ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് അതിബുദ്ധിമാനായ ഒരു മന്ത്രിയും.
രാജാവ് കൊടുംക്രൂരനും, ശക്തിശാലിയും ആയിരുന്നു. തന്‍റെ പ്രജകളുടെയും , അനുചരന്മാരുടെയും നിസ്സാരമായ തെറ്റുകള്‍ക്ക് പോലും അതികഠിനമായ ശിക്ഷ വിധിച്ചിരുന്ന രാജാവിനെ പ്രജകള്‍ക്കെല്ലാം വെറുപ്പും, പേടിയും ആയിരുന്നു. അങ്ങനെയിരിക്കെ രാജാവിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും തങ്ങളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും, അനുചരന്മാരും കൂടി മന്ത്രിയെ ചെന്ന് കണ്ടു. കൂടിയാലോചനകള്‍ക്ക് ശേഷം മന്ത്രി ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചു. ഇനി മുതല്‍ അനര്‍ഹമായി രാജാവ് വിധിക്കുന്ന ശിക്ഷകള്‍ നടപ്പില്‍ വരുത്തിയതായി രാജാവിനെ അറിയിക്കുമെങ്കിലും യഥാര്‍ഥത്തില്‍ ശിക്ഷ നടപ്പാക്കില്ല. അതിനു ശേഷം രാജാവ് അനാവശ്യമായി വിധിക്കുന്ന നിരപരാധികളെ മന്ത്രിയുടെയും , രാജഗുരു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്മാരുടെയും നിര്‍ദ്ദേശപ്രകാരം വെറുതെ വിടാന്‍ തുടങ്ങി. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിക്ക് ഒരളവുവരെ ശമനം വന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം രാജാവ് അത്താഴശേഷം പതിവ് പോലെ മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ ആ കാഴ്ച കണ്ടു . കഴിഞ്ഞ ആഴ്ച താന്‍ തലവെട്ടാന്‍ കല്‍പ്പിച്ച ഒരു സൈനികന്‍ താഴെ തെരുവിലൂടെ നടന്നു പോകുന്നു.
“ആരവിടെ” രാജാവ് അലറി.
ഭടന്മാര്‍ പാഞ്ഞു വന്നു.
“മന്ത്രിയെ എന്‍റെ മുന്നില്‍ ഹാജരാക്കു”
ഏതാനും നിമിഷങ്ങള്‍ക്കകം മന്ത്രി ഹാജരായി.
“മന്ത്രി – കഴിഞ്ഞ ആഴ്ച നാം വധശിക്ഷ വിധിച്ച ഒരു സൈനികനെ നാം ഇപ്പോള്‍ തെരുവില്‍ കണ്ടല്ലോ. എന്താണിത് ? നമ്മുടെ ആജ്ഞകള്‍ നിങ്ങള്‍ അനുസരിക്കുന്നില്ലന്നോ?” രാജാവ് കോപം കൊണ്ട് വിറച്ചു.
മന്ത്രി ഒരു നിമിഷം പതറി. പെട്ടെന്ന് മന്ത്രിക്കു ഒരു ഉപായം തോന്നി.
“പ്രഭോ, അങ്ങയോട് പറയാന്‍ വരികയായിരുന്നു ഞാന്‍. നമ്മുടെ കൊട്ടാരം വൈദ്യന്‍ വിശേഷപ്പെട്ട ഒരു അത്ഭുതമരുന്ന് കണ്ടു പിടിച്ചിട്ടുണ്ട്. അത് ദേഹത്ത് പുരട്ടിയാല്‍ എത്ര ആഴത്തിലുള്ള മുറിവും ഒരു നിമിഷം കൊണ്ട് ഭേദമാവും. മരിച്ചവര്‍ പോലും ജീവിക്കും. സത്യത്തില്‍ ഈ മരുന്ന് പരീക്ഷണഘട്ടത്തില്‍ ആയത് കൊണ്ടാണ് അങ്ങയെ അറിയിക്കാതിരുന്നത്. ”
“ഓഹോ, എങ്കില്‍ കൊട്ടാരം വൈദ്യനെ നമ്മുടെ മുന്നില്‍ ഹാജരാക്കു – വേഗം”
ഭടന്മാര്‍ രാജകല്‍പ്പന നടപ്പാക്കാന്‍ കൊട്ടാരം വൈദ്യന്‍റെ വീട്ടിലേക്കു പാഞ്ഞു. അഞ്ചു പത്തു നിമിഷങ്ങള്‍ക്കകം കൊട്ടാരം വൈദ്യന്‍ വിറച്ചുകൊണ്ട് രാജാവിന് മുന്നില്‍ സന്നിഹിതനായി.
“വൈദ്യരെ ,താങ്കള്‍ മന്ത്രി പറഞ്ഞ ആ അത്ഭുത മരുന്ന് നാളെ വൈകുന്നേരത്തിന് മുന്‍പ് ഈ രാജ്യത്ത് ലഭ്യമായ എല്ലാ പച്ചമരുന്നുകളും കൊണ്ട് കഴിയുന്നത്ര നിര്‍മ്മിക്കു. നാളെ സൂര്യാസ്തമയത്തിനു ശേഷം നമ്മുടെ തടവറയില്‍ കഴിയുന്ന ഏതെങ്കിലും ഒരു പുള്ളിയില്‍ നാം ഈ മരുന്ന് പരീക്ഷിക്കുന്നതായിരിക്കും. ഉം – നിങ്ങള്‍ക്ക് പോകാം”
പോകുന്ന വഴി മന്ത്രി കാര്യങ്ങള്‍ എല്ലാം കൊട്ടാരം വൈദ്യനു വിശദീകരിച്ചു കൊടുത്തു. നാളെ നടപ്പിലാക്കേണ്ട ഉപായവും മന്ത്രി അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു.
അതനുസരിച്ച് വൈദ്യനും, ശിഷ്യന്മാരും പിറ്റേന്ന് വൈകുന്നേരത്തിനകം രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും കുറെ പച്ചിലകളും, വേരുകളും ഒക്കെ ശേഖരിച്ച് മരുന്നുണ്ടാക്കുന്നതായി ഭാവിച്ചു.
ഒടുവില്‍ ആ സമയം വന്നു ചേര്‍ന്നു. രാജാവ് സിംഹാസനത്തില്‍ ഉപവിഷ്ടനായി. കൂടെ സദസ്സില്‍ മന്ത്രിയും മറ്റു അനുചരന്മാരും. കേട്ടറിഞ്ഞ് ഈ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ആ രാജ്യത്തെ പ്രജകളും അവിടെക്കൊഴുകി.
രാജാവ് കല്‍പ്പിച്ചപ്പോള്‍ തുറുങ്കില്‍ നിന്ന് ഒരാളെ ഭടന്മാര്‍ വലിച്ചിഴച്ചു കൊണ്ട് വന്നു. അയാളെ അവര്‍ ബലിക്കല്ലില്‍ കിടത്തി. ആരാച്ചാല്‍ ഓങ്ങിയ വാളുമായി തയ്യാറായി. രാജാവ് ആംഗ്യം കാണിച്ചപ്പോള്‍ ആരാച്ചാരുടെ വാള് താഴ്ന്നു- ഒരു നിമിഷം ആ മനുഷ്യന്‍റെ ശിരസ്സ് താഴെ വീണു.
“ഉം – മരുന്ന് പ്രയോഗിച്ചോളൂ” രാജാവ് കൊട്ടാരം വൈദ്യനോട് കല്‍പ്പിച്ചു.
വൈദ്യന്‍ വീണു കിടന്ന ശിരസ്സ് ആ മരിച്ച മനുഷ്യന്‍റെ ശരീരത്തോട് ചേര്‍ത്ത് വച്ച് കയ്യില്‍ കരുതിയുരുന്ന മരുന്ന് കഴുത്തിന് ചുറ്റും പുരട്ടി. എന്നിട്ട് അയാളെ ബലിക്കല്ലില്‍ നിന്നും താഴേക്ക് തള്ളിയിട്ടു . ഒരു നിമിഷം എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ബലിക്കല്ലിനു പിന്നില്‍ നിന്ന് “നേരത്തെ തലവെട്ടി മാറ്റിയ” മനുഷ്യന്‍ ചിരിച്ചു കൊണ്ട് എഴ്ന്നേറ്റു വന്നു !
രാജാവ് പോലും ഒരു നിമിഷം അത്ഭുതസ്തബ്ദനായി സിംഹാസനത്തില്‍ നിന്ന് എഴുന്നേറ്റു പോയി. പിന്നെ സംയമനം വീണ്ടെടുത്ത രാജാവ് തന്‍റെ അടുത്തേക്ക് വന്ന കൊട്ടാരം വൈദ്യനോട് ചോദിച്ചു.
“നിങ്ങള്‍ എന്ത് മാത്രം മരുന്ന് നിര്‍മ്മിച്ച് കഴിഞ്ഞു ?”
“ആവശ്യം വന്നാല്‍ ഈ രാജ്യത്തെ എല്ലാവരിലും പ്രയോഗിക്കാന്‍ മാത്രം മരുന്ന് തയ്യാറായിക്കഴിഞ്ഞു പ്രഭോ”
“എങ്കില്‍ ഇത്രയും പ്രധാനപ്പെട്ട ഈ കാര്യം എന്നില്‍ നിന്ന് ഇത്രയും നാള്‍ മറച്ചു വച്ച ഈ കൊട്ടാരം വൈദ്യനെ കൊന്നു കളയൂ” രാജാവ് ഭാടന്മാരോട് കല്‍പ്പിച്ചു. ഭടന്മാര്‍ ശിക്ഷ നടപ്പിലാക്കാന്‍ കൊട്ടാരം വൈദ്യനെ വലിച്ചിഴച്ചു കല്‍ത്തുറുങ്കിലേക്ക് കൊണ്ടുപോയി.
രാജാവ് മന്ത്രിയുടെ നേരെ തിരിഞ്ഞു
“മന്ത്രീ , യഥാര്‍ത്ഥത്തില്‍ താങ്കളും ശിക്ഷ അര്‍ഹിക്കുന്നു. പക്ഷെ ഇത്തവണത്തെക്ക് നാം താങ്കള്‍ക്ക് മാപ്പ് തരുന്നു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്.”
മന്ത്രി ദീര്‍ഘശ്വാസം വിട്ടു. അദ്ദേഹം രാജാവിന്‍റെ അടുത്തേക്ക് ചെന്ന് ചെവിയില്‍ എന്തോ മന്ത്രിച്ചു. രാജാവ് അവിടെ തടിച്ചു കൂടിയിരുന്ന ഏവരെയും അമ്പരപ്പിച്ചു കൊണ്ട് കല്‍പ്പിച്ചു.
“ഇത്രയും അത്ഭുതകരമായ ഈ മരുന്ന് നമ്മില്‍ തന്നെ പരീക്ഷിച്ചു നോക്കാന്‍ നാം ആഗ്രഹിക്കുന്നു. ആരവിടെ സെനാധിപാ , താങ്കള്‍ തന്നെ മുന്നോട്ടു വന്ന് നമ്മുടെ ശിരസ്സ് ഛെദിക്കൂ – എന്നിട്ട് മന്ത്രി – താങ്കള്‍ ഈ അത്ഭുതമരുന്ന് പുരട്ടി നമ്മെ ജീവിപ്പിക്കണം”
ഒരു നിമിഷം എല്ലാവരും തരിച്ചു നിന്നു . പിന്നെ ജനങ്ങള്‍ രാജാവിന്‍റെ ധൈര്യത്തെ വാഴ്ത്തി.
സേനാധിപന്‍ കല്‍പ്പന നടപ്പാക്കാന്‍ മുന്നോട്ടു വന്നു. രാജാവ് ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് കൈകള്‍ വിരിച്ചു പിടിച്ചു നില്‍ക്കെ സെന്യാധിപന്‍ തന്‍റെ ഖട്ഗം ആഞ്ഞു വീശി. രാജാവിന്‍റെ ശിരസ്സ് താഴെ വീണു പിടഞ്ഞു. മരിച്ചു എന്ന് ഉറപ്പായപ്പോള്‍ മന്ത്രി രാജാവിന്‍റെ വേര്‍പെട്ട ശിരസ്സ് ഉടലിനോട് ചേര്‍ത്ത് വച്ച് മരുന്ന് പുരട്ടി. നിമിഷങ്ങള്‍ കടന്നു പോയി. രാജാവില്‍ ഒരു അനക്കവും ഇല്ല. എല്ലാവരും പരിഭ്രാന്തരായി. തുറുങ്കില്‍ അടക്കപ്പെട്ട കൊട്ടാരംവൈദ്യന്‍ തിരികെ വിളിക്കപ്പെട്ടു. അദേഹവും പല പ്രാവശ്യം മരുന്ന് പരീക്ഷിച്ചെങ്കിലും അത്ഭുതങ്ങളോന്നും സംഭവിച്ചില്ല. അങ്ങനെ രാജാവിന്‍റെ മരണം സ്ഥിരീകരിക്കപ്പെട്ടു. അടുത്ത ദിവസം തന്നെ കിരീടാവകാശിയായി മന്ത്രി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. അദ്ദേഹം വളരെ മികച്ച ഭരണം കാഴ്ചവച്ച് കൊണ്ട് രാജ്യത്തെ ഐശ്വര്യത്തിലെക്കും സമ്പല്‍സമൃദ്ധിയിലേക്കും നയിച്ചു.
ഫ്ലാഷ് ബാക്ക് :
രാജാവിന് പരീക്ഷിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് സ്വന്തം മാതാവിനു പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ രൂപസാദൃശ്യമുള്ള ഇരട്ട സഹോദരന്‍ ഉള്ള ഒരു തടവുപുള്ളിയെ ആയിരുന്നു. അയാളുടെ ശിരച്ഛേദം ചെയ്യുമ്പോള്‍ ബലിക്കല്ലിനു പിന്നില്‍ മറഞ്ഞിരുന്ന ഇരട്ടസഹോദരനാണ് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പിന്നീട് “ജീവന്‍ തിരിച്ചു കിട്ടിയത്” പോലെ എഴുന്നേറ്റു വന്നത്.
മന്ത്രി രാജാവിന്‍റെ ചെവിയില്‍ മന്ത്രിച്ച രഹസ്യം ഇതായിരുന്നു ” രാജന്‍ , ഇതൊരു അവസരമാണ് – ജനങ്ങള്‍ക്ക് മുന്നില്‍ താങ്കളുടെ പ്രതിച്ഛായ സ്വര്‍ണ്ണത്തിളക്കമുള്ളതാക്കാന്‍. ഈ മരുന്ന് താങ്കള്‍ സ്വയം ജനങ്ങള്‍ക്ക് മുന്നില്‍ പരീക്ഷിച്ചു വിശ്വസിപ്പിച്ചാല്‍ പിന്നെ അവര്‍ താങ്കളെ ഏറെ വിലമതിക്കും. താങ്കള്‍ പിടിച്ചടക്കാന്‍ ഉദ്ദേശിക്കുന്ന അയല്‍ രാജ്യങ്ങള്‍ക്ക് വേണ്ടി പട വെട്ടാന്‍ അവര്‍ മരണഭയം കൂടാതെ കയ്-മെയ് മറന്നു സ്വയം മുന്നോട്ടു വരും” മന്ത്രിയുടെ ഈ വാക്കുകള്‍ മുഖവിലക്കെടുത്താണ് രാജാവ് സ്വയം ഒരു പരീക്ഷണവസ്തുവായി മുന്നോട്ടു വന്നത്.
0 comments:
Post a Comment