"കൊക്കരക്കോ കൊക്കരക്കോ കൊക്കരക്കോ"
മൊയ്തീന്‍റെ മൊബൈലില്‍ നിന്നും കോഴി കൂവുന്ന റിംഗ് ടോണ്‍ ഉച്ചത്തില്‍ മുഴങ്ങി. ഫോണ്‍ മെയിഡ് ഇന്‍ ചൈന ആയിരുന്നതിനാലും ,നില്‍പ്പ് ഒന്നാമത്തെ വരിയില്‍ മുസ്ലാരുടെ തൊട്ടു പിന്നില്‍ തന്നെ ആയിരുന്നതിനാലും നമസ്ക്കാരത്തിലുള്ള മുസ്ലാരുടെ ഓത്തു തന്നെ ഒരു നിമിഷത്തേക്ക് നിലച്ച പോലെ തോന്നി. "ഏതാവനാടാ മൊബൈല്‍ ഓഫ് ചെയ്യാതെ നിസ്ക്കരിക്കാന്‍ നിന്നത് ?" എല്ലാവരും മനസ്സില്‍ പിറുപിറുത്തു.
"യേത് ഹമുക്കാടാ ആ എരണം കേട്ട ഒച്ച ഒണ്ടാക്കീത് ? നിസ്കാരത്തിന് നിക്കുമ്പോ ഫോണ്‍ സ്വിച്ചോഫ് ചെയ്യണമെന്നറീല്ലെ" നിസ്കാരം കഴിഞ്ഞു സലാം വീട്ടീതും പിന്നിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് മുസ്ലാര്‍ അലറി. എല്ലാ ദൃഷ്ടികളും മോയ്തീന്‍റെ നേരെ. ആ സദസ്സില്‍ താന്‍ അലിഞ്ഞില്ലാതാവുന്നത് പോലെ തോന്നി മൊയ്തീന്. ഉറക്കെ പറയുന്നിലെങ്കിലും എല്ലാവരും പിറുപിറുക്കുന്നത് ഇക്കാര്യം തന്നെ ആണെന്ന് മൊയ്തീന് മനസ്സിലായി " പണ്ടാരം പിടിക്കാന്‍ മൊബൈല്‍ സൈലന്‍റ് ആക്കാന്‍ മറന്നു , ആദ്യമായിട്ടാണ് മറക്കുന്നത് - അന്ന് തന്നെ ഏതു എരണം കെട്ടവന്‍ ആണോ വിളിച്ചത്" പള്ളിയില്‍ നിന്ന് പുറത്തേക്കു നടക്കുമ്പോള്‍ മൊയ്തീന്‍ ഫോണ്‍ എടുത്തു മിസ്സ്ഡ് കോള്‍ ലിസ്റ്റ് നോക്കി - പടച്ചോനെ ബാപ്പ" മൊയ്തീന്‍ ഒന്ന് കൂടി ഞെട്ടി.
എന്നാലും ആ മോയ്ലാരടെ പ്രകടനം ഇച്ചിരി കൂടി പോയില്ലേ ? , അയാക്കിട്ടു തിരിച്ചു ഒരു പണി കൊടുത്തിട്ട് തന്നെ കാര്യം" മൊയ്തീന്‍ മനസ്സില്‍ ഉറപ്പിച്ചു.
നേരെ പോയത് അന്ത്രുമാന്‍റെ കടയിലെക്കാണ്. " അന്ത്രുമാനെ , ഒരു സിം കാര്‍ഡ് വേണോല്ലോടാ"
"ഐഡി പ്രൂഫ് ഉണ്ടോ ?" അന്ത്രുമാന്‍ ചോദിച്ചു.
"ഓ പിന്നെ , ഇനി ഐഡി ഒക്കെ പ്രൂവ് ചെയ്തിട്ട് നീ എന്നെക്കൊണ്ട് വേറെ പെണ്ണ് കെട്ടിക്കാന്‍ പുവ്വല്ലേ ? . നീയാ ഫ്രീ സിമ്മോരണ്ണം ഇങ്ങ്ട് താടാ ഉവ്വേ" മൊയ്തീന് ദേഷ്യം വന്നു. "കണ്ട അണ്ടനും അടകോടനും ഒന്നും സിം കൊടുക്കാന്‍ അവനു ഐഡി പ്രൂഫും വേണ്ട ഒരു കുന്തവും വേണ്ട"
"അതെ ഒരാഴ്ചക്കുള്ളില്‍ ഐഡി പ്രൂഫ് തന്നില്ലെങ്കില്‍ സിം കട്ടാവും കേട്ടാ" ആക്ട്ടിവേറ്റ് ചെയ്ത സിം വാങ്ങി അന്ത്രുമാനെ നിരാശനാക്കതിരിക്കാന്‍ വേണ്ടി ഒരു പത്തുറുപ്യക്ക് ചാര്‍ജും ചെയ്തു തിരിഞ്ഞു നടക്കുമ്പോള്‍ അന്ത്രുമാന്‍ പിന്നില്‍ നിന്ന് വിളിച്ചു പറയുന്നത് കേട്ട് മൊയ്തീന്‍ മനസ്സില്‍ ചിരിച്ചു "അതിനു ഒരായ്ച്ച ഒക്കെ വേണ്ടി വന്നാലല്ലേ"
മൊയ്തീന്‍ ആ സിം കാര്‍ഡ് എടുത്തു നേരെ പേര്‍സിനുള്ളിലേക്ക് തിരുകി " കാണിച്ചു കൊടുക്കാം ആ മോയ്ലാരെ"
സൈനുദ്ധീന്‍ മോയ്ലാരെ എല്ലാവര്‍ ഇഷ്ടമാണ്. സാധാരണ മോയ്ലാക്കന്മാരെ പോലെ അറുപഴഞ്ചന്‍ അല്ല സൈനുദ്ദീന്‍ മോയ്ല്യാര്‍. മോയ്ല്യാരുടെ പരിഷ്കാരങ്ങളില്‍ ഒന്നാണ് ഇതു നേരവും വില കൂടിയ നോക്കിയാ മൊബൈലില്‍ ഖുര്‍ആന്‍ നോക്കി വായിച്ചു കൊണ്ടുള്ള നടപ്പ്. അതിന്‍റെ ഗുണം നിസ്കാരത്തില്‍ കാണാനും ഉണ്ട്. ഓരോ ദിവസവും ഹൃദിസ്ഥമാക്കിയ ഖുര്‍ആന്‍ ആയത്തുകള്‍ മോയ്ല്യാര്‍ നിസ്ക്കാരത്തില്‍ ഓതും. അത് കൊണ്ട് തന്നെ നിസ്കാരത്തിനു നില്‍ക്കാന്‍ വരുന്നത് വരെ മോയ്ല്യരുടെ കയ്യില്‍ മൊബൈല്‍ ഉണ്ടാകും. അതില്‍ നോക്കി പഠിച്ചത് ഒന്ന് കൂടി മനസ്സില്‍ ഉറപ്പു വരുത്തിയിട്ടാണ് മോയ്ല്യാര്‍ നിസ്കാരത്തിനു നില്‍ക്കുന്നത്. മോയ്ല്യാരുടെ ഈ ശീലം മുതലെടുക്കാന്‍ ആണ് മൊയ്തീന്‍ മനസ്സില്‍ കണക്ക് കൂട്ടിയത്.
അതിനു ശേഷം ഓരോ നിസ്കാരവും തുടങ്ങിയ ശേഷം കൈ കെട്ടുന്നതിന് മുന്നേ ,അല്‍പം നേരത്തെ മാറ്റിയിട്ട പുതിയ സിമ്മില്‍ നിന്നും മോയ്തീന്‍ മോയ്ല്യരുടെ ഫോണിലേക്ക് വിളിക്കും. പക്ഷെ എപ്പോഴും റിംഗ് ചെയ്യും എങ്കിലും ഫോണ്‍ സൈലന്‍റ് ആയിരിക്കും. എങ്കിലും നിരാശനാവാതെ മൊയ്തീന്‍ ശ്രമം തുടര്‍ന്നു കൊണ്ടിരുന്നു. എന്നും നിസ്കാര സമയത്ത് വരുന്ന മിസ്സ്ഡ് കൊളിലേക്ക് മോയ്ല്യാര്‍ തിരിച്ചു വിളിക്കും. പക്ഷെ നമ്പര്‍ സ്വിച്ച് ഓഫ് എന്നായിരിക്കും പറയുക. ഈ നമ്പര്‍ അറിയാമോ , പരിചയമുണ്ടോ എന്ന് മോയ്ല്യാര്‍ പലരോടും അന്വേഷിച്ചെങ്കിലും എല്ലാവരും കൈ മലര്‍ത്തി. മൊയ്തീന്‍ അന്ത്രുമാന്‍റെ കടയില്‍ നിന്നു തന്നെ സിം എടുക്കാന്‍ ഒരു പ്രത്യേക കാരണവും ഉണ്ട്. കൊച്ചു പിള്ളാരുടെ ഒക്കെ മൊബൈലിലേക്ക് അശ്ലീലവീഡിയോയും, ഫോട്ടോയും ഒക്കെ കയട്ടറ്റിക്കൊടുത്തു പുള്ളാരെ വഴിതെറ്റിക്കുന്നു എന്ന് അന്ത്രുമാനെ കുറിച്ച് പരക്കെ നാട്ടില്‍ പരാതി ഉണ്ട്. അക്കാര്യം പല തവണ സൈനുദ്ദീന്‍മോയ്ല്യാര് അന്ത്രുമാനോട് ചോദിക്കുകയും, ഗുണദോഷിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് " അപ്പോഴെല്ലാം "മോയ്ല്യരെ-ഇങ്ങള് ഇങ്ങടെ പണി നോക്കിക്കൊളിന്‍ , ഞമ്മളെ ഗുണദോഷിക്കാന്‍ ആരും വരണ്ട" എന്ന് അന്ത്രുമാന്‍ തര്‍ക്കുത്തരം പറയും. ഈ സംഭവങ്ങള്‍ നിലവില്‍ ഉള്ളതിനാല്‍ അന്ത്രുമാന്‍റെ കടയില്‍ ചെന്ന് മോയ്ല്യാര്‍ ഇക്കാര്യം അന്വേഷിക്കില്ല എന്ന് മോയ്തീനറിയാം. ഇനി അഥവാ അന്വേഷിക്കാന്‍ പോയാലും , കാര്യം പറയുമ്പോള്‍ തന്നെ മോയ്ല്യാരെ കണ്ണിനു നേരെ കണ്ടു കൂടാത്ത അന്ത്രുമാന്‍ ബുക്കില്‍ ഒന്നും നോക്കാതെ തന്നെ പറയാന്‍ പോകുന്ന മറുപടിയെ കുറിച്ചും മൊയ്തീന് നല്ല ഉറപ്പുണ്ട്.
അങ്ങിനെ ദിവസങ്ങള്‍ കടന്നു പോകവേ ഒരു ദിവസം കഷ്ടകാലത്തിന് സൈനുദ്ദീന്‍ മോയ്ല്യാര്‍ മൊബൈല്‍ സൈലന്‍റില്‍ ആക്കാന്‍ മറന്നു പോയി. പതിവ് പോലെ നിസ്കാരം തുടങ്ങിക്കഴിഞ്ഞപ്പോള്‍ മൊയ്ല്യാരുടെ മൊബൈലിലേക്ക് മൊയ്തീന്‍റെ കോളും ചെന്നു. റിംഗ് ടോണ്‍ ആയി ഇട്ടിരുന്ന ബാങ്കിന്‍റെ ശബ്ദം മോയ്ല്യാരുടെ മൊബൈലില്‍ നിന്നും മുഴങ്ങി. മൈക്കില്‍ ഓതുന്നതിനാലും, മൈക്ക് കുത്തി വച്ചിരിക്കുന്നത് മൊബൈല്‍ കിടക്കുന്ന പോക്കറ്റിന്‍റെ തൊട്ടടുത്തായിരുന്നതിനാലും മോയ്ല്യാരുടെ ഓത്തിനേക്കാള്‍ ഉച്ചത്തില്‍ മൊബൈലില്‍ നിന്നുള്ള ബാങ്ക് വിളി ശബ്ദം കേട്ടു. കുറച്ചു സമയത്തേക്ക് ആര്‍ക്കും ഒന്നും മനസ്സിലായില്ല. നിസ്കാരത്തിനിടയില്‍ ആരാ വീണ്ടും ബാങ്ക് വിളിക്കുന്നത് എന്ന് എല്ലാവരും മനസ്സില്‍ ചോദിച്ചു. പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു ഓഫ് ചെയ്യാനുള്ള വെപ്രാളത്തില്‍ ഫോണ്‍ മോയ്ല്യാരുടെ കയ്യില്‍ നിന്ന് താഴെ വീണു. ഒതിക്കൊണ്ടിരുന്ന സൂറത്ത് തെറ്റി. ആകെ കച്ചറ ആയെന്നു പറഞ്ഞാല്‍ മതിയല്ലോ.
ഏതാനും ദിവസങ്ങള്‍ ആയിട്ടുള്ള തന്‍റെ പരിശ്രമം വിജയിച്ചതില്‍ മൊയ്തീന് പെരുത്ത് സന്തോഷം തോന്നി. സൈനുദ്ദീന്‍ മോയ്ല്യാര്‍ക്ക് നാട്ടില്‍ "മൊബൈല്‍ മോയ്ല്യാര്‍" എന്ന വിളിപ്പേര് വീണു. എന്തായാലും അന്നത്തെ സംഭവത്തോടെ മോയ്ല്യാര്‍ മൊബൈല്‍ തന്നെ ഉപേക്ഷിച്ചു. അതോടെ പുതിയ പുതിയ സൂറത്തുകള്‍ കേട്ടു നിസ്കരിക്കാനുള്ള ഭാഗ്യവും പോയ്യാട്ടിങ്കരക്കാര്‍ക്ക് നഷ്ടപ്പെട്ടു.
3 comments:
nannaayittund ........... :))))))))))))))
pls remove word verification
കൊച്ചു കള്ളാ.... :)
വായിച്ചു
മൊബൈല്‍ മുസ്ലിയാരുടേയും മൊയ്തീന്റെയും കഥ ഇഷ്ടായി
Post a Comment