“നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍” എന്ന് പറഞ്ഞു കഴിയുമ്പോള്‍ എപ്പോഴും പ്രോഡ്യൂസറുടെ മുഖത്തെക്ക് തന്‍റെ നോട്ടം പോകുന്നതെന്താണെന്ന് എത്ര ആലോചിച്ചിട്ടും സുരേഷ് ഗോപിക്ക് മനസ്സിലായില്ല. പരിപാടി തുടങ്ങുന്നതിനു രണ്ടു മാസം മുന്നേ പത്തു നാല്‍പ്പത്തഞ്ചു ലക്ഷം പ്രേക്ഷകരെക്കൊണ്ട് ”അടൂര്‍ ഗോപാലകൃഷ്ണന്‍ ഏതു നാട്ടുകാരനാണ്” ”കാള വാല് പൊക്കുന്നതെന്തിന്” ”മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്ഥിരമായി ഉടുക്കുന്ന കള്ളിമുണ്ടിന്‍റെ നിറമെന്ത്” തുടങ്ങിയ പത്തു മുപ്പതു ചോദ്യങ്ങളുടെ ഉത്തരം SMS അയപ്പിച്ചു ഓള്‍റെഡി കോടിശ്വരന്‍ ആയിമാറിക്കഴിഞ്ഞത് കൊണ്ടാകാം.
പതിവ് പോലെ ഡയറക്ട്ടര്‍ നേരത്തെ എഴുതിത്തന്നു ,താന്‍ കുത്തിയിരുന്നു ബൈഹാര്‍ട്ടാക്കിയ കടിച്ചാല്‍ പൊട്ടാത്ത അമിതാഭ്ബച്ചന്‍ മോഡല്‍ സാഹിത്യം വിളംബിക്കഴിഞ്ഞപ്പോള്‍ ഫാസ്റ്റസ്റ്റ് ഫിംഗര്‍ കളിക്കാന്‍ റെഡിയായി മോണിട്ടര്‍ കുത്തിത്തുളച്ചു കളയുമെന്ന ഭാവത്തില്‍ ഇരിക്കുന്ന പത്തു മത്സരാര്‍ഥികളെയും നോക്കി സുരേഷണ്ണന്‍ ചോദ്യമെറിഞ്ഞു.