Ind disable
 

സ്വപ്നങ്ങള്‍ക്ക് പറയുവാനുള്ളത് ! - അഞ്ചാം ഭാഗം


ഒന്നാം ഭാഗം - http://palavattam.blogspot.com/2014/07/blog-post.html

എഞ്ചിനിയറിംഗ് കോളേജിലെ പഠിപ്പ് തീരും മുന്നേ മുംബൈ ആസ്ഥാനമായ പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ കൊച്ചി ഓഫീസില്‍ നിയമനം. അച്ഛന് തീരെ താല്‍പര്യമുണ്ടായിരുന്നില്ല ജോലിക്ക് വിടാന്‍. ‘പിന്നെ എന്നെയെന്തിനാ ഇത്രേം പഠിപ്പിച്ചേ ?’ എന്ന ചോദ്യത്തിന് മുന്നില്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒടുവില്‍ അച്ഛന്‍ അര്‍ദ്ധസമ്മതം മൂളി.

എറണാകുളം പട്ടണത്തില്‍ നിന്നകന്ന് കാക്കനാട് എന്ന സ്ഥലത്തായിരുന്നു ഓഫീസ്. ജോയിന്‍ ചെയ്യാന്‍ പോയ ദിവസം, സന്ധ്യ റിപ്പോര്‍ട്ട് ചെയ്യേണ്ട അസിസ്റ്റന്റ്റ് മാനേജര്‍ രമേശ്‌ തന്നെ, ഓഫീസിന് തൊട്ടടുത്തുള്ള ഒരു ഫ്ലാറ്റില്‍ അതെ ഓഫീസില്‍ ജോലി ചെയ്യുന്ന ലിസിക്കൊപ്പം താമസം ശരിയാക്കിക്കൊടുത്തു.

പക്ഷെ അന്നത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ജോണായിരുന്നു !


കോളേജില്‍ ഒരുവര്‍ഷം തന്‍റെ സീനിയറായിരുന്ന ജോണ്‍. വിരല്‍ത്തുമ്പുകളാല്‍ നിയന്ത്രിക്കപ്പെടുന്ന വയലിന്‍ തന്ത്രികള്‍ക്ക് മീതെ ഒഴുകി നീങ്ങുന്ന ബോയുടെ ചലനത്തില്‍ ഒരു കാമ്പസിനെ മുഴുവന്‍ അര്‍ദ്ധനിമീലിതനയനങ്ങളാല്‍ നിമിഷങ്ങളോളം മയക്കിക്കിടത്തിയവന്‍. ഒരുകാലത്ത് അവളുടെ സിരകളില്‍ അവള്‍ പോലുമറിയാതെ ഒരു ദിശയിലോടുന്ന പ്രണയത്തിന്‍റെ മാസ്മരികത പടര്‍ത്തിയവന്‍. കോളേജില്‍ വച്ച് ജോണിനെ ആരാധിക്കുന്ന മറ്റേതൊരു വിദ്യാര്‍ഥിനിയെയും പോലെ മാത്രമായിരുന്നു സന്ധ്യ. ഒരിക്കല്‍പ്പോലും അവളവനോട് നേരിട്ട് സംസാരിച്ചിട്ടു പോലുമുണ്ടായിരുന്നില്ല !.

പ്രണയം - ചിലപ്പോഴൊക്കെ ഒരനുഭൂതിയാണ്. മറ്റുചിലപ്പോൾ വിഭ്രാത്മകതയുടെ ചിറകിലെറിയ അവിസ്മരണീയമായ ഒരുപിടി ഓർമ്മകളും! ഓർമ്മകളുടെ കൊഴിഞ്ഞു പോക്കിൽ കാറ്റിൽ ചിതറിയ ഇലകൾ പോലെ മനസിന്‍റെ ഇരുളടഞ്ഞ കൊണുകളിലെ അവിടിവിടെ പറ്റിച്ചേർന്നു കിടക്കുന്ന ചില അമൂർത്ത ബിംബങ്ങൾ !

കോളേജില്‍ ജൂനിയറായി പഠിച്ചകാര്യം പറഞ്ഞപ്പോള്‍ പോലും ഒരു മര്യാദയുടെ പേരില്‍ തന്നെ തിരിച്ചറിഞ്ഞതായി ജോണ്‍ ഭാവിച്ചതാണെന്നവള്‍ക്ക് മനസ്സിലായി. അതവളെ തെല്ലു നിരാശപ്പെടുത്തുകയും ചെയ്തു. പിന്നെപ്പിന്നെ ജോണ്‍ അടുത്തു തുടങ്ങി. താന്‍ അവനോടു കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു എന്നതാണ് കൂടുതല്‍ ശരി.

അന്ന് സന്ധ്യയുടെ പിറന്നാളായിരുന്നു. ഓഫീസ് സമയം അവസാനിച്ചപ്പോള്‍  സഹപ്രവര്‍ത്തകര്‍ പതിവുപോലെ കേക്കുമുറിച്ച് ലളിതമായി ആഘോഷിച്ചു. പോകാന്‍ നേരം ജോണ്‍ പിന്നില്‍ വന്ന് ചെവിയില്‍ പറഞ്ഞു. “നമുക്കൊരിടത്തു പോകാന്‍ ഉണ്ട്”

തൃപ്പൂണിത്തുറയില്‍ വാട്ടര്‍ ഫ്രാണ്ടെജുള്ള മനോഹരമായ ഒരു വില്ലയുടെ മുന്നിലാണ് ജോണിന്‍റെ കാര്‍ നിന്നത്.

“ഇതാരുടെ വീടാ ജോണ്‍ ?” കാറില്‍ നിന്നിറങ്ങാതെ അവള്‍ ചോദിച്ചു.

“ഇറങ്ങി വാ, ഇതാണ് അടിയന്‍റെ കൊച്ചുകുടില്‍” മനോഹരമായ ഒരു ചിരിയുടെ അകമ്പടിയോടെ ജോണ്‍ പറഞ്ഞു.

“കുടിലോ, ഇതോ ?” കാറില്‍ നിന്നിറങ്ങുമ്പോള്‍ അവള്‍ മുഷ്ടി ചുരുട്ടി അവന്‍റെ തോളില്‍ കളിയായി ഇടിച്ചു. അവന്‍ കുസൃതിച്ചിരിയോടെ വേദന അഭിനയിച്ചു കൊണ്ട് കൈതടവി.

“അപ്പോള്‍ സാറ് കിട്ടുന്ന കാശൊക്കെ ഇങ്ങനെയാണ് പൊടിക്കുന്നത് അല്ലെ ?” ജോണ്‍ വാതില്‍തുറന്ന് അവര്‍ അകത്തേക്ക് കയറുമ്പോള്‍ വീടിനുള്ളില്‍ കണ്ണോടിച്ചു കൊണ്ട് അവള്‍ ചോദിച്ചു.

അവന്‍റെ മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു.

“ഇത് മേയിന്‍റെയിന്‍ ചെയ്യാനുള്ള ശമ്പളമൊന്നും ഇവിടെ നിന്ന് കിട്ടില്ല പെണ്ണെ” ചിരിക്കൊടുവില്‍ അവന്‍ പറഞ്ഞൊപ്പിച്ചു.

“പിന്നെ ?”

“അപ്പനുമമ്മയും അമേരിക്കയില്‍ കിടന്നു കഷ്ടപ്പെടുന്നത് ഒരേയൊരു പുത്രന് വേണ്ടിയല്ലെങ്കില്‍ പിന്നെയാര്‍ക്കാ” അവന്‍ അവളെനോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

അവളോട്‌ ഇരിക്കാന്‍ പറഞ്ഞിട്ട് അവന്‍ അകത്തേക്ക് പോയി.

സ്വീകരണമുറിയുടെ ഇളംനീലനിറമുള്ള ചുവരില്‍ ലോകോത്തരപെയിന്‍റിംഗുകളുടെ പകര്‍പ്പുകള്‍ ഭംഗിയായി ഫ്രെയിം ചെയ്തു തൂക്കിയിരുന്നു. അവയോരോന്നായി ആസ്വദിച്ചു കൊണ്ട് അവള്‍ മെല്ലെ നടക്കവേ പൊടുന്നനെ പിന്നില്‍ നിന്ന് അവന്‍റെ കൈകള്‍ അവളുടെ കണ്ണുകള്‍ പൊത്തി.

“എന്താ ഇത് ജോണ്‍ ?” തെല്ലുപരിഭവത്തോടെ അവള്‍ ചോദിച്ചു.

“മിണ്ടാതെ നടക്ക്” അവള്‍ അവനെ കണ്ണുപൊത്തിക്കൊണ്ട് തന്നെ അകത്തെ മുറിയിലേക്ക് നടത്തി. പിന്നെ കണ്ണുകള്‍ക്ക്‌ മുകളില്‍ നിന്ന് കൈകളെടുത്തു മാറ്റിക്കൊണ്ട് ഉച്ചത്തില്‍ പറഞ്ഞു – “സര്‍പ്രൈസ് !”

അവള്‍ ഒരുനിമിഷം അത്ഭുതത്തോടെ വായ്‌ പൊളിച്ചു നിന്നു പോയി. ഡൈനിംഗ്ടേബിളില്‍ വലിയൊരു കേക്കിനു മുകളില്‍ കത്തുന്ന മെഴുകുതിരികളുടെ പ്രഭയില്‍ മനോഹരമായി അലങ്കരിച്ച മുറി. അവന്‍ ചുവരില്‍ തൂക്കിയിരുന്ന വയലിന്‍ കയ്യിലെടുത്ത് അതില്‍ ‘ഹാപ്പി ബെര്‍ത്ത്‌ ഡേ ടു യു വായിച്ചു’. മുറിയുടെ നിശബ്ദതയില്‍ പരന്നൊഴുകിയ മെഴുകുതിരികളുടെ പ്രണയാര്‍ദ്രമായ പൊന്‍വെളിച്ചത്തിന്‍റെ പശ്ചാത്തലത്തില്‍ വയലിന്‍ തന്ത്രികളില്‍ നിന്നുതിര്‍ന്നുവീണ ആ മനോഹരനാദം അവളുടെ കാതുകളില്‍ ഒരു സന്തോഷത്തിന്‍റെ മഴ തന്നെ പെയ്യിച്ചു. നിറകണ്ണുകളോടെ അവള്‍ നോക്കി നില്‍ക്കെ അവന്‍ അവളെ ചേര്‍ത്തു നിര്‍ത്തി കേക്കിനു മുകളില്‍ കത്തിച്ചു വച്ചിരുന്ന മെഴുകുതിരികള്‍ ഓരോന്നായി ഊതിക്കെടുത്തിച്ചു. പിന്നെ അവന്‍ കത്തിയെടുത്ത് കേക്ക് മുറിച്ച് ഒരു കഷണം അവളുടെ വായില്‍ വച്ച് കൊടുത്തു. അവള്‍ അതില്‍ പകുതി അവനും കൊടുത്തു.

അവളെയവന്‍ തോളില്‍ പിടിച്ച് മേശയുടെ ഒരുവശത്തുള്ള കസേരയിലിരുത്തി. എതിരെയുള്ള കസേരയില്‍ അവനും ഇരുന്നു. വിശാലമായ ആ മുറിക്കുള്ളില്‍ അരണ്ട വെളിച്ചം പുറപ്പെടുവിച്ചു കൊണ്ട് മേശപ്പുറത്ത് കത്തിച്ചു വച്ചിരുന്ന രണ്ടു മെഴുകുതിരികള്‍ മാത്രം.

അവന്‍ മേശപ്പുറത്തിരുന്ന മനോഹരമായ വര്‍ണ്ണക്കടലാസുകളാല്‍ അലങ്കരിച്ച ഒരു സമ്മനപ്പോതിയഴിച്ചു. അടുത്ത നിമിഷം അതിനുള്ളില്‍ നിന്ന് പുറത്തെടുത്ത വിലകൂടിയ വജ്രം പതിച്ച മോതിരത്തിന്‍റെ പ്രകാശത്തില്‍ അവളുടെ കണ്ണുകള്‍ തിളങ്ങി. അവന്‍ കൈകാണിച്ചപ്പോള്‍ അവള്‍ തന്‍റെ ഇടതുകൈ യാന്ത്രികമായി അവനുനേരെ നീട്ടി. അവന്‍ ആ തിളങ്ങുന്ന മോതിരം അവളുടെ മോതിര വിരലില്‍ അണിയിച്ചു. മേശപ്പുറത്തിരുന്ന ഷാമ്പെയിന്‍ കുപ്പിയുടെ അടപ്പുതുറന്നുകൊണ്ട് നുരഞ്ഞൊഴുകുന്ന ഷാമ്പെയിന്‍ മനോഹരമായ രണ്ടു ഗ്ലാസുകളില്‍ പകര്‍ന്നു കൊണ്ട് അവന്‍ അതിലൊരെണ്ണം അവള്‍ക്കുനേരെ നീട്ടിക്കൊണ്ടു ആര്‍ദ്രമായ ശബ്ദത്തില്‍ പറഞ്ഞു – “ഹാപ്പി ബെര്‍ത്ത്‌ഡേയ് ടു യു മൈ സ്വീറ്റ് ലവ് !”

തെല്ലുമടിയോടെയെങ്കിലും നിരസിക്കനാവാത്ത ഒരുള്‍പ്രേരണയോടെ അവളാ ഗ്ലാസ് വാങ്ങി. തന്‍റെ ഗ്ലാസ് അവളുടെ ഗ്ലാസ്സില്‍ തൊടുവിച്ച് ചിയേര്‍സ് പറഞ്ഞശേഷം അവന്‍ മെല്ലെ അത് ചുണ്ടോടടുപ്പിച്ചു. ജീവിതത്തില്‍ ആദ്യമായും അവസാനമായും ഷംപെയിന്‍റെ നേര്‍ത്ത ചവര്‍പ്പ് അവള്‍ടെ അധരങ്ങളിലും ഒരു നേര്‍ത്ത ലഹരിയായി പടര്‍ന്നു തുടങ്ങി.

(തുടരും)


0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates