Ind disable
 

ചിരിക്കാത്ത ചന്ദു


ഷാര്‍ജയിലെ പുതിയ ഓഫീസില്‍ ചാര്‍ജെടുത്ത ആദ്യ ദിവസം മുതല്‍ മറ്റാരെക്കാളും എന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിയാണ് ഓഫീസ്‌ ബോയ്‌ ആയ ബീഹാറുകാരന്‍ ചന്ദു എന്ന് വിളിക്കുന്ന ചന്ദ്രകാന്ത് യാദവ്‌. കുറ്റിത്താടിയും , പൊടി മീശയും അലങ്കാരത്തെക്കാള്‍ അവലക്ഷണമായി തോന്നിച്ച ചന്ദുവിന്‍റെ മുഖത്ത് ഒരു മന്ദഹാസം പോലും ഒരിക്കലും കാണപ്പെടാതിരുന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. എന്‍റെ തൊട്ടു മുന്നിലെ ക്യുബിക്കിളില്‍ ബാംഗ്ലൂരുകാരി സുന്ദരിയായ ശ്രാവണ. ഓരോ തവണയും ചായയോ , ഓഫീസ്‌ സംബന്ധിയായ ഫയലുകളോ എന്തുമാകട്ടെ – കൊണ്ട് വന്നു തരുമ്പോഴും , തിരികെ പോകുമ്പോഴും ആ മുഖത്തെ നിസ്സംഗതയുടെ അര്‍ഥം എന്തെന്ന ഭാവത്തില്‍ ഞാന്‍ ശ്രാവണയെ നോക്കും. എന്നാല്‍ ശരാശരിയില്‍ കവിഞ്ഞ സൌന്ദര്യമുള്ള ഒരു യുവതിയെ പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ ഇടയ്ക്കിടെ നോക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ നോട്ടമായെ അവള്‍ അത് കണക്കാക്കിയിരുന്നുള്ളൂ എന്ന് അവളുടെ തിരിച്ചുള്ള പുഞ്ചിരി എനിക്ക് വ്യക്തമാക്കിത്തന്നു.
ഒരു ദിവസം ഉച്ചക്ക് ഓഫീസില്‍ വച്ച് കഴിക്കാന്‍ കൊണ്ടുപോയ കുബ്ബൂസും, കറിയും അകത്താക്കുമ്പോള്‍ എന്‍റെ എന്തോ ഒരു ശരാശരി തമാശ കേട്ട് ശ്രാവണ നിര്‍ത്താതെ ചിരിച്ചു. ഇരുവര്‍ക്കും ഗ്ലാസ്സില്‍ വെള്ളം കൊണ്ടുവന്നു മേശപ്പുറത്ത് വച്ച് പോകുമ്പോള്‍ ചന്ദുവിന്‍റെ മുഖത്ത് അവള്‍ക്കെതിരെ തെളിഞ്ഞ നീരസത്തിന്‍റെ വരകള്‍ എനിക്ക് വ്യക്തമായി മനസ്സിലായി. മറ്റൊരിക്കല്‍ ഓഫീസില്‍ വച്ച് ഇടക്ക് നാട്ടില്‍ നിന്ന് കസിന്‍ ആനന്ദിന്‍റെ ഫോണ്‍ വന്നപ്പോള്‍ സംസാരത്തിനിടെ അല്‍പ്പം ശബ്ദമുയര്‍ത്തി ചിരിച്ച എന്നോട് സംസാരം അവസാനിച്ച ശേഷം ഫയലുമായി വന്ന ചന്ദു പറഞ്ഞു ” ഇത്നാ സോര്‍ സെ മത് ഹസോ സാഹിബ്” തെല്ലു കാര്‍ക്കശ്യം തുളുമ്പിയ ആ വാക്കുകള്‍ എന്‍റെ മുഖത്തെ തെളിഞ്ഞു നിന്ന ചിരി മായിക്കും മുന്നേ ചന്ദു തിരിഞ്ഞു നടന്നിരുന്നു.
“എന്താണ് നമ്മുടെ ചന്ദുവിന്‍റെ പ്രശ്നം ?” വൈകിട്ട് ഓഫീസില്‍ നിന്ന് റൂമിലേക്ക്‌ നടക്കുമ്പോള്‍ ഞാന്‍ ശ്രാവണയോട് ചോദിച്ചു.
“എന്ത് പ്രശ്നം ?” അല്‍പം അത്ഭുതം കലര്‍ന്ന ശബ്ദത്തില്‍ ശ്രാവണ തിരിച്ചു ചോദിച്ചു. “അവന്‍ നിന്നോട് എന്തെങ്കിലും ..?”
“ഹേയ് – അങ്ങിനെ ഒന്നും ഇല്ല. അല്ല-ഇത്രക്ക് ഗൌരവം മുഖത്ത് കൊണ്ട് നടക്കുന്ന ഒരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല – ഒരിക്കലും ഞാന്‍ അവനെ ചിരിച്ചു കണ്ടിട്ടില്ല. നീ ശ്രദ്ധിച്ചിട്ടില്ലേ അത് ?” എന്‍റെ ചോദ്യത്തിന് മറുപടി തരാന്‍ മാത്രം ഗൌരവതരമായി ഒന്നുമില്ല എന്ന ഭാവത്തോടെ അവള്‍ വിഷയം മാറ്റി അകലെ കടലിനടിയിലേക്ക് താഴുന്ന സൂര്യനെ ചൂണ്ടിക്കൊണ്ട് അവള്‍ പറഞ്ഞു ” കിരണ്‍ , അത് നോക്കൂ എന്ത് ഭംഗിയല്ലേ ?
ഓഫീസിലെ കാഷ്യര്‍ മലയാളി ആണെന്ന് ഇന്നാണ് മനസ്സിലാക്കിയത്‌. ഉള്ളതില്‍ കൂടുതല്‍ പ്രായം തോന്നിപ്പിക്കുന്ന നരകയറിയ മുടിയുള്ള കൊല്ലംകാരന്‍ ദിവാകരന്‍. ലെഡ്ജര്‍ ബാലന്‍സ്‌ സംബന്ധമായ ഒരു സംശയവുമായി ചെല്ലുമ്പോള്‍ മുറിക്ക് മുന്നില്‍ തൂക്കിയ നെയിം ബോര്‍ഡില്‍ സി.എ ദിവാകരന്‍ എന്ന് കണ്ടപ്പോള്‍ ഏകദേശം ഉറപ്പിച്ചിരുന്നു. സംസാരിച്ചപ്പോള്‍ സരസനായ ഒരു മനുഷ്യന്‍. ജോയിന്‍ ചെയ്തിട്ട് അഞ്ചു ദിവസങ്ങള്‍ ആയെങ്കിലും മാനേജരുടെ മുറിയില്‍ വച്ചും, ഓഫീസിനകത്ത് വച്ചും ഒന്ന് രണ്ടു തവണ കണ്ടിരുന്നെങ്കിലും ഇത് വരെ ആരും ഞങ്ങളെ തമ്മില്‍ പരിച്ചയപ്പെടുത്തുകയോ , ഞങ്ങള്‍ പരസ്പരം സംസാരിക്കുകയോ ചെയ്തിരുന്നില്ല.
അന്ന് വൈകിട്ട് ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശ്രാവണക്കും , എനിക്കും ഒപ്പം ദിവാകരന്‍ സാറും ഉണ്ടായിരുന്നു. ഓഫീസില്‍ നിന്നും അഞ്ചു മിനിറ്റ് നടന്നാല്‍ ശ്രാവണ താമസിക്കുന്ന ഫ്ലാറ്റ്‌ എത്തും. അവള്‍ യാത്ര പറഞ്ഞു ഫ്ലാറ്റിലേക്ക് കയറിപ്പോയപ്പോള്‍ ഞങ്ങള്‍ നടത്തം തുടര്‍ന്നു.
“നമ്മുടെ ഓഫീസ്‌ ബോയ്‌ ചന്ദുവിന് എന്താണ് പ്രശ്നം സാര്‍? ” ഞാന്‍ തന്നെ മൌനത്തിന് വിരാമമിട്ടു.
“എന്തെ അങ്ങിനെ തോന്നാന്‍ ? അവനു കുഴപ്പം എന്തെങ്കിലും ഉള്ളതായി സുജിത്തിന് തോന്നിയോ ?”
“അതല്ല സാര്‍ – വന്ന അന്ന് മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു – അവന്‍റെ മുഖത്തെ ഗൌരവവും , വിഷാദ ഭാവവും. പിന്നെ നാളിതു വരെ ഒരിക്കല്‍ പോലും അവനെ ചിരിച്ചു കണ്ടിട്ടില്ലെന്നു മാത്രമല്ല – ഒരിക്കല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ഉച്ചത്തില്‍ ചിരിച്ചതിന് അവന്‍ അങ്ങിനെ ചിരിക്കരുത് സാബ് എന്ന് പറഞ്ഞ് എന്നെ വഴക്ക് പറയുന്നത് പോലെ ഉപദേശിക്കുകയും ചെയ്തു.” ഞാന്‍ പറഞ്ഞു.
“ഓ…അതാണോ ? അത് ഒരു കഥയാണ് സുജിത്ത് . തനിക്ക് കേള്‍ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ പറയാം. അല്‍പസമയം നമുക്ക് പാര്‍ക്കിലേക്കിരുന്നാലോ ? തനിക്ക് ധൃതിയില്ലെങ്കില്‍ ?”
“പിന്നെന്താ സാര്‍ . എനിക്കെന്തു ധൃതി” ദിവസങ്ങളായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടാന്‍ പോകുന്ന സന്തോഷത്തില്‍ ആയിരുന്നു ഞാന്‍ – പോരാത്തതിന് എന്നും ഓഫീസില്‍ നിന്നും തിരികെ വരുന്ന വഴി പാര്‍ക്കില്‍ അല്‍പസമയം ആ പാര്‍ക്കില്‍ ചെലവഴിക്കുന്നത് എന്‍റെ പതിവ് ശീലങ്ങളില്‍ ഒന്നായും മാറിക്കഴിഞ്ഞിരുന്നു.
“ചന്ദു ബീഹാറി ആണെന്ന് സുജിത്തിനരിയാമല്ലോ?” പാര്‍ക്കിലെ ആളൊഴിഞ്ഞ സിമന്‍റ്ബഞ്ചില്‍ ഇരിക്കുമ്പോള്‍ ദിവാകരന്‍സാര്‍ പറഞ്ഞു.
“അറിയാം സാര്‍”
“ഒരു സങ്കട കഥയാണ്‌ അവന്‍റെത്” ആ കഥ പറഞ്ഞു തുടങ്ങിയപ്പോള്‍ ദിവാകരന്‍ സാറിന്‍റെ അത് വരെ ഉണ്ടായിരുന്ന ശബ്ദത്തില്‍ നേരിയ ഒരിടര്‍ച്ച വന്നോ എന്ന് എനിക്ക് സംശയം തോന്നി. സാര്‍ പറഞ്ഞു തുടങ്ങി.
“ചന്ദുവിന്‍റെത് ഒരു പ്രേമവിവാഹമായിരുന്നു – അവന്‍റെ നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച ഒരു വിവാഹം. മണികിലുക്കം പോലെ കുലുങ്ങിച്ചിരിച്ചു കൊണ്ട് ഗ്രാമം മുഴുവന്‍ പാറി നടക്കുന്ന ഒരു ചിത്രശലഭം -കിരണ്‍. ചന്ദുവിനെ കിരണ്‍ അഗാധമായി പ്രേമിച്ചു. ജാതീയമായും, സാമ്പത്തികമായും ഉയര്‍ന്ന കിരണിന്‍റെ വീട്ടുകാര്‍ അവരുടെ ബന്ധം അറിഞ്ഞപ്പോള്‍ ശക്തമായി എതിര്‍ത്തു. ഈ ബന്ധത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ചന്ദുവിനെ കൊന്നുകളയും എന്ന് പറഞ്ഞു കിരണിന്‍റെ അച്ഛനും, കുറെ ശിങ്കിടികളും അവനെ വളഞ്ഞപ്പോള്‍ അവള്‍ അവനെ ചുറ്റിപ്പിടിച്ച് നിന്നു, ചന്ദുവിനെ തോടണമെങ്കില്‍ ആദ്യം തന്നെ കൊല്ലണം എന്ന് പറഞ്ഞുകൊണ്ട്. കിരണിന്‍റെ അച്ഛനായിരുന്നു ആ ഗ്രാമത്തിലെ ഗ്രാമമുഖ്യന്‍. ഏക മകളായിരുന്നു കിരണിന്‍റെ വളരെ ചെറുപ്പത്തിലേ അമ്മ മരിച്ചു പോയിരുന്നു.അത് കൊണ്ട് തന്നെ പിതാവില്‍ നിന്നും ഏറെ സ്നേഹലാളനകള്‍ ഏറ്റുവാങ്ങിയാണ് അവള്‍ വളര്‍ന്നു വന്നത്.മകളുടെ നിശ്ചയദാര്‍ഢ്യവും സ്നേഹവും അവസാനം സ്നേഹമയനായ ആ പിതാവിന്‍റെ മനസ്സിളക്കുക തന്നെ ചെയ്തു. അദ്ദേഹം നിറഞ്ഞ മനസ്സോടെ കിരണിനെ ചന്ദുവിന് വിവാഹം ചെയ്തു കൊടുത്തു.
അത്യധികം സന്തോഷം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം – കിരണില്‍ അപൂര്‍വ്വവും വിചിത്രവുമായ ആ രോഗം പ്രത്യക്ഷപ്പെടുന്നത് വരെ”
“എന്ത് രോഗം സാര്‍?” ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു. ഒരു നിമിഷം സംസാരത്തിന് ഇടവേള നല്‍കിക്കൊണ്ട് ദിവാകരന്‍സാര്‍ ഒരു സിഗരറ്റിനു തിരി കൊളുത്തി.
“അവരുടെ വിവാഹം കഴിഞ്ഞ് ആറുമാസങ്ങള്‍ക്ക് ശേഷം ചന്ദുവിന് ഈ കമ്പനിയില്‍ ജോലി കിട്ടി” കട്ടിയുള്ള ഒരു ചുരുള്‍ പുക മുകളിലേക്ക് ഊതി വിട്ടു കൊണ്ട് ദിവാകരന്‍ സാര്‍ തുടര്‍ന്നു.
“കിരണ്‍ ആദ്യമൊന്നും സമ്മതിച്ചില്ല. തന്‍റെ അച്ഛന്‍ ഗ്രാമമുഖ്യന്‍ കൂടി ആയിരിക്കെ ചന്ദു വിദേശത്തേക്ക് ജോലി തേടി പോകേണ്ട കാര്യം ഒന്നും ഇല്ലന്ന് കിരണ്‍ പറഞ്ഞെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാനുള്ള തന്‍റെ അദമ്യമായ ആഗ്രഹം ചന്ദു കിരണിനെ പറഞ്ഞ് മനസ്സിലാക്കി. അങ്ങിനെ ചന്ദു ഇവിടെ ജോലിയില്‍ പ്രവേശിച്ചു. ആഴ്ചയില്‍ രണ്ടും മൂന്നും കത്തുകള്‍ അവരിരുവരും അയച്ചു കൊണ്ടിരുന്നു. പ്രണയവും , വിരഹവും ഒക്കെ വെളുത്ത കടലാസില്‍ അക്ഷരങ്ങളായി കടല്‍ കടന്നു വരികയും പോകുകയും ചെയ്തു കൊണ്ടിരിക്കെ സാവധാനം കത്തുകള്‍ വരുന്ന ഇടവേളകള്‍ കുറഞ്ഞു കുറഞ്ഞു വന്നത് ചന്ദുവിനെ അസ്വസ്ഥനാക്കി. എന്ത് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്ക് ഒന്നുമില്ല എന്നായിരുന്നു മറുപടി. കത്തുകള്‍ വരുന്ന ഇടവേളകളോടോപ്പം കിരണിന്‍റെ മനോഹരമായ കൈയക്ഷരത്തില്‍ വരുന്ന വ്യതിയാനവും ചന്ദുവിന്‍റെ ശ്രദ്ധയില്‍ പെട്ടു. അയാള്‍ അകെ അസ്വസ്ഥനായി. അവധിക്കപേക്ഷിച്ച ചന്ദുവിന്‍റെ അപേക്ഷ, ജോലിക്ക് ചേര്‍ന്നിട്ട് കുറച്ചു കാലമേ ആയുള്ളൂ എന്ന ന്യായീകരണം പറഞ്ഞ് കമ്പനി അധികൃതര്‍ നിരസിച്ചു. അതിനടുത്ത ദിവസം തന്നെ ചന്ദുജോലി രാജി വച്ചു നാട്ടിലേക്ക് പറന്നു.
നാട്ടിലെത്തിയ ചന്ദു കിരണിന്‍റെ അവസ്ഥ കണ്ടു തളര്‍ന്നു പോയി. രോഗം സ്ഥിരീകരിക്കാന്‍ ഒരുപാട് ആശുപത്രികളില്‍ ഒരുപാട് ഡോക്ടര്‍മാരുടെ അടുത്ത് അവര്‍ കയറിയിറങ്ങി. ഒടുവില്‍ ഡല്‍ഹിയിലെ വലിയ ഒരു സ്പെഷ്യാലിറ്റി ആശുപത്രി ആണ് രോഗം സ്ഥിരീകരിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും വിചിത്രവുമായ “കുറു” എന്ന് പേരുള്ള ചികിത്സയില്ലാത്ത മാരക രോഗത്തിന്‍റെ പിടിയിലായിരുന്നു കിരണ്‍. മൂന്നു ഘട്ടങ്ങളുള്ള രോഗത്തിന്‍റെ – പേശികളെ നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടുക ,സംസാരം വ്യക്തമാകാതിരിക്കുക തുടങ്ങിയ ആദ്യ ഘട്ടത്തില്‍ ആയിരുന്നു കിരണ്‍. സ്വയം നടക്കാന്‍ കഴിയാതിരിക്കുക.മാനസികാസ്വാസ്ഥ്യങ്ങള്‍,വിഷാദം എന്നിവ പ്രകടിപ്പിക്കുക. ഇടയ്ക്കിടെ നിയന്ത്രാതീതമായി അനവസരത്തില്‍ പൊട്ടിച്ചിരിക്കുക എന്നിവയായിരുന്നു രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തില്‍ സ്വന്തമായി എണീറ്റിരിക്കുവാന്‍ പോലും കഴിയാതെ വരിക, പ്രാഥമിക കാര്യങ്ങള്‍ പോലും സ്വയം നിര്‍വ്വഹിക്കാന്‍ ആവാത്ത വിധം പേശികള്‍ പൂര്‍ണ്ണമായും പ്രതികരിക്കാതിരിക്കുക, സംസാരിക്കാന്‍ സാധിക്കാതിരിക്കുക, ഭക്ഷണം ഇറക്കാന്‍ സാധിക്കാതെ വരിക എന്നിങ്ങനെയായിരുന്നു ലക്ഷണങ്ങള്‍.
രോഗത്തിന്‍റെ ആദ്യ ഘട്ടലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ശേഷം 3മാസം മുതല്‍ 2 വര്‍ഷത്തിനുള്ളില്‍ രോഗി മരണപ്പെടും എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ചന്ദുബോധരഹിതനായി. “തന്‍റെ കയ്യിലുള്ള എല്ലാം തരാം – തന്‍റെ മകളെ രക്ഷിക്കൂ” എന്ന് കരഞ്ഞു പറഞ്ഞ ഗ്രാമമുഖ്യനോട്‌ “ഈ ലോകം മുഴുവന്‍ നിങ്ങള്‍ എഴുതിത്തന്നാലും ശരി , ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗം ബാധിച്ച താങ്കളുടെ മകളെ എനിക്കെന്നല്ല – ഈ ലോകത്തില്‍ ഒരു ഡോക്ടര്‍ക്കും രക്ഷിക്കാനാവില്ല” എന്ന് ഡോക്ടര്‍ പറയുമ്പോള്‍ ചന്ദുവിന്‍റെ സിരകളില്‍ ഇരച്ചുകയറിയത് ഒരുതരം വാശിയായിരുന്നു. കിരണിനെ ഉടനെ ഡിസ്ചാര്‍ജ്ജ് ചെയ്യണം എന്ന് അയാള്‍ വാശി പിടിച്ചു. ഇത്രക്ക് ഗുരുതരാവസ്ഥയില്‍ ഉള്ള രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ ആശുപത്രിയധികൃതരോട് ചന്ദു അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിച്ചു. ഒടുവില്‍ ചന്ദുവിന്‍റെ നിശ്ചയദാര്‍ദ്യം തന്നെ വിജയിച്ചു. കിരണിനെ ചന്ദു വീട്ടിലേക്കു കൊണ്ട് പോയി.
ഒരു കൊച്ചു കുഞ്ഞിനെ പരിചരിക്കുന്നത് പോലെ ചന്ദു കിരണിനെ ശുശ്രൂഷിച്ചു. ഇടയ്ക്കിടെ രോഗത്തിന്‍റെ മൂര്‍ധന്യത്തില്‍ ഉന്മാദിനിയെ പോലെ കിരണ്‍ അട്ടഹസിച്ചു ചിരിക്കുമ്പോള്‍ ചന്ദു പൊട്ടിക്കരഞ്ഞു. ഒടുവില്‍ നീണ്ട ആറുമാസങ്ങള്‍ നീണ്ട ദുരിതം പങ്കു വച്ചു കൊണ്ട് അസ്ഥിപഞ്ചരമായ ദേഹം തന്‍റെ പ്രിയപ്പെട്ട ചന്ദുവിനെ ഏല്‍പ്പിച്ചു കൊണ്ട് കിരണ്‍ ഈലോകത്ത് നിന്നും യാത്രയായി.ചിരിച്ചുചിരിച്ച് ഒരുമരണം !അവന്‍റെ കഥ അറിഞ്ഞ കമ്പനി വീണ്ടും അവനെ ഇങ്ങോട്ടേക്ക് വിളിച്ചു വരുത്തി ജോലി തിരികെ നല്‍കി – കാരണം ഏറെ വിശ്വസ്ഥന്‍ ആയ അവനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.”
കഥ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും രണ്ടോ മൂന്നോ സിഗരറ്റുകള്‍ ദിവാകരന്‍ സാര്‍ പുകച്ചു തള്ളിയിരുന്നു. വികാരശൂന്യമായ മനസ്സോടെ ഞാന്‍ ആ പാര്‍ക്കിലെ ബെഞ്ചില്‍ ഇരുന്നു. അപ്പോള്‍ കാതില്‍ മുഴങ്ങിയത് കുരിശടിപള്ളിയില്‍ നിന്ന് കേള്‍ക്കുന്ന മരണമണിയായിരുന്നു.
“പോകാം സുജിത്ത്” ദിവാകരന്‍ സാറിന്‍റെ ശബ്ദം എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി. റൂമിലേക്ക്‌ നടക്കുന്ന വഴിയില്‍ ഇടയ്ക്കു വച്ച് ദിവാകരന്‍ സാറും ഞാനും പിരിഞ്ഞു. ലിഫ്റ്റ്‌ ഉണ്ടായിട്ടും ആറാം നിലയിലേക്ക് സ്റ്റെപ് നടന്നു കയറാന്‍ ആണ് എനിക്ക് തോന്നിയത്. ഓരോ അടി വെക്കുമ്പോഴും കിരണിന്‍റെ പൊട്ടിച്ചിരി കാതില്‍ മുഴങ്ങുന്ന പോലെ തോന്നി – ഒപ്പം ചന്ദുവിന്‍റെ വാക്കുകളും ” ഇത്നാ സോര്‍ സെ മത് ഹസിയെ സാബ്” അത് പറയുമ്പോള്‍ ഉണ്ടായിരുന്ന അവന്‍റെ മുഖം ഒരിക്കല്‍ കൂടി മനസ്സിലേക്ക് വന്നു. ആ മുഖത്ത് ഉണ്ടായിരുന്ന ഭാവം കോപത്തിന്‍റെതായിരുന്നില്ല – മറിച്ച് ഭയത്തിന്‍റെതായിരുന്നെന്ന് ഇപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്.

Please Visit Also : palavattam.com

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates