Ind disable
 

ഒസാമയും ,ഒബാമയും പിന്നെ ലാദനും......



"മാമ....ഒബാമ...."

ഭാര്യ മിഷേലിന്‍റെ ഉറക്കെയുള്ള വിളി കേട്ടാണ് ബരാക്‌ ഹുസൈന്‍ ഒബാമ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്. പരിചാരക കൊണ്ട് വന്നു വച്ചിട്ട് ഏറെ സമയം കഴിഞ്ഞ തണുത്ത ചായക്കപ്പ് കണി കണ്ടു കൊണ്ട് ഒബാമ കട്ടിലില്‍ എഴുന്നേറ്റിരുന്നു. ഈ കിളവി പരിചാരകയെ പറഞ്ഞു വിട്ട് അല്‍പം  കൂടി ചെറുപ്പവും ,ചുറുചുറുക്കുമുള്ള ഒന്നിനെ നിര്‍ത്താന്‍ ബില്‍ ക്ലിന്‍റന്‍റെ കഥ അറിഞ്ഞ ശേഷം മിഷല്‍ സമ്മതിക്കുന്നില്ല. ക്ലിന്‍റനെ മനസ്സില്‍ ശപിച്ചു കൊണ്ട് ഒബാമ , ഭാര്യയോട് ചൂടുള്ള ഒരു കാപ്പി കൂടി ചോദിച്ചാല്‍ ഉണ്ടാകാവുന്ന ഭാവിഷ്യത്തുക്കളെ കുറിച്ചോര്‍ത്തു കൊണ്ട്  തണുത്താറിയ കാപ്പിക്കപ്പ്‌ ചുണ്ടോടു ചേര്‍ത്തു.

"മാമാ....ഇവിടെ വാ...വേഗം..." ടിവി കണ്ടു കൊണ്ട് അതില്‍ നിന്ന് കണ്ണ് എടുക്കാതെ ആണ് മിഷലിന്‍റെ അലര്‍ച്ച. ഇന്നസെന്‍റ് ഏതോ സിനിമയില്‍ പറഞ്ഞ പോലെ സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിന് അനുസരണാശീലം വളരെ വളരെ അത്യാവശ്യമാണ് എന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നത് കൊണ്ട്  ഒബാമ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് മിഷേലിനു സമീപത്തേക്ക് നടന്നു. ടിവിയില്‍ മുഖം ആകെ ചതഞ്ഞു മരിച്ചു കിടക്കുന്ന താടിയുള്ള ഒരു മനുഷ്യന്‍റെ രൂപം കണ്ടപ്പോള്‍ തനിക്ക് ഏറെ പരിചയമുള്ള ഒരു മുഖം ആണല്ലോ എന്ന് ഒബാമക്ക് തോന്നിയെങ്കിലും കൃത്യമായി ആളെ  ഒബാമക്ക് മനസിലായില്ല.

"നിങ്ങള്‍ എന്താ പന്തം കണ്ട പെരിച്ചാഴിയെ പോലെ നില്‍ക്കുന്നത് , നിങ്ങളുടെ ശത്രുവായ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട വാര്‍ത്ത കേട്ടിട്ടും നിങ്ങള്‍ക്ക് യാതൊരു സന്തോഷവും ഇല്ലേ?"

മിഷേലിന്‍റെ വാക്കുകള്‍ ഒബാമയെ ഞെട്ടിച്ചു. എന്ത് ലോകമായ ലോകം മുഴുവന്‍ കിടുകിടാ വിറപ്പിച്ച ആ സിംഹം ആണോ മുഖം പോലും കണ്ടാല്‍ തിരിച്ചറിയാന്‍ ആവാത്ത കോലത്തില്‍ ഈ കിടക്കുന്നത്. ഒബാമ ഫോണിനരികിലേക്ക് ഓടി.

"ഹലോ, ഞാന്‍ മിസ്റ്റര്‍ പ്രസിഡന്‍റ്‌. എനിക്ക് അത്യാവശ്യമായി ഡിഫന്‍സ് സെക്രട്ടറിയെ കിട്ടണം"

" ഹലോ മിസ്റ്റര്‍ പ്രസിഡന്‍റ്‌, ഞാന്‍ താങ്കളെ ആ നല്ല വാര്‍ത്ത അറിയിക്കാന്‍ വിളിച്ചിരുന്നു-പക്ഷെ  താങ്കള്‍ നല്ല ഉറക്കത്തില്‍ ആണെന്ന് ഭാര്യ പറഞ്ഞു."

"ബുള്‍ ഷിറ്റ്‌ " എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും ഒബാമ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് ഫോണ്‍ കട്ട് ചെയ്തു. ഇന്നിനി ഓഫിസി പോകുന്നില്ല - ഇന്നത്തെ ദിവസം തന്നെ സംബന്ധിച്ച് ഒരു സുദിനം ആണ്. ആ ജോര്‍ജ്‌ ബുഷ്‌ തലകുത്തി നിന്നിട്ട് സാധിക്കാത്തതാണ് ഒരൊറ്റ രാത്രി കൊണ്ട് താന്‍ പോലും അറിയാതെ സാധിച്ചിരിക്കുന്നത്. ഒബാമ കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടന്നു. ഇലക്ഷന്‍ അടുത്തിരിക്കുന്ന ഈ സമയത്ത് ഇതിനെക്കാള്‍ നല്ല ഒരു വാര്‍ത്ത‍ തന്നെ സംബന്ധിച്ചിടത്തോളം ഇല്ല. ഈ ഒരൊറ്റ വാര്‍ത്ത കൊണ്ട് നഷ്ടപ്പെട്ട ജനസമ്മിതി താന്‍ തിരിച്ചു പിടിക്കും. ആ കിടപ്പില്‍ ഒബാമ ഉറക്കത്തിലേക്ക് മെല്ലെ മെല്ലെ വഴുതി വീണു.

ഈ സമയം അഫ്ഗാന്‍ മലനിരകളില്‍ ഉള ഏതോ ഒരു കുടുസ്സു ഗുഹയില്‍ തന്‍റെ മരണ വാര്‍ത്ത ടിവിയില്‍ കണ്ടു ചിരി അടക്കാന്‍ ആകാതെ ഇരിക്കുകയായിരുന്നു സാക്ഷാല്‍ ഒസാമ ബിന്‍ ലാദന്‍ . ഡോളര്‍ അല്‍പം ചെലവായെങ്കില്‍ എന്ത് , ആ ഡിഫന്‍സ്‌ സെക്രട്ടറി കാര്യങ്ങള്‍ ഒക്കെ മണി മണി പോലെ നടത്തി തന്നു. ഈ വയസ്സാം കാലത്ത് ഒളിച്ചും പതുങ്ങിയും ഉള്ള ഈ ജിവിതം മടുത്തു. പോരത്തതിനാണെങ്കില്‍ ഇല്ലാത്ത രോഗങ്ങളും ഇല്ല. അങ്ങനെ ജീവിതം തന്നെ മടുത്തിരിക്കുന്ന  അവസ്ഥയില്‍ പിടി കൊടുത്താലോ എന്ന് പോലും ആലോചിച്ചിരിക്കുന്ന സമയത്താണ്  ഭാര്യ ഇങ്ങനെ ഒരു ബുദ്ധി ഉപദേശിച്ചത്. തുടക്കത്തില്‍ പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്ന് കരുതി മുഖവിലക്കെടുക്കാതെ തള്ളിക്കളഞ്ഞെങ്കിലും , എന്തായാലും കീഴടങ്ങുന്നതിലും ഒക്കെ ഭേദമല്ലേ ? പണമാണ് എങ്കില്‍ ആവശ്യത്തില്‍ കൂടുതല് കിടക്കുന്നു , ഒന്ന് പരീക്ഷിച്ചു കൂടെ എന്ന ഭാര്യയുടെ ഉപദേശം കേട്ടപ്പോള്‍ ഒന്ന് ശ്രമിച്ചു കളയാം എന്ന് കരുതി. എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല.  എന്തൊക്കെ നുണകളാണ് ഈ പഹയന്മാര്‍ പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നത് - പാക്കിസ്ഥാനിലെ സൈനിക ക്യാംപിനുത്തുള്ള കോട്ടയില്‍ ഒളിവില്‍ കഴിയവേ ലാദനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി, പെങ്ങളുടെ ജീനുമായി താരതമ്യം നടത്തി മരിച്ചത് ലാദന്‍  തന്നെ ആണെന്ന് ഉറപ്പാക്കി, മൃതദേഹം കടലില്‍ അടക്കി അങ്ങനെ അങ്ങനെ.....മരിച്ചു കിടക്കുന്ന തന്‍റെ ഫോട്ടോ വരെ ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ ഉണ്ടാക്കി കളഞ്ഞില്ലേ ...

ഇനിയിപ്പോ താടിയും, മീശയും വടിച്ചാല്‍ ധൈര്യമായി പുറത്തിറങ്ങി നടക്കാം, സ്വന്തം പെണ്ണുംപിള്ള പോലും തിരിച്ചറിയില്ല - പിന്നല്ലേ നാട്ടുകാര്‍ അറിയുന്നത്..........ക്ഷീണമെല്ലാം പമ്പ കടന്ന പോലെ തോന്നി ലാദന്.....പുഞ്ചിരി തൂകുന്ന മുഖവുമായി ലാദന്‍ കട്ടിലില്‍ നീണ്ട് നിവര്‍ന്നു കിടന്നു. എത്രയോ നാളുകള്‍ ആയി മനസ്സമാധാനത്തോടെ ഇങ്ങനെ ഒന്ന് കിടന്നിട്ട്. നാടോടിക്കാറ്റിലെ ലാലിനെയും ശ്രീനിയും പോലെ ലാദന്‍ മനസ്സില്‍ ചോദിച്ചു .

"എന്താടാ ലാദാ ഈ ബുദ്ധി നിനക്ക് നേരത്തെ തോന്നാതിരുന്നത് "  .

 "എല്ലാത്തിനും അതിന്‍റെതായ സമയം ഉണ്ട് ലാദാ" എന്നാ മറുപടിയും തന്നെത്താന്‍ പറഞ്ഞു ചിരിച്ചു. മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ ഗൂഡമായ സംതൃപ്തി നിറഞ്ഞ ഒരു ചിരി ലാദന്‍റെ ചുണ്ടുകളില്‍ തത്തിക്കളിച്ചു. അങ്ങകലെ വൈറ്റ്‌ ഹൌസില്‍ കിടന്നുറങ്ങുന്ന ഒബാമയുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന അതേ പുഞ്ചിരി.

അഹിംസയെ തന്‍റെ മതമായി സ്വീകരിച്ച ശ്രീബുദ്ധന്‍റെ പേരില്‍ തന്നെ സര്‍വ്വ വിനാശകാരിയായ അണുബോംബ് പൊട്ടിച്ച് ലോകത്തെ ചിരിപ്പിച്ച ഇന്ദിരയുടെ ചിരിയിലെ  ഗാംഭീര്യം ഒന്നും പക്ഷെ ആ ചിരിയില്‍ ഉണ്ടായിരുന്നില്ല.

6 comments:

വാഴക്കോടന്‍ ‍// vazhakodan said...

ശരിക്കും ഇതായിരിക്കുമോ സത്യം?
എന്തായാലും കൊള്ളാം :)

Palavattam said...

നന്ദി വാഴേ.........:)

സ്വപ്നകൂട് said...

ഈ സമയം അഫ്ഗാന്‍ മലനിരകളില്‍ ഉള ഏതോ ഒരു കുടുസ്സു ഗുഹയില്‍ തന്‍റെ മരണ വാര്‍ത്ത ടിവിയില്‍ കണ്ടു ചിരി അടക്കാന്‍ ആകാതെ ഇരിക്കുകയായിരുന്നു സാക്ഷാല്‍ ഒസാമ ബിന്‍ ലാദന്‍ daivame ingoru kollam kollam marikkuka aanallo karthaavu polum orikkale uyirtheneettullu ingoru marikkum uyirkkum veendum marikum uyirkkum enthonnaadeiii

safeer mohammad vallakkadavo. said...

ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ഉദ്ഘോഷിക്കുന്ന സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍തന്നെ ഭീകരവാദത്തില്‍ ഏര്‍പ്പെടുന്നു. ബിഷപ്പുമാര്‍ കുഞ്ഞാടുകളെ കൊന്നു കിണറ്റിലെറിയുന്നു. ഇനി എന്തൊക്കെ കാണണം ബാക്കിയുള്ള ഈ ജീവിതത്തില്‍?

Lala said...

കേരള മുഖ്യന്‍ അച്ചുമാമന്‍ ആണ് ഒബാമക്ക് ഇതിനു പ്രചോദനം കൊടുത്തത് എന്നാണ് എനിക്ക് മനസിലായത് ... തിരഞ്ഞെടുപ്പ് അടുക്കാന്‍ നേരം ബാലകൃഷ്ണ പിള്ളയെ ഉള്ളിലാകി, കുഞ്ഞാലി കുട്ടിയുടെ ഐസ് ക്രീം കേസ് കുത്തി പൊക്കി മാമന്‍ കത്തി നിന്ന പോലെ, അമേരിക്കയില്‍ തിരഞ്ഞെടുപ്പ് ആയതു കാരണം ഒബമാക്കും വേണ്ടി വന്നു ഒരു കുഞ്ഞാലിയെ അങ്ങിനെയാണ് സാക്ഷാല്‍ അമേരിക്കന്‍ കുഞ്ഞാലി ഉസാമയെ കൊല്ലാതെ കൊന്നു ഒബാമ ആളായത്!

hanee..... said...

നന്നായി എഴുതി ...
അഭിനന്ദനങ്ങള്‍ ഷിഹാബ്...
കൊടും ഭീകരരുടെ പട്ടികയിലേക്ക് അന്റെ പേരും ചേര്‍ക്കാന്‍ പറഞ്ഞിട്ടുണ്ട്...ആമയോടാ കളി...!!!

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates