മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എല്ലാവര്‍ക്കും അറിയാം. എങ്കില്‍ ഇതാ ഒരു സവാളകൃഷിക്കാരന്റെ സ്വപ്നം.
പതിവ് പോലെ തന്‍റെ കൃഷിയിടത്തില്‍ ഉണ്ടായ സവാള കാളവണ്ടിയില്‍ കയറ്റി കര്‍ഷകന്‍ ചന്തയിലേക്ക് പുറപ്പെട്ടു. വിജനമായ വഴി, കാളകളുടെ അലസഗമനത്താലുള്ള വണ്ടിയുടെ താളാത്മകമായ ചാഞ്ചാട്ടം എന്നിവ മെല്ലെ അയാളെ നിദ്രയുടെ മായിക ലോകത്തേക്ക് നയിച്ചു. ഈ യാത്രയില്‍ സവാള വിറ്റ് കിട്ടുന്ന പണം കൊണ്ട് കുറെ കൂടി വിപുലമായി കൃഷി ചെയ്യുന്നതും,അതില്‍ കൂടുതല്‍ വിളവ് കിട്ടുന്നതും,അത് വിട്ടു കിട്ടുന്ന പണം കൊണ്ട് ഒരു കാളവണ്ടി കൂടി വാങ്ങുന്നതും അങ്ങനെ പടിപടിയായി ഒരു ധനികനാകുന്നതുമെല്ലാം അയാള്‍ സ്വപ്നം കണ്ടു. ചിരപരിചിതമായ വഴിയായതിനാല്‍ കാളകള്‍ വണ്ടി ചന്തയില്‍ എത്തിച്ച ശേഷം ആണ് അയാള്‍ ഉണര്‍ന്നത്. പതിവിനു വിരുദ്ധമായി തന്നെ എല്ലാവരും ഒരു അത്ഭുത വസ്തുവിനെയെന്നോണം തുറിച്ചു നോക്കുന്നത് അയാളെ തെല്ലൊന്നു അമ്പരപ്പിച്ചു. തന്നെ കണ്ട മാത്രയില്‍ കട മുതലാളി കസേരയില്‍ നിന്നിറങ്ങി ഓടി വരുന്നതും കുടിക്കാന്‍ ചായയോ കൂള്‍ ഡ്രിങ്ക്സൊ എന്ന് ചോദിക്കുന്നതും കേട്ട് ഒരു വേള താന്‍ ഇനിയും ഉറക്കത്തില്‍ നിന്നുണര്‍ന്നില്ലേ എന്ന് ശങ്കിച്ച് അയാള്‍ ആരും കാണാതെ കൈത്തണ്ടയില്‍ ഒന്ന് നുള്ളി നോക്കി.
ഇടപാട് ഉറപ്പിച്ച ശേഷം,തന്‍റെ കൈവശം തരാന്‍ ഇത്രയുമേ ഉള്ളു എന്ന് പറഞ്ഞു കടക്കാരന്‍ പണപ്പെട്ടിയിലുള്ള മുഴുവന്‍ പണവും കൂടാതെ അയാളുടെ മാരുതി കാറും കര്‍ഷകന് കൊടുത്തു. കാളവണ്ടി ചന്തയില്‍ ഉപേക്ഷിച്ചു മാരുതി കാറില്‍ വീട്ടിലേക്കു മടങ്ങുമ്പോഴും നിരക്ഷരനായ കര്‍ഷകന് തനിക്ക് ചുറ്റും എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല.
ആ സമയം സവാള വിറ്റ് കിട്ടിയ ലാഭം കൊണ്ട് വാങ്ങിയ ബെന്‍സ് കാറില്‍ കച്ചവടം എല്ലാം ഉപേക്ഷിച്ചു തനിക്കും അടുത്ത തലമുറക്കും ജീവിക്കാനുള്ള സമ്പാദ്യവുമായി വീട്ടിലേക്കു മടങ്ങുകയായിരുന്നു കടക്കാരന്‍.
0 comments:
Post a Comment