കാര്‍ പ്രധാന നിരത്തുവിട്ട് ഇടറോഡിലേക്ക് പ്രവേശിച്ചു. സ്റ്റീരിയോയില്‍ നിന്ന് പുതിയ ഏതോ അടിപൊളി ഹിന്ദി ഗാനം കാറിനെ പിടിച്ചു കുലുക്കുന്നുണ്ട് – പക്ഷെ ഹരിയുടെ മനസ്സ് ഇപ്പോഴും സൂപ്പര്‍മാര്‍ക്കറ്റില്‍ തന്നെയാണ്. അവിടേക്ക് കയറിയത് മുതല്‍ കഴിഞ്ഞ ഓരോ നിമിഷങ്ങളും ഒരു തിരശ്ശീലയില്‍ എന്നോണം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു അയാള്‍.. . ഇടക്കെപ്പോഴോ ഓര്‍മ്മകളുടെ കേട്ടുപൊട്ടിയപ്പോള്‍ ഇടത്തു വശത്തിരികുന്ന ദിവ്യയെ അയാള്‍ പാളി നോക്കി. സാധാരണയിലും വലിപ്പമുള്ള വാനിറ്റി ബാഗില്‍ പാട്ടിന്‍റെ താളത്തിനനുസരിച്ച് അവളുടെ വിരലുകള്‍ നൃത്തം ചെയ്യുന്നുണ്ട്.
ഹരിയുടെ മനസ്സ് വീണ്ടും ആലോച്ചനകളിലേക്ക് മടങ്ങിപ്പോയി. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ പിന്നാലെ “സാര്‍” എന്ന് വിളിച്ചു കൊണ്ട് ഓടിവന്ന ജോലിക്കാരന്‍ പയ്യന്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ മനസ്സില്‍ വീണ്ടും വീണ്ടും മുഴങ്ങി.
ഹരിയുടെ മനസ്സ് വീണ്ടും ആലോച്ചനകളിലേക്ക് മടങ്ങിപ്പോയി. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ പിന്നാലെ “സാര്‍” എന്ന് വിളിച്ചു കൊണ്ട് ഓടിവന്ന ജോലിക്കാരന്‍ പയ്യന്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ മനസ്സില്‍ വീണ്ടും വീണ്ടും മുഴങ്ങി.
“സാര്‍ ഒന്ന് ഓഫീസ് വരെ വരാമോ എന്ന് പ്രമോദ്‌സാര്‍ ചോദിച്ചു”
“ഉം, എന്താ കാര്യം?” ഹരി ചോദിച്ചു.
“സാര്‍ ഒന്ന് വരൂ , പ്രമോദ് സാര്‍ പറയും” എന്ന് പറഞ്ഞു കൊണ്ട് പയ്യന്‍ തിരിഞ്ഞു നടന്നു.
“ദിവ്യാ നീ കാറില്‍ ഇരിക്കൂട്ടോ , ഞാന്‍ ദാ വന്നു.” ഹരി ദിവ്യയോട് പറഞ്ഞു . ദിവ്യ കാറിനടുത്തേക്ക് നടന്നു – ഹരി സൂപ്പര്‍ മാര്‍ക്കറ്റിനകത്തെക്കും.
പയ്യന്‍ കടയുടെ വാതില്‍ക്കല്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഹരി കടന്നു വന്നപ്പോള്‍ അവന്‍ അയാളെ മാനേജരുടെ ക്യാബിനിലേക്ക് നയിച്ചു. മാനേജര്‍ ഹരിയുടെ പരിചയക്കാരന്‍ ആണ് – പാലക്കാട്ടുകാരന്‍ പ്രശാന്ത്.
“സാര്‍ ഇരിക്കൂ” ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു കൊണ്ട് എതിരെയുള്ള കസേരയിലേക്ക് ചൂണ്ടി പ്രശാന്ത് പറഞ്ഞു.
“എന്താ പ്രശാന്ത് കാര്യം? ” ഹരി ചോദിച്ചു.
“സാര്‍ ഞങ്ങളുടെ ഏറ്റവും നല്ല കസ്റ്റമര്‍ ആണ്. ഇത്രയും നാള്‍ ഇതെങ്ങനെ സാറിനോട് പറയും എന്ന മടി കൊണ്ടാണ് ഞങ്ങള്‍ മറച്ചു വച്ചത്. പക്ഷെ ഇനിയും ഇക്കാര്യം മറച്ചു വച്ചാല്‍……., ഇതിപ്പോള്‍ ഞങ്ങളുടെ കടയില്‍ ആയത് കൊണ്ട് കുഴപ്പമില്ല – പക്ഷെ ഇനിയും സാര്‍ ഇക്കാര്യം അറിയാതെ മറ്റെവേടിയെങ്കിലും ചെന്ന് നാണം കെടുന്നത്….”പ്രശാന്ത് മുഴുമിപ്പിക്കാതെ നിര്‍ത്തി.
“എന്താണ് താന്‍ പറഞ്ഞു വരുന്നത് ” ഒന്നും മനസ്സിലാകാത്തത് പോലെ അവനെ നോക്കിക്കൊണ്ട് ഹരി ചോദിച്ചു.
“അത് സാര്‍ , ഞാന്‍ എങ്ങനെ പറയും. സാറിന്‍റെ ഭാര്യക്ക് ഇങ്ങനെ ഒരു സ്വഭാവം ഉണ്ടെന്നു ആദ്യം ഞങ്ങള്‍ക്കും വിശ്വാസം വന്നില്ല – പക്ഷെ കുറെ ആയപ്പോള്‍ ഞങ്ങള്‍ ….അല്ലെങ്കില്‍ വേണ്ട…സാര്‍ ഒരു നിമിഷം …നേരില്‍ കണ്ടു സാര്‍ വിശ്വസിച്ചാല്‍ മതി.” അത് പറഞ്ഞു കൊണ്ട് പ്രശാന്ത് അയാളുടെ മുന്നിലിരുന്ന കമ്പ്യൂട്ടര്‍ മോണിട്ടര്‍ ഹരിക്ക് കൂടി കാണാവുന്ന വിധത്തില്‍ തിരിച്ചു വച്ചു . മോണിട്ടറില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ടോയ്സ് സെക്ഷന്‍ തെളിഞ്ഞു. കുട്ടികളുടെ സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന റാക്കുകളില്‍ പരതുന്നത് ദിവ്യയാണ്. എന്തിനാണ് ദിവ്യ കുട്ടികളുടെ സെക്ഷനില്‍ തിരയുന്നത്. ഹരി അതിശയിച്ചു. എന്നും ഇവിടെ വരുമ്പോള്‍ ഇടക്ക് “ഞാന്‍ ഇപ്പൊ വരാമേ” എന്നു പറഞ്ഞ് എന്തൊക്കെയോ വാങ്ങാനായി തനിച്ചു പോകാറുണ്ട്. അടുത്ത രംഗം കണ്ട് ഹരി സ്തംഭിച്ചു പോയി. എന്തോ ഒരു സാധനം എടുത്തു ആരും കാണുന്നില്ലെന്ന് ഉറപ്പാക്കുന്നത് പോലെ ചുറ്റും വീക്ഷിച്ച് കൊണ്ട് ദിവ്യ തന്‍റെ ഹാന്‍ഡ്‌ബാഗില്‍ നിക്ഷേപിക്കുന്നു!
“ഇനി വേറെ ഒരെണ്ണം കാണിച്ചു തരാം സാര്‍”" . പ്രശാന്ത് വേറെ ഒരു ഫയല്‍ ഓപണ്‍ ചെയ്തു. ഏകദേശം ആദ്യം കണ്ട രംഗങ്ങള്‍ തന്നെ അതിലും ആവര്‍ത്തിച്ചു. മോണിട്ടര്‍ തന്‍റെ നേരെ തിരിച്ചു കൊണ്ട് പ്രശാന്ത് പറഞ്ഞ് തുടങ്ങി.
“കഴിഞ്ഞ കുറച്ചു നാളുകള്‍ക്കു മുന്‍പ് കൌണ്ടറില്‍ നിന്ന പയ്യന്‍ ആണ് യാദൃശ്ചികമായി സിസിടിവി സ്ക്രീനില്‍ ഇത് കണ്ടത്. സാര്‍ ഞങ്ങളുടെ ഒരു സ്ഥിരം കസ്റ്റമര്‍ ആയത് കൊണ്ടാകണം അവന്‍ നേരിട്ട് ചോദിക്കാതെ എന്‍റെ മുറിയില്‍ വന്ന് കാര്യം പറഞ്ഞു. എന്നാല്‍ നിനക്ക് തോന്നിയതായിരിക്കും എന്ന് പറഞ്ഞ് ഞാന്‍ അവനെ ഓടിച്ചു വിട്ടു. അവനു വാശിയായി എന്ന് തോന്നുന്നു – അടുത്ത ആഴ്ചയും സാറും , ഭാര്യയും ഷോപ്പിംഗ് കഴിഞ്ഞു കൌണ്ടറില്‍ നില്‍ക്കുമ്പോള്‍ അവന്‍ ഓടി വന്ന് എന്നോട് ഇതേ കാര്യം തന്നെ ആവര്‍ത്തിച്ചു. ഇത്തവണ എനിക്കെന്തോ പന്തികേട് തോന്നി. ഇല്ലാത്ത ഒരു കാര്യം എന്തിന് അവന്‍ രണ്ടു തവണ വന്നെന്നോട് പറയണം. ഇക്കാര്യം ഒന്ന് അന്വേഷിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു. അതനുസരിച്ച് കഴിഞ്ഞ ആഴ്ച സാര്‍ ഷോപ്പിംഗിനു വന്നപ്പോള്‍ ഞാന്‍ തന്നെ നേരിട്ട് ക്യാമറയില്‍ സാറിന്‍റെ വൈഫിനെ നിരീക്ഷിച്ചു. ആ വീഡിയോ ആണ് സാര്‍ രണ്ടാമത് കണ്ടത്. ആദ്യം കണ്ടത് ഇന്നത്തെ സംഭവവും”
എയര്‍ കണ്ടീഷന്‍റെ തണുപ്പിലും തന്‍റെ നെറ്റിയില്‍ വിയര്‍പ്പ് ചാലിട്ടിറങ്ങുന്നത് ഹരി തിരിച്ചറിഞ്ഞു.
“സോറി പ്രശാന്ത് – ദയവു ചെയ്തു ഇക്കാര്യം ആരോടും പറയരുത്. എത്രയാ നിങ്ങളുടെ നഷ്ടം എന്ന് വച്ചാല്‍ ഞാന്‍ തരാം.”
പോക്കറ്റില്‍ നിന്ന് പേര്‍സ് എടുത്തു നിവര്‍ത്തിക്കൊണ്ട് ഹരി പറഞ്ഞു.
“അത്രയ്ക്ക് വിലപിടിച്ചതോന്നും അല്ല സാര്‍, അത് ഞാന്‍ പിന്നെ വാങ്ങിക്കൊള്ളാം. സാര്‍ വിഷമിക്കേണ്ട – ഇത് ഞാന്‍ അല്ലാതെ വേറെ ആരും അറിയില്ല. ആ പയ്യനോട് ഞാന്‍ പറഞ്ഞുകൊള്ളാം. അവന്‍ തന്നെയാണ് സാറിനെ വിളിച്ചു കൊണ്ട് വന്നത്.”
“എങ്കില്‍ ശരി. ഞാന്‍ ഇറങ്ങട്ടെ പ്രമോദ്. ഒരിക്കല്‍ കൂടി നന്ദി.” പുറത്തേക്കിറങ്ങുമ്പോള്‍ റൂമിനു വെളിയില്‍ ആ പയ്യന്‍…, അവന്‍റെ നേരെ നോക്കാന്‍ എന്തോ ഹരിക്ക് തോന്നിയില്ല. നാണക്കേടോ , കുറ്റബോധമോ എന്തെന്നറിയില്ല – കുനിഞ്ഞ ശിരസ്സോടെ അയാള്‍ കാറിന്നടുത്തെക്ക് നടന്നു.
“ഇതിനു മുന്‍പ് ഇതുപോലെ എന്തെങ്കിലും സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ” കസേരയില്‍ നിന്ന് എഴുന്നേറ്റു കൊണ്ട് ഡോക്ടര്‍ ശശീന്ദ്രന്‍ ചോദിച്ചു.
“ഇല്ല ഡോക്ടര്‍”, ഇതാദ്യമാണ് ഇങ്ങനെയൊരു സംഭവം” ഹരി പറഞ്ഞു.
“ഭാര്യയുടെ സ്വഭാവത്തില്‍ അസ്വാഭാവികമായി ഈയടുത്ത കാലത്ത് എന്തെങ്കിലും ?”
“ഇല്ല ഡോക്ടര്‍ , ഒന്നുമില്ല” തെല്ലുനെരത്തെ ആലോചനയ്ക്ക് ശേഷം ഹരി മറുപടി പറഞ്ഞു.
“നിങ്ങള്ക്ക് കുട്ടികള്‍ ഇല്ലേ?
“ഇല്ല ഡോക്ടര്‍. വിവാഹം കഴിഞ്ഞിട്ട് ഏഴു വര്‍ഷങ്ങള്‍ ആയി. ഒരുപാട് ചികില്‍സകള്‍ നടത്തി. അമ്പലങ്ങളില്‍ വഴിപാടും പ്രാര്‍ഥനകളും നടത്തി. കുഴപ്പം ദിവ്യയുടെതാആണെന്നാണ് ഡോക്ടര്‍ പറഞ്ഞത്- ഒരിക്കലും അമ്മയാകാന്‍ അവള്‍ക്കു സാധിക്കില്ലെന്നും” ഹരി പറഞ്ഞു നിര്‍ത്തി.
ഡോക്ടര്‍ ഹരി ഇരുന്ന കസേരക്ക് പിന്നിലൂടെ നടന്ന് വീണ്ടും കസേരയില്‍ ചെന്നിരുന്നു. പിന്നെ വലതുകൈയുടെ ചൂണ്ടുവിരലും, തള്ളവിരലും നെറ്റിയില്‍ അമര്‍ത്തി അല്‍പ്പനേരം ആലോചനയില്‍ മുഴുകി ഇരുന്നു.
“നിങ്ങള്‍ക്കെന്താണ് ജോലി?” ഡോക്ടര്‍ മൌനം ഭഞ്ജിച്ചു.
“ബില്‍ഡിംഗ് കോണ്ട്രാക്റ്റര്‍ ആണ്.”
“ഭാര്യയെ കുറിച്ച് കുറച്ചു വിശദമായി പറയാമോ? ഐ മീന്‍- – അവരുടെ കുടുംബപശ്ചാത്തലം, വിദ്യാഭ്യാസം….അങ്ങിനെയങ്ങിനെ ”
“പറയാം ഡോക്ടര്‍”" . ഹരി പറഞ്ഞു തുടങ്ങി.
“കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സ്നേഹിച്ച് , പഠനത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ആ പ്രേമം തുടര്‍ന്ന് ഇരുപത്തിരണ്ടാം വയസ്സില്‍ വിവാഹിതരായവരാന് ഞങ്ങള്‍.. ഡിഗ്രീ പഠനത്തോടെ ദിവ്യ പഠിത്തം അവസാനിപ്പിച്ചു. തുടര്‍ന്ന് പഠിക്കാന്‍ ഞാന്‍ ഏറെ നിര്‍ബന്ധിച്ചെങ്കിലും അവള്‍ വിസമ്മതിച്ചു.”
“അവര്‍ പഠിക്കാന്‍ …?” ഡോക്ടര്‍ ഇടക്ക് കയറി.
“മിടുക്കിയായിരുന്നു” ഹരി മറുപടി പറഞ്ഞു.
“ഓക്കേ.പിന്നീട്”
“ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഏകദേശം ആറുമാസങ്ങള്‍ക്ക് ശേഷം ദിവ്യയുടെ അച്ഛന്‍ മരിച്ചു. അവളുടെ അമ്മ അവളെ പ്രസവിച്ചപ്പോള്‍ മരിച്ചു പോയിരുന്നു. അച്ഛനോട് എന്തെന്നില്ലാത്ത അടുപ്പവും ആത്മബന്ധവും ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ എല്ലാവരും ഭയപ്പെട്ട പോലെ അവള്‍ പകച്ചു പോയില്ല. നേരെ മറിച്ച് അതോടെ ദിവ്യയില്‍ പോസിറ്റീവ് ആയ ചില മാറ്റങ്ങള്‍ പൊടുന്നനെ കണ്ടു തുടങ്ങി”
“എന്തായിരുന്നു ആ മാറ്റങ്ങള്‍?” ഡോക്ടര്‍ ചോദിച്ചു.
“അതുവരെ അധികം സംസാരിക്കാത്ത തോട്ടാവാടിയായ ദിവ്യ എല്ലാവരോടും വളരെ ആക്റ്റീവ് ആയി സംസാരിക്കാനും, കാര്യഗൌരവത്തോടെ പ്രവര്‍ത്തിക്കാനും തുടങ്ങി. അതിനു മുന്‍പ് എന്‍റെ കൂടെയല്ലാതെ വീടിനു വെളിയില്‍ പോകുന്നത് ചിന്തിക്കുക പോലും ചെയ്യാത്ത ദിവ്യ അയപക്കത്തെ സ്ത്രീകളുടെ കൂടെ ഷോപ്പിംഗിനും, ബ്യൂട്ടി പാര്‍ലറിലും ഒക്കെ പോയ് തുടങ്ങി. അതിനു മുന്‍പ് ഒരു പൊട്ടു പോലും ഞാന്‍ നിര്‍ബന്ധിച്ചാലെ അവള്‍ കുത്തുമായിരുന്നുള്ളൂ. പക്ഷെ എന്തായാലും അവളിലെ ഈ മാറ്റങ്ങള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. പക്ഷെ വിവാഹത്തിന്‍റെ ആദ്യ ദിനങ്ങളില്‍ “നമുക്ക് എത്രയും വേഗം ഒരു കുഞ്ഞു വേണം ഹരിയേട്ടാ” എന്ന് പറഞ്ഞു കൊണ്ടിരുന്ന ദിവ്യ പിന്നീട് ഒരിക്കല്‍ പോലും അതെക്കുറിച്ചു പറയുകയോ അക്കാര്യംപറഞ്ഞ് ഒരുനിമിഷം പോലും വിഷമിക്കുകയോ ചെയ്തു കാണാതിരുന്നത് എന്നില്‍ അല്‍പ്പം ആശയക്കുഴപ്പം ഉണ്ടാക്കി. പല പ്രശസ്ത ഡോക്ടര്‍മാരെയും ഞങ്ങള്‍ കണ്ടു. അവര്‍ തന്ന മരുന്നുകള്‍ മാറി മാറി കഴിച്ചു-ഒരു ഗുണവും ഉണ്ടായില്ല. പിന്നീട് എന്‍റെ അമ്മയുടെ നിര്‍ബന്ധപ്രകാരം പല അമ്പലങ്ങളിലും നേര്‍ച്ചയും വഴിപാടുകളും നടത്തി. ആ യാത്രകളിലെല്ലാം ഒരു വിനോദയാത്രയുടെ മൂഡില്‍ ആണ് അവള്‍ സമയം ചെലവഴിച്ചത്. അവളുടെ ഈ കൂസലില്ലായ്മ കണ്ടു എന്‍റെ അമ്മ പലതവണ എന്‍റെ മുന്നില്‍ വച്ചു അവളെ ശകാരിച്ചിട്ടു പോലും ഉണ്ട്. പക്ഷെ അതൊന്നും അവളില്‍ യാതൊരു പ്രകോപനവും സൃഷ്ടിച്ചില്ലെന്നു മാത്രമല്ല, അവളുടെ മുഖത്ത് ഒരു ചെറിയ നീരസം പോലും വന്നതായി തോന്നിയത് പോലുമില്ല. അതിനു പിന്നാലെ ആണ് വിചിത്രമായ ഈ സംഭവം. ഡോക്ടര്‍ എന്നെ സഹായിക്കണം”
ഹരി ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞു നിര്‍ത്തി.
“കേട്ടിടത്തോളം തികച്ചും അണ്‍കോമണ്‍ ആയ കേസ് ആണിത്” ഡോക്ടര്‍ പറഞ്ഞു തുടങ്ങി.
“താന്‍ തികച്ചും ഒരു അനാഥയായെന്ന തിരിച്ചറിവില്‍ നിന്ന് ഉരുത്തിരിഞ്ഞ ഭയം യഥാര്‍ത്ഥത്തില്‍ ഒരു മാനസികാസ്വാസ്ഥ്യം ആയി അവര്‍ പ്രകടിപ്പിച്ചതാണ് അച്ഛന്‍റെ മരണശേഷം കാണിച്ച പോസിറ്റീവ് എന്ന് നിങ്ങള്‍ പറഞ്ഞ ആ മാറ്റങ്ങള്‍ .നിങ്ങളുടെ മനസ്സില്‍ അവര്‍ ഏതു പോലെ ആകണം എന്ന് ആഗ്രഹിച്ചിരുന്നോ അത് പോലെ ആയിത്തീരുക വഴി എന്നും നിങ്ങളുടെ സ്നേഹം പിടിച്ചു പറ്റാനും, ഒരിക്കലും നിങ്ങളാല്‍ അവഗണിക്കപ്പെടാതിരിക്കാനും അവര്‍ ആഗ്രഹിച്ചു. നിങ്ങളുടെ അമ്മയുടെ കുത്തുവാക്കുകള്‍ കേട്ടിട്ട് പോലും അവര്‍ അതിനെതിരെ മുഖത്തെ ഭാവമാറ്റം കൊണ്ട് പോലും പ്രതികരിക്കാതെയിരുന്നത് അതുകൊണ്ടാണ്. അത് പോലെ തന്നെയാണ് കുട്ടികള്‍ ഇല്ലാത്തതില്‍ കാണിക്കുന്ന നിസ്സംഗതയും. കുട്ടികള്‍ വേണം എന്നതിനേക്കാള്‍ നിങ്ങളുടെ മനപ്രയാസം – അവര്‍ കാരണം ആണ് കുട്ടികള്‍ ഇല്ലാത്തത് എന്ന കാര്യം ഭര്‍ത്താവായ താങ്കള്‍ക്ക് അറിയാമെന്നത് അറിഞ്ഞാല്‍ അവര്‍ വിഷമിച്ചെക്കുമോ എന്ന ഭയം ആണെന്നത് അവര്‍ കൃത്യമായി മനസ്സിലാക്കി. അത് കൊണ്ടാണ് നിങ്ങളുടെ മുന്നില്‍ അതവര്‍ ഗൌനിക്കുന്നതെയില്ല എന്ന ഭാവത്തില്‍ പെരുമാറുന്നത്. നിങ്ങളെ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പോലും വേദനിപ്പിക്കരുത് എന്ന് അവര്‍ ആഗ്രഹിക്കുന്നു. ”
“അപ്പോള്‍ അവള്‍ മോഷ്ടിക്കുന്നത്?” ആകാക്ഷയോടെ ഹരി ചോദിച്ചു.
“എന്‍റെ അടുത്ത് ഇത്തരം കേസുകള്‍ പലതും വന്നിട്ടുണ്ട്. സമൂഹത്തില്‍ ഉന്നതരും, അംഗീകരിക്കപ്പെട്ടവരും, സമ്പന്നരുമൊക്കെ ആയിരിക്കും ഈ മോഷ്ടാക്കള്‍.. ., എന്നാല്‍ അവരുടെ ലക്‌ഷ്യം ഒരിക്കലും മോഷ്ടിക്കുന്നത് വഴി പണം ലാഭിക്കല്‍ അല്ല. ചിലര്‍, മറ്റുള്ളവര്‍ കാണാതെ മോഷ്ടിക്കാന്‍ താന്‍ മിടുക്കന്‍ ആണ് ചിന്തിച്ച് നിര്‍വൃതിയടയുന്നവര്‍ ആയിരിക്കും. എന്നാല്‍ മറ്റു ചിലര്‍ക്ക് ചില കാര്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമോ പ്രതിഷേധമോ ആയിരിക്കും. പുറത്തുകാട്ടാന്‍ കഴിയാതെ ഉള്ളില്‍ അടക്കിപ്പിടിച്ച് നടക്കുന്ന ദുഃഖം ആരും കാണാതെ വസ്തുക്കള്‍ മോഷ്ടിച്ച് ശമിപ്പിക്കുന്ന വിചിത്ര സ്വഭാവമുള്ള ഒരു മോഷ്ടാവാണ് താങ്കളുടെ ഭാര്യ. മാനസികമായ ചാഞ്ചല്യങ്ങള്‍ ആരെയും ഏതു സമയത്തും , ഏതു പ്രായത്തിലും ബാധിക്കാം. എന്നാല്‍ അവരെ കുറ്റപ്പെടുത്തുന്നതിനു പകരം സ്നേഹത്തോടെ അവരെ കൌണ്‍സലിംഗിലൂടെയും, മരുന്നിലൂടെയും ചികിത്സിക്കണം . കൌണ്‍സലിംഗ് എന്ന് പറയുമ്പോള്‍ ഒരു ഡോക്ടര്‍ക്ക് നേരിട്ട് മാത്രമല്ല – ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രോഗിയുടെ പ്രിയപ്പെട്ടവര്‍ക്കും ഇത് ചെയ്യാം. താങ്കളുടെ ഭാര്യയെ എന്‍റെ നിര്‍ദ്ദേശപ്രകാരം താങ്കള്‍ തന്നെ ചികിത്സിക്കുക. ചില രോഗികള്‍ക്ക് തങ്ങളുടെ അസുഖം മറ്റൊരാള്‍ അറിയുന്നത് – അതൊരു ഡോക്ടര്‍ അയാള്‍ പോലും- താങ്ങാന്‍ കഴിയില്ല. അതവരില്‍ ചിലപ്പോള്‍ നിലവിലുള്ള മാനസികമായ പ്രശ്നങ്ങളുടെ അളവ് ഗുരുതരമായി വര്‍ദ്ധിക്കാന്‍ വഴി തെളിച്ചെക്കാം . താങ്കള്‍ക്ക് ഞാന്‍ പറയുന്നത് മനസ്സിലാകുന്നുണ്ടോ?”
“ഉണ്ട് ഡോക്ടര്‍. ,ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തന്നാല്‍ മതി” ഹരി പറഞ്ഞു.
“ഓക്കേ. ആദ്യം താങ്കള്‍ ചെയ്യേണ്ടത് താങ്കളുടെ ഭാര്യയോടുള്ള പെരുമാറ്റം ഇതുവരെ ഉള്ളത് പോലെ തന്നെ കടുകിടതെറ്റാതെ തുടരുക എന്നതാണ്. സാധിക്കുമെങ്കില്‍ അവരെ കൂടുതല്‍ സ്നേഹിക്കുക , അവരെ നിങ്ങള്‍ ഏറെ കെയര്‍ ചെയ്യുന്നുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്തുക. അടുത്തതായി ഈ മോഷ്ടിക്കുന്ന സാധനങ്ങള്‍ അവര്‍ സൂക്ഷിക്കുന്ന ഇടം കണ്ടെത്തുക. എന്നിട്ട് അത് അവിടെ നിന്ന് നീക്കം ചെയ്യുക. ഇക്കാര്യം നിങ്ങള്‍ അറിഞ്ഞ കാര്യം അവര്‍ അറിയുമ്പോള്‍ ചിലപ്പോള്‍ വിചിത്രമായി പ്രതികരിച്ചെക്കാം. പക്ഷെ നിങ്ങള്‍ അവരെ കൂടുതല്‍ സ്നേഹിക്കുന്നത് കാണുമ്പോള്‍ , അക്കാര്യം അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുമ്പോള്‍ ,തന്‍റെ ഈ ദുശീലം അവര്‍ നിര്‍ത്താന്‍ ആണ് കൂടുതല്‍ സാധ്യത. കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണം വിട്ടു പോയാല്‍ മാത്രം നമുക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കിയാല്‍ മതി. പിന്നെ മറൊരു കാര്യം. ഏറെ ആലോചിച്ചു തീരുമാനിക്കേണ്ട ഒരു കാര്യമാണ്. ”
ഒന്ന് നിര്‍ത്തിയ ശേഷം ഡോക്ടര്‍ തുടര്‍ന്നു .
“ഇനി കുട്ടികള്‍ ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ട് ഒരു കുഞ്ഞിനെ ദാത്തെടുക്കുന്നതിനെ പറ്റി ചിന്തിച്ചു കൂടാ ?”
“അത് ഡോക്ടര്‍ , ആ വഴിക്ക് ഇതുവരെ ചിന്തിച്ചിട്ടില്ല. ദിവ്യയ്ക്ക് വിഷമം ആയാലോ എന്ന് കരുതി. ”
“ലുക്ക് മിസ്റ്റര്‍ ഹരി. ഒരുപക്ഷെ ഇതേ ചിന്താഗതി തന്നെയാണ് ദിവ്യക്കെങ്കിലോ ?”
“ഉം…..ശരിയായിരിക്കാം.” ഹരി പറഞ്ഞു.
“കുട്ടിയെ ദത്തെടുക്കുന്ന കാര്യത്തില്‍ ഭാര്യയോട് കൂടി ആലോചിച്ചു ഒരു തീരുമാനത്തില്‍ എത്തിയാല്‍ മതി. പക്ഷെ അവര്‍ എങ്ങനെ പ്രതികരിക്കും എന്നോര്‍ത്ത് ഇക്കാര്യം പറയതിരിക്കല്‍ നല്ലതല്ല. അതുപോലെ തന്നെ ഞാന്‍ ആദ്യം പറഞ്ഞ കാര്യങ്ങള്‍ ഉടനെ പ്രാവര്‍ത്തികമാക്കണം. അതായത് താങ്കളുടെ പെരുമാറ്റവും, പിന്നെ ആ സാധനങ്ങള്‍ കണ്ടെത്തി മാറ്റി വെക്കലും.”
ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങുമ്പോള്‍ ഹരിയുടെ മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നു.
ഹരിയുടെ കാര്‍ വീടിന്‍റെ ഗെറ്റ് കടക്കുമ്പോള്‍ അയാളുടെ മൊബൈല്‍ ശബ്ദിച്ചു. ദിവ്യയാണ്.
“ആ പറയൂ ദിവ്യ”
“ഹരിയേട്ടാ ഞാന്‍ ഒന്ന് സരസ്വതിയാന്‍റിടെ കൂടെ ബ്യൂട്ടി പാര്‍ലര്‍ വരെ പോകുന്നെ. ഭക്ഷണം വിളമ്പി മേശപ്പുറത്ത് വച്ചിട്ടുണ്ടെ. എടുത്തു കഴിച്ചോളണം കേട്ടോ”
“ഉം ശരി. ഞാന്‍ വന്ന് ആക്കിത്തരാണോ ദിവ്യ?” ഹരി ചോദിച്ചു.
“വേണ്ട ഹരിയേട്ടാ, ഞാന്‍ സരസ്വതിയാന്‍റിടെ കൂടെ പൊയ്ക്കൊള്ളാം. ബൈ ഹരിയേട്ടാ” ദിവ്യ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.
പറഞ്ഞത് പോലെ ഡൈനിംഗ് ടേബിളില്‍ ഭക്ഷണം വിളമ്പി മൂടി വച്ചിട്ടുണ്ട്. ഹരി നേരെ സ്റ്റെപ്പ് കയറി മുകളിലേക്ക് നടന്നു. ബെഡ്റൂമിന്‍റെ തൊട്ടടുത്തായി ഒരു പ്രാര്‍ഥനാമുറിയുണ്ട്. യഥാര്‍ത്ഥത്തില്‍ അത് ബെഡ്റൂം തന്നെയായിരുന്നു. ബില്‍ഡിംഗ് പ്ലാന്‍ അനുസരിച്ച് പ്രാര്‍ഥനാമുറി താഴെ വേറെ ഉണ്ട്. പക്ഷെ അത് തീരെ ചെറുതാണെന്ന് പറഞ്ഞു ഇതിനെ പ്രാര്‍ത്ഥനാ മുറിയാക്കി മാറ്റിയത് ദിവ്യയാണ്. എന്നാല്‍ അവള്‍ അതില്‍ കാര്യമായി പ്രാര്‍ത്ഥന നടത്തുന്നതോന്നും ഇതുവരെ ഹരി കണ്ടിട്ടില്ല. വല്ലപ്പോഴും കൂടെ താമസിക്കാന്‍ വരുമ്പോള്‍ അമ്മ അത് ഉപയോഗിക്കാറുണ്ട്. അപ്പോഴൊക്കെ ദിവ്യ പ്രാര്‍ഥനാമുറി വെറുതെ ഇടുന്നു എന്ന പരാതിയും പറയാറുണ്ട് , ദൈവകോപം കൊണ്ടാണ് കുട്ടികള്‍ ഉണ്ടാവാത്തതെന്ന് മനസ്സില്‍ പറയുന്നുണ്ടാകും – അമ്മയുടെ സ്വഭാവം വച്ച് ഹരി ഊഹിച്ചിട്ടുണ്ട്.
ഹരി പ്രാര്‍ഥനാ മുറി തള്ളിത്തുറന്ന് അകത്തു കടന്നു. ഇതുവരെ താന്‍ അതില്‍ കയറിയിട്ടില്ല. ആകെ പൊടി പിടിച്ചു അലങ്കോലമായി കിടക്കുന്നു. മുറിയുടെ ഒരു ഭാഗത്ത് ഭിത്തിയില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ അലങ്കരിച്ചു വച്ചിരിക്കുന്നു. മുറിയുടെ എതെരെയുള്ള കോണില്‍ ഒരു അലമാര ഹരിയുടെ ശ്രദ്ധയില്‍ പെട്ടു. അയാള്‍ അതിനടുത്തേക്ക് നടന്നു. ദിവ്യ സ്ഥലത്തില്ലാത്തത് നന്നായി. അയാള്‍ ആ അലമാര തുറക്കാന്‍ ശ്രമിച്ചു.പൂട്ടിയിരിക്കുന്നു. ”താക്കോല്‍ എവിടെയായിരിക്കും?” അയാള്‍ ഒരുനിമിഷം ആലോചിച്ചു. ദിവ്യ താക്കോല്‍ വെക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എല്ലാം അയാള്‍ പരിശോധിച്ചു. ഒന്നും കിട്ടിയില്ല. പെട്ടെന്ന് ദൈവങ്ങളുടെ ചിത്രങ്ങള്‍ അയാളുടെ ശ്രദ്ധയില്‍ പെട്ടു. മുരുകന്‍റെ ചിത്രത്തിനു പിന്നില്‍ അയാള്‍ ആ താക്കോല്‍ കണ്ടെത്തി.
വിറയ്ക്കുന്ന കൈകളോടെ ഹരി അലമാര തുറന്നു. അതിനകത്ത് നിറയെ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളും, ആഭരണങ്ങളും ! അതിനകത്ത് കണ്ട ഒരു ആല്‍ബം ഹരി മറിച്ച് നോക്കി. പല ദേശക്കാരായ കുഞ്ഞുങ്ങളുടെ പല ഭാവങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ നിറയെ ഒട്ടിച്ചിരിക്കുന്നു. ചിരിക്കുന്നവരും, കരയുന്നവരും, കുസൃതികാണിക്കുന്നവരും ഒക്കെയുള്ള ഒരു ലോകം തന്നെയായിരുന്നു.പെട്ടെന്ന് ആരോ വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് ഹരി ഞെട്ടിത്തിരിഞ്ഞു നോക്കി. അമ്പരന്ന മുഖത്തോടെ ദിവ്യ.
“ഞാന്‍ ചുമ്മാ ഈ മുറിയൊക്കെ ഒന്ന് നോക്കുവായിരുന്നു. ചുമ്മാതെയല്ല അമ്മ പറയുന്നത് – എന്താ പൊടി ഇതിനകത്ത് ? നമുക്കിതൊക്കെ ഒന്ന് വൃത്തിയാക്കണം ദിവ്യ. ആ പിന്നെ എങ്ങനെയുണ്ടായിരുന്നു ബ്യൂട്ടി പാര്‍ലറില്‍ പോയിട്ട്? ഇത്ര വേഗം വന്നതെന്തേ ?
തികച്ചും നോര്‍മ്മലായി ഹരി പറഞ്ഞു നിര്‍ത്തുമ്പോള്‍ ദിവ്യയുടെ മുഖത്തെ പരിഭ്രമത്തിന്‍റെ വലിമുറുകല്‍ പൊടുന്നനെ തന്നെ നിസ്സംഗതക്ക് വഴി മാറുന്നത് ഹരി ശ്രദ്ധിച്ചു.
“പിന്നെന്താ ഹരിയേട്ടാ, നമുക്ക് ശരിയാക്കാമെന്നെ….എന്തെ ഇപ്പൊ ഒരു ഭക്തി.” അത് പറഞ്ഞു കൊണ്ട് ദിവ്യ ഹരിക്കടുതെക്ക് നടന്നു വന്നു. പിന്നെ പുഞ്ചിരിച്ചു കൊണ്ട് അയാളുടെ തോളില്‍ മുഖം ചായ്ച്ചു. അവരിരുവരും ബെഡ്റൂമിലേക്ക് നടന്നു. കിടക്കയില്‍ പരസ്പരം പുണര്‍ന്നു കിടക്കുമ്പോള്‍ അവളുടെ ഇടതൂര്‍ന്ന മുടിയിഴകളിലൂടെ വിരലുകള്‍ ഓടിച്ചു കൊണ്ട് ഹരി ചോദിച്ചു “ദിവ്യ – ഞാന്‍ ഒരു കാര്യം പറയട്ടെ ”
അവള്‍ മെല്ലെ മൂളികൊണ്ട് തലയാട്ടി.
“നമുക്കൊരു കുഞ്ഞു വേണ്ടേ ? ഒരു കുഞ്ഞിനെ ദത്തെടുത്താലോ നമുക്ക് ? ”
ഒരു നിമിഷം ദിവ്യ അവിശ്വസനീയതയോടെ ഹരിയുടെ കണ്ണുകളിലേക്ക് ഇമവെട്ടാതെ സൂക്ഷിച്ചു നോക്കി. പിന്നെ കണ്ണുനീരും പുഞ്ചിരിയും ചാലിച്ചുചേര്‍ത്ത മുഖത്തോടെ അയാളുടെ കവിളിലേക്ക് ചുണ്ടുകള്‍ ചേര്‍ത്തു.
0 comments:
Post a Comment