ഐപാഡില്‍ ഹനീഫ് ചെറുംതാഴം ഇമെയില്‍ വഴി അയച്ചു തന്ന ആ ആഴ്ചയിലെ PDF വനിതയും വായിച്ചു സ്വീകരണമുറിയില്‍ ഇരുക്കുമ്പോഴാണ് പുറത്തു നിന്ന് ഒരു വലിയ ആരവം കേട്ടത്. മുറ്റം കടന്നു റോഡിലെക്കിറങ്ങിയപ്പോള്‍ ആളുകള്‍ കൂട്ടം കൂടി ഓടുന്നു. അവരോടൊപ്പം ഞാനും ഓടി. തൊട്ടടുത്ത ജംഗ്ഷനില്‍ റോഡിലേക്ക് താഴ്ന്നു കിടക്കുന്ന കൂറ്റന്‍ ആല്‍മരത്തിനു ചുറ്റും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു. ചിലര്‍ മരത്തിലേക്ക് ചൂണ്ടി എന്തൊക്കെയോ ആക്രോശിക്കുന്നുമുണ്ട്.
"എന്താ പ്രശ്നം" എന്ന് ഒരാളോട് ചോദിച്ചപ്പോള്‍ അയാള്‍ വിരല്‍ ചൂണ്ടിയ ദിശയിലേക്ക് ഞാനും നോക്കി - മരക്കൊമ്പില്‍ ഒരു വെള്ളിമൂങ്ങ !
പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു വെടിശബ്ദം കേട്ടു. വെള്ളിമൂങ്ങ ഇരുന്ന ഇരിപ്പില്‍ നിന്ന് അല്‍പ്പം മേലേക്ക് പറന്നുയര്‍ന്ന ശേഷം തൊട്ടടുത്ത കൊമ്പില്‍ തന്നെ വീണ്ടും ഇരുന്നു. നീണ്ട ബാരലുള്ള ഒരു തോക്കുമായി ഒരു വെടിക്കാരന്‍. ഉടന്‍ തന്നെ ആളുകള്‍ രണ്ടു ചേരിയായി. വെടി വക്കണം എന്ന് ചിലര്‍. വയ്ക്കരുതെന്ന് ചിലര്‍. ഞാന്‍ വെടിവക്കരുതെന്ന പക്ഷക്കാരന്‍ ആയിരുന്നു. എന്നാല്‍ ആളുകളുടെ എതിര്‍പ്പൊന്നും വകവെക്കാതെ വെടിക്കാരന്‍ തോക്ക് ചൂണ്ടി വീണ്ടും ഉന്നം പിടിച്ചു. ഏതൊരു കൊച്ചുകുട്ടിക്കുപോലും വെടിവച്ചിടാന്‍ സാധിക്കുന്നത്ര അടുത്താണ് വെള്ളിമൂങ്ങയുടെ ഇരിപ്പ്. ദൂരം തോക്കിന്‍ കുഴലില്‍ നിന്ന് കഷ്ടിച്ച് ഏതാനും മീറ്റര്‍ മാത്രം. വെടി മുഴങ്ങുന്നതിനു മുന്നോടിയായി ലക്ഷ്യം തെറ്റിക്കാനും, ശബ്ദമുണ്ടാക്കി മൂങ്ങയെ പറത്തിവിടാനും ചിലര്‍ ശ്രമിച്ചതിന്‍റെ ഫലമായി തൊട്ടടുത്ത വെടി വച്ചതും മൂങ്ങ അല്‍പം പറന്നുയര്‍ന്നു വീണ്ടും തൊട്ടടുത്ത് തന്നെ ഇരിപ്പുറപ്പിച്ചതും പെട്ടെന്ന് കഴിഞ്ഞു. ഈ സംഭവം രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചപ്പോള്‍ - ഓരോ തവണയും വെടിവയ്പ്പുകാരന്‍റെ അടുത്തേക്ക് തന്നെ പറന്നു വന്നു കൊണ്ടിരുന്നതിനാല്‍ ഇപ്പോള്‍ മൂങ്ങ ഇരിക്കുന്നത് തോക്കിന്‍ കുഴല്‍ മൂങ്ങയുടെ ശരീരത്തില്‍ മുട്ടിക്കാവുന്ന അത്രയും അടുത്തായി.
"വേഗമാകട്ടെ മാഷേ , പോലീസ് ഇപ്പോള്‍ വരും - അതിനു മുന്നേ വെടി വച്ചിട്ടോ" ചിലര്‍ വെടിക്കാരനെ പ്രോല്‍സാഹിപ്പിച്ചു.
"ഇയാള്‍ വെടിവച്ചത് തന്നെ.....ഭയങ്ങര ഉന്നം" മറ്റു ചിലരുടെ വാക്കുകള്‍ അയാളുടെ ആത്മവിശ്വാസം നശിപ്പിക്കാന്‍ വേണ്ടിയായിരുന്നു.
അടുത്ത വെടി ശ്രമത്തില്‍ തികച്ചും രസകരമായ ഒരു സംഭവം നടന്നു. ഇത്തവണ ഒരു കാരണവശാലും ലക്ഷ്യം പിഴക്കരുത് എന്നാ ഉദ്ദേശ്യത്തോടെ തോക്കിന്‍ കുഴലിന്‍റെ അറ്റം വെടിവയ്പ്പുകാരന്‍ മൂങ്ങയുടെ നെറ്റിയില്‍ മുട്ടിച്ചു പിടിച്ചു. അയാള്‍ കാഞ്ചി വലിക്കാന്‍ തുടങ്ങവേ എല്ലാവരെയും അത്ഭുതസ്തബ്ദരാക്കിക്കൊണ്ട് മൂങ്ങ രണ്ടു ചിറകുകളും കൊണ്ട് തോക്കിന്‍കുഴല്‍ തലക്ക് മുകളിക്ക് ഉയര്‍ത്തിപ്പിടിച്ചു. വീണ്ടും ഒരു വെടി കൂടി വെയ്സ്റ്റ് ആയി. ഇതേ തുടര്‍ന്ന് വെടിക്കാരന്‍ മൂങ്ങയുടെ ശരീരത്തില്‍ പലയിടത്തും കുഴല്‍ ചേര്‍ത്ത് പിടിച്ചപ്പോഴും മൂങ്ങ ചിറക് കൊണ്ട് തടുത്തു തോക്കിന്‍ കുഴല്‍ ലക്ഷ്യത്തില്‍ നിന്ന് മാറ്റിപ്പിടിച്ചു കൊണ്ടിരുന്നു. ആളുകള്‍ അത്ഭുതം കൊണ്ട് ആര്‍പ്പ് വിളിച്ചു. ചിലര്‍ വെള്ളിമൂങ്ങക്ക് ജെയ് പോലും വിളിച്ചു. വെടിവയ്പ്പുകാരന്‍റെ മുഖം പരിഭ്രമം കൊണ്ട് ചുവന്നു തുടുത്തു.
"ആ തോക്കിന്‍കുഴല്‍ കൊണ്ട് തല്ലിത്താഴേയിട് മാഷെ" കൂട്ടത്തില്‍ അല്‍പം ബുദ്ധിയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു ചേട്ടന്‍ പറഞ്ഞു.
"വേണ്ട - വെടി വച്ചുതന്നെ ഇവനെ പിടിക്കാമോയെന്ന് ഞാനൊന്ന് നോക്കട്ടെ" വാശിയോടെ വെടിവെപ്പുകാരന്‍ പറഞ്ഞു.
ആളുടെ കളിയാക്കല്‍ അയാള്‍ക്ക് അസഹനീയമായപ്പോള്‍ ഇത്തവണ അയാള്‍ ഒരു ബുദ്ധി കാണിച്ചു. അടുത്ത വെടി മൂങ്ങയുടെ ശരീരത്തെ ലക്‌ഷ്യം വെക്കുന്നതിന്നു പകരം തോക്കിന്‍കുഴല്‍ മൂങ്ങയുടെ നെറ്റിയില്‍ തിരശ്ചീനമായി ചേര്‍ത്ത് പിടിച്ചു കൊണ്ട് ആയാള്‍ ദൂരെക്ക് സമാന്തരമായി ലക്ഷ്യം വച്ച് കാഞ്ചി വലിച്ചു. വെടിയുടെ ആഘാതത്തിലോ, തോക്കിന്‍കുഴലിന്‍റെ വിറയലിലോ, മൂങ്ങ തലചുറ്റി വളരെ സാവധാനം താഴേക്കി താഴേക്ക് വീണു. താഴേക്ക് വീഴുന്ന അപ്പൂപ്പന്‍താടി പിടിച്ചെടുക്കുന്ന ലാഘവത്തോടെ വെടിവപ്പുകാരന്‍ മൂങ്ങയെ പിടിച്ചെടുത്തപ്പോഴെക്കും അകലെ നിന്ന് പോലീസ് വണ്ടിയുടെ സൈറന്‍ കേട്ട് തുടങ്ങി. വെടിക്കാരന്‍ ഒരുകയ്യില്‍ മൂങ്ങയും മറുകയ്യില്‍ തോക്കുമായി ഓടി. കൂടെ ആളുകളും - കൂട്ടത്തില്‍ ഞാനും.
കുറച്ചകലെയായി തന്നെ ഭൂനിരപ്പില്‍ നിന്ന് അല്‍പ്പം താഴെയായി , ആര്‍ക്കും പെട്ടെന്ന് നോട്ടം എത്താത്ത രീതിയിലുള്ള നീല ഷട്ടറിട്ട രണ്ടു മൂന്നു മുറികള്‍ ഉള്ള കൊച്ചു കെട്ടിടമാണ് വെടിവപ്പുകാരന്‍റെ താവളം. ഒരു റേഷന്‍ കടയുടെ പ്രതീതി ജനിപ്പിക്കുന്ന പോലെ മുന്നിലെ മുറിയില്‍ ഒരു മരത്തിന്‍റെ മേശയും , പണ്ടത്തെ കല്യാണവീടുകളില്‍ വാടകക്കെടുത്തിരുന്ന പോലത്തെ ഒരു നീല കസേരയും. വെടിക്കാരന്‍ മൂങ്ങയും കൊണ്ട് അകത്തെ രണ്ടാമത്തെ മുറിയിലേക്ക് പോയി. ആളുകള്‍ കെട്ടിടത്തിന്‍റെ മുന്നില്‍ കൂട്ടം കൂടി നിന്ന് ഭാവി സംഭവവികാസങ്ങളെ കുറിച്ച് ചര്‍ച്ച തുടങ്ങി. പെട്ടെന്ന് ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് ഒരു പോലീസുകാരനും , ഒരു വനിതാ പോലീസും അവിടേക്ക് കടന്നു വന്നു. ഇനി ചിലപ്പോള്‍ വെള്ളി മൂങ്ങ പെണ്ണായതു കൊണ്ടായിരിക്കും വനിതാ പോലീസ് വന്നതെന്ന് ആരോ അടക്കം പറഞ്ഞു.
"എവിടെടാ അവന്‍ ?" പോലീസുകാരന്‍ അലറി.
"അകത്തേക് പോയിട്ടുണ്ട് സാറെ" ഒരു അഭ്യുടയകാംക്ഷി ഉഷാറോടെ പറഞ്ഞു.
"ഇങ്ങോട്ട് വാടാ മോനെ...ആ സാധനതിനെയും എടുത്തോ" നാലുപാടും നോക്കി ഒരു തമാശച്ചിരിയോടെ പോലീസുകാരന്‍ ഉച്ചത്തില്‍ പറഞ്ഞു കൊണ്ട് മരമേശക്ക് മുകളില്‍ കാലിന്മേല്‍ കാല്‍ കയറ്റി സ്റ്റേഷനില്‍ എസ് ഐ ഇരിക്കുന്നത് പോലെ ഇരിപ്പായി . ഏതാനും നിമിഷങ്ങള്‍ക്കകം നമ്മുടെ കഥാനായകന്‍ ഒരു വിഡ്ഢിച്ചിരിയോടെ കയ്യില്‍ ഏന്തോ ചുരുട്ടി പ്പിടിച്ചു കൊണ്ട് കടന്നു വന്നു. കൊണ്ടുവന്ന "സാധനം" പോലീസുകാരന് കൈമാറിക്കൊണ്ട് ഒരു ടൂത്ത്‌പേസ്റ്റ് പരസ്യത്തില്‍ അഭിനയിക്കാന്‍ വേണ്ടത്ര ആത്മവിശ്വാസം തുളുമ്പുന്ന പുഞ്ചിരിയോടെ അല്‍പം മാറി നില്‍പ്പായി. പോലീസുകാരന്‍ ചുറ്റും കൂടി നിന്ന ജനക്കൂട്ടത്തെ മൈന്‍ഡ് ചെയ്യുകപോലും ചെയ്യാതെ പെണ്‍പോലീസിനെ അടുത്തേക്ക് വിളിച്ചു വെടിക്കാരന്‍ കൊടുത്ത "സാധനം" തുറന്നു നോക്കി .- 42 രൂപയും ഒരു കടലാസുതുണ്ടും ! അവിശ്വസനീയമായ മുഖഭാവത്തോടെ രണ്ടുപേരും പൈസയിലെക്കും , വെടിക്കാരന്‍റെ മുഖത്തേക്കും രണ്ടു മൂന്ന് തവണ മാറിമാറി നോക്കി. വെടിക്കാരന്‍ കാര്യം വിശദമാക്കാനായി മുന്നോട്ട് വന്നു - "സാര്‍ ആ കടലാസോന്നു വായിച്ചു നോക്കണം"
ഒരു അജ്ഞാത നിധിയുടെ മാപ്പ് തുറക്കുന്ന ജിജ്ഞാസ നിറഞ്ഞ മുഖഭാവത്തോടെ പോലീസുകാരന്‍ കടലാസു തുറന്നു . അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
സാറിന് - 22 രൂപ
മാഡത്തിന് - 20 രൂപ
"ഇതെന്തുവാടെ കൂവേ ?" എഴുന്നേറ്റു ചെന്ന് വെടിക്കാരന്‍റെ മുഖത്തോട് മുഖം നിന്ന് കൊണ്ട് പോലീസുകാരന്‍ ചോദിച്ചു.
"സാറിന് രണ്ടുരൂപ കൂടുതല്‍ വെച്ചിട്ടുണ്ട്"
ആളുകള്‍ പോലീസുകാര്‍ ആണ് എന്ന പരിഗണന പോലും കൊടുക്കാതെ ഈ സംഭവവികാസങ്ങളെല്ലാം കണ്ടന്തം വിട്ട് ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങി. നിന്ന നില്‍പ്പില്‍ താഴേക്ക് പോകുന്ന പോലെ അവിശ്വസനീയ ഭാവത്തോടെ പോലീസുകാരന്‍ അല്‍പ്പസമയം നിന്നു. പിന്നെ വെടിക്കാരന്‍റെ ഷര്‍ട്ടിന്‍റെ കോളറിനു കുത്തിപ്പിടിച്ച് അലറി "എടുത്തോണ്ട് വാടാ കഴുവേറി ആ സാധനത്തിനെ"
മൂന്നു പേരും കൂടി അകത്തേക്ക് പോയി. പോലീസുകാരന്‍ കയ്യില്‍ വെളിമൂങ്ങയുമായി തിരിച്ചു വരുമ്പോള്‍ വെടിക്കാരന്‍റെ കഴുത്ത് ഭദ്രമായി വനിതാ പോലീസിന് കൈമാറിയിരുന്നു.
"ഇനി ഇതിനെ ആരെങ്കിലും പറത്തി വിടണം" പോലീസുകാരന്‍റെ വിചിത്രമായ ന്യായവിധി.
ആരും അനങ്ങിയില്ല - എല്ലാവരും സ്തബ്ദരായി നില്‍ക്കുന്നു.
"ആരുമില്ലേ ? ഇത്രയും പേര്‍ ഉണ്ടായിട്ടും?"
പെട്ടെന്ന് ഞാന്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് മുന്നോട്ടു ചെന്നു.
"ങ്ങും" പോലീസുകാരന്‍ എന്നെ അടിമുടി ഒന്ന് നോക്കി ഒന്നിരുത്തി മൂളി.
"നീ ഇവന്‍റെ ആള്‍ അല്ലല്ലോ അല്ലെ?" എന്നിട്ട് കടുപ്പിച്ച് എന്നോടൊരു ചോദ്യം. ദൈവമേ , പണി പാളിയോ - ഞാന്‍ മനസ്സില്‍ വിചാരിച്ചു. പേടിച്ചു മൂത്രമോഴിച്ചു പോകുമോ എന്നുപോലും ഭയന്നു. കാരണം വന്യജീവി സരക്ഷണനിയമം - പോരാത്തതിന് വെള്ളിമൂങ്ങ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ഇനത്തില്‍ പെട്ടതും - പിടിച്ചാല്‍ ജാമ്യം പോലും കിട്ടാതെ അകത്തു കിടന്നു ജീവിതത്തിന്‍റെ നല്ലൊരു പങ്ക് ഉണ്ട തിന്നേണ്ടി വരും.
പക്ഷെ എന്‍റെ പേടി അസ്ഥാനത്താക്കിക്കൊണ്ട് പോലീസുകാരന്‍ മൂങ്ങയെ എന്‍റെ കയ്യില്‍ തന്നു. ചെറുതായി ആര്‍പ്പുവിളിച്ചു കൊണ്ട് ആളുകള്‍ അത്ഭുതവസ്തുക്കളെയെന്നോണം എന്നെയും കയ്യിലിരിക്കുന്ന മൂങ്ങയേയും മാറിമാറി നോക്കി. ചിലര്‍ മൊബൈല്‍ ക്യാമറ കൈയിലെടുത്തു സിനിമാ പിടുത്തം നടത്തുന്നുണ്ട്. ഞാന്‍ ആ ജീവിയുടെ മുഖത്തേക്ക് നോക്കി. തനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ഒന്നും അറിയുന്നില്ലെന്ന ഭാവം . മെല്ലെ ഞാന്‍ റോഡിലേക്ക് നടന്നു - പിന്നാലെ കൈവിലങ്ങണിഞ്ഞ വെടിവെപ്പുകാരനും അയാള്‍ക്കിടവും വലവുമായി പോലീസുകാരും - അതിനു പിന്നാലെ ആരവം മുഴക്കിക്കൊണ്ട് ആള്‍ക്കൂട്ടവും. അല്‍പ്പം മരങ്ങളും, തണലും ഉള്ള ഒരിടത്തെത്തിയപ്പോള്‍ ഞാന്‍ അതിനെ മെല്ലെ മുകളിക്കെറിഞ്ഞു. ചിറകടിച്ചു പറന്ന്‍ വെള്ളിമൂങ്ങ അടുത്തുള്ള മരക്കൊമ്പില്‍ ഇരിപ്പുറപ്പിച്ചു.
"രാത്രി ആകുമ്പോള്‍ അത് പറന്നു പോയ്ക്കോളും - അതു വരെ അതിന്‍റെ കാവല്‍ നിനക്ക്." പോലീസുകാരന്‍ പറഞ്ഞു.
വെടിക്കാരന്‍റെ കഴുത്തിന് പിടിച്ചു തള്ളി ജീപ്പില്‍ കയറ്റിക്കൊണ്ട് അവര്‍ ഓടിച്ചു പോയി. ആളുകള്‍ ചുറ്റി വളഞ്ഞു നില്‍പ്പുതുടര്‍ന്നു. ഞാന്‍ വാച്ചിലേക്ക് നോക്കി - സമയം വൈകിട്ട് നാല് മുപ്പത്. സാവധാനം ജനക്കൂട്ടം ഓരോരുത്തരായി പിരിഞ്ഞു പോയ്‌ത്തുടങ്ങി. . അകലേക്ക് ദൃഷ്ടികള്‍ ഊന്നി ധ്യാനനിരതനായ പോലെ ഇരിക്കുന്ന മൂങ്ങ. ഞാന്‍ അതിനെത്തന്നെ നോക്കിക്കൊണ്ട് സന്ധ്യയാവുന്നതും നോക്കി മരത്തണലില്‍ കാത്തിരുന്നു.
4 comments:
നടന്ന കാര്യമായി എനിക്ക് തോന്നുന്നേ ഇല്ല.. എന്നാലും നന്നായിരിക്കുന്നു..
ഇത് ഒരു ഫാന്റസിയാണ് - ഒരു സ്വപ്നം എന്നും പറയാം.........നന്ദി ഏകലവ്യ....
vedikkaaran ippolum jayilil aano enthinu ? moongaye parathi vittille
മൂങ്ങയെ പറത്തി വിടാന്‍ അല്ലെ ഞാന്‍ അവിടെ സന്ധ്യ വരെ വെയിറ്റ് ചെയ്തത്.....വെടിക്കാരന്‍ ജെയിലില്‍ ഗോതമ്പുണ്ട തിന്നു കഴിയുന്നു ...നന്ദി ഹമീദിക്ക,,,,,
Post a Comment