ഞാന്‍ നാട്ടില്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ എറണാകുളം ഏരിയഓഫീസില്‍ തമിഴ്ബ്രാഹ്മണനായ ഒരു സ്റ്റോര്‍കീപ്പര്‍ ഉണ്ടായിരുന്നു.
എല്ലാവരും സ്വാമി എന്ന് വിളിക്കുന്ന അദ്ദേഹത്തിന് നൂറ്റിപ്പത്തു കിലോ തൂക്കവും അതിനൊത്തവണ്ണവും ആണ്…..എല്ലാവരും ഓഫീസില്‍ ബൈക്കില്‍ വരുന്നത് കണ്ടപ്പോള്‍ മൂപ്പര്‍ക്കും മോഹം. ആശ മൂത്ത് ഒരു ബൈക്ക് വാങ്ങി -പക്ഷെ ഓടിക്കാന്‍ പഠിക്കാന്‍ പേടിയായത് കൊണ്ട് ഓഫീസില്‍ ചുമ്മാ വച്ചിരിക്കുകയാണ്.
എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടിന്‍റെ അടുത്ത് ഒരു ബ്രാഹ്മിന്‍ ഹോട്ടല്‍ ഉണ്ട് – അവിടെ ആണ് സ്ഥിരമായി മൂപ്പരുടെ ഉച്ചയൂണ്. ആരെങ്കിലും മൂപ്പരെ ബൈക്കില്‍ ഇരുത്തി അവിടെ കൊണ്ട് പോകണം.കൊണ്ട് പോകുന്ന ആള്‍ക്ക് ശാപ്പാട് ഫ്രീ……
ഞാന്‍ ആ സമയം തിരുവനന്തപുരത്തു ജോലി ചെയ്യുകയാണ്. കമ്പനിയുടെ എറണാകുളത്തു ഏരിയാഓഫീസില്‍ ഒരു മീറ്റിംഗിന് വേണ്ടി വന്നതായിരുന്നു. അന്ന് ഉച്ചക്ക് പതിവുകാര്‍ ആരും ഇല്ലാതിരുന്നതിനാല്‍ സ്വാമിയേ ഉണ്ണാന്‍ കൊണ്ട് പോകാന്‍ എനിക്ക് നറുക്ക് വീണു. എനിക്ക് ബൈക്കോടിക്കാന്‍ ലൈസന്‍സ് ഒക്കെ കിട്ടിയസമയം.എന്നാല്‍ അത്രക്ക് പ്രാക്റ്റീസ് ആയിട്ടില്ല – എന്നാലും ഓടിച്ചു പരിചയം ഉള്ള മട്ടില്‍ തന്നെ ഞാന്‍ സ്വാമിയെ പിന്നില്‍ ഇരുത്തി ബൈക്ക് സ്റ്റാര്‍ ചെയ്തു മുന്നോട്ടെടുത്തു. എന്‍റെ പരിചയക്കുറവു കൊണ്ടോ പിന്നിലെ അസാധാരണ ഭാരം കൊണ്ടോ എന്നറിയില്ല – ബൈക്കിന്‍റെ മുന്‍ചക്രം അല്‍പ്പം പൊങ്ങി. പിന്നില്‍ ഇരുന്ന സ്വാമി “അബദ്ധമായോ ദൈവമേ” എന്ന അര്‍ത്ഥത്തില്‍ ഒരു ദീര്‍ഘനിശ്വാസം വിടുന്ന ശബ്ദം ഞാന്‍ വ്യക്തമായി കേട്ടു.
ഉച്ചനേരം ആയിരുന്നിട്ടും MG റോഡില്‍ നല്ല ട്രാഫിക് ബ്ലോക്ക്. വാഹനങ്ങള്‍ക്കിടയിലൂടെ കുത്തിക്കയറ്റി സാവധാനം ബൈക്ക് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. കുറച്ചെത്തിയപ്പോള്‍ റോഡില്‍ രണ്ടു ബസുകള്‍ സമാന്തരമായി നിര്‍ത്തി ഇട്ടിരിക്കുന്നു. നടുവില്‍ കൂടി ബൈക്കിനു സുഖമായി കടന്നു പോകാന്‍ സ്ഥലം ഉള്ളതിനാല്‍ ഞാന്‍ ഒന്നും ആലോചിക്കാതെ മുന്നോട്ടെടുത്തു. പെട്ടെന്ന് പിന്നില്‍ നിന്ന് സ്വാമി ഒരു വിളി.
“സ്റ്റോപ്” ഞാന്‍ സഡന്‍ബ്രേക്കിട്ടു ബൈക്ക് നിര്‍ത്തി.
“എന്താ സ്വാമി പ്രോബ്ലം? ” ഞാന്‍ ചോദിച്ചു.
“ഇതിനിടയില്‍ കൂടി പോകില്ല” സ്വാമി പറഞ്ഞു.
ആര് പറഞ്ഞു ബൈക്ക് സുഖമായി പോകുമല്ലോ” ഞാന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.
“ബൈക്കും താനും പോകുമായിരിക്കും, പക്ഷെ ഞാന്‍ പോകില്ല” സ്വാമിയുടെ മറുപടി കേട്ട് ഞാന്‍ ചിരിച്ചു മണ്ണ്കപ്പി.
തിരികെ ഓഫീസില്‍ എത്തിയപ്പോള്‍ ഈ സംഭവം ഞാന്‍ എല്ലാവരോടും പറഞ്ഞു. എല്ലാവരും ചിരിച്ച് ഒരു പരുവം ആയി. ഇപ്പോഴും പഴയസഹപ്രവര്‍ത്തകര്‍ കണ്ടുമുട്ടുമ്പോള്‍ ഈ കഥ പറഞ്ഞു ചിരിക്കാറുണ്ട്.
0 comments:
Post a Comment