Ind disable
 

കാലത്തിന്‍റെ അടയാളം



കാലപ്പഴക്കം നിറം കെടുത്തിയ മുറിയുടെ നടുവിലായി കറങ്ങുന്നില്ലെന്ന പരാതി തീര്‍ക്കാനെന്നപോലെ കറങ്ങുന്ന പൊടിപിടിച്ച ഫാനിനു കീഴെ മരക്കസേരയില്‍ സന്ദീപ്‌ നീണ്ടു നിവര്‍ന്നിരുന്നു.
“അധികം ബലം കൊടുക്കേണ്ട സാര്‍ , ചിലപ്പോള്‍ ഒടിയും. പഴക്കം അത്രക്കുണ്ട്. ഇതാ ചായ” പ്യൂണ്‍ രമേശന്‍ കയ്യില്‍ ഒരു ഗ്ലാസ്‌ ചായയുമായി മുറിയിലേക്ക് വന്നു.
“അതിനു ഞാന്‍ ചായ പറഞ്ഞില്ലല്ലോ രമേശാ”
“എന്നാലും സാര്‍, ഒരു ചായയല്ലേ ” താന്‍ എത്ര വില്ലേജ്‌ ഓഫീസര്‍മാരെ കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ രമേശന്‍റെ കൂസലില്ലാത്ത മറുപടി. ഇയാള്‍ അല്‍പ്പം ഓവര്‍സ്മാര്‍ട്ട് അല്ലെ എന്ന് ഇന്നലെ വന്നു കയറിയപ്പോള്‍ മുതല്‍ സന്ദീപിന് തോന്നാത്തിരുന്നില്ല- അതുപോലെ സ്വാതന്ത്രമെടുത്തുള്ള വാക്കുകളും പ്രവര്‍ത്തികളും.
“എനിക്ക് ചായ വേണമെങ്കില്‍ ഞാന്‍ പോയി കഴിച്ചോളാം – രമേശന്‍ ബുദ്ധിമുട്ടണമെന്നില്ല. എന്തായാലും ഇത്തവണ കൊണ്ടുവന്നത് കൊണ്ട് ഞാന്‍ കുടിക്കാം. ഇതാ പണം” പോക്കറ്റില്‍ നിന്ന് ഒരഞ്ചു രൂപ നോട്ട് രമേശന് നേരെ നീട്ടിക്കൊണ്ടു സന്ദീപ്‌ പറഞ്ഞു. ഇരുണ്ട മുഖത്തോടെ അയാള്‍ പണവും വാങ്ങി നടന്നു പോയി. അയാളുടെ പോക്ക് നോക്കി സന്ദീപ്‌ മന്ദഹസിച്ചു.
ഇന്നലെ ഉച്ചക്ക് ശേഷമാണ് സന്ദീപ്‌ പുതിയ ഓഫീസില്‍ ചാര്‍ജെടുത്തത്. തഹസീല്‍ദാര്‍ ആയ അച്ഛന്‍റെ വില്ലേജ്‌ ഓഫീസര്‍ ആയ മകന്‍ – തരക്കേടില്ല – അയാള്‍ മനസ്സിലോര്‍ത്തു. രാമനാട്ടുകര പച്ചപുതച്ചു നില്‍ക്കുന്ന പ്രകൃതിസൗന്ദര്യത്താല്‍ ഏറെ അനുഗ്രഹീതമായ ഗ്രാമമാണ്. അച്ഛന്‍ പണ്ട് ഇതേ ഓഫീസില്‍ ഇതേ കസേരയില്‍ ഇരുന്നിട്ടുണ്ട് – കൃത്യമായി പറഞ്ഞാല്‍ ഇരുപത്തേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌. റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റില്‍ ക്ലാര്‍ക്ക് ആയി തുടങ്ങി തഹസില്‍ദാരുടെ കസേരയില്‍ വരെ അച്ഛനെ കൊണ്ടെത്തിച്ചത് തികഞ്ഞ അര്‍പ്പണബോധവും, പരിശ്രമവും, നിശ്ചയദാര്‍ഡൃവും ഒന്ന് മാത്രമായിരുന്നു. എങ്കിലും ഇന്ന് താന്‍ ഈ കസേരയില്‍ ഇരിക്കുന്നതു കണ്ട് സന്തോഷിക്കാന്‍ ദൈവം അച്ഛന് ആയുസ്സ് കൊടുത്തില്ല.
അച്ഛന് ഏറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്ന സ്ഥലമാണ് രാമനാട്ടുകര. അഞ്ചു വര്‍ഷമേ ഇവിടെ സര്‍വ്വീസില്‍ ഇരുന്നുള്ളൂ എങ്കിലും റിട്ടയര്‍മെന്‍റിനു ശേഷവും ഇവിടെയുള്ള പല സുഹൃത്തുക്കളുമായി കത്തിലൂടെയും വല്ലപ്പോഴും ഉള്ള സന്ദര്‍ശനങ്ങളിലൂടെയും അച്ഛന്‍ നിരന്തരമായ ബന്ധം കാത്തുസൂഷിച്ചിരുന്നു. അതില്‍ എപ്പോഴും പരാമര്‍ശിക്കുന്ന പേരാണ് പപ്പേട്ടന്‍റെത്. റേഷന്‍ കടക്കാരനായ പപ്പന്‍ ചേട്ടന്‍ ആയിരുന്നു അച്ഛന്‍റെ ഈ ലോകത്തെ ഏറ്റവും വലിയ ചങ്ങാതി. താന്‍ ഇവിടെ എത്തുന്നതിനു മുന്നേ തന്നെ പപ്പന്‍ ചേട്ടന്‍ തനിക്ക് താമസിക്കാനുള്ള വാടാകവീട് ശരിയാക്കി താക്കോല്‍ ഓഫീസില്‍ എത്തി രമേശനെ ഏല്‍പ്പിച്ചിരുന്നു . അതുകൊണ്ട് തനിക്ക് ഇന്നലെ എത്തിയ ഉടനെ തന്നെ തനിക്ക് താമസസൗകര്യം തിരക്കി വലയെണ്ടി വന്നില്ല. ഇന്നലെ യാത്രാക്ഷീണവും, പുതിയ സ്ഥലത്തേക്ക് മാറിയതിലുള്ള ആലസ്യവും ഒക്കെ കൊണ്ട് നേരത്തെ തന്നെ കിടന്നുറങ്ങി. ഇന്ന് എന്തായാലും ഓഫീസ്‌ വിട്ടാല്‍ നേരെ പപ്പന്‍ ചേട്ടനെ കാണേണ്ടിയിരിക്കുന്നു. ഫയലുകള്‍ ഏറെയുണ്ട് മേശപ്പുറത്ത്. നേരത്തെ ഇരുന്ന ഓഫീസര്‍ സ്ഥലം മാറിപ്പോയിട്ടു ഒരു മാസം കഴിഞ്ഞാണ് താന്‍ ചാര്‍ജ്‌ എടുത്തത്‌. അത് കൊണ്ട് അത്യാവശ്യം നോക്കിത്തീര്‍ക്കേണ്ട ഫയലുകള്‍ കുറച്ചുണ്ട്. സന്ദീപ്‌ ഒരു ഫയല്‍ തുറന്നു.
“ഏതു പപ്പേട്ടന്‍ ? വട്ടക്കെട്ടോ?” കടക്കാരന്‍ ചേട്ടന്‍ ചോദിച്ചു.
“പപ്പന്‍ എന്നാണു പേര്. വട്ടക്കെട്ട് എന്നൊരു പേര് എന്താണെന്ന് മനസ്സിലായില്ല. നേരത്തെ ഇവിടെ റേഷന്‍ കട നടത്തിയിരുന്നു. അച്ഛന്‍റെ വലിയ സുഹൃത്താണ്” സന്ദീപ്‌ പറഞ്ഞു.
“അത് തന്നെയാണ് മാഷേ വട്ടക്കെട്ട് പപ്പേട്ടന്‍. ഇവിടന്നു നേരെ നടക്കുമ്പോള്‍ ഒരു കുരിശടി കാണാം. അവിടെ നിന്ന് ഇടത്തോട്ടുള്ള ഇടവഴിയില്‍ വലത്തു വശത്ത് കാണുന്ന സ്ഥലം മുഴുവന്‍ പപ്പേട്ടന്‍റെതാണ്.” കടക്കാരന്‍ പറഞ്ഞു നിര്‍ത്തി.
“അല്ലാ മാഷ്‌ ഇവിടെ പുതിയ ആളാ ?” സന്ദീപ്‌ നടന്നു തുടങ്ങിയപ്പോള്‍ കടക്കാരന്‍ പിന്നില്‍ നിന്ന് വിളിച്ചു ചോദിച്ചു.
“അതെ”
“നാടെവിടെയാ ?” വീണ്ടും ഉച്ചത്തിലുള്ള ചോദ്യം
“ഞാന്‍ തിരികെ വന്നിട്ട് പറയാം – പോരെ ?” തിരിഞ്ഞു നിന്ന് അയാള്‍ക്ക് മറുപടി കൊടുത്തുകൊണ്ട് സന്ദീപ്‌ നടത്തം തുടര്‍ന്ന്. കടക്കു മുന്നില്‍ ഓസിനു പത്രം വായിക്കാന്‍ കൂടിയവരും, കൂടി നിന്ന് നാട്ടുവര്‍ത്തമാനം പറയുന്ന സ്ഥിരം കുറ്റികളും ഒക്കെ കടക്കാരനെ നോക്കി ചിരിച്ചു. അയാള്‍ ഇളിഭ്യനായി.
ഓടുമേഞ്ഞ ഒരു പഴയ വീട്. തൊടിയില്‍ നിറയെ മരങ്ങളും, പൂച്ചെടികളും. അവക്കിടയില്‍ പൂത്തുനില്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള റോസാച്ചെടികള്‍ സന്ദീപിന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു. അവക്കടുതെക്ക് നടന്ന് കൂട്ടത്തില്‍ ഭംഗി തോന്നിയ മഞ്ഞ റോസാപുഷ്പത്തെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളി കേട്ട് അയാള്‍ തിരിഞ്ഞു നോക്കി. ഏകദേശം എഴുപതിന് മുകളില്‍ പ്രായം തോന്നിക്കുന്ന നരച്ച താടിരോമങ്ങള്‍ ഉള്ള ഒരു വൃദ്ധന്‍. തലയില്‍ സാമാന്യത്തില്‍ കൂടുതല്‍ വലിപ്പം തോന്നിക്കുന്ന വിചിത്രമായ ഒരു കെട്ട്. സന്ദീപിന്‍റെ ഓര്‍മ്മകളില്‍ അച്ഛന്‍റെ ആല്‍ബത്തിലെ പപ്പേട്ടന്‍റെ മുഖം തെളിഞ്ഞു. അന്നത്തെ കറുകറുത്ത മുടിയും കട്ടിമീശയുംഉള്ള റേഷന്‍കടക്കാരനില്‍ നിന്ന് ഈ നില്‍ക്കുന്ന നരച്ച വൃദ്ധനിലെക്കുള്ള കാലത്തിന്‍റെ ദൂരം.
“ആരാ മനസ്സിലായില്ലല്ലോ” ചിലമ്പിച്ച ശബ്ദത്തില്‍ വീണ്ടും ചോദ്യം.
“ഞാന്‍ സന്ദീപ്‌, തിരുവനന്തപുരത്തുനിന്നാണ്. രവീന്ദ്രന്‍ നായരുടെ മകന്‍”
അച്ഛന്‍റെ പേര് കേട്ടപ്പോള്‍ പെട്ടെന്ന് ആ വൃദ്ധന്‍റെ കണ്ണുകളില്‍ ഒരു പ്രത്യേക വെളിച്ചം മിന്നിമാഞ്ഞത് സന്ദീപ്‌ ശ്രദ്ധിച്ചു. പെട്ടെന്നയാള്‍ക്ക് ഒരു പത്തുവയസ്സ് കുറഞ്ഞ പോലയുള്ള ഒരു ഭാവമാറ്റം.
“മോന്‍ ഇന്നലെ വരുമെന്ന് കരുതി” പപ്പേട്ടന്‍ സന്ദീപിന്‍റെ കരം ഗ്രഹിച്ചു. അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അല്‍പ്പസമയം നിന്നു. പിന്നെ “മോന്‍ വാ” എന്ന് പറഞ്ഞ് ഒരു കൊച്ചു കുട്ടിയെയെന്നവണ്ണം കൈപിടിച്ചു കൊണ്ട് ഇറയത്തെക്ക് നടന്നു.
“ഇന്നലെ ഉച്ചകഴിഞ്ഞ് ഓഫീസില്‍ എത്തി. ഉടന്‍ തന്നെ ചാര്‍ജെടുത്തു. പിന്നെ യാത്രാക്ഷീണം ഉണ്ടായിരുന്നു – അതുകൊണ്ട് പുറത്തെക്കിറങ്ങിയില്ല, ഇന്നാകട്ടെ എന്ന് കരുതി.”
“ഓ, അത് സാരമില്ല” പപ്പേട്ടന്‍ സന്ദീപിനെ ഇറയത്തെ മരക്കസേരകളില്‍ ഒന്നില്‍ കൊണ്ടിരുത്തി. അടുത്തുള്ള ചാരുകസേരയില്‍ പപ്പെട്ടനും ഇരുന്നു.
“മോന് കുടിക്കാന്‍ ? ദേവൂ” പപ്പേട്ടന്‍ നീട്ടി വിളിച്ചു. അല്‍പ്പസമയത്തിനകം വരാന്തയില്‍ ഏകദേശം നാല്‍പ്പതു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു.
“ദേവൂ ചായ എടുത്തോളൂ”  സ്ത്രീ അകത്തേക്ക് പോയി.
സന്ദീപ്‌ വൃദ്ധനെ അടിമുടി ഒന്ന് നോക്കി. തലയില്‍ നെറ്റിയുടെ സിംഹഭാഗവും അപഹരിക്കുന്ന വെള്ളത്തുണിയില്‍ ഒരു വലിയ കെട്ട്. ഷര്‍ട്ട് ധരിച്ചിട്ടില്ല. മുഷിഞ്ഞ – ഒരുകാലത്ത് തൂവേള്ളയായിരുന്നിരിക്കാം എന്ന് തോന്നിപ്പിക്കുന്ന ഒരു ഒറ്റമുണ്ട്. ഈ വിചിത്രമായ കെട്ടായിരിക്കും നേരത്തെ വഴി ചോദിച്ചപ്പോള്‍ കടക്കാരന്‍ സൂചിപ്പിച്ച വട്ടക്കെട്ട് എന്ന വിളിപ്പേരിനു പിന്നില്‍. .
“എന്താ നീ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്? ചെറുപ്പത്തില്‍ നീ ഈ മുറ്റത്ത് എത്ര ഓടിക്കളിച്ചിരിക്കുന്നു. അന്ന് നീ തീരേ കുഞ്ഞായിരുന്നു. മൂന്നോ നാലോ വയസ്സ് വരും. ഓര്‍മ്മയുണ്ടോ ഈ കിളവനെ നിനക്ക്? ” പപ്പേട്ടന്‍റെ ചിലമ്പിച്ച വാക്കുകള്‍.
“അതൊന്നും ഓര്‍മ്മയില്ല അമ്മാവാ, പക്ഷെ അച്ഛന്‍റെ ഓര്‍മ്മകളിലൂടെയും കഥകളിലൂടെയും നിങ്ങളെ ഞാന്‍ പലതവണ കണ്ടിട്ടുണ്ട് – മനസ്സില്‍” ചിരിയോടെ സന്ദീപ്‌ പറഞ്ഞു.
“ചായ” ദേവൂ എന്ന് വിളിച്ച സ്ത്രീ ഇരുവര്‍ക്കും ചായയുമായി എത്തി.
“എനിക്കിപ്പോള്‍ വേണ്ടിയിരുന്നില്ല. എങ്കിലും സാരമില്ല. എന്‍റെ രവീടെ മോന്‍ വന്നതല്ലേ . കുടിക്കാം” ദേവു അകത്തേക്ക് നടന്ന് പോയി. ” അപ്പുറത്തെ വീട്ടിലെയാ, സരസ്വതി ഉള്ളപ്പോഴേ ഇവിടെ സഹായത്തിനു വരും.പാവമാ” ദേവു നടന്ന് പോയ വഴിയിലേക്ക് നോക്കിക്കൊണ്ട് പപ്പേട്ടന്‍ പറഞ്ഞു . സരസ്വതി പപ്പേട്ടന്‍റെ ഭാര്യ ആയിരുന്നു. പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുന്നേ മരിച്ചു പോയി. അച്ഛന്‍ പറഞ്ഞു താന്‍ കേട്ടിട്ടുണ്ട്. പപ്പന്‍-സരസ്വതി ദമ്പതികള്‍ക്ക് മക്കള്‍ ഇല്ല. ഭാര്യയുടെ മരണത്തോടെ പപ്പേട്ടന്‍ ആകെ തകര്‍ന്നു പോയി. അതോടെ റേഷന്‍ കട മരുമകന് ഒഴിഞ്ഞു കൊടുത്തു പപ്പേട്ടന്‍ വീട്ടില്‍ തന്നെ കൊച്ചു കൊച്ചു കൃഷികളും മറ്റുമായി കൂടി.
നാട്ടുകാര്‍ക്ക് ഏറെ ഉപകരിയാണ് പപ്പേട്ടന്‍. എന്താവശ്യത്തിനും സമീപിക്കുന്ന ഏതൊരാളെയും വെറും കൈയോടെ പപ്പേട്ടന്‍ വിടാറില്ല. എന്നാല്‍ കൈക്കുന്ന ഒരു ഭൂതകാലത്തിന്‍റെ ഉടമയാണ് പപ്പേട്ടന്‍ എന്ന സത്യം നാട്ടിലെ പഴമക്കാര്‍ക്ക് മാത്രം അറിയാവുന്ന ഒന്നാണ്. നേരത്തെ റേഷന്‍ കട നടത്തുന്ന സമയത്ത് നാട്ടിലെ ഒരു മാടമ്പിസ്വഭാവമുള്ള ഗുണ്ടയായിരുന്നു പപ്പേട്ടന്‍. പണം ഉണ്ടാക്കാന്‍ ഏതു നീചമായ മാര്‍ഗ്ഗവും അയാള്‍ സ്വീകരിച്ചിരുന്നു. പപ്പേട്ടന്‍റെ ഈ പ്രവര്‍ത്തികള്‍ സരസ്വതിയമ്മയെ ഏറെ വേദനിപ്പിച്ചിരുന്നു. അവര്‍ അയാളെ തിരുത്താന്‍ ആവോളം പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെ ഭാര്യയോട് ഏറെ സ്നേഹം ഉണ്ടെങ്കിലും അതിലും കൂടുതല്‍ പണത്തെ സ്നേഹിച്ച പപ്പേട്ടന്‍ അവരുടെ വാക്കുകള്‍ ചെവിക്കൊണ്ടില്ല.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം പതിവ് പോലെ ,ഏറെ നാളുകളായി സരവതിയമ്മയെ അലട്ടുന്ന വയറുവേദനയ്ക്ക് മരുന്ന് വാങ്ങാന്‍ ആശുപത്രിയില്‍ പോയതായിരുന്നു അവര്‍. അതിനു മുന്‍പത്തെ മാസം മദിരാശിയിലേക്ക് പരിശോധനക്കയച്ച രക്തസാമ്പിളിന്‍റെ ഫലം വന്ന കാര്യം പപ്പെട്ടനെ മാത്രം റൂമിനു വെളിയിലേക്ക് വിളിച്ച് ഡോക്ടര്‍ പറഞ്ഞു. ആ വാര്‍ത്ത കേട്ട് പപ്പേട്ടന്‍ ഞെട്ടി – സരസ്വതിയമ്മക്ക് അര്‍ബുദം ആണ് !
സരസ്വതിയമ്മയുടെ അവസാന നാളുകള്‍ ഏറെ ദുരിതപൂര്‍ണ്ണമായിരുന്നു. ഒരു തുള്ളി വെള്ളം പോലും ഇറക്കാന്‍ ആവാതെ മരണക്കിടക്കയില്‍ കിടക്കുമ്പോഴും ഇടയ്ക്കിടെ ബോധം വന്നുപോകുമ്പോള്‍ അടുത്തിരിക്കുന്ന പപ്പെട്ടനോട് സരസ്വതിയമ്മ പറഞ്ഞത് “നിങ്ങള്‍ നല്ലവനാകണം” എന്നാണ്. അങ്ങിനെ ഒരുദിനം പപ്പേട്ടന്‍റെ അതുവരെ വാരിക്കൂട്ടിയ പണത്തിനും രക്ഷിക്കാന്‍ കഴിയാതെ സരസ്വതിയമ്മ യാത്രയായപ്പോള്‍ പപ്പേട്ടന്‍ ആകെ മാറി. പിന്നീട് അയാളുടെ ജീവിതം ഒരു യഥാര്‍ത്ഥ മനുഷ്യസ്നേഹി എങ്ങനെയായിരിക്കണം എന്നതിന് മാതൃകയായിരുന്നു.
“എന്താ മോന്‍ ആലോചിക്കുന്നത്?” പപ്പേട്ടന്‍റെ ശബ്ദം സന്ദീപിനെ ചിന്തകളുടെ ലോകത്തുനിന്നു ഉണര്‍ത്തി.
“ഒന്നുമില്ല അമ്മാവാ, ഞാന്‍ വെറുതെ പഴയ കാര്യങ്ങള്‍ ഒക്കെ…….അമ്മാവാ ഒന്നും തോന്നില്ലെങ്കില്‍ ഒരു കാര്യം ചോദിച്ചോട്ടെ ”
“എന്താ മോനെ, ചോദിച്ചോ”
“അമ്മാവന്‍റെ ഈ തലക്കെട്ട്‌ അല്‍പ്പം വിചിത്രമായി തോന്നുന്നു. ഇതിനെക്കുറിച്ച്‌ അച്ഛന്‍ എന്നോടൊന്നും പറഞ്ഞിട്ടില്ല.” ചെറിയ ജാള്യതയോടെയാണ് സന്ദീപ്‌ പറഞ്ഞു നിര്‍ത്തിയത്.
“ഓ അതോ….ഹ ഹ……പറയാം” മെല്ലെ പപ്പേട്ടന്‍ ആ തലേക്കെട്ട് അഴിച്ചു. വെള്ളത്തുണി അഴിഞ്ഞു തീര്‍ന്നപ്പോള്‍ മടിയില്‍ വച്ച് അതിനുള്ളില്‍ നിന്നും വൃത്താകൃതിയില്‍ ഉള്ള ഒരു കറുത്ത വസ്തു പുറത്തെടുത്തു. എന്നിട്ട് അത് സന്ദീപിന്‍റെ നേരെ നീട്ടി. അയാള്‍ അത് കൈനീട്ടി വാങ്ങി. സ്പീക്കറിനുള്ളില്‍ കാണപ്പെടുന്ന തരം കാന്തം !
“ഇത് കാന്തമല്ലേ അമ്മാവാ? എന്തിനാ ഇത്……….?
“അതെ ഇത് കാന്തമാണ് – ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തു കൂട്ടിയ കാന്തം. ഒരുകണക്കിന് എന്‍റെ തിന്മകളുടെ ഒരു പ്രതീകം. ഈ കാന്തം ഞാന്‍ എപ്പോഴും എന്‍റെ കടയിലെ ത്രാസിന്‍റെ തട്ടിനടിയില്‍ ഒട്ടിച്ചു വക്കുമായിരുന്നു. അളവ് കുറച്ചു കൊടുത്തു ആളികളെ പറ്റിച്ചു പണമുണ്ടാക്കാന്‍. ആ വഴിയിലും ഞാന്‍ ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ട്. പക്ഷെ എന്‍റെ സരസ്വതിക്ക് ഒരസുഖം വന്നപ്പോള്‍ ഞാന്‍ കട്ടും മോഷ്ടിച്ചും ഉണ്ടാക്കിയ പണത്തിന് ഒന്നും ചെയ്യാന്‍ ആയില്ല. ഈ കാന്തം കയ്യില്‍ പിടിക്കുമ്പോള്‍ നിനക്ക് അനുഭവപ്പെടുന്നതു തണുപ്പല്ലേ? എന്നാല്‍ എനിക്കത് തൊടുമ്പോള്‍ ചുട്ടുപൊള്ളുന്ന ചൂടാണ് – എന്‍റെ പാപങ്ങളുടെ ആകെത്തുകയായ ചൂട്. ചെയ്തുകൂട്ടിയ തെറ്റുകലളെ ഒരിക്കലും മറക്കാതിരിക്കാന്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ – അതിന് ഇത് ചേര്‍ന്നിരിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം എന്‍റെ തിരുനെറ്റിതന്നെയാണെന്ന് എനിക്ക് തോന്നി. ഒരര്‍ഥത്തില്‍ അതെന്‍റെ സരസ്വതിയുടെ ഓര്‍മ്മകള്‍ കൂടിയാണ്. ” വൃദ്ധന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഒരുതുള്ളി ചുടുനീര്‍ ആ നരച്ച കണ്‍പീലികളെ നനച്ചെന്നു സന്ദീപിന് തോന്നി.
സന്ദീപ്‌ ആ കാന്തത്തിലേക്ക് നോക്കി. ശരിയാണ് തണുപ്പ് അനുഭവപ്പെടുന്നുണ്ട്- ഒരുപക്ഷെ ഈ മനുഷ്യന്‍റെ, അനുഭവങ്ങള്‍ പരുവപ്പെടുത്തിയെടുത്ത നല്ല മനസ്സിന്‍റെ തണുപ്പായിരിക്കാം.
പപ്പേട്ടനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സൂര്യന്‍ ചക്രവാളത്തിലേക്ക് താഴ്ന്നു കഴിഞ്ഞിരുന്നു. ചെമ്മണ്‍പാതയെ അസ്തമയസൂര്യന്‍റെ വെളിച്ചം കൂടുതല്‍ ചുവപ്പിച്ചിരിക്കുന്നു. ഇനി ഇരുട്ടിന്‍റെ ഊഴമാണ് – സകലതിനെയും വിഴുങ്ങി നാളെ പ്രഭാതത്തില്‍ സൂര്യന്‍റെ ആദ്യ കിരണങ്ങള്‍ നിഷ്ക്കരുണം കീറിമുറിക്കും വരെ ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കുന്ന നിശയുടെ പറുദീസ. ഇരുളും വെളിച്ചവും മാറിമാറി പ്രത്യക്ഷപ്പെടുന്ന ജീവിതങ്ങളെയും കുറിച്ചോര്‍ത്തപ്പോള്‍, മനുഷ്യമനസ്സിന്‍റെ പരിഛെദമാണ് ദിനരാത്രങ്ങള്‍ എന്ന് അയാള്‍ക്ക്‌ തോന്നി.

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates