എന്റെ നാട് രണ്ടു വര്‍ഷം കൊണ്ട് ഏറെ മാറിയിരിക്കുന്നു. ഏറ്റവും പ്രകടമായി എനിക്ക് തോന്നിയത് എല്ലാവരും കാശുകാരായി എന്നതാണ് . ഇനി പാവപ്പെട്ടവരെ ഞാന്‍ കാണാതിരുന്നിട്ടാണോ എന്നറിയില്ല - പക്ഷെ സന്തോഷം തോന്നിയ ഒരു കാര്യം എനിക്കറിയാമായിരുന്ന, എന്റെ നാട്ടിലെ പാവപ്പെട്ടവര്‍ എന്ന് അറിയപ്പെട്ടിരുന്നവരൊക്കെ അത്യാവശ്യം നല്ല നിലയില്‍ ആണ് ജീവിക്കുന്നത്. അതിനു രണ്ടു കാരണങ്ങള്‍ ഉണ്ട് . ഒന്ന് - മദ്യപാനത്തിന്റെയും ,പുകവലിയുടെയും ദൂഷ്യഫലങ്ങള്‍ കുറെയേറെ പേരെങ്കിലും മനസ്സിലാക്കി അതില്‍ നിന്നും പിന്തിരിഞ്ഞത് . രണ്ട് - കൂലിപ്പണി പോലെയുള്ള സങ്കേതിക പരിജ്ഞാനം തീരെ ആവശ്യമില്ലാത്ത തൊഴില്‍ മേഘലകളില്‍ ആളുകളുടെ ദൌര്‍ലഭ്യവും , കൂടിയ വേതനവും.
സിഗരറ്റ് വലി നിറുത്താന്‍ സാധിക്കുന്നില്ല എന്ന് മേനി പറഞ്ഞു നടന്നിരുന്ന പല സുഹൃത്തുക്കളും അത് നിറുത്തിയത് കണ്ട് ആദ്യം സന്തോഷം തോന്നിയെങ്കിലും, അവരില്‍ പലരും പാന്‍മസാല എന്ന അതിലും മാരകമായ വിപത്തിന്റെ പിടിയില്‍ ആയത് ഏറെ ദുഖിപ്പിച്ചു. അത് പോലെ തന്നെ മാരകമായെക്കാവുന്ന മറ്റൊരു ശീലം യുവാക്കളില്‍ വളര്‍ന്നു വരുന്നത് ഫാസ്റ്റ് ഫുഡ് സംസ്കാരം ആണ്. എന്റെ പല സുഹൃത്തുക്കള്‍ക്കും രൂപത്തില്‍ വന്നിട്ടുള്ള പ്രകടമായ മാറ്റം ശ്രദ്ധയില്‍ പെട്ടു . അതിന്റെ ശരിക്കുള്ള അപകടം തിരിച്ചു പോരുന്നതിന് ഏതാനും ദിവസം മുന്‍പ് വീടിനടുത്തുള്ള അടുത്ത സുഹൃത്തിന് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ പുറത്തു വരികയും ചെയ്തു. നെഞ്ചു വേദന അനുഭവപ്പെട്ടപ്പോള്‍ സ്വന്തം ഓട്ടോറിക്ഷയെടുത്തു അടുത്തുള്ള ഇടപ്പള്ളിആശുപത്രിയില്‍ പോയ അവനെ അവിടെ നിന്ന് ഏറണാകുളത്തുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോയത് ആംബുലന്‍സില്‍ ആയിരുന്നു. ഹൃദയ ധമനികളില്‍ എട്ടോ ഒന്‍പതോ ബ്ലോക്ക് കാണപ്പെട്ട അവന് ജീവിക്കാനുള്ള സാധ്യത തുലോം തുച്ചമാനെന്നുള്ള ഡോക്ടര്‍മാരുടെ വിലയിരുത്തല്‍ കേട്ട് നാട്ടുകാരും,ബന്ധുക്കളും ആശുപത്രിയില്‍ തടിച്ചു കൂടി. പക്ഷെ ദൈവാനുഗ്രഹം കൊണ്ടും , രണ്ടോ മൂന്നോ വയസ്സ് മാത്രമുള്ള പിഞ്ചു കുഞ്ഞിന്റെയും അവളുടെ മാതാവിന്റെയും പ്രാര്‍ത്ഥന കൊണ്ടും അവന് രക്ഷ പെട്ടു. ഇപ്പോള്‍ ആറുമാസം മരുന്ന് കഴിച്ച് ബെഡ്റെസ്റ്റ് !!!
നേരത്തെ ഉണ്ടായിരുന്നെങ്കിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ -അതെ സമയം എന്റെ നാടിന്റെ അവസ്ഥയില്‍ ഏറെ ലജ്ജ തോന്നിയ കാര്യം ദിനം പ്രതി പത്രത്താളുകളില്‍ ഭൂരിഭാഗവും കൈയടക്കുന്ന ശിശുക്കളോടുള്ള ലൈഗീക പീഡനം ആണ്. ഈയവസ്ഥ തുടര്‍ന്നാല്‍ പത്രത്തില്‍ ദേശീയം,കായികം എന്നിങ്ങനെ പേജുകള്‍ ഉള്ളത് പോലെ പീഡനം എന്ന ഒരു പേജ് കൂടി കൂട്ടിചെര്‍ക്കപ്പെടുന്ന കാലം വിദൂരമല്ല. എന്റെ വീടിന്റെ അടുത്തു തന്നെയുള്ള മഞ്ഞുമ്മലില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് പത്രത്തില്‍ വന്ന വാര്‍ത്തയും ഫോട്ടോയും മനസ്സിന്റെ ആഴങ്ങളില്‍ ഏറെക്കാലം മായാതെ കിടക്കുന്ന മുറിവ് നല്കി. അയവാസിയായ മൂന്നോ നാലോ വയസ്സുള്ള പെണ്‍കുഞ്ഞിനെ മിട്ടായി നല്കി പീടിപ്പിച്ച അമ്പതു പിന്നിട്ട മനുഷ്യന്. അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടതിനെതിരെ പ്രതിഷേധവുമായി വീട് വളഞ്ഞ നാട്ടുകാര്‍ക്ക് നേരെ അസഭ്യവര്‍ഷവും, ശകാരവും, വെല്ലുവിളിയും ആയി ആയാള്‍ ധാര്‍ഷ്ട്യം കാണിച്ചപ്പോള്‍ സഹികെട്ട സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ അയാളെ സാമാന്യം നന്നായി മര്‍ദിച്ചു. മര്‍ദനമേറ്റ് സ്വയം എഴുന്നേറ്റു നില്ക്കാന് പോലും വയ്യാത്ത രീതിയില്‍ അവശനായ അയാളെ പോലീസ് ഉദ്യോഗസ്ഥര്‍ പിടിചെഴുന്നെല്‍പ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഫോട്ടോ ആണ് വാര്‍ത്തയോടൊപ്പം പത്രത്തില്‍ വന്നത്.
മറ്റൊന്ന് അമ്പത് പിന്നിട്ട സെയ്തലവി എന്നാ സ്കൂള്‍ ഹെഡ്മാസ്റ്റര് തന്റെ വിദ്യാര്‍ത്ഥികളെ ഹോള്‍ സെയ്ല് ആയി പീഡിപ്പിച്ച വാര്‍ത്ത ആണ്. ഈ കുട്ടികളുടെ അപ്പൂപ്പന്മാരുടെ പ്രായമുള്ള കേരളത്തിലെ വാര്‍ധക്യത്തിന് ഇതെന്തു പറ്റി ? എന്ത് ധൈര്യത്തില്‍ എന്റെ കുഞ്ഞു മകളെ ഞാന്‍ നിങ്ങളുടെ തണലില്‍ ഏല്‍പ്പിക്കും.
കേരളത്തിന്റെ എക്കാലത്തെയും തീരാത്ത തലവേദനയായ റോഡുകളുടെ ദുരവസ്ഥക്ക് മാത്രം ഒരു മാറ്റവുമില്ല. അഞ്ചു കൊല്ലം തോറും മാറിമാറി ഏതു സര്‍ക്കാര്‍ വന്നാലും "എന്നോടാ കളി" എന്ന രീതിയില്‍ റോഡുകള്‍ അങ്ങനെ പൊട്ടിപ്പൊളിഞ്ഞു തന്നെ നിലകൊള്ളും. തിരികെ പോരുന്നതിന് ഏതാനും ദിവസത്തിനു ശേഷം കേരള നിയമസഭാതിരഞ്ഞെടുപ്പാണ്. വോട്ട് ചെയ്തിട്ട് പോയാല്‍ പോരെ എന്ന സുഹൃത്തിന്റെ ചോദ്യം ഞാന്‍ പുച്ഛത്തോടെ തള്ളിക്കളഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ "തിരസ്കരിക്കുന്ന" ബട്ടണ്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാപിക്കുന്ന കാലത്തോളം ഞാന്‍ ആര്‍ക്കും വോട്ട് ചെയ്യില്ല. വോട്ട് ചോദിക്കാന്‍ മാത്രം അഞ്ചു കൊല്ലത്തില്‍ ഒരിക്കല്‍ നാണം ഇല്ലാത്ത കൃത്രിമ ചിരിയുമായി മുന്നില്‍ അവതരിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ എനിക്ക് വെറുപ്പാണ്. ഇനി വോട്ട് ചെയ്തില്ല എന്ന കാരണത്താല്‍ എന്നെ ഇന്ത്യാ മഹാരാജ്യത്ത് നിന്ന് പുറത്താക്കിയാല്‍ എന്നെന്നും അബ്ദുള്ള രാജാവിന്റെ അടിമയായി ഞാന്‍ ജീവിച്ചു കൊള്ളാം. എന്നാലും ഇവന്മാര്ക്കൊന്നും വോട്ട് ചെയ്യാന്‍ എന്റെ ആത്മാഭിമാനം അനുവദിക്കുന്നില്ല.
പുതിയതായി ചില റോഡുകള്‍ വന്നത് നല്ല ഒരു മുന്നേറ്റം തന്നെയായി തോന്നി. എന്റെ വീടിന്റെ മുന്നിലൂടെ കടന്നു പോകുന്ന NH-17 ലെ തിരക്ക് ഇത് മൂലം ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. ആലുവയില്‍ നിന്നും,കളമശ്ശേരിയില്‍ നിന്നും,വരാപ്പുഴ വഴിയും ഉള്ള യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്ക് കൂടാതെ പുതിയതായി പണിത സീ-പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴി എറണാകുളത്തെത്താം. പച്ചക്കറിയും മുന്‍മാസങ്ങളെ അപേക്ഷിച്ചു വിലയിലെ പൊള്ളല്‍ കുറച്ചിട്ടുണ്ട് എന്ന് വീട്ടുകാര്‍ പറഞ്ഞു.
പക്ഷെ എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും ഈ മണ്ണിന്റെ സുഗന്ധവും,നിറവും എനിക്കിഷ്ടമാണ്. ഞങ്ങളുടെ നാട്ടിലൂടെ നിശബ്ദയായി ഒഴുകുന്ന പെരിയാറിന്റെ ലാവണ്യവശ്യതയും, പ്രകൃതി കനിഞ്ഞരുളിയ സൌന്ദര്യവും നിലനില്‍ക്കുന്നിടത്തോളം കാലം എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും ഇങ്ങോട്ട് ഓടിയെത്താന്‍ എന്നും എന്റെ മനസ്സ് തുടിച്ചു കൊണ്ടിരിക്കും.
5 comments:
ഈയവസ്ഥ തുടര്‍ന്നാല്‍ പത്രത്തില്‍ ദേശീയം,കായികം എന്നിങ്ങനെ പേജുകള്‍ ഉള്ളത് പോലെ പീഡനം എന്ന ഒരു പേജ് കൂടി കൂട്ടിചെര്‍ക്കപ്പെടുന്ന കാലം വിദൂരമല്ല.
ITHOKKE MARI.. ENNANU NAMMUDE NAADU NANNAVUKA... AARU BARICHALUM.. NADU PUROGAMIKKUNILALLO..
ശിഹാബിന്റെ നാടില്‍ കഥകള്‍ വായിച്ചു. നന്നായി പറഞ്ഞിരികുന്നു. കാര്യങ്ങള്‍. സന്തോഷം.എന്തോകേ വിയോജിപ് ഉണ്ടെങ്കിലും മനസ്സ് ഏപോഴും നമ്മുടെ നാടിലു തന്നെ അലെ. കാലം മാറുമ്പോള്‍ നാടും നടാരും മരികൊണ്റേ ഇരികും. ........
nannayi paranju....... aashamsakal................
ഓരോ ദിവസത്തെയും പ്രത്രങ്ങളില്‍ ഇതുപോലെയുള്ള നിരവധി വാര്‍ത്തകള്‍ കാണാം. ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വായിച്ചത് " പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ പൂവാലന്മാരെ ചോദ്യം ചെയ്ത വൃദ്ധയെ പരസ്യമായി അടിച്ചു കൊന്നു" എന്നാണ്. സ്ത്രീയെ ഒരു കച്ചവടചരക്കായി കാണുന്ന സമൂഹമാണ് യഥാര്‍ത്ഥ പ്രതി. പുതിയ ലക്കം മാധ്യമം വാരികയില്‍ സി.അഷ്റഫ് എഴുതുന്ന ഒരു ലേഖനം ഉണ്ട്. "നമ്മുടെ വിദ്യാലയങ്ങള്‍ നിഗൂടതയുടെ ഗുഹാമുഖങ്ങള്‍". പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ വച്ച് ശാരീരികവും, മാനസികവും ആയി പീഡിപ്പിക്കപ്പെടുന്നതിനെ പറ്റി ഈയിടെ തിരൂരില്‍ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതുന്നു. സ്ത്രീയെ വെറും ഒരു ലൈംഗിക ഉപാധിമാത്രം ആയി കാണുന്ന ചുറ്റുപാടുകളില്‍ സ്ത്രീ ക്രൂരമായിതന്നെ പീഡനങ്ങളള്‍ അനുഭവിക്കും.
"ഈയവസ്ഥ തുടര്‍ന്നാല്‍ പത്രത്തില്‍ ദേശീയം,കായികം എന്നിങ്ങനെ പേജുകള്‍ ഉള്ളത് പോലെ പീഡനം എന്ന ഒരു പേജ് കൂടി കൂട്ടിചെര്‍ക്കപ്പെടുന്ന കാലം വിദൂരമല്ല." സത്യം തന്നെയാണ് ഇത്.
ഓ.ടോ പി. ശശിയുടെ കൂടെ, അയാളേക്കാള്‍ പ്രശസ്തിയുള്ള പല "സീനിയര്‍ പീഡനക്കാരെയൊന്നും" കണ്ടില്ല. മറന്നതാണോ?!!
Post a Comment