്‍ത്താവുന്ന കളിക്കാരന്‍ എന്ന് ആ ബ്രാഡ്മാന്‍ പറഞ്ഞതൊക്കെ ചുമ്മാ പത്രക്കാര്‍ ഉണ്ടാക്കിയ കള്ളക്കഥകള്‍ ആണെന്നെ. ക്രിക്കറ്റ് പുസ്തകങ്ങളില്‍ പറഞ്ഞിട്ടുള്ള എല്ലാ ഷോട്ടുകളും , പറയാത്ത ഷോട്ടുകളുംഒക്കെ കളിക്കാന്‍ അങ്ങേര്‍ക്ക് മാത്രമല്ല എനിക്കും പറ്റും. അല്ലെങ്കിലും കോച്ചിംഗ് ക്യാമ്പില്‍  പല പ്രാവശ്യം ഞാന്‍ ചില ഷോട്ടുകള്‍ കളിക്കേണ്ടത് എങ്ങനെയെന്നു കാണിച്ചു കൊടുക്കുമ്പോള്‍ ആ മുഖം നന്ദി കൊണ്ട് തുടുക്കുന്നത് നിങ്ങള്‍ ആരും കണ്ടിട്ടില്ലല്ലോ?.

ഞാന്‍ വെള്ളം കൊണ്ട് പോയി കൊടുക്കുന്നത് കൊണ്ടല്ലേ ഇന്ത്യ ഇങ്ങനെ ജയിച്ചു കയറുന്നത് - അല്ലാതെ ആ ധോണിയുടെ ക്യാപ്ടന്‍സിയുടെ മിടുക്ക് കൊണ്ടാണെന്ന് നിങ്ങള്‍ കരുതിയോ ? യുവരാജ്‌ സിങ്ങും, സുരേഷ് റെയ്നയും ഒക്കെ ഗംഭീരമായി ബാറ്റ് ചെയ്യുന്നതും മറ്റാരുടെയും ഉപദേശത്തിന്‍റെ കഴിവ് കൊണ്ടല്ല. പിന്നെ എന്നെ ടീമില്‍ ഇറക്കി കളിപ്പിക്കാത്തത് എന്താണെന്ന്‍ നിങ്ങള്‍ കരുതി ? ധോണിക്ക് പേടിയാണ് - എനിക്കെങ്ങാനും വല്ല പരിക്കും പറ്റിയാല്‍ പിന്നെ വെള്ളം കൊണ്ട് കൊടുക്കാനും, കോച്ചിംഗ് കൊടുക്കാനും വേറെ ആരാ ഉള്ളത്. പിന്നെ ആ ബംഗ്ലാദേശുമായിട്ടുള്ള കളിയില്‍ ഞാന്‍ റണ്‍സ് വിട്ടു കൊടുത്തകാര്യം - ഒന്നാമത് ബംഗ്ലാദേശ് പാവങ്ങള്‍ -പിന്നെ കുറച്ചു റണ്‍സ് എടുത്തില്ലെങ്കില്‍ മറുപടി ബാറ്റിങ്ങിനിറങ്ങാന്‍ നമുക്കൊരു ത്രില്‍ വേണ്ടേ. അത് മനസ്സിലാക്കാതെ ആ മണ്ടന്‍ ധോണി എന്നെ അടുത്ത കളിയില്‍ ഇറക്കിയില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് ആയി വെറുതെ ആ ഗ്യാരി കിര്‍സ്ട്ടനെ ഒക്കെ കൊണ്ട് വന്നു കാശ് കളയേണ്ട എന്ന് ഞാന്‍ പലവട്ടം പറഞ്ഞതാ -കേള്‍ക്കണ്ടേ. അല്ല- അത് ഒരു കണക്കിന് നന്നായി - ഞാന്‍ ആണ് ഇവന്മാരെ ഒക്കെ പരിശീലിപ്പിക്കുന്നത് എന്നറിഞ്ഞാല്‍ വല്ല ഒസ്ട്രെലിയക്കാരും എന്നെ കോച്ചാവാന്‍ എങ്ങാനും വിളിച്ചാല്‍ പിന്നെ ബുദ്ധിമുട്ടാവില്ലേ ? റിക്കി പോണ്ടിംഗ് ഒക്കെ പറഞ്ഞാല്‍ എങ്ങനാ നോ എന്ന് പറയുക ?

ഞാനും ,അമ്മയും കൂടി അമ്പലത്തില്‍ വഴിപാടു നടത്തികളയുന്ന കാശ് ഉണ്ടായിരുന്നെങ്കില്‍ പാവപ്പെട്ട പത്തഞ്ഞൂറു കുടുംബങ്ങളെ സഹായിക്കായിരുന്നു എന്നൊക്കെ അസൂയാലുക്കള്‍ പറഞ്ഞു നടക്കുന്നുണ്ട്. എനിക്ക് ജാഡയാണ് എന്ന് പറയുന്നവന്മാരോട് എനിക്കൊന്നെ പറയാനുള്ളൂ - ജാടയില്ലെങ്കില്‍ പിന്നെ എന്ത് ക്രിക്കറ്റ്താരം. രാഹുല്‍ ദ്രാവിഡിനെയും ,സച്ചിനെയും, കുംബ്ലെയെയും,സേവാഗിനെയും ഒക്കെ കണ്ടിട്ടില്ലേ - എന്താ ജാഡ - എന്നാല്‍ വല്ല കഴിവും ഉണ്ടായിട്ടാണോ?

കളിക്കളത്തില്‍ ബാറ്റു കൊണ്ട് മാത്രം അല്ല- കൈ കൊണ്ടും നല്ല അസ്സല്‍ തല്ലു കൊള്ളാന്‍ എനിക്ക് കഴിയും എന്ന് ഞാന്‍ തെളിയിച്ചില്ലേ ? ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ - എന്തിനു ലോക ക്രിക്കറ്റില്‍- ആര്‍ക്കുണ്ട് അത്രേം യോഗ്യത ? അന്ന് തല്ലു കൊണ്ടാതല്ല- മുഖം കൊണ്ട് അടി തടുത്തതാണെന്ന് എത്ര മണ്ടന്മാര്‍ക്ക് മനസ്സിലായി. പിന്നെ കരച്ചില്‍ അഭിനയിച്ചത് ആ പ്രീതിചേച്ചി ഒന്ന് നല്ലോണം കേട്ടിപ്പിടിച്ചോട്ടെ എന്ന് കരുതിയല്ലേ ?

ക്രിക്കറ്റ് കളിക്കാന്‍ നന്നായി അറിയാമെങ്കിലും ഡാന്‍സ്‌ കളിക്കാന്‍ എനിക്ക് ഒട്ടും അറിയില്ലട്ടോ - പ്രത്യേകിച്ച് ഈ സിനിമാ നടിമാര്‍ എന്നൊക്കെ കേട്ടാലേ എനിക്ക് അലര്‍ജിയാ- നമ്മള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കാതെ അവളുമാരോടോത്ത് കറങ്ങി നടന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ കാര്യം കട്ടപ്പൊകയാവില്ലേ?. എന്തായാലും ഇത്തവണ ഇന്ത്യ ലോകകപ്പില്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുമെങ്കില്‍ അതെന്‍റെ ഒരൊറ്റയാളുടെ മിടുക്കാണെന്ന് നിങ്ങള്‍ ഇനിയെങ്കിലും മനസ്സിലാക്കണം .  ആര്‍ക്കെങ്കിലും എന്തെങ്കിലുമൊക്കെ തെറ്റിധാരണകള്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഇപ്പോള്‍ മാറിയില്ലേ ?. അപ്പോള്‍ നമുക്ക് ഏപ്രില്‍ രണ്ടാം തീയതി മുംബൈയില്‍ വച്ച് കാണാം. (ചിലപ്പോള്‍ ധോണി കപ്പു ഏറ്റുവാങ്ങാന്‍ എന്നെ പറഞ്ഞു വിട്ടേക്കും - ഞാന്‍ പറ്റില്ലെന്ന് പറയും കേട്ടോ- ആരും ഒന്നും വിചാരിക്കരുത്-ഈ പബ്ലിസിറ്റിയില്‍ ഒന്നും എനിക്ക് ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ടാ)


 

പലവട്ടം © 2010

Blogger Templates by Splashy Templates