“ഇത്തവണ നമുക്കവനിട്ടൊരു പണി കൊടുക്കണം” ദിലീപ് വിനോദിനോട് പറഞ്ഞു.
“കഴിഞ്ഞ തവണ അവന്‍ നമുക്കിട്ടു തന്ന പണിയുടെ ക്ഷീണം ഞാന്‍ മറന്നിട്ടില്ല” പേടിച്ചു പനിച്ചു കിടന്ന മൂന്നു ദിവസം ഓര്‍ത്തുകൊണ്ട് ദിലീപ് പറഞ്ഞു
. പനി പിടിച്ചതിനേക്കാള്‍ അക്കാര്യം ഹോസ്റ്റലിലെ എല്ലാവരും അറിഞ്ഞതിലൂടെ ഉണ്ടായ മാനക്കേടാണ് അസഹനീയമായത്. കുറെ നാള്‍ കാണുന്നവര്‍ ഒക്കെ അക്കാര്യം പറഞ്ഞു ദിലീപിനെ കളിയാക്കുമായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഏപ്രില്‍ ഒന്നിനാണ് ആ സംഭവം നടന്നത്. അന്ന് അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ പ്രശാന്ത് – വിനോദിന്‍റെയും ദിലീപിന്‍റെയും റൂമിന്‍റെ വാതിലില്‍ കറുത്ത പേപ്പറില്‍ വെളുത്ത ഫ്ലൂറസന്‍റ് നിറത്തില്‍ ഒരാള്‍ പൊക്കമുള്ള ഒരു അസ്ഥികൂടത്തിന്‍റെ ചിത്രം വരച്ചു വാതിന്‍റെ ഫ്രെയിമില്‍ ഒട്ടിച്ചു വച്ച ശേഷം ഒരു ചങ്ങല കിലുക്കി ശബ്ദം ഉണ്ടാക്കി അവരെ ഉണര്‍ത്തി. ദിലീപ് ആണ് എഴുന്നേറ്റ് വാതില്‍ തുറന്നത്. തൊട്ടു മുന്നില്‍ അസ്ഥികൂടത്തെ കണ്ടു ഞെട്ടി വിറച്ച ദിലീപ് പനി പിടിച്ചു മൂന്നു ദിവസം കിടന്നു പോയി.
“എടാ- എനിക്കൊരു ഐഡിയ ഉണ്ട്, നമ്മുടെ കമ്പ്യൂട്ടറിലെ രാജീവ് ഒരു ഫോട്ടോഷോപ്പ് പുലി അല്ലെ, നമുക്കവനെ പൊക്കിയാല്‍ പ്രശാന്തിനിട്ടു നല്ലൊരു പണി കൊടുക്കാം” വിനോദ് പറഞ്ഞു.
“എങ്ങനെ” ദിലീപ് ആകാംക്ഷയോടെ കാതുകൂര്‍പ്പിച്ചു.
പദ്ദതിയിട്ട പ്രകാരം രണ്ടു പേരും കൂടി പ്രശാന്തിന്‍റെ ഒരു ഫോട്ടോ സംഘടിപ്പിച്ചു. രാജീവ് അവര്‍ പറഞ്ഞ മാറ്റര്‍ പഴയ ഒരു പത്രത്തിന്‍റെ ഫ്രണ്ട് പേജില്‍ തന്നെ പ്രശാന്തിന്‍റെ ഫോട്ടോയും വച്ച് ഒറിജിനലിനെ വെല്ലുന്ന തരത്തില്‍ ഒരു വാര്‍ത്ത ഉണ്ടാക്കിക്കൊടുത്തു.
“പ്രണയനൈരാശ്യം – യുവാവ് വിഷം കഴിച്ചു മരിച്ചു.” തലക്കെട്ട് വായിച്ച ദിലീപ് പൊട്ടിച്ചിരിച്ചു….”ഇതവനിട്ട് ഒന്നൊന്നര പണി തന്നെ ആയിരിക്കും – ഈ ഏപ്രില്‍ ഫൂള്‍ അവന്‍ ഒരിക്കലും മറക്കില്ല”
കോളേജിന്‍റെ അടുത്ത് സ്ഥിരമായി കോപ്പിയും, പ്രിന്‍റും ഒക്കെ എടുക്കുന്ന കടയില്‍ നിന്ന് അവര്‍ പത്രത്തിന്‍റെ അതെ വലിപ്പത്തില്‍ പത്തോളം പ്രിന്‍റുകള്‍ എടുത്തു. പിന്നെ ഉണ്ടാകാന്‍ പോകുന്ന രസകരമായ സംഭവങ്ങള്‍ മനസ്സില്‍ മെനഞ്ഞെടുത്തുകൊണ്ട് പിറ്റേന്ന് ഏപ്രില്‍ ഒന്നിന്‍റെ പ്രഭാതത്തിനായി കാത്തിരുന്നു.
ഹോസ്റ്റലില്‍ പത്രം വരുത്തുന്ന ഏതാനും റൂമുകളില്‍ ഒന്ന് പ്രശാന്തിന്‍റെതാണ്.അതിരാവിലെ തന്നെ ദിലീപും, വിനോദും കൂടി പ്രശാന്തിന്‍റെ റൂമിന്‍റെ മുന്നിലെത്തി ,വാതിലിന്‍റെ സാക്ഷക്കിടയില്‍ പത്രക്കാരന്‍ പയ്യന്‍ തിരുകി വച്ചിട്ടു പോയ പത്രത്തിന്‍റെ പുറത്തെ പേജിനു പകരം തങ്ങള്‍ പ്രിന്‍റ്എടുത്ത പേജ് വച്ച് തല്‍സ്ഥാനത്ത് തന്നെ വച്ച ശേഷം ആ മുറിയുടെ അടുത്ത് തന്നെ ചുറ്റിപ്പറ്റി നടന്നു.
പ്രശാന്ത് വാതില്‍ തുറന്നു പത്രമെടുത്ത് വായിക്കുന്നതും, സ്വന്തം ആത്മഹത്യയുടെ വാര്‍ത്ത വായിച്ചു അമ്പരന്നു നില്‍ക്കുന്ന പ്രശാന്തിന്‍റെ അടുത്ത് ചെന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് “അളിയാ ഏപ്രില്‍ ഫൂള്‍” എന്ന് അട്ടഹസിക്കുന്നകാര്യംവും ഓര്‍ത്തപ്പോള്‍ തന്നെ ഇരുവരുടെയും മനസ്സില്‍ ചിരി അണപൊട്ടി.
“ഇതെന്താ മണി ഒമ്പതായല്ലോ, എന്താ അവന്‍ വാതില്‍ തുറക്കാത്തത്?” ദിലീപ് ചോദിച്ചു.
“ഇവനിന്നലെ പാര്‍ട്ടിക്കൊന്നും പോയതായി അറിഞ്ഞില്ലല്ലോ? അടിച്ചു കോണ്‍തെറ്റിക്കിടക്കാന്‍ ” വിനോദ് പറഞ്ഞു.
“നമുക്കൊന്ന് നോക്കിയാലോ? ” അതും പറഞ്ഞു കൊണ്ട് വിനോദ് പ്രശാന്തിന്‍റെ റൂമിന്‍റെ താക്കോല്‍പ്പഴുതിലൂടെ അകത്തേക്ക് നോക്കി.
“ഊഹും, ഒന്നും കാണാന്‍ പറ്റുന്നില്ല, നീ ആ ജനലിന്‍റെ മേലേക്കൂടെ ഒന്ന് നോക്കിക്കേ” വിനോദ് പറഞ്ഞതും ദിലീപ് ജനലില്‍ ചാടിക്കയറിക്കഴിഞ്ഞിരുന്നു. മുകളിലെ വെന്‍റിലേറ്ററിന്‍റെ പാളി മെല്ലെ ഉയര്‍ത്തി അഴിയില്‍ തൂങ്ങി നിന്നു കൊണ്ട് ദിലീപ് മുറിക്കകത്തേക്ക് നോക്കി. കട്ടിലില്‍ കമഴ്ന്നു കിടന്നുറങ്ങുന്ന പ്രശാന്ത്. അതെന്താണ് കട്ടിലിനു തൊട്ടു താഴെയായി തറയില്‍ വൃത്താകൃതിയില്‍ എന്തോ ദ്രാവകം ഒഴുകിയ പോലെ കാണുന്നത്. ദിലീപ് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി – ഒരു കുപ്പി താഴെ വീണു പൊട്ടിച്ചിതറി അതില്‍ ഉണ്ടായിരുന്ന ദ്രാവകം ആണ് തറയില്‍ ഒഴുകിപ്പരന്നു കിടക്കുന്നത്. ദിലീപിന്‍റെ മനസ്സില്‍ നേരിയ ഒരു അസ്വസ്ഥത കടന്നുവന്നു. അവന്‍ ജനല്‍പ്പടിയില്‍ നിന്നു താഴെയിറങ്ങി.
സുഹൃത്തിന്‍റെ മുഖത്തെ പന്തിയില്ലായ്മ കണ്ടു വിനോദ് അമ്പരന്നു ” എന്ത് പറ്റിടാ” അവന്‍ ചോദിച്ചു.
“നീയൊന്നു കയറി നോക്കിക്കേ – എനിക്കൊന്നും മനസിലാകുന്നില്ല” ദിലീപ് പറഞ്ഞു.
ദിലീപ് കയറിയത് പോലെ വിനോദ് ജനലില്‍ പിടച്ചു കയറി മുറിക്കകത്തേക്ക് എത്തി നോക്കി.
“എടാ എന്തോ പ്രശ്നം ഉണ്ടല്ലോ” പരിഭ്രമത്തോടെ വിനോദ് ജനല്‍പ്പടിയില്‍ നിന്നും താഴെയിറങ്ങി പ്രശാന്തിന്‍റെ വാതിലില്‍ തട്ടി.
“പ്രശാന്ത് വാതില്‍ തുറന്നെ” എന്നാല്‍ കുറേനേരം തട്ടിയിട്ടും വാതില്‍ തുറന്നില്ല. വിനോദ് വാതിലില്‍ ആഞ്ഞു തള്ളിയപ്പോള്‍ കുറ്റിയിടാതെ ഇരുന്ന വാതില്‍ മലര്‍ക്കെ തുറന്നു. ഇരുവരും അകത്തേക്ക് കുതിച്ചു. കട്ടിലില്‍ കമഴ്ന്നു കിടക്കുന്ന പ്രശാന്തിനെ അവര്‍ കുലുക്കി വിളിച്ചു കൊണ്ട് നേരെ കിടത്തി. പ്രശാന്തിന്‍റെ കടവായിലൂടെ ഒലിച്ചിറങ്ങി കട്ടപിടിച്ചു കിടക്കുന്ന രക്തച്ചാല്‍ !
“പ്രശാന്ത്” ഉറക്കെ നിലവിളിച്ചു കൊണ്ട് വിനോദ് പ്രശാന്തിനെ കുലുക്കിയുണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ദിലീപ് താഴെ വീണു പൊട്ടിക്കിടക്കുന്ന കുപ്പിയുടെ വലിയ കഷണം കയ്യിലെടുത്തു വായിച്ചു – പോയിസണ്‍ !
ക്ലാസ് തുടങ്ങിയ സമയം ആയതു കൊണ്ട് ഹോസ്റ്റല്‍ ശൂന്യമായിരുന്നു – ഹോസ്റ്റല്‍ വാര്‍ഡന്‍ ആയ നാരായണന്‍ സാര്‍ ലീവിലും. അതുകൊണ്ട് തന്നെ അവരുടെ ബഹളം കേട്ട് ആരും വന്നില്ല. പെട്ടെന്ന് മേശപ്പുറത്തിരിക്കുന്ന ഒരു കടലാസ് ദിലീപ് ശ്രദ്ധിച്ചു. വിനോദ് വിലക്കിയിട്ടും അവന്‍ അതെടുത്തു നിവര്‍ത്തി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
“ഞാന്‍ പോകുന്നു , നന്ദി കേടിന്‍റെയും വഞ്ചനയുടെയും ഈ ലോകത്ത് നിന്നും. എന്‍റെ മരണത്തില്‍ ആരും ഉത്തരവാദിയല്ല – ആരും”
കത്തിന് തൊട്ടുതാഴെ നിന്ന് അവനൊരു കല്യാണക്കുറി ലഭിച്ചു. അതില്‍ മേയ് പത്താം തീയതി ശരണ്യ എന്ന പെണ്‍കുട്ടിയുടെ വിവാഹം ആണെന്ന് എഴുതിയിരുന്നു.
“ഈ ശരണ്യ എന്ന് പറയുന്ന പെണ്‍കുട്ടി ഇവന്‍റെ ഗേള്‍ഫ്രണ്ട് അല്ലേടാ” ദിലീപ് വിനോദിനോട് ചോദിച്ചു.
“അതെ, എന്താ കാര്യം?” വിനോദ് എഴുന്നേറ്റ് ദിലീപിന്‍റെ കയ്യിലിരുന്ന കത്തും കല്യാണക്കുറിയും വാങ്ങി നോക്കി.
“ഒരു പെണ്ണിന് വേണ്ടി ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരുവാണോ ഇവന്‍?” കരച്ചിലോടെ വിനോദ് ചോദിച്ചു. ദിലീപിന്‍റെ കണ്ണുകളും ഈറനണിഞ്ഞു. നമുക്കിത് എത്രയും വേഗം പ്രിന്‍സിപ്പാളിനെ അറിയിക്കണം. അവരിരുവരും പുറത്തേക്കിറങ്ങുമ്പോള്‍ ആമുറിയുടെ നേര്‍ക്ക് ശരണ്യ എന്ന പ്രശാന്തിന്‍റെ കാമുകി പരിഭ്രമിച്ച കാല്‍വെപ്പുകളോടെ അതിവേഗത്തില്‍ നടന്നു വരുന്നുണ്ടായിരുന്നു.
“പ്രശാന്ത് എവിടെ?” ശരണ്യ ഇരുവരെയും മാറിമാറി നോക്കി. അടുത്ത നിമിഷം അവരുടെ മുഖഭാവത്തില്‍ നിന്ന് അവള്‍ക്കെന്തെല്ലാമോ പിടികിട്ടിയത് പോലെ പൊട്ടിക്കരഞ്ഞു കൊണ്ട് മുറിക്കകത്തേക്ക് കയറി. കട്ടിലില്‍ ചേതനയറ്റു കിടന്നിരുന്ന പ്രശാന്തിനെ നോക്കി അവള്‍ വിതുമ്പി.
കാര്യം അറിയാതെ അമ്പരന്നു നിന്ന ദിലീപിനും വിനോദിനും അവള്‍ മൊബൈലില്‍ വന്ന പ്രശാന്തിന്‍റെ മെസ്സേജ് കാണിച്ചു കൊടുത്തു. മുറിയില്‍ എഴുതി വച്ചിരുന്ന ആത്മഹത്യാകുറിപ്പിനോട് സാമ്യമുള്ള ഒരു സന്ദേശം ആയിരുന്നു അത്.
“നിങ്ങള്‍ക്കറിയാമോ ഞാന്‍ ഏപ്രില്‍ ഫൂളിന് ഇവനെ കളിപ്പിക്കാന്‍ വേണ്ടി ചെയ്ത വെറും ഒരു തമാശയായിരുന്നു ആ വെഡിംഗ്കാര്‍ഡ് , എന്നാല്‍ ഇവന്‍… എന്താണ് ചെയ്തു കളഞ്ഞതെന്ന് നോക്കൂ”
അത് കേട്ട് ദിലീപും, വിനോദും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി. വിനോദ് വാതിലില്‍ നിന്ന് അവര്‍ ഒരുക്കിയ ആ ന്യൂസ്പേപ്പര്‍ എടുത്തു ശരണ്യയെ കാണിച്ചു കൊടുത്തു. അതുകണ്ട് ശരണ്യയുടെ കരച്ചില്‍ ഉച്ചസ്ഥായിയില്‍ ആയി.
“വിനോദ്, നീയും ശരണ്യയും ഇവിടെ നില്‍ക്കൂ- ഞാന്‍ പോയി പ്രിന്‍സിപ്പാളിനെ വിവരമറിയിച്ചിട്ടു വരാം” ദിലീപ് മുറിവിട്ടു പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ പൊടുന്നനെ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് മുറിക്കകത്ത് പ്രശാന്തിന്‍റെ പൊട്ടിച്ചിരി മുഴങ്ങി.
“ഏപ്രില്‍ ഫൂള്‍”",”
മൂവരും അമ്പരന്നു നില്‍ക്കെ പ്രശാന്ത് കട്ടിലില്‍ നിന്നും ചാടിയെഴുന്നേറ്റ് മേശപ്പുറത്തു കിടന്ന തോര്‍ത്തുകൊണ്ട് വായില്‍ നിന്നോലിച്ചിറങ്ങിയ ചോര തുടച്ചു കളഞ്ഞു. പെട്ടെന്ന് അപ്പുറത്തെയും ഇപ്പുറതെയും മുറികളില്‍ നിന്ന് സുഹൃത്തുക്കള്‍ അട്ടഹസിച്ചു കൊണ്ട് ഇറങ്ങി വന്നു. ഒരു നിമിഷം പ്രജ്ഞയറ്റത് പോലെ നിന്ന ദിലീപും, വിനോദും, ശരണ്യയും സ്ഥലകാലബോധം വീണ്ടെടുത്തു അവരുടെ പൊട്ടിച്ചിരികളില്‍ പങ്കുചേര്‍ന്നു.
“എന്നാലും നീയിതെങ്ങനെ ഒപ്പിച്ചു അളിയാ, ശരിക്കും പേടിപ്പിച്ചു കളഞ്ഞു നീ ഞങ്ങളെ” മസാലദോശയുടെ ഒരു കഷണം വായിലിട്ടു ചവച്ചു കൊണ്ട് വിനോദ് ചോദിച്ചു.
“ഹ ഹ…” മറുപടി പറയാതെ പ്രശാന്ത് ശരണ്യയുടെ മുഖത്ത് നോക്കി കണ്ണിറുക്കിച്ചിരിച്ചു.
“എനിക്കും അറിയണം ” ശരണ്യ പറഞ്ഞു.
“എന്നെ പറ്റിക്കാന്‍ വേണ്ടി നിങ്ങള്‍ രണ്ടുപേരും കൂട്ടുപിടിച്ച ആളെ കൊള്ളാം – രാജീവന്‍ – ഒരുവിധം എല്ലാ തരികിടയും ഒപ്പിക്കുന്നത് ഞാനും അവനും കൂടിയാണ്. കഴിഞ്ഞ മാസം ദിവ്യടീച്ചറുടെ ഒരു ഫോട്ടോ കോളേജ് ചുമരില്‍ നിങ്ങള്‍ കണ്ടതല്ലേ?” ചിരിച്ചു കൊണ്ട് പ്രശാന്ത് പറഞ്ഞു.
“എടാ ഭയങ്ങരാ, നീയാണോ അത് ചെയ്തത്?” വിനോദിന് ആകാംക്ഷ അടക്കാന്‍ ആയില്ല.
“ഉം, അവര്‍ എന്നെ കഴിഞ്ഞ പരീക്ഷക്ക് കോപ്പിയടിച്ചതിന് കയ്യോടെ പൊക്കിയപ്പോ തന്നെ ഞാന്‍ മനസ്സില്‍ പ്ലാന്‍ ചെയ്തിരുന്നതാ അവര്‍ക്കിട്ടൊരു പണി” പ്രശാന്ത് പറഞ്ഞു.
“എന്നാലും അതിത്തിരി കൂടിപ്പോയി” ശരണ്യ പറഞ്ഞു.
“അപ്പോള്‍ ഇതോ” കണ്ണിറുക്കിക്കൊണ്ട് പ്രശാന്ത് ഞങ്ങളെ മൂന്നു പേരെയും മാറി മാറി നോക്കിച്ചിരിച്ചു.
“ഇതും”
മൂവരും ഒരുമിച്ചു മറുപടി പറഞ്ഞു. പിന്നെ കഴിഞ്ഞു പോയ അമളിയെ കുറിച്ചോര്‍ത്തു പൊട്ടിച്ചിരിച്ചു. പിന്നീടൊരിക്കലും പ്രശാന്തിനിട്ട് ഒരു പണിയും അവര്‍ പ്ലാന്‍ ചെയ്യാന്‍ ധൈര്യപ്പെട്ടിട്ടില്ല.
0 comments:
Post a Comment