Ind disable
 

ഷോക്കടിക്കുന്ന ഫോണ്‍






മൊബൈല്‍ ഫോണ്‍ എന്ന ആഡംബരവസ്തുവിനെ അഞ്ഞൂറ് രൂപ മുടക്കി വാങ്ങാവുന്ന വെറും മൊബീല്‍ ആക്കി സാധാരണക്കാരന്‍റെ പോക്കറ്റിലും അലങ്കാരം ആക്കിയതില്‍ റിലയന്‍സ് വഹിച്ച പങ്ക് നിസ്തര്‍ക്കമാണ്. ആദ്യമായി റിലയന്‍സ് മൊബൈല്‍ കൊല്ലത്ത് ഇറങ്ങിയപ്പോള്‍ നടന്ന ഒരു സംഭവം ഇവിടെ പങ്കുവെക്കാം.

ചിന്നക്കടയിലെ റിലയന്‍സ് ഓഫീസിലേക്ക് പാഞ്ഞു വന്ന മത്സ്യത്തൊഴിലാളിയായ കുട്ടപ്പന്‍ചേട്ടന്‍ ഫോണ്‍ റിസപ്ഷനില്‍ ഇരുന്ന പെണ്ണിന്‍റെ മേശപ്പുറത്തെക്കെറിഞ്ഞിട്ടു കൊണ്ട് കണ്ണുപൊട്ടുന്ന നാലഞ്ചു ചീത്ത.


“മനുഷ്യനെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ആണല്ലേ നീയൊക്കെ അഞ്ഞൂറ് രൂപക്ക് ഈ സാമാനം കൊടുക്കുന്നെ”

“എന്താ ചേട്ടാ പ്രശ്നം ?” സുന്ദരി കുട്ടപ്പനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

“ഈ കുന്തത്തില് വിളി വരുമ്പോ ഷോക്കടിക്കേണെന്ന്” ആകാംക്ഷയോടെ അടുത്ത് കൂടിയ ആളുകളെ നോക്കി കുട്ടപ്പന്‍ ചേട്ടന്‍ ദേഷ്യത്തോടെ പറഞ്ഞു.

സുന്ദരി അകത്തു പോയി  സര്‍വ്വീസ് ടെക്നീഷ്യന്‍ ചെങ്കീരിയെ വിളിച്ചുകൊണ്ട് വന്നു.

അവന്‍ തന്‍റെ കയ്യിലിരുന്ന മൊബൈലില്‍ നിന്ന് കുട്ടപ്പന്‍ ചേട്ടന്‍റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ അതാ കുട്ടപ്പന്‍ ചേട്ടന്‍റെ ഫോണ്‍ മേശപ്പുറത്തു കിടന്നു തുള്ളപ്പനി പിടിച്ച പോലെ വിറക്കുന്നു.

“കണ്ടാ കണ്ടാ ഷോക്കടിച്ചു വിറക്കണത് കണ്ടാ” കുട്ടപ്പന്‍ ചേട്ടന്‍ പയ്യന്‍റെ ശ്രദ്ധ തന്‍റെ ഫോണിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു.

“ചേട്ടാ ഇത് ഷോക്ക് അടിക്കുന്നതല്ല – ആരോ ഫോണ്‍ വൈബ്രെഷനില്‍ ഇട്ടതാണ്”

“അതെന്തര് കുന്തം ആയാലും മന്‍ഷെനെ പേടിപ്പിച്ചു കളഞ്ഞെട്ടാ – അപ്പ കൊഴപ്പം ഒന്നും ഇല്ലല്ലേ.” കൂടിയ ആളുകളുടെ അടക്കിപ്പിടിച്ച ചിരികള്‍ക്കിടയിലൂടെ തെല്ലു ജാള്യതയോടെ ടെക്നീഷ്യന്‍ പയ്യന്‍ വീണ്ടും റിംഗ് ചെയ്യും വിധത്തില്‍ ആക്കി കൊടുത്ത ഫോണ്‍ അരയില്‍ തിരുകി നടക്കുമ്പോള്‍ കുട്ടപ്പന്‍ ചേട്ടന്‍ പിറുപിറുത്തു.

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates