Ind disable
 

എന്‍റെ വെക്കേഷന്‍ - ആഗമനം



2011 ഫെബ്രുവരി 25 ന് രാവിലെ 2-30 ന് ദമ്മാമില്‍ നിന്ന് ബഹ്‌റൈന്‍ വഴിയുള്ള ഗള്‍ഫ്‌ എയര്‍ വിമാനത്തില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഞങ്ങള്‍ ലാന്‍ഡ്‌ ചെയ്തു. പാതിരാത്രിആയിരുന്നത് കൊണ്ടോ, അതോ ഉദ്യോഗസ്ഥന്മാര്‍ക്ക് വിവരം വച്ചത് കൊണ്ടോ - എന്താണെന്നറിയില്ല , എല്ലാ വിധ പരിശോധനകള്‍ക്കും ശേഷം മൂന്നു മണിയോടെ എയര്‍പോര്‍ട്ടിന് പുറത്തെത്തി. പറഞ്ഞിരുന്നത് പോലെ ഭാര്യയുടെ ഉമ്മയും,വാപ്പയും,സഹോദരിയും,അവരുടെ ഭര്‍ത്താവും,രണ്ടു കുട്ടികളും ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വരേണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും (ഭാര്യയുടെ വീട്ടുകാരോടും അങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്) എന്‍റെ വീട്ടില്‍ നിന്നും ആരും വരാതിരുന്നതില്‍ ഒരു ചെറിയ മനപ്രയാസം ഉണ്ടാകാതിരുന്നില്ല. നീണ്ട രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മകളെ കണ്ടു മുട്ടിയ ആ മാതാപിതാക്കളുടെ കണ്ണുകളിലെ നനവ്‌ അവര്‍ ശ്രമിച്ചിട്ടും മറച്ചു വെക്കാനാവാതെ വെളിയില്‍ വന്നു. ചേടത്തിക്കും കുടുംബത്തിനും സന്തോഷത്തിന് അതിരില്ലായിരുന്നു. എന്‍റെ മകളുടെ ഉറ്റ കൂട്ടുകാര്‍ ആയ ആ രണ്ടു പെണ്മക്കളും മകളെ കെട്ടിപ്പിടിച്ച് ഉമ്മവച്ചപ്പോള്‍ അറിയാതെ എന്‍റെയും കണ്ണുകള്‍ നനഞ്ഞു. കുട്ടികള്‍ വളര്‍ന്നു വലുതായിരിക്കുന്നു. എന്‍റെ ഹനാനും നന്നായി പൊക്കം വച്ചിട്ടുണ്ട് എന്ന് അവര്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വീണ്ടും ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു !

ഗള്‍ഫില്‍ വന്നതിനു ശേഷം ആദ്യമായി നാട്ടില്‍ വരുന്നതിനാല്‍ ഒരുമാതിരി എല്ലാ ബന്ധുക്കള്‍ക്കുമുള്ള സമ്മാനങ്ങള്‍ കരുതിയിരുന്നു. പണ്ടത്തെ പോലെ നാട്ടില്‍ കിട്ടാത്ത സാധനങ്ങള്‍ ഒന്നും ഗള്‍ഫില്‍ ഇല്ലെന്നും,ഉള്ളവ എല്ലാം തന്നെ നാട്ടില്‍ കിട്ടുന്നതിലും മോശപ്പെട്ട ഡ്യൂപ്ലിക്കേറ്റ്‌ ചൈനീസ്‌ സാധനങ്ങള്‍ ആണെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഭാര്യ സമ്മതിക്കാതിരുന്നതിനാല്‍ കണ്ട ചവറെല്ലാം വാരിക്കൂട്ടിയിരുന്ന മൂന്നു വലിയ കാര്‍ട്ടന്‍ ബോക്സുകളും,ബാഗുകളും ഉണ്ടായിരുന്നതിനാല്‍  എയര്‍പോര്‍ട്ടില്‍ നിന്ന് "റെന്‍റ് എ കാര്‍" എടുക്കാന്‍ തീരുമാനിച്ചു. ഒരു ഇരുന്നൂറ്റമ്പത്-മുന്നൂറ് റേഞ്ചില്‍ ചാര്‍ജ്‌ പ്രതീക്ഷിച്ച എന്നെ   ഞെട്ടിച്ചു കൊണ്ട് അഞ്ഞൂറ് രൂപയുടെ ബില്‍ തന്നു. പക്ഷെ അത് വരാനിരിക്കുന്ന പൂരത്തിന് മുമ്പുള്ള  വെറും സാമ്പിള്‍ വെടിക്കെട്ട്‌ മാത്രമായിരുന്നെന്ന് ഞാന്‍ അറിഞ്ഞില്ല.

എയര്‍പോര്‍ട്ടില്‍ നിന്നും മുക്കാല്‍ മണിക്കൂര്‍ കൊണ്ട് വീട്ടിലെത്തി. ഡ്രൈവറുടെ പരിചയക്കുറവും, രണ്ടു വര്‍ഷങ്ങള്‍ എന്‍റെ നാട്ടില്‍ ഉണ്ടാക്കിയ മാറ്റങ്ങളും ഇല്ലായിരുന്നെങ്കില്‍ അര മണിക്കൂര്‍ മതിയായിരുന്നെനെ. വരുന്ന വഴി സൗദി അറേബ്യയിലെ റോഡുകള്‍ കണ്ടുള്ള ശീലം നാട്ടിലെ ഹൈവേ അടക്കമുള്ള റോഡുകളെ  ഇട വഴികള്‍ പോലെ തോന്നിപ്പിച്ചു. ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ്‌ എയര്‍പോര്‍ട്ടിലേക്കുള്ള റോഡ്‌ എത്ര വിശാലമായി തോന്നിയിരുന്നു. വീണ്ടും ടു-വേ ട്രാഫിക്കിന്‍റെയും,ഓട്ടോ റിക്ഷകളുടെ അപ്രവച്ചനീയമായ വെട്ടിത്തിരിക്കലിന്‍റെയും അനിശ്ചിതത്ത്വത്തിലേക്ക് !!!

എയര്‍പോര്‍ട്ടില്‍ വന്നിരുന്നില്ലെങ്കിലും വീട്ടില്‍ എല്ലാവരും ഞങ്ങളുടെ വരവ് പ്രതീക്ഷിച്ച് ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. വീട്ടില്‍ കയറിയ ഉടനെ ആദ്യം ശ്രദ്ധിച്ച കാര്യം വീടിനകത്ത് അനുഭവപ്പെട്ട കൊടും ചൂടാണ്. സാധങ്ങളുടെ വിലകളോടൊപ്പം നാട്ടില്‍ ചൂടും കാര്യമായിത്തന്നെ കൂടിയിട്ടുണ്ട്. ഏറെ താമസിയാതെ ഗള്‍ഫിലെ പോലെ നാട്ടിലും ഏസി ഇല്ലാതെ കഴിയാന്‍ സാധിച്ചേക്കില്ല. ഇപ്പോള്‍ തന്നെ ഒട്ടു മിക്ക വീടുകളിലും കടമെടുത്തെങ്കിലും ഏസി വാങ്ങിയിട്ടുണ്ടെന്ന് വാപ്പിച്ചി പറഞ്ഞു. എന്‍റെ വീട്ടില്‍ പിന്നെ ഞങ്ങള്‍ ഇല്ലാത്തതിനാല്‍ അതിന്‍റെ ആവശ്യമില്ല. എത്ര ചൂടാണെങ്കിലും പണ്ട് മുതലേ അലര്‍ജിയുടെ പ്രശ്നം ഉള്ളതിനാല്‍ വാപ്പിചിയും ,ഉമ്മിച്ചിയും ഫാന്‍ പോലും ഉപയോഗിക്കാറില്ല !

ഉമ്മിചിയുടെ ചോറും, മീന്‍കറിയും കഴിച്ചപ്പോള്‍ ശരിക്കും ആസ്വദിച്ചു. രണ്ടു വര്‍ഷങ്ങളായി ഞാന്‍ മിസ്‌ ചെയ്തു കൊണ്ടിരുന്ന ഒരു കാര്യം ആണ് ഉമ്മിച്ചിയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം. ഭാര്യ ഉണ്ടാക്കുന്ന ഭക്ഷണം മോശമായത് കൊണ്ടോ ഉമ്മിച്ചി ഭൂലോക പാചകക്കാരി ആയത് കൊണ്ടോ ഒന്നുമല്ല - പണ്ടേ ഉള്ള ഒരു ഇഷ്ടം - അതന്നേ.

ഭക്ഷണം കഴിഞ്ഞു കൈ കഴുകി കഴിഞ്ഞപ്പോള്‍ കൊണ്ടുവന്ന പെട്ടികള്‍ ഓരോന്നായി തുറന്നു. അത്ര ധൃതി വച്ചതിനു കാരണം ഉണ്ട്. രാവിലെ തുറക്കാന്‍ നിന്നാല്‍ സന്ദര്‍ശകര്‍ സാധനങ്ങള്‍ ഒക്കെ എടുത്തു കൊണ്ട് പോകുമെന്ന ഭാര്യയുടെ ഭീഷണി. അത് പണ്ട്- ആളുകള്‍ ഗള്‍ഫില്‍ പോയിത്തുടങ്ങിയ കാലത്ത് നിലനിന്നിരുന്ന ഒരു രീതിയാണെന്നും, ഇന്ന് അത് സിനിമകളില്‍ മാത്രമേയുള്ളൂ എന്നും പറഞ്ഞു സമര്‍ഥിക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷെ- കൊണ്ടുവന്ന സാധനങ്ങള്‍ ഓരോരുത്തരെ ഉദ്ദേശിച്ചു വാങ്ങിയതാണ്, അത് ആളുമാറി എടുത്താല്‍  പല കണക്കുകൂട്ടലുകളും തെറ്റുമെന്ന പേടി കൊണ്ട് ഉടനെ തന്നെ പെട്ടികള്‍ എല്ലാം തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. പെട്ടികള്‍ ഓരോന്നായി പൊട്ടി, സാധനങ്ങള്‍ ഓരോന്നായി തരംതിരിച്ചു കഴിഞ്ഞപ്പോഴേക്കും പള്ളിയില്‍ സുബഹി ബാങ്കുവിളി മുഴങ്ങി. അഞ്ചു-പത്തു നിമിഷങ്ങള്‍ക്ക് ശേഷം ഞാനും അനിയനും കൂടി പള്ളിയിലേക്ക് പോയി. പള്ളിയില്‍ വച്ച് ഒരുപാട് ബന്ധുക്കളെയും ,സുഹൃത്തുക്കളെയും കാണാന്‍ സാധിച്ചു. പ്രതീക്ഷിച്ച  പോലെ രണ്ടു ചോദ്യങ്ങള്‍ മാത്രമേ എല്ലാവര്‍ക്കും ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ - "എപ്പോള്‍ വന്നു ? " , " എന്ന് പോകും?" "ഇന്ന് രാവിലെ" , ഒന്നര മാസം" എന്നിങ്ങനെ മറുപടിയും കൊടുത്തു. നമസ്കാരം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ ഉറക്കം വന്നു തുടങ്ങിയിരുന്നു. വെള്ളിയാഴ്ചയാണ്-ഉച്ചക്ക് പള്ളിയില്‍ പോകേണ്ടതാണ്. ഉറങ്ങാന്‍ കിടക്കാന്‍ ഒരുങ്ങവെ അടുക്കളയില്‍ നിന്ന് ഉമ്മയുടെയും ഭാര്യയുടെയും ഉച്ചത്തിലുള്ള ചിരിയും ,സംസാരവും കേട്ട് അങ്ങോട് ചെന്നു നോക്കി. അടുക്കള ഭാഗത്തെ ചെടികളും,മരങ്ങളും കണ്ടു അവക്കിടയിലൂടെ തുള്ളിച്ചാടിയോടുന്ന മകള്‍ ! എന്നെ കണ്ടപ്പോള്‍ " ദേ,വാപ്പീ , എന്തോരം മരം" എന്ന് അവള്‍ പറഞ്ഞപ്പോള്‍ സന്തോഷത്തിനു പകരം ഒരു നേര്‍ത്ത സങ്കടം നെഞ്ചിലൂടെ കടന്നു പോയി. എന്‍റെ കുഞ്ഞിന് നഷ്ടപ്പെടുന്ന ബാല്യത്തിന്‍റെ ആസ്വദ്യതയെക്കുറിച്ചുള്ള സങ്കടം.

ഉച്ചക്ക് പള്ളിയില്‍ പോകേണ്ട സമയം ആയപ്പോള്‍ ഭാര്യ വിളിച്ചെഴുന്നെല്‍പ്പിച്ചു.    ഉച്ചകഴിഞ്ഞ് ഉമ്മയുടെ വീട്ടില്‍ പോയി ഉമ്മൂമ്മയെയും ,ഉപ്പൂപ്പയെയും കാണാം എന്നുള്ള മോഹം മകളുടെ ഉച്ചക്ക് ശേഷമുള്ള ഗാഡനിദ്ര മുടക്കി. അവളില്ലാതെ എന്ത് യാത്ര. അല്ലെങ്കില്‍ തന്നെ അവളെ കാണാന്‍ അല്ലെ എല്ലാവരും കൊതിച്ചിരിക്കുന്നത്...........അത് കൊണ്ട് അന്നത്തെ ദിവസം സമ്പൂര്‍ണ്ണ വിശ്രമ ദിനമായി പ്രഖ്യാപിച്ചു കൊണ്ട് സെറ്റിയില്‍ ടീ.വിക്ക് മുന്നില്‍ ചടഞ്ഞു കൂടി.ഭാര്യ പറഞ്ഞു  പേടിപ്പിച്ചപോലെ ഒന്നും തന്നെ അന്ന് സംഭവിച്ചില്ല ! ഞങ്ങളെ തിരക്കി ആരും വീട്ടിലേക്ക് വന്നില്ല.  ........അങ്ങനെ നാല്‍പ്പത്തഞ്ചു ദിനങ്ങളില്‍ നിന്നും ഒരെണ്ണം വളരെ വേഗത്തില്‍ കടന്നു പോയി....

2 comments:

സ്വപ്നകൂട് said...

എന്‍റെ കുഞ്ഞിന് നഷ്ടപ്പെടുന്ന ബാല്യത്തിന്‍റെ ആസ്വദ്യതയെക്കുറിച്ചുള്ള സങ്കടം. pravaasy makkalude saapam

ഗുല്‍മോഹര്‍ said...

നാടും വീടും അങ്ങ് ദൂരെ നമ്മെ madi vilikkumbozhum aarkkokkeyo vendi ennu naam vilapichu kondu nammude vyamohangalkkum bhayappadukalkkum adima ppettu kondu naam pinneyum pravaasiyaayi jeevitham homikkunnu

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates