Ind disable
 

വൃത്തത്തിലേക്കുള്ള അകലം




അന്ന് കോളേജിന്‍റെ ഇടനാഴിയില്‍ സബിതയുമായി സംസാരിച്ചു കൊണ്ട് നില്‍കുമ്പോഴും ഇത് പോലെ ഒരു മഴ അപ്രതീക്ഷിതമായി ഇരമ്പിയാര്‍ത്തു പെയ്തിരുന്നു.

ആ വര്‍ഷം ഞങ്ങളുടെ കോളേജില്‍ വച്ച് നടക്കുന്ന ഇന്‍റര്‍കോളേജ്‌ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് വന്നതായിരുന്നു സബിത. ഓ-ഞാന്‍ ഒരാളെ വിട്ടു പോയി ,സുനിത – സബിതയുടെ നിഴലായി എപ്പോഴും കൂടെയുള്ള ആത്മാര്‍ത്ഥ സുഹൃത്ത്‌ – ആ സംഭാഷണത്തിനിടയിലും, ഇടയ്ക്കിടെ ഒരു വാക്കിലോ, ചിരിയിലോ തന്‍റെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് കൂടെയുണ്ടായിരുന്നു.

ശരാശരിയില്‍ കൂടുതല്‍ ഉയരമുള്ള, ഇരുനിറമുള്ള, ഒറ്റനോട്ടത്തില്‍ ആകര്‍ഷണീയതയോന്നും തോന്നാത്ത ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു സബിത. സുനീതയാവട്ടെ ഉയരം കുറഞ്ഞു നല്ല വെളുത്ത നിറമുള്ള ഒരു സുന്ദരിയും. പക്ഷെ സബിതയെയാണ് ആദ്യം മുതല്‍ ഞാന്‍ ശ്രദ്ധിച്ചത്. എന്താണ് കാരണം എന്ന് അറിയില്ല – എന്തോ എന്നെ ആകര്‍ഷിക്കുന്ന ഒരു വശ്യത ആ ചിരിയില്‍ ഉണ്ടായിരുന്നിരിക്കണം.  


കലോല്‍സവത്തോടനുബന്ധിച്ച് ഒരാഴ്ചയോളം അവധി കിട്ടിയതില്‍ – അതിലുപരി സുന്ദരികളുടെ ഒരു ചാകര തന്നെ തങ്ങളുടെ കോളേജില്‍ വന്നണഞ്ഞതില്‍- എല്ലാവരും ഒരു ഉത്സവത്തിന്‍റെ ആവേശത്തിമിര്‍പ്പില്‍ ആയിരുന്നു. സാധാരണ വിജനമായ മൊട്ടക്കുന്നുകള്‍ നിറഞ്ഞ , ചെങ്കല്‍പ്പൊടിയുടെ നിറമണിഞ്ഞ, വിരസമായ ഞങ്ങളുടെ ക്യാമ്പസ്‌ ,വര്‍ണ്ണാഭ വീശി ഒരു ചിത്ര ശലഭത്തെപ്പോലെ ശോഭിച്ചു .ക്ലാസ്‌ ഇല്ലാത്ത സമയങ്ങളില്‍ ഞങ്ങള്‍ ഏതാനും സുഹൃത്തുക്കളുടെ പതിവ് സമ്മേളനസ്ഥലമായ കോളേജിനു മുന്നിലെ കലുങ്കില്‍,  തരുണികളുടെ അന്നനട ആസ്വദിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ കൂട്ടത്തില്‍ സുല്‍ഫിക്കര്‍ ആണ് ആദ്യം ആ കാഴ്ച എല്ലാവരെയും വിളിച്ചു കാണിച്ചത് – കയ്യില്‍ ഐസ് സ്റ്റിക്കുകളുമായി ഞങ്ങളുടെ കോളേജിനത്തേക്ക് നടന്നു വരുന്ന രണ്ടു പെണ്‍കുട്ടികള്‍.കൌതുകത്തോടെ തങ്ങള്‍ക്കു നേരെ നീണ്ടു വരുന്ന കണ്ണുകളെ  വക വെക്കാതെ ഞങ്ങള്‍ക്ക് മുന്നിലൂടെ അവര്‍ കൂസലന്യേന നടന്നു പോയി. പിന്നെ ഏകദേശം ഒരു മണിക്കൂറിനു ശേഷം കോളേജ്‌ കാന്റീനില്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ അവിടെയും അവരെ കണ്ടു, രസകരമായ എന്തോ പറഞ്ഞു ചിരിച്ച് ചായയും വടയും ആസ്വദിച്ചു കഴിക്കുന്നു.
“ഇവളുമാര്‍ക്ക് തീറ്റ മാത്രേ ഉള്ളൂ” കൂട്ടുകാരനോട് അടക്കം പറഞ്ഞു ചിരിക്കുമ്പോള്‍ കൂട്ടത്തില്‍ ഉയരം കൂടിയ ഇരുനിറമുള്ള പെണ്‍കുട്ടിയുടെ നോട്ടം എന്നിലേക്ക് നീളുന്നത്  കണ്ടു ഞാന്‍ എന്‍റെ ദൃഷ്ടികളെ വഴിതിരിച്ചു വിട്ടു.

ആ ദിവസത്തെ തന്നെ അടുത്ത സമാഗമം ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു. ബസ്‌ സ്റ്റൊപ്പിനടുത്തുള്ള  ഐസ്ക്രീം പാര്‍ലറില്‍ നിന്ന് ഇറങ്ങി വരുന്ന സബിതയും സുനിതയും. എനിക്ക് ആകാംക്ഷ ഇനിയും അടക്കാന്‍ ആയില്ല. ഭക്ഷണത്തോട് പൊതുവേ പെണ്‍കുട്ടികള്‍ക്ക്‌ വിരക്തിയാനെന്നാണ് എന്‍റെ പൊതുവെയുള്ള ധാരണ. എന്നാല്‍ ഇവരെ മൂന്നു തവണ കാണുമ്പോഴും ഭക്ഷണവുമായുള്ള ബന്ധം എന്നില്‍ കൌതുകമുണര്‍ത്തി . പൊതുവേ പെണ്‍കുട്ടികളോട് സംസാരിക്കാന്‍ വിമുഖതയുള്ള ഞാന്‍ ഇത്തവണ  നേരെ ചെന്ന്‍ അവരോട് സംസാരിച്ചു.
മുന്‍പെങ്ങോ കണ്ടും ഇടപഴകിയും  പരിചയിച്ചവരെപ്പോലെ  ഇരുകൂട്ടരും സംസാരിച്ചു.   പാലക്കടുകാരാണ് രണ്ടു പേരും.ഇംഗ്ലിഷ് കവിതയില്‍ മത്സരിക്കാന്‍ ആണ് വന്നിരിക്കുന്നത്. എന്‍റെയുള്ളില്‍ അല്‍പ്പം അപകര്‍ഷതാബോധം തലപൊക്കി.

“പ്രശാന്ത്‌ എന്തിലെങ്കിലും മത്സരിക്കുന്നുണ്ടോ?” ബബിത ചോദിച്ചു

“ഹേയ്-ഇല്ല”  എന്‍റെ മറുപടി പെട്ടെന്നായിരുന്നു.

പിന്നെയും എന്തൊക്കെയോ സംസാരിച്ചു ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
മഴയുടെ ആരവം കുറഞ്ഞിരിക്കുന്നു. വരണ്ട ഭൂമിയിലേക്ക്‌ ഇറ്റ് വീഴുമ്പോള്‍ ഓരോ മഴത്തുള്ളിയും വാനിലെ വിശേഷങ്ങള്‍ ഭൂമിയോട് പങ്കു വെക്കുന്നതാണോ മഴയുടെ ഈ ശബ്ദം ? .ഇരുട്ടിന്റെ തീവ്രത മഴത്തുള്ളികളുടെ നാദം മൂലം അല്‍പ്പം വര്‍ധിച്ചുവോ ?

വീണ്ടും ഓര്‍മ്മകള്‍ ആ ഇടനാഴിയിലേക്ക്‌.

അന്ന് രാത്രി , അമ്മയുടെ കയ്യും കാലും പിടിച്ചിട്ടാണ് രാത്രി കോളേജില്‍ കഴിയാന്‍ അച്ഛന്‍റെ സമ്മതം വാങ്ങിയത്. അപൂര്‍വ്വമായി കിട്ടിയ സ്വാതന്ത്രം ഒരു ബീഡിപ്പുകയില്‍ തീര്‍ക്കുമ്പോള്‍ ആണ് പിന്നില്‍ നിന്ന് ആരോ പേര് വിളിക്കുന്നത്‌ കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയത്. സബിതയും സുനീതയും. ജാള്യതയോടെ ആദ്യം ബീഡി വലിച്ചെറിഞ്ഞു കളഞ്ഞു.

“ഓഹോ ഈ പരിപാടി ഒക്കെ ഉണ്ടോ”

“വല്ലപ്പോഴും”

“ഞങ്ങള്‍ ഇന്ന് രാത്രി തിരിച്ചു പോകും. പ്രശാന്തിനെ കണ്ട് യാത്രപറയാന്‍ ആണ് വന്നത്, കുറെ അന്വേഷിച്ചു നടന്നു,. അപ്പോഴാ ഇവിടെ ഇരിക്കുന്നത് കണ്ടത്”

ഞങ്ങള്‍ മൂവരും ആ ഇടനാഴിയില്‍ ഏകദേശം രണ്ടു മണിക്കൂറോളം സംസാരിച്ചു കൊണ്ട് നിന്നു. പലരും ഞങ്ങള്‍ക്കിടയിലൂടെ കടന്നു പോയി. സഹപാഠികള്‍ പലരും അര്‍ഥം വച്ചുള്ള ചിരിയോടെ ഞങ്ങളെ നോക്കി . എന്നും ആ നിമിഷങ്ങള്‍ അവിസ്മരണീയമാക്കാന്‍ എന്നോണം ഇരമ്പിയാര്‍ത്തു പതിവില്ലാതെ മഴയും. പോകാന്‍ നേരം ഞാന്‍ എന്‍റെ അഡ്രസ്‌ ഒരു തുണ്ട് കടലാസില്‍ എഴുതി അവള്‍ക്കു കൊടുത്തു. പകരം അവളുടെ അഡ്രസ്‌ ചോദിച്ചപ്പോള്‍, “അത് ഞാന്‍ അവിടെ എത്തിയിട്ട് തരാം” എന്ന് ഒരു കുസൃതിച്ചിരിയോടെ പറഞ്ഞൊഴിഞ്ഞു. അങ്ങനെ അന്ന് ഞങ്ങള്‍ പിരിഞ്ഞു.

മൂന്ന് നാല് ദിവസങ്ങള്‍ കടന്നു പോയി. കലാമേള അവസാനിച്ചു. വീണ്ടും പഠനത്തിന്‍റെ തിരക്കുകളിലേക്ക് . അതിനിടെ പലതവണ അവളെക്കുറിച്ചോര്‍ത്തു. സുല്‍ഫിക്കറുമായി – അവള്‍ കത്തയക്കുമോ – എന്നുള്ള സംശയം പങ്കു വച്ചപ്പോള്‍ “നിനക്ക് വല്ല ഭ്രാന്തുണ്ടോ – അവള്‍ അതല്ലേ മനപൂര്‍വ്വം അഡ്രസ്‌ തരാതിരുന്നത്” എന്ന് പറഞ്ഞു അവനെന്‍റെ മനസ്സ് തളര്‍ത്തി. പിന്നെ ആലോചിച്ചപ്പോള്‍ എന്‍റെ മനസ്സും അത് ശരിവച്ചു. ഞാന്‍ ആ സംഭവം മറക്കാന്‍ ശ്രമിച്ചു.

അപ്രതീക്ഷിതമായി അന്ന് കോളേജ്‌ വിട്ടു വീട്ടില്‍ വന്നു ഡ്രെസ് മാറിക്കൊണ്ടിരിക്കുമ്പോള്‍ അമ്മ ഒരു കത്തുമായി മുറിയിലേക്ക് വന്നു.

“ആരുടെതാടാ ഇത് ? ഉച്ചക്ക് പോസ്റ്റ്മാന്‍ കൊണ്ട്വന്നതാ”

“അറിയില്ല അമ്മാ…നോക്കട്ടെ”

കവര്‍ തിരിച്ചും മറിച്ചും നോക്കി , എന്‍റെ അഡ്രസ്‌ മാത്രെ ഉള്ളൂ. സാധാരണ എഴുതുന്നത്‌ പോലെ കവറിന് പിന്നില്‍ അയച്ച ആളുടെ വിവരം ഒന്നും ഇല്ല.

“അമ്മാ, ചായ എടുക്കൂ”

അമ്മയെ തന്ത്രത്തില്‍ പറഞ്ഞയച്ചിട്ടു ആകാംക്ഷയോടെ കത്ത് പൊട്ടിച്ചു. എന്നെ അത്ഭുതപ്പെടുതികൊണ്ട് അത് സബിതയുടെ കത്തായിരുന്നു ! കത്തിന്‍റെ പകുതിയോളം ടൈപ്പ് റൈറ്ററില്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തിരിക്കുന്നു. അതിന്‍റെ ഉള്ളടക്കം ഇങ്ങനെ;

“ഞാന്‍ കൊമെര്‍സ് ടൈപ്പിംഗ്ക്ലാസില്‍ ഇരിക്കുമ്പോള്‍ ആണ് പ്രശാന്തിന് കത്തെഴുതുന്ന കാര്യം ഓര്‍മ്മിച്ചത്. എന്നാല്‍ പിന്നെ ആദ്യകത്ത് അല്‍പ്പം സ്റ്റൈലില്‍ തന്നെ ആകട്ടെ എന്ന് കരുതി ഉടനെ എഴുതി തുടങ്ങി. എന്നാല്‍ ആ പാര ടീച്ചര്‍ എന്നെത്തന്നെ നോക്കുന്നു. അവര്‍ എന്‍റെ അടുത്തേക്ക് വരുന്നു. ബാക്കി ഞാന്‍ റൂമില്‍ എത്തിയിട്ടെഴുതാം.”

പിന്നീടുള്ള ഭാഗം മലയാളത്തില്‍. അവസാനം അവള്‍ താമസിക്കുന്ന ഹോസ്റ്റലിന്‍റെ അഡ്രസ്സും.

ലോകം വെട്ടിപ്പിടിച്ച സന്തോഷം തോന്നി. ചായ കുടിച്ചെന്നു വരുത്തി ഉടന്‍ തന്നെ മറുപടി എഴുതി. അതിനു ശേഷം ഉടനെ തന്നെ അടുത്തുള്ള കടയില്‍ പോയി ഒരു പോസ്റ്റ്‌ കവര്‍ വാങ്ങി. കത്ത് വീണ്ടും വീണ്ടും വായിച്ചു പൂര്‍ണ്ണ തൃപ്തി വരുത്തി കവറിലിട്ട് ഒട്ടിച്ചു. പിറ്റേന്ന് രാവിലെ കോളേജില്‍ പോകുന്ന വഴി പോസ്റ്റ്‌ ചെയ്യാന്‍ വേണ്ടി ഭദ്രമായി ബാഗില്‍ വച്ചു.

കത്തുകള്‍ ആഴ്ചയില്‍ രണ്ടും മൂന്നും എന്ന കണക്കിന് അങ്ങോട്ടുമിങ്ങോട്ടും പറന്നു കൊണ്ടിരുന്നു. അതിലൂടെ ഞങ്ങള്‍ ഞങ്ങളുടെ വിശേഷങ്ങളും, വിഷമങ്ങളും, സ്വപ്നങ്ങളും, ദുഖങ്ങളും ഒക്കെ പങ്കു വച്ചു. എന്നാല്‍ ഇഷ്ടമാണെന്ന് പറയാന്‍ എനിക്ക് മടിയായിരുന്നു. എന്നാല്‍  ഇഷ്ടം ആണെന്ന്  രണ്ടു പേര്‍ക്കും പരസ്പരം അറിയാമായിരുന്നു താനും.

പിന്നെ ആകസ്മികമായി കത്തുകളുടെ വരവ് നിലച്ചു. ഞാന്‍ ആകെ വിഷമസന്ധിയില്‍ ആയി. ഒരു ദിവസം കോളേജ്‌ വിട്ടു വരുന്ന വഴിക്ക് പോസ്റ്റ്‌ മാന്‍ വിശ്വംഭരനെ കണ്ടു . എനിക്ക് കത്തൊന്നും ഇല്ലേ എന്ന ചോദ്യത്തിന് അയാളുടെ മറുപടി കേട്ടു ഞാന്‍ ഞെട്ടിപ്പോയി . എനിക്ക് കത്തുകള്‍ പഴയത് പോലെ വരുന്നുണ്ടത്രേ – “അച്ഛന്‍ വാങ്ങി വയ്ക്കുന്നുണ്ടല്ലോ” എന്ന്. ദേഷ്യവും സങ്കടവും ഒക്കെ കൂടെ വന്നു. എന്നാല്‍ അച്ഛനോടോ അമ്മയോടോ പോയി ചോദിക്കാനും പറ്റില്ല. ഇക്കാര്യം ഉടനെ അവളെ അറിയിക്കണം , പാവം എന്‍റെ മറുപടി കാണാതെ വിഷമിക്കുന്നുണ്ടാകും.
എന്‍റെ ഏറ്റവും നല്ല കൂട്ടുകാരന്‍ ആയ സന്തോഷുമായി ഇതെപ്പറ്റി സംസാരിച്ചു. ഈ പ്രശ്നത്തില്‍ നിസ്സാരമായ ഒരു പ്രതിവിധി അവന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് സബിതക്ക് അവന്‍റെ അഡ്രസ്‌ കൊടുക്കാന്‍ തീരുമാനം ആയി. അങ്ങനെ അവന്‍റെ അഡ്രസ്സിലേക്ക് എനിക്കുള്ള കത്തുകള്‍ വീണ്ടും വന്നു തുടങ്ങി.

എന്നാല്‍ പിന്നീട് നടന്നത് എന്‍റെ ജിവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു സംഭവം ആയിരുന്നു. ഒരു ബൈക്ക്‌ ആക്സിടന്‍റില്‍ എന്‍റെ ഉറ്റ സുഹൃത്ത്‌ മരിച്ചു. അതെനിക്ക് വലിയ ഒരു ഷോക്കായിരുന്നു. ദിവസങ്ങളോളം തുടര്‍ച്ചയായി എന്‍റെ കണ്ണുകള്‍ ആര്‍ദ്രമായിരുന്നു. എന്നും അവന്‍റെ കുഴിമാടത്തില്‍ പോയി ഞാന്‍ കരഞ്ഞു പ്രാര്‍ഥിച്ചു . വാക്കുകളിലും പ്രവര്‍ത്തികളിലും എപ്പോഴും വിഷാദഭാവം. പഠനത്തിലും മറ്റൊന്നിലും ശ്രദ്ധയില്ല. എന്‍റെ ഈ മാറ്റം എന്‍റെ വീട്ടുകാരെ ആകുലരാക്കി. എന്നെ ഇപ്പോഴും പിന്തുടരാന്‍ അവര്‍ എന്‍റെ അനിയനെ ചട്ടം കെട്ടി. ഞാന്‍ വല്ല കടുംകൈയും ചെയ്തെക്കുമോ എന്ന് പോലും അവര്‍ ഭയപ്പെട്ടിരുന്നു. അതോടൊപ്പം ഞാന്‍ ഓര്‍ക്കുക പോലും ചെയ്യാതെ പോയത് അവളെയും ,അവളുടെ കത്തുകളെയും ആണ്. പിന്നെ ഒരിക്കലും ഞാന്‍ അവളുടെ കത്തുകള്‍ വായിച്ചിട്ടില്ല – അവള്‍ക്കു എഴുതിയിട്ടും ഇല്ല. അങ്ങനെ നീണ്ട നാളത്തെ ആ സ്നേഹബന്ധത്തിന് ഒരു തിരശ്ശീല വീണു.

വിവാഹം ഒക്കെ കഴിഞ്ഞു ഒരു ദിവസം ഓര്‍ക്കുട്ടില്‍ കൂട്ടുകാരുടെ സ്ക്രാപ്‌ ഒക്കെ വായിച്ചിരിക്കുമ്പോള്‍ ആണ് യാദൃശ്ചികമായി അവളെ കുറിച്ച് ഓര്‍ക്കുന്നത്. അവളുടെ പേര് വച്ച് തെരഞ്ഞു നോക്കി. ഏറെ നേരം പരതിയിട്ടും അവളുമായി മാച്ച് ചെയ്യുന്ന ഒരു സബിതയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനു ശേഷം അവളുടെ കോളേജ്‌ പേര് വച്ച് തിരഞ്ഞപ്പോള്‍ എനിക്ക് സുനിതയുടെ ഐഡി കിട്ടി. ഉടനെ തന്നെ ഞാന്‍ സുനിതക്ക് ഒരു മെസ്സേജ് അയച്ചു. സബിതയുമായി എന്തെങ്കിലും ബന്ധം പുലര്‍ത്തുന്നുണ്ടെങ്കില്‍ അവളുടെ ഫോണ്‍ നമ്പറോ ഇമെയിലോ വാങ്ങിത്തരണം , അല്ലെങ്കില്‍ എന്‍റെ നമ്പര്‍ അവള്‍ക്കു കൊടുക്കണം എന്നായിരുന്നു മെസ്സെജിലെ ഉള്ളടക്കം.
ആയിടെ ആണ് എനിക്ക് ഗള്‍ഫിലേക്ക് പോകാന്‍ ഉള്ള അവസരം വന്നത്. ഒരുക്കങ്ങള്‍ ഒക്കെ പൂര്‍ത്തിയായി. യാത്ര ചെയ്യേണ്ടതിന്‍റെ തലേ ദിവസം എനിക്കൊരു ഫോണ്‍ കോള്‍ വന്നു. പരിചയമില്ലാത്ത ഒരു ഐ.എസ്.ഡി നമ്പര്‍.

“ഹലോ” ഒരു സ്ത്രീ ശബ്ദം.

“എന്നെ മനസ്സിലായോ പ്രശാന്ത്‌ ?”

“ഇല്ല. ആരാണ്”

“ഞാന്‍ സബിതയാണ് , ഓര്‍ക്കുന്നോ”

അല്‍പ്പസമയത്തേക്ക് എനിക്കുസംസാരിക്കാന്‍ സാധിച്ചില്ല. എന്തൊരു ചോദ്യം – എങ്ങനെ മറക്കാന്‍ ആണ് സബിത നിന്നെ?

“ഹലോ പ്രശാന്ത്‌ എന്ത് പറ്റി” അവളുടെ ചോദ്യം.

“ഒന്നുമില്ല സബി…ഒരു ഭയങ്കര സര്‍പ്രൈസ്‌ ആയിരിക്കുന്നല്ലോ ഈ വിളി. ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല”

കുറച്ചു നേരം ഞങ്ങള്‍ സംസാരിച്ചു. അവള്‍ വിവാഹം കഴിഞ്ഞു ഭര്‍ത്താവും ഒന്നിച്ചു ഇപ്പോള്‍ കുവൈറ്റില്‍ ആണ്. അവള്‍ക്കും ഒരു കമ്പനിയില്‍ തരക്കേടില്ലാത്ത ജോലി ഉണ്ട്. ഞാനും എന്‍റെ വിശേഷങ്ങള്‍ പറഞ്ഞു. ഗള്‍ഫില്‍ എത്തിയിട്ട് ഈ നമ്പരില്‍ വിളിക്കാം അന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.

ഗള്‍ഫില്‍ എത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഒരു ദിവസം അന്ന് അവള്‍ വിളിച്ച നമ്പരിലേക്ക് തിരികെ വിളിച്ചു. നമ്പര്‍ ഒരു ഒരു ഓഫീസിന്‍റെതാണ് .സബിതയെ കണക്റ്റ്‌ ചെയ്തു തരാന്‍ റിക്വസ്റ്റ് ചെയ്തപ്പോള്‍ ഹോള്‍ഡ്‌ ചെയ്യാന്‍ പറഞ്ഞു. അല്‍പ്പ സമയത്തിനകം അപ്പുറത്ത് സബിതയെത്തി. അധികം സമയം സംസാരിക്കാന്‍ മൊബൈലില്‍ ബാക്കിയുണ്ടായിരുന്ന ശുഷ്കമായ ബാലന്‍സ്‌ അനുവദിച്ചില്ല.

അന്ന് തന്നെ സബിത ഫോണിലൂടെ പറഞ്ഞു തന്ന ഐഡിയിലേക്ക് ഞാന്‍ ഒരു മെയില്‍ അയച്ചു. കഴിഞ്ഞു പോയ സംഭവങ്ങള്‍ മുഴുവന്‍ ഓര്‍മ്മക്കുറിപ്പ്‌ പോലെ എഴുതി. അധികം താമസിയാതെ മറുപടിയെത്തി. അന്നത്തെ കാര്യങ്ങള്‍ മുഴവനോന്നും അവള്‍ക്കു ഓര്‍മ്മയില്ല – എന്നാലും ചിലതൊക്കെ അവ്യക്തമായി ഓര്‍ക്കുന്നു. കൌമാരത്തിലെ അപക്വമനസ്സിന്‍റെ അഭിനിവേശം ആയിരുന്നിക്കാം അന്നത്തെ ആ ബന്ധം എന്ന് അവള്‍ പറഞ്ഞു. എങ്കിലും ഞാന്‍ ഇതൊക്കെ ഇത്ര കൃത്യമായി ഓര്‍ത്ത്‌ വയ്ക്കുന്നതില്‍ തനിക്കുള്ള അത്ഭുതം അവള്‍ മറച്ചു വച്ചില്ല.

ചിലപ്പോഴൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട് – പലപ്പോഴും എനിക്കൊരു ഓന്തിന്‍റെ ഓര്‍മ്മശക്തിയാണെന്ന് – കാരണം പ്രധാനപ്പെട്ട , എന്നാല്‍ വളരെ നിസ്സാരമായി ഓര്‍ത്തുവയ്ക്കാവുന്ന , സമീപകാലത്തെ സംഭവങ്ങള്‍ പോലും ഞാന്‍ മറന്നു പോകാറുണ്ട്. എന്നാല്‍ ചില ഓര്‍മ്മകള്‍ – അവ മനസ്സില്‍ എഴുത്താണികൊണ്ട് കോറിയിട്ട പോലെ ശാശ്വതമായി കിടക്കുന്നു. ബാല്യത്തില്‍ – മൂന്നു വയസ്സോ മറ്റോ ഉള്ളപ്പോള്‍ – കൊച്ചി കടപ്പുറത്ത് മാതാപിതാക്കള്‍ക്കൊപ്പം പോയതും, അന്ന് കടത്തീരത്തു അടിഞ്ഞു കയറിയ ഒരു ഡോള്‍ഫിന്‍റെ ശവശരീരം കണ്ടതും, തിരികെ വരുമ്പോള്‍ ബസിനു തൊട്ടു തോട്ടില്ലെന്ന മട്ടില്‍ ഒരു വിമാനം ഇരമ്പിപ്പറന്നതുമൊക്കെ പില്‍ക്കാലത്ത് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ അമ്പരക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
സബിത അവളുടെ ഫാമിലി ഫോട്ടോ എനിക്ക് അയച്ചു തന്നു. ഒരുവേള താന്‍ അന്ന് പരിചയപ്പെട്ട സബിത തന്നെ ആണോ ഇത് എന്ന് തോന്നിപ്പിക്കുന്ന അമ്പരപ്പിക്കുന്ന മാറ്റം അവള്‍ക്ക്. ഇപ്പോഴത്തെ സബിത നല്ല വെളുത്ത് സുന്ദരിയായിരിക്കുന്നു. ഭര്‍ത്താവും മക്കളുമൊത്ത് കടല്‍ത്തീരത്ത്‌ ഉല്ലസിക്കുന്ന ചിത്രങ്ങള്‍. എന്‍റെ കുടുംബത്തിന്‍റെ ചിത്രങ്ങള്‍ ഞാനും അയച്ചു കൊടുത്തു. പണ്ട് ഞാന്‍ ഒരു ചിത്രം ആവശ്യപ്പെട്ടപ്പോള്‍ സബിത പറഞ വാക്കുകള്‍ എനിക്കോര്‍മ്മയിലുണ്ട് – അന്ന് ആ ഇടനാഴിയില്‍ നിന്ന് പിരിഞ്ഞ ശേഷം ഇപ്പോഴും പ്രശാന്ത്‌ എന്‍റെ മുന്നില്‍ നില്‍ക്കുന്നത് പോലെ മിഴിവുണ്ട് എന്‍റെ മനസ്സിലെ ചിത്രത്തിന് – എന്നെയെന്താ പ്രശാന്ത്‌ ഇത്ര വേഗം മറന്നു പോയോ ? വീണ്ടും താന്‍ ചിത്രം ആവശ്യപ്പെട്ടു കത്തയക്കാതെയിരിക്കാന്‍ വേണ്ട ബൌദ്ധികമായ ആത്മവിശ്വാസം ആ ന്യായീകരണത്തില്‍ ഞാന്‍ കണ്ടു.
സബിതയോട് ഉണ്ടായിരുന്നത് അവള്‍ പറഞ്ഞത് പോലെ ഒരു കൌമാരത്തിന്‍റെ അഭിനിവേശം മാത്രം ആയിരുന്നില്ലേ ? അല്ലെങ്കില്‍ പതിവില്‍ കവിഞ്ഞ ഒരു സൗഹൃദം. കോളേജില്‍ ചേരുന്നത് വരെ ആണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂളികളില്‍ ആണ് ഞാന്‍ പഠിച്ചത്. അതായിരിക്കണം പെണ്‍കുട്ടികളോട് നേരിട്ട് സംസാരിക്കാന്‍ ഒരുതരം അന്തര്‍മുഖത്വം എന്നില്‍ സൃഷ്ടിച്ചിരുന്നു.

ഇന്ന് ഞാന്‍ ഒരു വൃത്തത്തിന്‍റെ കേന്ദ്രബിന്ദുവാണ്. ശരികളിലെക്കും , തെറ്റുകളിലെക്കും ഇവിടെ നിന്ന് സമദൂരം. അതിര്‍വരമ്പുകള്‍ ഭേദിച്ചാല്‍ വൃത്തതില്‍ നിന്ന് എന്നന്നേക്കും അകന്നു പോകാവുന്ന ദൂരം.

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates